ഉണങ്ങിയിട്ടില്ല

എന്നിലെ നിൻ മനം
എന്നോട് ചോദിപ്പൂ
നീല മാനം
ചോപ്പിച്ചതെന്തിനെന്ന്.

നിണമാണത്.
നിന്നെ കുടിയിരുത്താൻ
നീ കീറിയ നെഞ്ചിനിയും
ഉണങ്ങിയിട്ടില്ല.

മുറിവിൽ കുഴിച്ചിട്ട്
തുന്നിച്ചേർക്കാൻ
നിന്റ്റെ അച്ചുകല്ലല്ലാതെ
മറ്റൊന്നും വേണ്ടെനിക്ക്.

പഴയ കത്തുകൾ
ഉരുക്കിയൊലിപ്പിച്ച്
വ്രണം ഉണങ്ങാതെ
കാക്കും ഞാൻ.

വേദനയിതിൽ
നരകിക്കണം.
ജീവനില്ലാതെയും
നിലനിൽക്കണം.

Advertisements

നനഞ്ഞോടിയെൻ കുടക്കീഴിൽ

 

  1. ഡ്യൂറിങ്ങ് സൺറൈസ്

കണ്ണിനെ മറച്ചിരുന്ന തൊപ്പി നീക്കി ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, ഏതൊ ഒരു റയിൽവേ സ്റ്റേഷന്റെ കൂടെ പ്രകൃതിയും മനുഷ്യർക്കൊപ്പമെത്താൻ പുറകിലേക്ക് ഓടുന്നു. സൂര്യൻ വിടുന്ന ആദ്യ സ്വർണ്ണരശ്മികളുടെ ഭംഗി അമിതമാവാൻ കാരണം അതിനെ ഒളിപ്പിക്കാൻ ശ്രമിക്കുന്ന മൂടൽമഞ്ഞാണെന്ന് തോന്നി. മഞ്ഞ് പുതച്ച നെൽപ്പാടങ്ങളിൽ എവിടെയൊക്കെയൊ സ്വർണ്ണഖനിയുള്ളത് പോലെ.

അത്ഭുതത്തിനും അപ്പുറം, എന്റെ എതിർ വശത്ത് ഇരിക്കുന്ന പെൺകുട്ടി എന്നെ നോക്കി ചിരിക്കുന്നു. റൊമാന്റിക് കോമഡി സിനിമകളിൽ അല്ലാതെ എതിർ വശത്ത് ഒരു പെൺകുട്ടി വന്നിരിക്കുന്നത് സംഭവ്യമല്ലെന്നാണ് കരുതിയിരുന്നത്. അപ്പോൾ എന്നെ അറിയാത്ത ഒരു പെൺകുട്ടി എന്നെ നോക്കി ഒരുപാട് കാലത്തെ പരിചയമുള്ള സഖിയുടെ ചിരി സമ്മാനിച്ചതിന്റെ നിഗൂഢത എന്റെ ഉറക്കത്തെ കൊന്നു. ഞാൻ നടുവ് നിവർത്തി നേരെയിരുന്നു.

അവൾ എന്റെ നേരെ ഞാൻ വായിച്ചിരുന്ന പുസ്തകം നീട്ടി. അത് മടിയിൽ വെച്ചാണ് ഞാൻ ഇരുന്ന് ഉറങ്ങിയിരുന്നത്. മാജിക്കൽ റിയലിസത്തിന്റെ പൂർവ്വഗാമിയാണൊ ആ നോവൽ, അതൊ സ്കിസോഫ്രീനിയയുള്ള ഒരു കഥാപാത്രത്തം സങ്കൽപ്പിച്ചെടുക്കുന്ന മിഥ്യാഭ്രമങ്ങളും അബദ്ധവിശ്വാസങ്ങളുമാണൊ അതെന്ന് തിരിച്ചറിയാനാവാതെ ഞാൻ ഉറങ്ങി പോയതാണ്. പക്ഷെ അതൊന്നും മനസ്സിലാക്കിയിട്ടല്ല അവൾ ചിരിച്ചിരുന്നത്.

ആ പുസ്തകത്തിനുമേൽ ചെറിയ പേപ്പർ കഷ്ണങ്ങൾ വെച്ച് അതിലേക്ക് മൊബൈലിൽ നിന്ന് എന്തൊ പകർത്തുകയായിരുന്നു അത്രയും നേരവും അവൾ. വളരെ ചെറിയ, എന്നാൽ ഡോക്ടർമാർ എഴുതുന്നതിലും മോശമായ കൈയ്യക്ഷരം. പതിയെ ചിരിയുടെ അർത്ഥം മനസ്സിലായി. അവൾ അന്നത്തെ പരീക്ഷയ്ക്ക് പകർത്തി എഴുതാനുള്ള ഉത്തരങ്ങൾ മൊബൈലിൽ നിന്ന് തിരഞ്ഞെടുത്ത് എഴുതുകയാണ്. ഞാൻ ചിരിക്കുന്നില്ലെന്ന് കണ്ട് അവളുടെ ചിരി മാഞ്ഞു. അത് മായാതിരിക്കാൻ ഞാൻ ചിരിച്ചു.

‘കട്ട്’ എന്നാണ് ഇപ്പൊ ഇങ്ങനെ ചെയ്യ്യുന്നതിന്റെ ശാസ്ത്രനാമം എന്നവൾ പഠിപ്പിച്ചു. പെണ്ണുങ്ങൾക്ക് എവിടെയൊക്കെ കട്ട് വെക്കാം, എങ്ങനെയൊക്കെ അദ്ധ്യാപികയെ പറ്റിക്കാം എന്നും മനസ്സിലാക്കി തന്നു. സ്ത്രീകൾ ഭാഗ്യം ചെയ്തവരല്ലെന്ന് ആരാണ് പറഞ്ഞത്?

അതൊരു തുടക്കമായിരുന്നു.

പിന്നെ അവളുടെ കോളേജ് സ്റ്റേഷനെത്തുന്നത് വരെ ഇന്നതെന്നില്ലാതെ സകല ലോക വിഷയങ്ങളെക്കുറിച്ചും സംസാരമായിരുന്നു. കാലിലെ മുറിവിന് കാരണക്കാരനായ പൂച്ചയുടെ കണ്ണിന് ചുറ്റുമുള്ള പുള്ളിയെക്കുറിച്ച് മുതൽ, 2030കളുടെ പകുതിയോടെ ചൊവ്വയിലേക്ക് കുടിയേറുന്നതിനെക്കുറിച്ച് വരെ ഞങ്ങൾ സംസാരിച്ചു. ഞാൻ എന്തൊക്കെയൊ അവളെ പഠിപ്പിക്കാൻ ശ്രമിച്ചു. അവൾ എന്തൊക്കെയൊ എന്നെയും.

തീവണ്ടിയുടെ വേഗം കുറഞ്ഞ് വന്നതും, അവൾ അവളുടെ സ്വപ്നതുല്യ പ്രേമബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി. ഒരുത്തന്റെ നരകം മറ്റൊരുത്തന്റെ സ്വർഗ്ഗമാണല്ലൊ. അവൾ പറഞ്ഞതെല്ലാം കേട്ടപ്പോൾ എനിക്കവൾ തടവറയിലാണെന്ന് തോന്നിയെങ്കിലും പറഞ്ഞില്ല. പറഞ്ഞാൽ അതെന്റെ സ്വാർത്ഥതയെന്ന് അവൾ പറഞ്ഞേക്കും.

അടുത്ത നിമിഷം ഒരു ചതി എന്നോട് ചെയ്തു. അല്പ നേരം കൂടി അവിടെ എന്റെ എതിർ വശത്തിരുന്നാൽ എന്നെ പ്രേമിച്ച് പോകുമെന്നൊരു നുണ. അത് അവൾടെ കാമുകനോട് ചെയ്യുന്ന ചതി ആയിപ്പോവുമെന്നും. എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാമെന്ന് പരസ്പരം നുണ പറഞ്ഞ് വിശ്വസിപ്പിച്ച് ഞങ്ങൾ കൈ കൊടുത്ത് പിരിഞ്ഞു. യുക്തിയും വിവരവുമുള്ളവന്റെ തടവുപുള്ളിയാവുന്നതിലും നല്ലത്, പഠിപ്പും ജോലിയുമുള്ളവന്റെ തടവുപുള്ളിയാവുന്നതാണെന്ന് ഞാനും മനസ്സിൽ പറഞ്ഞു. കണ്ണുകൾ വീണ്ടും ഇറുക്കിയടച്ചു.

 

  1. ഡ്യൂറിങ്ങ് സൺസെറ്റ്

ചൊവ്വരയിൽ നിന്നാണൊ കരുക്കുറ്റിയിൽ നിന്നാണൊ കയറിയതെന്നറിയില്ല, ഞാൻ കണ്ണ് തുറക്കുമ്പോൾ വീണ്ടും ഒരു പെൺകുട്ടിയാണ് എന്റെ മുൻപിൽ. ഇത്തവണ ചിരിയില്ല. സന്തോഷത്തിന്റെ ഒരു കണിക പോലും മുഖത്തില്ലാത്ത ഒരു കുട്ടി. പുച്ഛത്തിൽ പൊതിഞ്ഞ ഒരു നോട്ടമായിരുന്നു എന്റെ നേർക്ക്. ഒരു പക്ഷെ വായും പൊളിച്ച് വല്ലാത്ത അവസ്ഥയിലാവണം അത് വരെ ഞാൻ ഉറങ്ങിയിരുന്നത്. അല്ലെങ്കിൽ താടിയേത് മുടിയേതെന്ന് തിരിച്ചറിയാനാവാത്ത വിധം മുഖത്തെ മറയ്ക്കുന്ന എന്റെ ജഡയാവാം കാരണം.

മണിക്കൂറുകളോളം ഞങ്ങൾ ഒന്നും മിണ്ടിയില്ല. രണ്ട് പേരും അവരവർക്ക് ഇഷ്ടമുള്ള പാട്ടും കേട്ട് അവരവരുടെ ലോകത്ത് കഴിഞ്ഞുകൂടി. നിശബ്ദമായി ഞങ്ങൾ ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ എപ്പോഴോ നോക്കിയപ്പോഴാണ് ഇമ ചിമ്മാതെ എന്നെ നോക്കുകയായിരുന്നെന്ന് മനസ്സിലായത്. കണ്ണ് രണ്ടും ഇടത്തോട്ടും വലത്തോട്ടും ഓടിയൊളിക്കാനുള്ള വെപ്രാളമായിരുന്നു പിന്നെ ഞാൻ കണ്ടത്. ഒരു പക്ഷെ എന്നെ നോക്കുമ്പോഴും മറ്റെന്തൊ ആവണം അവളുടെ മനസ്സിലൂടെ കടന്ന് പോയിരുന്നത്. ചിന്ത മറ്റേതൊ ലോകത്തായിരുന്നിരിക്കണം. പക്ഷെ ഞാനും ആ നിമിഷം ംമുതൽ എപ്പോഴൊക്കെയൊ അവൾ എന്നെ നോക്കുന്നുണ്ടൊ എന്ന് നോക്കാൻ തുടങ്ങി.

എറണാകുളം ടൗൺ എത്തിയപ്പോൾ ഞാൻ എഴുന്നേറ്റ് സീറ്റ് ഒന്ന് പിടിക്കണമെന്ന് ആംഗ്യം കാണിച്ചിട്ട് തൊട്ടടുത്തുള്ള വാതിലിലേക്ക് നടന്നു. അവൾ അവളുടെ ബാഗ് വെച്ച് ആ കർമ്മം ഭംഗിയായിട്ട് നിർവ്വഹിക്കുന്നത് കണ്ടാണ് ഞാൻ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയത്. അതുവരെ ഒരുപാട് വൈകിയാവണം ട്രയിൻ ഓടിയത്. അതുകാരണം, പതിവിന് വിപരീതമായി അധികം വൈകാതെ തന്നെ വണ്ടി വേഗത്തിലെടുത്തു. ഞാൻ കുടിച്ചിരുന്ന കാപ്പിയുമായി മറ്റൊരു ബോഗിയിൽ ഓടി കയറി. അടുത്ത സ്റ്റേഷനിൽ ഒരു മിനിറ്റ് നേരത്തേക്ക് വണ്ടി നിർത്തിയപ്പോൾ ഞാൻ ബോഗി മാറി കയറാൻ ശ്രമിച്ചപ്പോൾ പതിവിലും തിരക്ക്. ഞാൻ എതിർവശത്തുകൂടെ പാളത്തിലേക്ക് എടുത്ത് ചാടി. ആദ്യമിരുന്നിരുന്ന ബോഗിയുടെ പുറകിലെ വാതിലിലൂടെ ചാടിക്കയറിയതും വണ്ടി പതിയെ എടുത്തിരുന്നു. എന്തിനാണ് ഞാൻ ഇത്രയും അപകടകരമാം വിധം ഇതൊക്കെ ചെയ്ത് കൂട്ടുന്നതെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. ഒരു നല്ല ഇതരവിചാരത്തിനായുള്ള ആക്രാന്തം ആവണം. നൈരാശ്യത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഉപബോധമനസ്സ് ബോധമനസ്സിനെ ഉപദേശിക്കുന്നതാവണം.

വെറുതെയായില്ല.

വാതിലിനടുത്ത് കണ്ണ് നിറഞ്ഞ് തുളുമ്പി നിൽക്കുന്ന ആ പെണ്ണിനെയാണ് ഞാൻ കണ്ടത്. കൈയിലും മറ്റുമായി തൂവിപ്പോയ കാപ്പി ഞാൻ പുറത്തേക്ക് വലിച്ചെറിഞ്ഞ് അവളെ കൈ കാണിച്ച് ഞാൻ വണ്ടിയിൽ കയറിയിട്ടുണ്ടെന്ന് അറിയിച്ചു. അവളെന്നെയോർത്ത് കരഞ്ഞതാവാൻ ഒരു വഴിയുമില്ല. പക്ഷെ എന്നെ കണ്ടതും കണ്ണിലെ തിളക്കം ഒളിപ്പിച്ച് നടന്നുവന്ന് എന്റെ എതിർവശത്ത് തന്നെ ഇരുന്നു. ശരിക്കും ആ യാത്ര തീരുന്നത് വരെ അവൾ കരയാനും കരച്ചിൽ നിർത്താനുമുള്ള കാക്കത്തൊള്ളായിരം കാര്യങ്ങൾ ഞാൻ കണ്ടെത്തിയിരുന്നു.

സ്വപ്നങ്ങൾ കണ്ട് കാതങ്ങൾ താണ്ടി. അവസാനം കരയും ആകാശവും ഒരുപോലെ തന്നെ ഉള്ള, ബൊളീവിയയിലെ സാൾട്ട് ഫ്ലാറ്റുകളിൽ ഞാൻ ഞങ്ങളെ കണ്ടതുപോലെ ഒരു നേരിയ ഓർമ്മയുണ്ട്.

ഞാൻ ഇറങ്ങിയത് ഒരു ചെറിയ സ്റ്റേഷനിലാണ്. പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാതെ പാളങ്ങൾക്കിടയിലേക്ക് ഇറങ്ങിയാണ് ബസ് സ്റ്റോപ്പിലേക്ക് നടന്നത്. വലതു വശത്ത് ഞങ്ങൾ വന്ന ട്രയിൻ, ഇടതു വശത്ത് ഒരു ഗുഡ്സ് ട്രയിൻ. എന്റെ  മുൻപിൽ അവളുണ്ട്. അവൾക്ക് മുന്നിൽ കുറെ അകലെയായിട്ട് മറ്റാരൊക്കെയൊ. സത്യമായും ഞാൻ അവളെ പിന്തുടർന്നല്ല ഇവിടെ തന്നെ ഇറങ്ങിയത്, പക്ഷെ അവളിൽ അങ്ങനെയൊരു ഭയമുള്ളതുപോലെ തോന്നി. കാരണം അവൾക്ക് മുന്നിലുള്ളവർ പെട്ടെന്ന് ഗുഡ്സ് ട്രയിനിന് അടിയിലൂടെ അപ്പുറത്തേക്ക് മറഞ്ഞു. അവൾ തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ തൊട്ട് പുറകിൽ എത്തിയിരിക്കുന്നു.

അത് വരെയുള്ള പരിചയമൊക്കെ മറന്ന്, താത്കാലികമായി പൊട്ടിമുളച്ച സ്നേഹങ്ങളൊക്കെ നുള്ളിക്കളഞ്ഞ്, മനസ്സിലൂടെ പോവുന്ന ദുഷിച്ച ചിന്തകളോട് തോറ്റ് അവൾ അതിവേഗം നടന്നപ്പോൾ, പതിയെ ഓടാൻ തുടങ്ങിയപ്പോൾ, എനിക്ക് കാര്യം മനസ്സിലായി. ഒരു പെൺകുട്ടിയുടെ വേവലാതികൾ ഞാൻ മനസ്സിലാക്കണമല്ലൊ. അവളെ സ്വതന്ത്രയാക്കാൻ ഞാൻ നടത്തം പതുക്കെയാക്കി.

ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുമ്പോൾ, എതിർവശത്തേക്ക് പോവുന്ന ബസിൽ ഇരിക്കുന്ന അവളെ ഞാൻ വീണ്ടും കണ്ടു. അല്ല, എന്നെ നോക്കി ചിരിക്കുന്ന അവളെ ഞാൻ കണ്ടു. കണ്ണുകളിലെ ആ തിളക്കം ബസ് ദൂരെ മായുന്നത് വരെ ഞാൻ നോക്കി നിന്നു. ഇത്തവണ ഞാൻ സ്വപ്നമാണൊ എന്ന് സംശയിക്കേണ്ടതില്ല. കാരണം, ആ അവൾക്ക് എതിർവശത്തുണ്ടായിരുന്ന ബസ് സ്റ്റോപ്പിന് കൂട്ടായി ഞാൻ മാത്രമെ ഉണ്ടായിരുന്നുള്ളു.

 

  1. ഡ്യൂറിങ്ങ് മിഡ്‌നൈറ്റ്

പേ ആൻഡ് പാർക്കിൽ നിർത്തിയിട്ടിരുന്ന ബൈക്കുമെടുത്ത് തിരിച്ച് പോവേണ്ട ഞാൻ, അന്നുവരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യമാണ് ചെയ്തത്. എനിക്ക് പരിചയമില്ലാത്ത ഒരാളെ ബൈക്കിൽ ദൂരെ ഒരിടത്ത് കൊണ്ടുവിടാമെന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഒരു സുഹൃത്തുമായി ഞാൻ ഒരു കരാറിൽ ഏർപ്പെട്ടു. അതിനെ കരാറെന്ന് തന്നെ വിളിക്കാനാണ് താത്പര്യം. കാരണം അവൻ ശരിക്ക് എന്റെ സുഹൃത്താണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ അവനെ അങ്ങനെ കണ്ടിട്ടില്ലെന്ന് അവനും അറിയാം. പക്ഷെ അവനെന്നെ ജീവനുതുല്യം വിശ്വാസമായിരുന്നുവെന്ന് അന്നെനിക്ക് ഉറപ്പായി. കൊണ്ടുപോവേണ്ടിയിരുന്നത് അവന്റെ കാമുകിയെ ആയിരുന്നു.

ഉപരിപഠനത്തിനെന്ന വ്യാജേന ലോകം കറങ്ങുവാൻ സ്വപ്നം കണ്ടിരുന്ന ഒരു പെണ്ണ്. അവളെ നട്ടപ്പാതിരായ്ക്ക് ടൗണിന് നടുക്കുള്ള അവളുടെ ഫ്രഞ്ച് ലാങ്വേജ് സെന്ററിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള വൈ.ഡബ്ല്യു.സി.എ.യുടെ ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കുക. പകരം ട്രമ്പിന്റെ നാട്ടിൽ നിന്നുള്ള അടുത്ത  വരവിന് അവൻ എനിക്ക് എന്തൊ കൊണ്ടുവരുന്നുണ്ടത്രെ. അതായിരുന്നു കരാർ. മുന്തിയ ഇനം ചോക്ലേറ്റ് വല്ലതുമാവണം അവന്റെ മനസ്സിൽ, പക്ഷെ ഞാൻ പോളറോയിഡ് സൺഗ്ലാസ്സസ് മുതൽ ക്യാമറ വരെ പലതും സ്വപ്നം കണ്ടു.

ഞാൻ എന്റെ വണ്ടി നമ്പർ അയച്ചുകൊടുത്തിരുന്നതുകൊണ്ട് ഒരു ചിരിയിൽ പരിചയപ്പെടൽ മുഴുവനായി ഒതുക്കി ഞങ്ങൾ യാത്ര തിരിച്ചു. ഒരു ചിരിയിൽ എന്നെ വിശ്വസിക്കാനും മാത്രം അവൾക്ക് അവളുടെ കാമുകനെ വിശ്വാസമാണല്ലൊ എന്നോർത്തപ്പോൾ, എനിക്ക് എന്നിൽ പോലും അത്രയും വിശ്വാസമില്ലെന്ന് തോന്നിപ്പോയി.

അത്ര എളുപ്പമുള്ള ഒരു യാത്രയായിരുന്നില്ല അത്. ഉറങ്ങാതിരിക്കാൻ സംസാരിക്കണം, പക്ഷെ സംസാരിക്കാൻ അസ്ഥിയെ തണുപ്പിച്ചിരുന്ന മഞ്ഞ് സമ്മതിച്ചിരുന്നില്ല. ആ തണുപ്പത്ത് തീരെ കേൾക്കാൻ താത്പര്യം തോന്നാത്ത ഒരു സിനിമയുടെ കഥയാണ് ആദ്യം പറഞ്ഞത്. അന്ന് അവരുടെ ഫ്രഞ്ച് മൂവി ക്ലബിന് അവിടെ അടുത്തുള്ള ഒരു ഫിലിം സൊസൈറ്റി നൽകിയ ചില പ്രിന്റുകൾ അവരെല്ലാം കൂടെ ഒറ്റയിരുപ്പിന് കണ്ടു തീർത്തത്രെ. അതിൽ ഏറ്റവും അവസാനത്തേത് 1974ൽ ഇറങ്ങിയ ഒരു ഇറോട്ടിക് കോമഡി റോഡ് മൂവിയുടേത്. നീലച്ചിത്രത്തേക്കാളൊക്കെ ഒരുപാട് വൃത്തികേടുകൾ നിറഞ്ഞ ഒരു സിനിമ സ്വന്തം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇരുന്ന് കാണാൻ ഭാഗ്യം ചെയ്തവരാണ് അവരെന്ന് അവകാശപ്പെട്ടതാണ് ആ സിനിമ കഥയിൽ ചെന്ന് ഇടിച്ച് നിന്നത്. പല വിദേശ ചിത്രങ്ങളിലും വൃത്തികേടുകൾക്ക് ഒരു പരിധിയില്ലെങ്കിലും, അവ വൃത്തികേട് കാണിക്കാനല്ല നിർമ്മിച്ചതെന്ന് മറക്കരുതെന്ന് ഞാൻ സംസാരിച്ചപ്പോൾ, എന്നോട് തർക്കിക്കാനായിട്ടാണ് അവൾ ആ സിനിമയുടെ കഥ മുഴുവൻ പറഞ്ഞ് തന്നത്. അവസാനം എനിക്കും മനസ്സിലായില്ല എന്തിനാണ് ആ സിനിമ എടുത്തതെന്ന്. അശ്ലീലത്തിനപ്പുറം തർക്കിക്കാൻ പാകത്തിന് ഒന്നും അതിൽ ഇല്ലായിരുന്നു.

അത് മനുഷ്യന്റെ ആവശ്യമില്ലാത്ത വികാരങ്ങളെ ഉണർത്താൻ മാത്രമിറക്കിയ ഒരു സിനിമയാണെന്ന് ഞാൻ അഭിപ്രായപ്പെട്ടു. പാടില്ലായിരുന്നു. സിനിമ അവൾക്കും ഇഷ്ടമായിരുന്നില്ല, പക്ഷെ എങ്ങനെയാണ് കാമോദ്ദീപമായ വികാരങ്ങൾ അവശ്യമില്ലാത്തതാവുന്നതെന്ന് അവൾ തർക്കിക്കാൻ തുടങ്ങി. പ്രണയമെന്ന വികാരത്തിന്റെ ഒരു പരിസമാപ്തി മാത്രമാണ് ശരിക്ക് വേണ്ടതെന്ന് ഞാൻ വാദിച്ചു. മനസ്സുകൾ തമ്മിൽ ഒന്നാകാൻ ഒരു സാധ്യതയുമില്ലാത്തിടത്ത് ശരീരങ്ങൾ മാത്രം ഒന്നിച്ചാൽ, അവിഹിതമാണെന്നും, അത് അല്ലെങ്കിൽ വിഷാദരോഗികൾ എന്തിനെയൊ മറികടക്കാൻ ചെയ്ത് കൂട്ടുന്ന മണ്ടത്തരങ്ങളാവാമെന്നും പറഞ്ഞു. പാടില്ലായിരുന്നു. പുതിയ തലമുറയുടെ എല്ലാ വിഷ ചിന്തകളും എന്നിൽ അടിച്ചേൽപ്പിച്ചു. അതൊ ഞാൻ 70കളിലെയും അതിനുമുമ്പത്തേയും ചിന്തകളിൽ സമാധാനം കണ്ടിരുന്ന പഴയൊരു ആത്മാവ് ആയിപ്പോയതിന്റെ പ്രശ്നമാണൊ? എന്റെ ചിന്തകളെല്ലാം വിഷമാണെന്ന് അവളും വിചാരിച്ചിട്ടുണ്ടാവണം. എന്ത് വേണമെങ്കിലും വിചാരിക്കട്ടെ എന്ന് ഞാനും വിചാരിച്ചു.

കുറച്ച് നേരത്തേക്ക് ബൈക്കൊഴിച്ച് എല്ലാം നിശബ്ദമായിരുന്നു. രാത്രിയുടെ പതിവ് ശബ്ദങ്ങൾ അന്ന് പ്രകൃതി വേണ്ടെന്ന് വെച്ചെന്ന് തോന്നുന്നു. ഞങ്ങൾ തമ്മിൽ തർക്കിക്കുന്നതും ഞാൻ തോൽക്കുന്നതും കേൾക്കാൻ പ്രകൃതി കാതോർത്തിരിക്കുകയാണെന്ന് തോന്നിപ്പോയി. അപ്പോഴാണ് അവൾ പാടാൻ തുടങ്ങിയത്. തണുപ്പ് ഏറിയതുകൊണ്ട് പാടാൻ തുടങ്ങിയതാവണമെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അതല്ലാതെ ആ പാട്ടിനൊന്നും ചേർന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ രണ്ടും. ചിത്ര ചേച്ചി പാടിയ “മാരിക്കൂടിന്നുള്ളി”ലിൽ തുടങ്ങി, ലതാ മങ്കേഷ്കറിന്റെ “ലുക്കാ ചുപ്പി”യിലെത്തിയപ്പോഴേക്ക് ഞാനും ബൈക്കും റോഡിലൂടെ ഒഴുകുകയാണെന്ന് തോന്നിത്തുടങ്ങിയിരുന്നു. താളം പിടിച്ചുകൊണ്ടും, റോഡിനെ ഇക്കിളിപ്പെടുത്തിക്കൊണ്ടും, വളഞ്ഞ് പുളഞ്ഞ് വണ്ടി ഓടിച്ചിരുന്നത്, നീണ്ട് നിവർന്ന് കിടക്കുന്ന റോഡിലാണെന്ന കാര്യം മഞ്ഞിനെ പുളകം കൊള്ളിക്കുന്നുണ്ടായിരുന്നു.

മഞ്ഞിനൊപ്പം ആദ്യമായി മനസ്സൊന്ന് തണുത്ത് തുടങ്ങിയപ്പോൾ, പുറകിൽ ഇരുന്ന് എന്നെ സന്തോഷിക്കുന്നത് കുറച്ച് നേരത്തേക്ക് കടം കിട്ടിയ ഒരു കാമുകിയാണെന്ന കാര്യം എന്നെ അലട്ടാൻ തുടങ്ങി. ഞാൻ അറിയാതെ തന്നെ ഗൗരവം വീണ്ടെടുത്തു. അതവൾക്കും മനസ്സിലായെന്ന് തോന്നുന്നു. ഓരോ തവണ തെരുവ് വിളക്കിന്റെ അടിയിലൂടെ പോവുമ്പോഴും, എന്തൊക്കെയൊ എന്നോട് പറയാൻ ശ്രമിച്ചിട്ട് അത് പാതി വഴിയിൽ ചവയ്ക്കാതെ വിഴുങ്ങുന്ന അവളെ ഞാൻ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു. ഒരു പക്ഷെ എന്റെ അപാരമായ നിശബ്ദത അവളും കേട്ടിട്ടുണ്ടാവും.

മതിൽ ചാടി കടക്കാനായി എന്റെ ബൈക്കിന്റെ പിൻ സീറ്റിൽ ചവിട്ടിയപ്പോഴുണ്ടായ കാൽപ്പാട് മാത്രമാണ് അവൾ ജീവിതത്തിൽ ബാക്കി വെച്ചത്.

അർഹനല്ലാത്തതുകൊണ്ടാവാം, ഒരു ചിരി പോലും തന്നില്ല.

അവളെ വിട്ടിട്ട് തിരിച്ച് പോവുമ്പൊ, മഞ്ഞ് മൂടിപ്പൊതിഞ്ഞ ആ വഴികളിലൂടെ പല വട്ടം ഞാൻ കുഴികളിൽ വീണു. ഓരോ വട്ടവും ആരാണെന്നെ രക്ഷിച്ചതെന്ന് എനിക്കറിയില്ല. രാവിലെ വായിച്ചിരുന്ന നോവലിലെ പോലെ മറ്റാരും കേൾക്കാത്ത പല ശബ്ദങ്ങളും ഞാൻ കേട്ടുതുടങ്ങിയെന്ന് തോന്നുന്നു. അവളെക്കുറിച്ചും, അതിന് മുൻപ് പരിചയപ്പെട്ട രണ്ട് പേരെ കുറിച്ചും, പതിയെ എല്ലാരെക്കുറിച്ചും. പൂർവ്വകാമുകിമാരെല്ലാം എന്നോട് സംസാരിക്കാൻ തുടങ്ങി. ജീവനോടെയുള്ളപ്പോൾ തന്നെ ഇവർക്കൊക്കെ അവരുടെ ശരീരത്തിന് പുറത്ത് വന്ന് എന്നെ വേട്ടയാടാൻ എങ്ങനെ സാധിക്കുന്നുവെന്ന് ഞാൻ ഓർത്തു.

കണ്ണിന് ഭാരമേറിയപ്പോൾ ഞാൻ വണ്ടി നിർത്തി, അതിനടുത്തെ ബസ് സ്റ്റോപ്പിൽ ചാരിയിരുന്ന് കണ്ണടച്ചു. രാവിലെ കണ്ണ് തുറന്ന് ഉണർന്നപ്പോൾ തൊട്ടുള്ളതെല്ലാം മനസ്സിലേക്ക് വീണ്ടും വന്നുപോയിക്കൊണ്ടിരുന്നു.

എനിക്ക് വീണ്ടും കണ്ണ് തിരുമ്മിത്തുറന്ന് ഉണരണമെന്നുണ്ട്. പക്ഷെ എന്തിൽ നിന്ന് എന്തിലേക്കാണ് ഞാൻ ഉണരേണ്ടതെന്ന് മറന്ന് പോയിരിക്കുന്നു.

——     —–    —–    ——

 

ഇതെല്ലാം നടന്ന കഥകളാണ്. പക്ഷെ, ഇവരെല്ലാം ഇപ്പോഴും ജീവനോടെയുണ്ടൊ എന്ന് ചോദിച്ചാൽ,…. എനിക്കറിയില്ല.

~ G

ഒരു നീണ്ട മുടി

പ്രിയപ്പെട്ട എവ്‌ലിൻ മേസ്,

പല ആവർത്തി കത്തുകളയച്ചിട്ടും ആർക്കും മറുപടി കൊടുക്കാത്തത്, എന്തയക്കണമെന്ന് എനിക്ക് ധാരണയില്ലാത്തതിനാലാണ്. എനിക്ക് കുറച്ച് സാവകാശം തരണമെന്ന് പറഞ്ഞിട്ട് അതും ആരും മനസ്സിലാക്കിയില്ല. അല്ലെങ്കിലും ഇനിയിപ്പൊൾ സാവകാശത്തിന്റെ ആവശ്യമില്ലല്ലൊ. നുണക്കഥകൾ അറിയേണ്ടവരൊക്കെ അറിഞ്ഞുകഴിഞ്ഞു. താൻ എങ്കിലും സത്യമറിയണം. പ്രതിഷേധ പരിപാടികളുടെ പേരിൽ ഞാൻ ജയിലിൽ പോവേണ്ടി വന്നാൽ, എനിക്ക് അവിടുന്ന് കത്തെഴുതാൻ ഒരു സുഹൃത്തെങ്കിലും വേണം.

വാൾട്ടർ സിസുലുവിന്റെ ഒർലാൻഡോയിലെ വീട്ടിൽ വെച്ച് നീ എന്നെ കാണുന്നതിനും മാസങ്ങൾക്ക് മുൻപ് നടന്നതാണിത്. ഇത്രയും കാലം ഇത് മറച്ച് വെച്ചതിന് എന്നോട് പൊറുക്കണം. ഇത് മുഴുവൻ എങ്ങനെ പറയണമെന്ന് പലകുറി ആലോചിച്ച് ഉത്തരം കിട്ടാതെ അലഞ്ഞതാണ് കാലതാമസമുണ്ടാക്കിയത്.

ലൈബ്രറി പുസ്തകത്താളിൽ നിന്ന് കിട്ടിയ നീണ്ട ഒരു മുടിയാണ് എല്ലാത്തിനും തുടക്കമിട്ടത്. ഏതെങ്കിലുമൊരു പുസ്തകമെന്ന് താൻ കരുതിയാൽ ആ പുസ്തകത്തോട് ഞാൻ ചെയ്യുന്ന അനീതിയായിരിക്കും. ഹിറ്റ്ലറിന്റെ മെയിൻ കാംഫ് ആണ് കുറ്റക്കാരൻ. ഒരു പെൺകുട്ടി, അതും ഞാൻ പോയിരുന്ന തുക്കടാ ലൈബ്രറിയോട് എങ്ങനെയൊ ബന്ധമുള്ള ഒരു പെൺകുട്ടി, ഹിറ്റ്ലറിന്റെ ഭാഗം അറിഞ്ഞിരിക്കാൻ ശ്രമം നടത്തിയെന്ന് പറയുന്നത് ഒരു അത്ഭുതമാണ്. അതൊ ഇനി ഞാൻ എന്റെ പഴഞ്ചൻ ചിന്താരീതി മാറ്റാത്തതിന്റെ പ്രശ്നമാണോ? കൊളോണിയൽ ചിന്താഗതി ഇവിടുത്തെ പെണ്ണുങ്ങളേയും മാറ്റിത്തുടങ്ങിയോ? അതൊരു വെള്ളക്കാരിയുടെ തലമുടിയല്ല, എനിക്കുറപ്പാണ്. ആയിരുന്നെങ്കിൽ അത് ചവറ്റുകൊട്ടയിൽ കളഞ്ഞിട്ട് ജീവിതത്തിന്റെ അടുത്ത ഏട് വായിക്കാൻ ഞാൻ സമയം വിനിയോഗിക്കുമായിരുന്നു. പക്ഷെ ഇത്, എനിക്കുറപ്പാണ് നമ്മളുടെ കൂട്ടത്തിൽപ്പെട്ട ഏതോ ഒരു സുന്ദരിയുടേത് തന്നെയാണ്.

എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ പുസ്തകം എടുത്തവരുടെ ലിസ്റ്റ് ഞാൻ വായിച്ച് പഠിക്കണമെന്ന് എനിക്ക് തോന്നി. എന്തോ, ആ ഒരൊറ്റ മുടിനാരിനെക്കുറിച്ച് അതിരില്ലാത്തത്ര സ്വപ്നങ്ങൾ ഞാൻ കാണാൻ തുടങ്ങി. അധികം വൈകാതെ ഞാൻ മനസ്സിലുറപ്പിച്ചു ആ പതിനൊന്ന് പേരേയും പിന്തുടരാൻ. അവരിലാരുടെയൊ വീട്ടിൽ എന്നെയും കാത്ത് ഒരു വശ്യമോഹിനി ഒളിച്ചിരിക്കുന്നെന്ന് എന്നോട് തന്നെ ഒരായിരം വട്ടം ഞാൻ പറഞ്ഞിട്ടുണ്ടാവണം. സത്യമായും പ്രേമമൊ കാമമൊ ഒന്നുമല്ല. അല്ലെങ്കിലും ഒരു മുടിയിൽ നിന്ന് ഇതൊന്നും തുടങ്ങാനുള്ള യാതൊരു സാധ്യതയുമില്ലല്ലൊ.

ഞാൻ മെയിൻ കാംഫിന്റെ പ്രൊപഗൻഡയാണ് പഠിക്കാൻ ശ്രമിച്ചത്. അത് ജനങ്ങളിലെത്തിക്കാൻ പയറ്റിയ തന്ത്രങ്ങളിൽ നിന്ന് നന്മയ്ക്ക് ഉതകുന്നതെന്തെങ്കിലുമുണ്ടൊ എന്ന അന്വേഷണം. അല്ലാതെ ഹിറ്റ്ലറിനോട് ഒരു നിമിഷം പോലും വെറുപ്പിൽ കുറഞ്ഞ ഒന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷെ വായിക്കാൻ കൊതി തന്നിരുന്ന മറ്റ് പുസ്തകങ്ങളുണ്ടായിരുന്നതിനാൽ മെയിൻ കാഫിനെ ഞാൻ അവസാനത്തേക്ക് മാറ്റി വെച്ചിരുന്നു.

ഞാൻ പഠിക്കുന്ന  വിറ്റ്‌വാട്ടേർസ്റാൻഡ് യൂണിവേഴ്സിറ്റിയുടെ അടുത്ത് നമ്മുടെ വർഗ്ഗക്കാർക്കും പ്രവേശിക്കാവുന്ന ആ ലൈബ്രറിയിൽ, ഗോത്തിക് പള്ളികളിൽ കാണുന്നതുപോലത്തെ വലിയ ജനലിനടിയിൽ ഒരു പകലും, രണ്ട് രാവും കഴിച്ച് കൂട്ടിയപ്പോൾ, പുസ്തകങ്ങളെനിക്ക് കൂട്ടായുണ്ടാവുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ എനിക്ക് കൂട്ടുണ്ടായിരുന്നത് ആ മുടി മാത്രമാണ്. ലൈബ്രറിയിൽ ഞാൻ കഴിയേണ്ടി വന്നതിനെക്കുറിച്ച് വാൾട്ടറൊ, സാമൊ, ആൽബർട്ടീനയൊ വഴി നീ അറിഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നു. ഇനി അവരൊന്നും നിന്നോട് പറഞ്ഞില്ല, അല്ലെങ്കിൽ അവർ പറയാൻ ശ്രമിച്ചപ്പോൾ അറിയാൻ നീ താത്പര്യം കാണിച്ചില്ലെന്നുണ്ടൊ?

ക്രിസ്തുമസിന് മുൻപ് എല്ലാ അവസാനിപ്പിക്കാൻ സമരമുഖത്ത് നിന്ന് വെള്ളക്കാരുടെ മഫ്തിയിൽ ഉള്ള രഹസ്യ പോലീസുകാർ ഞങ്ങളെ തുരത്തിയോടിച്ചു. ഹെന്റ്രി ഉള്ളതുകൊണ്ട്, അയാൾ നോക്കി നടത്തിയിരുന്ന ലൈബ്രറിയിൽ ഒളിക്കാൻ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണവും, വെള്ളവും കൂടി അകത്ത് വെച്ചിട്ടാണ് എന്നെ അതിനകത്തിട്ട് അയാൾ പൂട്ടിയത്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുള്ളതുകൊണ്ട് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും അന്ന് ഞാൻ അനുഭവിച്ചില്ല. ഹെന്റ്രി വെച്ചിരുന്ന ഭക്ഷണപ്പൊതികൾക്ക് കനം പോരായിരുന്നതുകൊണ്ടല്ല അത് ഉടനെ തുറക്കില്ലെന്ന് ഞാൻ തീരുമാനിച്ചത്. പുസ്തകങ്ങൾ കാരണമാണ്. പുസ്തകങ്ങളിൽ മുഴുകാൻ, എന്റെ ശ്രദ്ധ എല്ലാത്തിൽ നിന്നും മാറ്റി ഒന്ന് നന്നാവാൻ ഇതിലും നല്ലൊരു അവസരം കിട്ടില്ലെന്നോർത്താണ് ഞാൻ ലൈബ്രറിയിൽ തങ്ങാമെന്ന ഹെന്റ്രിയുടെ ഉപദേശം സ്വീകരിച്ചത് പോലും. ഒറ്റയ്ക്കായതോടെ പുസ്തങ്ങളെല്ലാം ഞാൻ കാർന്ന് തിന്നുവാൻ തുടങ്ങി. പണ്ടെങ്ങും എന്നിൽ ഇല്ലാതിരുന്ന ആക്രാന്തത്തോടെ.

വാക്കുകളിലെ വർണ്ണനകൾക്കൊപ്പം കണ്ണുകളടച്ച്, പെൻഗ്വിനുകൾ ആർട്ടിക് സമുദ്രത്തിൽ മുങ്ങാങ്കുഴി ഇടുന്നതിനൊപ്പം ഞാനും ചാടി. അത് മുതൽ യൂറോപ്പിലെ പച്ചയായ പുൽപ്പുറങ്ങളിൽ ആടുകളേയും മേയിച്ച് മഞ്ഞിൻ കണികകളെ നഗ്നപാദങ്ങൾ കൊണ്ട് തഴുകി നടക്കാൻ സാധിച്ചത് വരെ ആ രാവിലെ എന്റെ വിജയമായി ഞാൻ കരുതുന്നു. ലോകമെല്ലാം ക്രിസ്തുമസ് ആഘോഷിച്ചതിൽ നിന്നും വളരെയേറെ വിചിത്രമായി ഞാൻ സന്തോഷിച്ചു. ആനന്ദിച്ചു.

പക്ഷെ ഒരു പരിധി കഴിഞ്ഞപ്പോൾ, ഒറ്റപ്പെടുത്തൽ എന്നെ വല്ലാതെ മൂടിക്കളഞ്ഞു. മൈനസ് ഡിഗ്രിയിലും തണുപ്പ് അന്നത്തെ ആ രാത്രിക്കുണ്ടെന്ന് തോന്നിപ്പോയി. ഉള്ളിലുള്ള വിഷമം കനത്തപ്പോൾ അത് മനസ്സിനെ അലട്ടുന്നത് വളരെ വിചിത്രമായ രീതികളിലൂടെയാണല്ലൊ. ഏകാന്തനായി പുസ്തകങ്ങൾക്ക് നടുവിൽ ആരോടെങ്കിലും സംസാരിക്കാനായി ഞാൻ അലഞ്ഞു. പുസ്തകങ്ങളെ നോക്കി ഞാൻ അതെഴുതിയ മഹാന്മാരോടും മഹതികളോടും ചങ്ങാത്തം കൂടാൻ ശ്രമിച്ചു. ആരെങ്കിലും എന്നെ ആ ഡിസംബർ 25ന് അതിരാവിലെ അലമാരിയിൽ ഇരിക്കുന്ന പുസ്തകങ്ങളോട് സംസാരിക്കുന്നത് കണ്ടിരുന്നെങ്കിൽ ബോൾഡൻ സായിപ്പിന്റെ ആശുപത്രിയിൽ ഒരു ചങ്ങലയ്ക്ക് കൂടി പണിയായേനെ. ആ ഒറ്റപ്പെടലിൽ, ഉറക്കം വന്നില്ല. ഒറ്റപ്പെടലൊക്കെ മനുഷ്യൻ വരുത്തിവെക്കുന്നതാണെന്ന് പറയുന്നത് ശരിയാണ്. ഞാൻ എല്ലാവരോടും മിണ്ടുന്ന സമൂഹജീവി ആയിരുന്നില്ല. പക്ഷെ ഇന്ന് എങ്ങനെയൊ അങ്ങനെയല്ലാതെ ആയിരിക്കുന്നു. അതുകൊണ്ടാണ് തിരിച്ച് പോവാനുള്ള വഴി മറന്ന് കഷ്ടപ്പെടുന്ന ഒരു കൊച്ചുകുട്ടിയുടെ അവസ്ഥയിൽ, ബോധത്തിനും ഉപബോധത്തിനും ഇടയിൽ ഉഴലാൻ തുടങ്ങിയത്. ഞാൻ വരുത്തിവെച്ച തെറ്റ് തന്നെയാണ്.

എപ്പോഴൊ പുസ്തകങ്ങളിൽ നിന്നകന്ന് കണ്ണടച്ച് ഇഷ്ടമുള്ളതിനെക്കുറിച്ചോർത്ത് മനസ്സിനെ ശാന്തമാക്കാൻ നോക്കി. ഞാൻ മെനഞ്ഞുതുടങ്ങിയ ചിന്തകൾ എത്തി നിന്നത്, ഒരു അജ്ഞാത സ്ത്രീ എനിക്ക് മുഖം തരാതെ വിറ്റ്‌വാട്ടേർസ്റാൻഡിന്റെ ഓഫീസിൽ നിന്ന് ഇറങ്ങിയോടുന്നതിലാണ്. ഈ യുണിവേഴ്സിറ്റിയിലെ ഏക കറുത്ത വർഗ്ഗക്കാരൻ ഞാനാണ്, പക്ഷെ പ്രധാന കെട്ടിടത്തിന്റെ പുറകിലെ കാട്ടിലേക്ക്, മരങ്ങൾക്കിടയിലേക്ക്, ഒരു വെള്ളക്കാരിയല്ലാത്തവൾ ഓടി പോവുന്നു. എന്തിൽ നിന്നാവണം അവളോടിയൊളിക്കാൻ നോക്കുന്നത്? എനിക്ക് മുഖം തരുന്നില്ല. പാറി പറക്കുന്ന അഴിച്ചിട്ടിരിക്കുന്ന മുടികൾ എന്റെ ഹൃദയമിടിപ്പ് കൂട്ടി, എന്റെ ശ്വാസോച്ഛ്വാസവും അവതാളത്തിലാക്കി. ആവുന്നത്ര വേഗത്തിലോടിയിട്ടും എനിക്ക് പിടി തരാതെ പോവുന്നു. അവസാനം അണച്ച് വയ്യാതെയായി ഞാനൊരു വയസ്സൻ മരത്തിൽ താങ്ങി നിന്നു. നിൽക്കാൻ പോലും ആവതില്ലാതെ വീഴുമെന്നായപ്പോൾ, അതിന്റെ തായ്ത്തടിയിലൂടെ എന്റെ കൈകൾ ഉരച്ചുകൊണ്ട് ഞാൻ നിലത്തേക്ക് ഇരിക്കാൻ ആഞ്ഞു. എന്റെ കൈവെള്ളകളിൽ ചെറിയ തടിച്ചീളുകൾ കയറിയെന്ന് തോന്നുന്നു. വേദനകൊണ്ട് പുളഞ്ഞ് കൈ രണ്ടും കുടഞ്ഞപ്പോൾ വേദന കനത്തു. ഞാൻ വാവിട്ട് കരഞ്ഞുകൊണ്ട് എന്നെ വേദനിപ്പിച്ച മരത്തിൽ ചാരിയിരുന്നു. അപ്പോൾ മരത്തിന് പിന്നിൽ നിന്ന് എന്റെ കൈയ്യിലേക്ക് ഒരു മുടിയിഴ വന്ന് വീണു. അതെന്റെ വലതുകൈയ്യെ ചുറ്റി വരിയാൻ തുടങ്ങി. എനിക്ക് മുന്നിലോടിയവളുടെ കുസൃതിയാവുമെന്നോർത്ത് അത് ഞാൻ സമ്മതിച്ച് കൊടുത്തത് വിനയായി. അതിന്റെ നീളം കൂടിവന്നു. എന്റെ കൈ മുഴുവനും ആ മുടിയിനാൽ ചുറ്റപ്പെട്ടതും കൂടുതൽ മുടിയിഴകൾ ആ മരത്തിന്റെ പുറകിൽ നിന്ന് വന്ന് എന്നെ ചുറ്റിവരിഞ്ഞു. എന്നെ ആ മരത്തിലേക്ക് കെട്ടിയിട്ടു. പിന്നെ അധികം വൈകാതെ എന്റെ തൊലി പുറത്ത് കാണാത്തവിധം, തൊലിയന്നല്ല, ശരീരത്തിൽ ഒന്നും പുറത്ത് കാണാത്ത വിധം എന്നെ ചുറ്റിവരിഞ്ഞുകൊണ്ടിരുന്നു. ആ മരവും ഞാനും ഒന്നായതുപോലെ. അവസാനം ഇടത്തെക്കണ്ണിന്റെ ഒരു കോണിലുണ്ടായിരുന്ന വെളിച്ചവും അടഞ്ഞ് ഞാൻ അന്ധകാരത്തിലായതോടെ ആ വിചിത്ര ലോകത്തിന് പുറത്ത്, ഇങ്ങ് ലൈബ്രറിയിൽ ഞാൻ ഞെട്ടിയെണീറ്റു.

വിയർത്ത് കുളിച്ച് നിലത്ത് കിടക്കുകയായിരുന്നു ഞാൻ. എന്റെ കണ്ണിൽ വീഴുന്ന വെളിച്ചം ജനൽപ്പാളികൾക്കിടയിലൂടെ കത്തുന്ന സൂര്യൻ വിട്ട രശ്മികളാണ്. ഞാൻ വെപ്രാളത്തിൽ ചാടിയെണീറ്റ് ഭിത്തിയിൽ ചാരിയിരുന്നു. അതൊരു സ്വപ്നമായിരുന്നെന്ന് ഉറപ്പായിരുന്നെങ്കിലും, ഞാൻ എന്റെ പുറകിൽ നിന്ന് മുടിയിഴകൾ എന്നെത്തേടി വരുന്നില്ലെന്ന് തിരിഞ്ഞ് നോക്കി. ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ ചിരിയാണ്. അന്ന് ഞാൻ എപ്പോഴൊ മെയിൻ കാംഫ് വായിച്ചാണ് ഉറങ്ങിയത്. പക്ഷെ കണ്ണടയുന്നതിന് മുൻപ് എന്തൊ ഞാൻ കണ്ടിരുന്നു. ആ പുസ്തകം ഒന്നുകൂടി തുറന്ന് താളുകൾ വേഗത്തിൽ മറിക്കാൻ നോക്കിയപ്പോൾ ശരിക്കുമൊരു മുടി അതിൽ നിന്ന് പറന്ന് സ്വപ്നത്തിൽ നടന്നതുപോലെ തന്നെ എന്റെ വലത് കൈയ്യിൽ വീണു.

അങ്ങനെ സ്വപ്നമേത്, സത്യമേതെന്ന് തിരിച്ചറിയാനാവാതെ എന്റെ കൈയ്യിൽ കിട്ടിയ ആ മുടി, അതിന്റെ ഉടമയെ അന്വേഷിക്കാൻ അടങ്ങാത്ത ഉൾപ്രേരണ തന്നതിൽ, എന്നെ തെറ്റ് പറയാൻ പറ്റുമൊ?

ക്രിസ്തുമസിന്റെ പിറ്റേന്ന് ലൈബ്രറി തുറന്ന് തന്നപ്പോഴേക്ക് ഒരു മായാ ലോകത്തെന്ന പോലെ ഞാൻ ആ മുടിയുടെ ഉടമയോട് അടുത്തിരുന്നു. ഹെന്റ്രിയോട് ഒരു വാക്ക് പോലും മിണ്ടാതെ, അയാൾ എന്നോട് ചോദിച്ചിരുന്ന ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുക്കാതെ, ഒരു യന്ത്രത്തെപ്പോലെ ഞാൻ അവിടുന്ന് നടന്നകന്നു. പ്രേമത്തിലും കുഴപ്പം പിടിച്ചതൊന്നും ലോകത്തില്ലെന്ന് കരുതിയിരുന്നവനാണ് ഞാൻ. പക്ഷെ ഇത് പ്രേമവുമായിരുന്നില്ല. കാരണം ആ മുടി ആ പുസ്തകത്തളുകളിൽ പറ്റിപ്പിടിച്ചതൊന്നും അറിയാതെയാവണം ആ മുടിയുടെ ഉടമ ജീവിക്കുന്നത്. ഞാനൊ? ഒരു വിഡ്ഢിയാണെന്ന് എന്നോട് തന്നെ പറഞ്ഞുകൊണ്ട് ആരെന്നറിയാത്ത അവളെ തേടി നടന്നു.

ആ പുസ്തകം കടമെടുത്തിരുന്നവരുടെ ലിസ്റ്റ് ഞാൻ മനപ്പാഠമാക്കിയിരുന്നുവെന്ന് എഴുതിയല്ലൊ. കൂട്ടത്തിലെ വെള്ളക്കാരെക്കുറിച്ചെല്ലാം ആദ്യം പഠിച്ചു. ഡഗ്‌ലസ്സ് സായിപ്പിന്റെ വീട്ടിലല്ലാതെ ബാക്കിയാരുടെ വീട്ടിലും വിദ്യാഭ്യാസമുള്ള നമ്മുടെ കൂട്ടത്തിൽപ്പെട്ട ജോലിക്കാരികളില്ല. അവിടുത്തെ പെണ്ണാണെങ്കിൽ ഞാൻ മനസ്സിലാക്കിയിടത്തോളം അക്ഷരം പഠിക്കാൻ മെനക്കെട്ടതുപോലും സായിപ്പിന്റെ മക്കളുടെ ആയ ആയി നല്ല ശമ്പളം മേടിക്കാനാണെന്ന് വഴിയെ മനസ്സിലായി. എങ്കിലും അവരേയും വീക്ഷിച്ചു. അല്ല ആ നീണ്ട മുടി അവരുടേതല്ല.

ബാക്കിയുള്ളവരെ പഠിച്ചതിൽ നിന്ന് എനിക്ക് വ്യക്തമായത്, ചന്തയിൽ തണ്ണിമത്തൻ വിറ്റിരുന്ന നിക്കോളാസിന്റെ വീട്ടിലൊ, ആന വേട്ടക്കാരൻ തദ്ദേവൂസിന്റെ വീട്ടിലൊ ആവണം ആ സുന്ദരി എന്നാണ്. നിക്കോളാസിന്റെ ഭാര്യയുടേതും നീളം കുറഞ്ഞ മുടിയാണെന്ന് മനസ്സിലാക്കിയ നിമിഷം തൊട്ട്, തദ്ദേവൂസിന്റെ വീട്ടുകാരെ കുറിച്ചറിയാൻ ശ്രമിച്ചു. ഇളയ മകൾ എസ്ഥേർ, അല്ലെങ്കിൽ മൂത്തവൾ ജസീന്ത. കാരണം അമ്മ റേച്ചൽ പണ്ട് തന്നെ നെഞ്ചിൽ വന്ന മുഴയ്ക്ക് ജീവൻ നൽകിയിരുന്നു. അവർ ജീവനോടെ ഉണ്ടായിരുന്നെന്ന് വെക്കു. ഒരു പക്ഷെ ആ മുടിയുടെ ഉടമ എന്നേക്കാൾ പതിനഞ്ച് വയസ്സെങ്കിലും മൂത്ത ആ സ്ത്രീ ആണെന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നെങ്കിൽ പോലും ഞാൻ എന്റെ ഇഷ്ടം അവരെ അറിയിച്ചേനേ. കൊന്നാലും മറ്റൊരുത്തി വേണ്ടെന്ന് ഞാൻ പറഞ്ഞേനെ. കാലമേറും തോറും, ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു ആ മുടി.

എനിക്ക് എന്തോ കാര്യമായ തകരാറുണ്ടെന്നും ഒരു കാമപ്രാന്തനാണെന്നുമൊക്കെ നിനക്ക് തോന്നുന്നെങ്കിൽ തെറ്റാണ്. നീ അങ്ങനെ ധരിച്ചാലും നിന്നെ തെറ്റ് പറയാനൊക്കില്ല. പക്ഷെ ഒന്ന് ഓർപ്പിച്ചുകൊള്ളട്ടെ, എന്റേത് ഏതോ മായിക തലത്തിലുള്ള പരിശുദ്ധമായ എന്തൊ ആണ്. പിന്നെ അങ്ങോട്ടുള്ള എന്റെ എല്ലാ ദിന രാത്രങ്ങളും ഞാൻ എസ്ഥേറിനും ജസീന്തയ്ക്കും വേണ്ടി മാറ്റി വെച്ചു. അവരിൽ നിന്ന് ഒരു മറുപടി ലഭിക്കാതെ പിന്നോട്ടില്ലെന്ന മട്ടിലായി.

ഗവേഷണവും നിയമപഠനവും പോലും പാതി വെന്ത് നിൽക്കുമെന്ന് തോന്നിച്ച നാളുകൾ. അങ്ങനെയിരിക്കെ  പരീക്ഷകളില്ലാം ഞാൻ തോൽക്കുമെന്ന അവസ്ഥ വന്ന നാൾ ഞാൻ എന്നോട് തന്നെ ഒരു ചോദ്യം ചോദിച്ചു. എന്താണ് എന്നെ ശരിക്ക് അലട്ടുന്ന പ്രശ്നം? എനിക്ക് തന്നെ ഒരു മറുപടിയില്ലായിരുന്നു. ഞാൻ ഫോർട്ട് ഹാരെ യൂണിവേഴ്സിറ്റിയിലുണ്ടായിരുന്നപ്പോൾ ഡ്രാമ സൊസൈറ്റിക്ക് വേണ്ടി നാടകങ്ങളുടെ പിന്നാമ്പുറത്ത് പ്രവർത്തിച്ചിരുന്നു. എബ്രഹാം ലിങ്കണെ കുറിച്ചുള്ള നാടകത്തിന്റെ പണിപ്പുരയിലിരിക്കെ, ഒരിക്കൽ അദ്ധ്യാപകനായ നിക്കിനെ അനുഗമിച്ച് ചെറിയൊരു സ്കിറ്റ് കാണാനിടയായത് ഓർത്തു. കണ്ട് മറന്ന ആ തെരുവ് തെണ്ടിയുടെ കഥാപാത്രം തികട്ടി വന്നു. സമൂഹത്തിന് മനസ്സിലാവാത്തത് മാത്രം ചെയ്തിരുന്ന ഒരുത്തൻ. അതിനെ അനുസ്മരിപ്പിക്കും വിധമാണ് ഞാൻ കഴുത വേഷം നിറഞ്ഞാടുന്നതെന്ന് എനിക്കപ്പോൾ തോന്നി. എന്നെ എന്തൊ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നതിനെക്കാൾ ആഴ്ചകൾക്ക് മുൻപ് തന്നെ എനിക്ക് ചുറ്റുമുള്ളവർക്ക് തോന്നിത്തുടങ്ങിയിരുന്നു.

ആ ചെറുനാടകത്തിന്റെ അവസാനം ഒരു തത്വചിന്തകൻ ആ നാട്ടിലുള്ളവരോടായി പറയുന്ന ഒരു കാര്യമുണ്ട്. അതോർത്ത് സമാധാനിക്കുവാൻ ഞാൻ ഒരു ശ്രമം നടത്തി. സത്യത്തിൽ അയാൾക്കാണൊ അതൊ ബാക്കിയെല്ലാവർക്കുമാണൊ ഭ്രാന്ത്? ഒരാൾക്ക് ഒരു കുഴപ്പവുമില്ലെന്ന് സമൂഹം പറയാൻ എന്താണ് മാനദണ്ഡമാവുന്നത്? ആ പറയുന്ന സമൂഹത്തിന് ഒരു കുഴപ്പവുമില്ലെന്ന് ഉറപ്പാണൊ? ഒരുപക്ഷെ ഒറ്റയ്ക്കിരുന്ന് എന്തൊക്കെയൊ ജപിക്കുന്നത് പോലെ ഭ്രാന്തന്മാർ സംസാരിക്കുന്നു എന്ന് പറയുന്നത്, അവർ ഈ പ്രപഞ്ചത്തോട് സംസാരിക്കുന്നതാണെങ്കിലൊ? ഒരുപക്ഷെ അവർക്ക് മാത്രമാവും പ്രപഞ്ചത്തോട് സംസാരിക്കാനാവുന്നത്. എന്നിട്ട് ആ കഴിവിനെയാവാം സമൂഹം ഒരു കുറവായി കാണുന്നത്.

കാലങ്ങളെ അതിജീവിക്കുന്ന ഓർമ്മപ്പെടുത്തലുകൾ തന്നെ. പക്ഷെ അന്ന് ഈ തത്വചിന്തയൊന്നും എന്നിൽ ഒരു മാറ്റവും സൃഷ്ടിച്ചില്ല. കാരണം ആ മുടിക്ക് പിന്നാലെ ആയതിൽ പിന്നെ ഞാൻ എങ്ങനെയാണൊ ചിന്തിക്കുന്നത്, അങ്ങനെയായിരുന്നില്ല അത്രയും കാലം ചിന്തിച്ചിരുന്നത്. എനിക്ക് ഉറപ്പായിരുന്നു, ഞാൻ ചിന്തിക്കുന്നതിൽ പന്തികേടുണ്ടെന്ന്. തദ്ദേവൂസ് അയാളുടെ മക്കളുടെ പുറകെ അലഞ്ഞ എന്നെ തോക്കിന്റെ പാത്തിക്ക് ഇടിച്ച് വീഴ്ത്തിയപ്പോൾ ഞാൻ സത്യത്തിൽ അവരെ നോക്കി നടക്കുകയായിരുന്നില്ല. ഒരുപാട് ചോദ്യങ്ങളിൽ അലയുകയായിരുന്നു. അവർ ഇരുവരുടേതുമല്ല ആ മുടിയെന്ന് അതിനുമൊരുപാട് മുൻപ് തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. പിന്നെ ആരുടേത്? ഞാൻ ആരെയെങ്കിലും അബദ്ധത്തിൽ ഒഴിവാക്കിയൊ? ഭാഗ്യത്തിന് നെറ്റിക്ക് വന്ന അസഹ്യമായ വേദനയിൽ ആ ചോദ്യങ്ങളിൽ നിന്ന് എങ്ങനെയൊ പുറത്തിറങ്ങാനായ ഞാൻ തദ്ദേവൂസിൽ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.

ആ മുടിയുടെ ഉടമ ആരാണെങ്കിലും അത് എന്നെ ബാധിക്കാൻ ഞാൻ സമ്മതിച്ചു കൊടുക്കില്ലെന്ന തീരുമാനമെടുത്തത് വളരെക്കാലമെടുത്താണ്. എല്ലാ പ്രശ്നങ്ങൾക്കുമൊരു ഉല്പത്തിയുണ്ടല്ലൊ. എന്റെ പ്രശ്നത്തിന്റേത് ആ മുടിയൊ അത് തന്ന സ്വപ്നമൊ അല്ല. അതിനും ഒരുപാട് മുൻപ് ഞാൻ വായിച്ച ഒരു കത്തിൽ നിന്നാണ്. ബിരുദമെടുക്കാനായി ആലീസ് ടൗണിൽ തങ്ങിയ കാലത്ത്, സിംബാവേയിൽ നിന്ന് കച്ചവടത്തിന് വന്ന ഒരു സ്നൈഡറിനെ പരിചയമുണ്ടായിരുന്നു. അയാളെ ഉപേക്ഷിക്കാൻ തീരുമാനിച്ച അയാളുടെ പകുതി പ്രായമുള്ള അയാളുടെ കാമുകിയുടെ ഭാവമാറ്റം, അയാളെ തീർത്തും ഉലച്ചു. ഒന്നുമല്ലെന്ന തോന്നലിൽ കൊണ്ടെത്തിച്ചു. അധികം വേദനിപ്പിക്കാതെ തന്നെ, അയാൾ ജീവനൊടുക്കി. അയാളുടെ അവസാന കത്തിൽ അയാൾ എഴുതിയത്, അന്ത്യകർമ്മ ചടങ്ങുകൾ കഴിഞ്ഞ് അയാളുടെ ശവത്തോടൊപ്പം അയാളുടെ പഴ്സിലെ അറയിൽ സൂക്ഷിക്കുന്ന ഒരു നീണ്ട മുടിയും സെമിത്തേരിയിൽ അടക്കണമെന്നാണ്. അതുണ്ടായിരുന്നതുകൊണ്ടാണത്രെ അവൻ അത്രയും കാലം ഉറക്കം കിട്ടിയിരുന്നത്. അവന് അവളില്ലാതെ, അവനെ ഉപേക്ഷിച്ച് ജീവിതവുമായി മുന്നേറിയവളില്ലാതെ, ഒറ്റയ്ക്ക് ഉറങ്ങാനാവില്ലെന്ന്. മനുഷ്യൻ മണ്ണടിഞ്ഞ് ഇല്ലാതായിക്കഴിഞ്ഞും അവന്റെ മുടി കാലത്തെ അതിജീവിച്ച് അവശേഷിക്കുമെന്ന് പറയുന്നതുകൊണ്ടാവും അവൻ മുടി തന്നെ തിരഞ്ഞെടുത്തത്. അവനേക്കാളുമധികം അവന്റെ പ്രിയപ്പെട്ടവളുടെ എന്തെങ്കിലും അവന്റെ കുഴിയിൽ അവശേഷിക്കാൻ. പരസ്പരം കൈമാറിയിരുന്ന പ്രണയലേഖനങ്ങളിൽ പറഞ്ഞിരുന്നതുപോലെ പ്രണയം ഫോറെവർ നിലനിന്നില്ല. എങ്കിൽ പിന്നെ പ്രണയിച്ചവളുടെ മുടിയെങ്കിലും അവനെ അതിജീവിക്കട്ടെ എന്നാവും അവൻ ആലോചിച്ചത്. ഇത്രയും കാലം കഴിഞ്ഞും ഇതെന്നെ അലട്ടുന്നുണ്ടെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്.  ഇത് എഴുതുമ്പോഴും എന്റെ കണ്ണ് നിറഞ്ഞൊഴുകുകയാണ്.

അവനെപ്പോലെ സ്നേഹിക്കാൻ എനിക്കാവില്ലെങ്കിലും, എന്നാലാവും വിധം ഞാൻ ശ്രമിക്കാം. ഫാത്തിമാ മീറിനോട് നീ പറഞ്ഞത് സത്യമാണെങ്കിൽ, എന്നെ നിനക്ക് ഇഷ്ടമായെങ്കിൽ, എനിക്ക് നിന്റെ ഒരു മുടി അയച്ച് തരണം. എന്റെ പഴ്സിലെ ആ നീണ്ട മുടി കളഞ്ഞ് അതിന് പകരം വെക്കാനാണ്. എനിക്കും ഇപ്പോൾ ഒറ്റയ്ക്ക് ഉറങ്ങാനാവുന്നില്ല.

എന്ന്,

നെൽസൺ ‘റൊഹ്‌ലിഹ്‌ലാല’ മണ്ടേല

 

 

 

 

റിലാക്സ്

ആ മുറിയിൽ തന്നെ വടക്കെ നമീബിയയിൽ നിന്ന് കിട്ടിയ ഹിമ്പാ ഗോത്രവർഗ്ഗക്കാരുടെ കഴുത്തിൽ അണിയുന്ന തടിച്ചുരുണ്ട വലയം തൊട്ട്, കൽക്കി കൃഷ്ണമൂർത്തി ഒപ്പിട്ട ‘പൊന്നിയിൻ സെൽവൻ’ നോവലിന്റെ വാല്യങ്ങളുടെ ശേഖരം വരെ കാഴ്ചവസ്തുക്കളായുണ്ട്. ലോകത്തിന്റെ നാനാഭാഗത്ത് നിന്ന്  ശേഖരിച്ച് കൊണ്ടുവന്നിട്ടുള്ള പലതരം പുരാവസ്തുക്കളും കലാസൃഷ്ടികളും അടുക്കി വെച്ചിരിക്കുന്ന ചെറിയ പ്രദർശനാലയമാണ് ആ വിശാലമായ ഓഫീസ് മുറി. പക്ഷെ ഹേമ മദൻമോഹന്റെ ശ്രദ്ധ മുഴുവൻ സാദത് ഹസൻ മാന്റോയുടെ വലിയ പോർട്ട്റെയിറ്റിലായിരുന്നു. അതിന്റെ ഫ്രെയിമിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന മരപ്പലകയിൽ മാന്റോയുടെ ഒരു ക്വോട്ട് സുവർണ്ണനിറത്തിൽ പെയിന്റ് ചെയ്ത് വെച്ചിട്ടുണ്ട്.

“IF YOU FIND MY STORIES DIRTY,

THE SOCIETY YOU ARE LIVING IN IS DIRTY.

WITH MY STORIES, I ONLY EXPOSE THE TRUTH.”

വാതിൽ തുറന്ന് ശ്രീലക്ഷ്മി മേനോൻ അകത്തേക്ക് കയറി വന്നതും, ബഹുമാനത്തോടെ ഹേമ എഴുന്നേറ്റ് കൈ കുമ്പിട്ട് നിന്നു. ശ്രീലക്ഷ്മി ഒരു നിമിഷത്തേക്ക് അവളെ നോക്കി നിന്നു. പിന്നെ നടന്ന് അവളുടെ അടുത്ത് ചെന്ന്, ആ കൂപ്പിയ കൈകളെ ചേർത്ത് പിടിച്ചു.

“റിലാക്സ് ഹേമ. ഇവിടെ ഇരുന്ന് എന്നോട് പറഞ്ഞതൊന്നും ഈ ഭിത്തിക്ക് വെളിയിൽ പോയിട്ടില്ല. വരാൻ പോവുന്ന ടീം റിവ്യു ചില ഇന്റേൺസിനെ സ്ഥിരപ്പെടുത്തണൊ വേണ്ടയൊ എന്ന് തീരുമാനിക്കാൻ ആണ്. ഞാൻ അന്വേഷിച്ചു.”

പക്ഷെ ഹേമയുടെ കണ്ണിൽ സംതൃപ്തിയുടെ ഒരു കണിക പോലുമില്ല.

“മറ്റെന്തൊ ഉണ്ടെന്ന് ഊഹിച്ചത് ശരിയാണ്. വാ ഇരിക്ക്, നമ്മൾക്ക് സംസാരിക്കാം.”

“ഇപ്പൊ വേണ്ട മേഡം. ഞാൻ തിരിച്ച് പോയെ പറ്റു. എന്നെ അവിടെ കണ്ടില്ലെങ്കിൽ അയാൾ സംശയിക്കും.”

“ആര് പ്രഭാകറൊ? അവൻ എന്ത് ചെയ്തു?”

ഹേമ തരിച്ച് ഇരുന്നു പോവുന്നു. എളുപ്പം തന്നെ വായിച്ചെടുക്കാൻ ആവുമെന്ന് എല്ലാരും പറയും. അങ്ങനെയിരിക്കെ പ്രൊഫെഷണൽ കൗൺസിലിംഗിൽ ഒരു വിദേശ മാസ്റ്റേർസ് ഉള്ള ശ്രീലക്ഷ്മി മേനോനെ പോലെ ഒരാൾക്ക് മുന്നിൽ മനസ്സിലെ ആധിക്ക് പിടിച്ച് നിൽക്കാനാവാത്തതിൽ അത്ഭുതമില്ലെന്ന് മനസ്സിൽ കണക്കുകൂട്ടി.

എതിർവശത്ത് തന്റെ പ്രിയപ്പെട്ട റിക്ലൈനറിൽ ഇരുന്നുകൊണ്ട് ശ്രീലക്ഷ്മി ഹേമയുടെ വിഷമങ്ങൾക്കായി കാത്തിരുന്നു.

“റോണി സർ, പോയപ്പോൾ എല്ലാം തീർന്നെന്ന് വെച്ചതാണ്. തെറ്റി. പകൽ ഷിഫ്റ്റുകളിൽ പോലും വെറുതെ വിടുന്നില്ല. അയാളുടെ മകൾക്ക് എന്റെ പകുതിയിലധികം വയസ്സായി. എന്നിട്ടും സ്ത്രീകളോട് പെരുമാറുന്നതിൽ പ്രഭാകർ ഒരു മൃഗമാണ്.”

“താൻ മനസ്സിൽ കൊണ്ടുനടക്കുന്നത് മുഴുവൻ പറയു. എത്രത്തോളം തനിക്ക് വിശദീകരിക്കാനാവുന്നൊ, അത്രയും ഭാരം തന്നിൽ നിന്ന് ഞാൻ ഒഴിവാക്കി തരാം. റിലാക്സ്.”

“മേഡത്തിനെ എനിക്ക് വിശ്വാസമാണ്. കഴിഞ്ഞ തവണ ഞാൻ ആശ്വാസം അനുഭവിച്ചറിഞ്ഞതാണ്. പക്ഷെ, അതിന്റെയല്ല. എനിക്ക് എന്നോട് എന്തൊ…വെറുപ്പാണ്. ഒന്ന് ഇല്ലാതെയാവുമ്പോൾ അടുത്തയാൾ എന്നെ ഇരയാക്കി എന്ന് പറയുമ്പോൾ എനിക്കും എന്തൊ ഒരു തകരാറില്ലെ. വീട്ടിൽ അറിഞ്ഞാൽ ഞാൻ വളം വെച്ച് കൊടുക്കുന്നതുകൊണ്ടാണെന്നെ പറയു.”

“ഹേയ്.. റിലാക്സ്… ഞാൻ അങ്ങനെ കരുതുന്നില്ല. ഞാൻ പഠിച്ച ടെക്സ്റ്റുകളൊന്നും അങ്ങനെയല്ല എന്നെ പഠിപ്പിച്ചതും.”

“അതാണ് പ്രശ്നം. മേഡത്തിന്റെയത്ര വിവരം ഈ കാര്യത്തിൽ ഇവിടെയാർക്കും ഇല്ല, പക്ഷെ ഇരകളോട് സംസാരിച്ചിട്ടുള്ളതല്ലാതെ ജീവിതാനുഭവമില്ലല്ലൊ. എനിക്ക് മനസ്സിലാക്കാം, ഒരുപാട് ജീവിതാനുഭവങ്ങൾ പഠിച്ച് പലരും തയ്യാറാക്കിയ തത്ത്വങ്ങളും സിദ്ധാന്തങ്ങളുമാണ് മേഡത്തിന്റെ ഉപദേശങ്ങളുടെ അടിത്തറ. പക്ഷെ ഇത്തവണ ഞാൻ അതുകൊണ്ടും തൃപ്തിപ്പെടണമെന്നില്ല. എന്റെ ഇത്തവണത്തെ വിഷമം പുസ്തകങ്ങൾക്ക് ഒഴിവാക്കാനാവുന്നതിനും അപ്പുറമാണ്.”

ശ്രീലക്ഷ്മി സമയമെടുത്താണ് ശ്വാസം പുറത്തേക്ക് വിട്ടത് പോലും. പക്ഷെ ആലോചനയിലാണെന്ന് തോന്നിക്കാത്ത വിധം അവർ എന്തൊ ചികഞ്ഞെടുക്കുകയായിരുന്നു.

“ഒരു നിമിഷം ഇവിടെ ഇരിക്ക്”, എന്ന് പറഞ്ഞിട്ട് ശ്രീലക്ഷ്മി അവരുടെ ചാര നിറത്തിലുള്ള റിക്ലൈനർ കസേരയിൽ നിന്ന് എണീറ്റ് മേശയ്ക്കരികിലേക്ക് നടന്നു. അതിന്റെ താഴിട്ട് പൂട്ടിയിരുന്ന അറയിൽ നിന്ന് ഒരു ഡയറി തുറന്നു. അതിൽ നിന്ന് ഒരു പോളറോയിഡ് ഫോട്ടൊ പുറത്തെടുത്ത് നോക്കിക്കൊണ്ട് പറയാൻ പോവുന്നത് എങ്ങനെ അവതരിപ്പിക്കണമെന്ന് വീണ്ടും ആലോചിച്ചു.

അല്പ വസ്ത്രധാരിണിയായി ചിരിച്ചുകൊണ്ട് കിടക്കുന്ന ഒരു കൗമാരപ്രായക്കാരിയുടെ ചിത്രം. ഒരുപക്ഷെ അതിലും ചെറുപ്പം ആവാം. മേഡം എന്തിനാണ് ആ വൃത്തികെട്ട പഴകിയ ചിത്രം തന്നെ കാണിക്കുന്നതെന്ന് മനസ്സിലാവാതെ ഹേമ അവരെ തിരിച്ച് നോക്കി. ശ്രീലക്ഷ്മി കണ്ണടയ്ക്കാതെ ഹേമയുടെ കണ്ണിലേക്ക് തന്നെ നോക്കി അവൾക്ക് ആലോചിക്കാനുള്ള സമയം കൊടുത്തു.

വീണ്ടും ചിത്രത്തിലേക്ക് കണ്ണെടുക്കാതെ സൂക്ഷിച്ച് നോക്കിയിരുന്ന ഹേമയുടെ മനസ്സിൽ ഒരു സംശയം തെളിഞ്ഞു. ചിത്രത്തിലേക്കും ശ്രീലക്ഷ്മിയുടെ മുഖത്തേക്കും മാറി മാറി നോക്കി. അതെ, ആ കുട്ടിക്ക് ശ്രീലക്ഷ്മിയുടെ ഛായ!

ഹേമ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും, ശ്രീലക്ഷ്മി അവളുടെ തോളിൽ കൈ വെച്ച് സമാധാനിപ്പിച്ച് റിക്ലൈനറിൽ തന്നെ ഇരുത്തി. എന്നിട്ട് ആ ചിത്രം തിരിച്ച് വാങ്ങി തിരിച്ച് തന്റെ റിക്ലൈനർ കസേരയിൽ ശരണം പ്രാപിച്ചു.

“തന്റെ രഹസ്യങ്ങൾ ഈ ചുവര് വിട്ട് പുറത്ത് പോയിട്ടില്ലെന്ന് പറഞ്ഞത് പോലെ, താൻ എനിക്കും ഒരു വാക്ക് തരണം. ഞാൻ ഇനി പറയാൻ പോവുന്നത് ഇവിടുന്ന് ഇറങ്ങുമ്പോൾ താനും മറന്ന് കളയണം.”

“വാക്ക്”, എന്നല്ലാതെ മറ്റൊന്നും ഹേമയുടെ നാവിൻ തുമ്പിൽ വന്നില്ല.

“എനിക്ക് ഒരു ചേട്ടനുണ്ടായിരുന്നു. ശ്രീനാഥ്. ഫോട്ടോഗ്രഫി അവന്റെ ഹോബിയായിരുന്നു. ഫോട്ടോ ജേണലിസമൊക്കെ പഠിച്ച് ഇപ്പോൾ ബ്രസീലിൽ ഒരു മാസികയിൽ ജോലി ചെയ്യുകയാണ്. ചെറുപ്പത്തിൽ ഞാനായിരുന്നു അവന്റെ ഫാഷൻ ഫോട്ടോഗ്രഫി മോഡൽ. നിന്നെ കാണിക്കാൻ കൊള്ളാവുന്നത് അതെയുള്ളു. എനിക്ക് ഒന്നും മനസ്സിലാവാത്ത പ്രായത്തിൽ എന്നെക്കൊണ്ട് എന്തെല്ലാം ചെയ്യിച്ചിട്ടുണ്ടെന്ന് ഞാനിപ്പോൾ പറഞ്ഞാൽ… ഇല്ല… ഹേമ വിശ്വസിക്കില്ല. ശ്രീനാഥ് ഒരു തുടക്കമാണ്, പിന്നെയങ്ങോട്ട് എന്റെ ജീവിതം മുഴുവൻ പലകുറി…”

“മേഡം. ക്ഷമിക്കണം.”

“എന്തിന്? എനിക്ക് ഇതൊന്നും ഇപ്പോൾ വിഷമം തരുന്നില്ല. അതൊക്കെ ഞാൻ പണ്ട് തന്നെ തരണം ചെയ്തു. അതുകൊണ്ടാണ് ഈ തൊഴിലിൽ എത്തിച്ചേർന്നതെന്ന് എനിക്ക് ഉറപ്പാണ്. എന്നെ പോലെയുള്ളവരെ രക്ഷിക്കാൻ. ശക്തി പകരാൻ.”

ഹേമ അല്പ നേരം ഒന്നും സംസാരിച്ചില്ല. ഹേമ സംസാരിക്കാനായി ശ്രീലക്ഷ്മി കാത്തിരുന്നു. കൊളോണിയൽ കാലത്തിന്റെ തിരുശേഷിപ്പായ ഒരു പഴയ പെൻഡുലം മുത്തച്ഛൻ 11 വട്ടം നിശബ്ദതയെ ഭേദിച്ചപ്പോൾ അവൾ സംസാരിച്ചു. പ്രഭാകർ എന്ന പ്രൊജക്റ്റ് ലീഡ് അവളോട് ചെയ്ത് പോന്നിരുന്ന അനീതികളുടെ ഭാണ്ഡക്കെട്ടെല്ലാം ശ്രീലക്ഷ്മിക്ക് മുന്നിൽ അഴിച്ചുവെച്ചു. ശ്രീലക്ഷ്മി അവൾക്ക് ധൈര്യം നൽകി. അവൾക്ക് രക്ഷപെടാനുള്ള ഉപായങ്ങളെല്ലാം ഒരു കൊച്ച് കുട്ടിക്ക് ഈസോപ്പ് കഥകളിലൂടെ ഉപദേശങ്ങൾ നൽകുന്നതുപോലെ ലളിതമായി അവതരിപ്പിച്ചു. പ്രഭാകറിനെക്കുറിച്ച് ഇന്റേണൽ കമ്പ്ലയിന്റ് കമ്മിയോട് റിപ്പോർട്ട് ചെയ്യാതെ തന്നെ അനീതികളെല്ലാം നിർത്താനുള്ളത് അവർ ചെയ്തുകൊള്ളാം എന്നും ശ്രീലക്ഷ്മി ഉറപ്പ് നൽകി.

അരമണിക്കൂറിന് ശേഷം ഒരു പുതിയ ഹേമയാണ് ആ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. എന്തിൽ നിന്നൊക്കെയൊ സ്വതന്ത്രയായ പോലെ, അവൾ വെളിയിലേക്ക് ഇറങ്ങി തന്റെ ക്യുബിക്കിളിലേക്ക് നടന്നു. പണ്ടെങ്ങൊ മനസ്സിൽ തങ്ങിയൊരു മൂളിപ്പാട്ടും അവളെ അനുഗമിച്ചു. കമ്പ്യൂട്ടറിൽ ലോഗ് ഇൻ ചെയ്ത് അവൾ ചെറിയൊരു അവധിയിൽ പ്രവേശിക്കാൻ വേണ്ട അപേക്ഷ തയ്യാറാക്കി അയച്ചു. പിന്നീട് റെഡ്‌ബസ് ഉപയോഗിച്ച് ഗോകർണ്ണത്തേക്ക് പോയി വരാനുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തു. ഓയൊ വഴി 2 രാത്രി അവിടെ കടലിനോട് ചേർന്നൊരിടത്ത് തങ്ങാനുള്ള മുറികളും പറഞ്ഞുറപ്പിച്ചു.

എന്നാൽ ശ്രീലക്ഷ്മിക്ക് ഹേമ അന്നത്തെ ദിവസത്തിന്റെ തുടക്കം മാത്രമായിരുന്നു. മാക്ക്ബുക് എയർ തുറന്ന് ലിസ്റ്റിൽ അടുത്തത് ആരാണെന്ന് നോക്കി. ഹിഷാം എന്ന പേര് കേട്ടിട്ട് അതിനൊരു രൂപവും മനസ്സിൽ സങ്കൽപ്പിച്ച്, 5 മിനിറ്റിനകം റൂമിൽ എത്താനുള്ള മെസ്സേജ് അവന് അയച്ചു. ട്രേസി ചാപ്മാന്റെ ‘ടെൽ ഇറ്റ് ലൈക്ക് ഇറ്റ് ഈസ്’ എന്ന പാട്ട് ശബ്ദം കുറച്ച് വെച്ചിട്ട് അല്പം മാറി നിന്ന് ഒരു കറുത്ത മാർൾബൊറൊ മെന്തോൾ സിഗരറ്റിൽ നിന്നുള്ള പുക നെഞ്ചിൽ നിറച്ചു. ജനലിനരികിലേക്ക് മാറി നിന്ന് ഫോണിൽ ആരേയൊ വിളിച്ചു.

“ഹലൊ ശ്രീ”, മറുതലയ്ക്കൽ നിന്ന് നിറഞ്ഞ സന്തോഷത്തോടെയുള്ള പ്രഭാകറിന്റെ ശബ്ദം ശ്രീലക്ഷ്മിയുടെ മുഖത്ത് അമർഷം തെളിയിച്ചു.

“എടാ നായിന്റെ മോനെ… ഞാൻ കേട്ടു നീ എന്തൊക്കെയാണ് ആ പാവം പെൺകുട്ടിയോട് ചെയ്തതെന്ന്.”

പ്രഭാകർ ഒന്നും തിരിച്ച് പറയാൻ തുനിഞ്ഞില്ല.

“ഓ ആരാണെന്ന് പോലും നിനക്ക് മനസ്സിലായില്ല, അല്ലേടാ തന്തയ്ക്ക് പിറക്കാത്തവനെ…ഹേമ!”

“ക്ഷമിക്കണം. അവളെന്തൊക്കെ അവിടെ പറഞ്ഞു എന്നറിയില്ല… പക്ഷെ… ഞാൻ വളരെ മിതമായിട്ടെ ഇപ്പോൾ ആരോടും. തെറ്റിദ്ധാരണയാവാം. അല്ലെങ്കിൽ അവൾടെ പരിചയക്കുറവ്.”

“അത് ശരി. അപ്പൊ ടെസ്സയുടെ കാര്യത്തിലൊക്കെ അന്ന് അവളെന്നോട് കരഞ്ഞ് പറഞ്ഞതിലും നടന്നിട്ടുണ്ടല്ലേ..?”

“അയ്യൊ, ശ്രീ… എന്നെ വിശ്വസിക്കണം. ഇത്തവണത്തേക്കും കൂടി ഒന്ന് മാപ്പാക്കി തരണം. ഞാൻ എന്ത് വേണമെങ്കിലും ചെയ്ത് തരാം.”

“അന്നത്തെ പോലെ സുട്രിമലയിലെ റേവ് പാർട്ടിയിലേക്കുള്ള ടിക്കറ്റ് മാത്രം പോര. എന്റെ മാക്ക് എയറിന് 3 കൊല്ലത്തെ എക്സ്റ്റെന്റഡ് വാറണ്ടിയും കൂടെ ഓർഡർ ചെയ്തേക്ക്. ഐഡി ഞാൻ അയക്കാം.”

“ഏറ്റു. അവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്കിയാൽ മതി. എന്നാലും ഇതെങ്ങനെ, നീ ആ മോർഫ്ഡ് ഫോട്ടൊ ഇറക്കിയൊ അതൊ എന്നോട് പറയാത്ത വേറെ എന്തെങ്കിലും ബുദ്ധി ഉപയോഗിച്ചോ?”

“നീ നിന്റെ പണി നോക്ക്. ങാ, പിന്നെ, ഷോബി സാറിന്റെ ഫെയർവെല്ലിന് എല്ലാരും പോയ നേരം ആ കുട്ടിയെ ടേബിളിനോട് ചേർത്ത് ബന്ധിച്ച ആ ലെതർ വിലങ്ങും ഇനി ഫ്ലാറ്റിൽ വരുമ്പൊ കൊണ്ടുവരണം. അങ്ങനെ എന്തൊക്കെ അക്സസറീസ് ഉണ്ടൊ അതെല്ലാം. ഇതൊക്കെ വാങ്ങിയ വിവരം എന്നോട് പറഞ്ഞില്ലല്ലൊ?”

പ്രഭാകർ ചിരിച്ചു. മനസ്സ് തുറന്ന് ചിരിച്ചു.

“ഫോൺ വെച്ചിട്ട് പോടാ തെരുവ് നായയ്ക്ക് ഉണ്ടായവനെ…”

ചുണ്ടിലെ ചിരിയാണ് അവൾ ആ സിഗരറ്റ് ആഷ് ട്രേയിൽ കുത്തിക്കെടുത്തിക്കൊണ്ട് അണച്ചത്. റൂം ഫ്രെഷ്നർ ഒരിക്കൽ കൂടെ ആ മുറിയിലാകെ പരത്തിയതിന് ശേഷം എയർ കണ്ടീഷണർ എക്സ്റ്റ്രാ ബ്ലാസ്റ്റ് ചില്ലിൽ ഇട്ടു. എന്നിട്ട് വാതിൽ തുറന്ന് പുറത്ത് കാത്തുനിന്നിരുന്ന ഹിഷാമിനെ അകത്തേക്ക് ക്ഷണിച്ചു.

****               ****               ****

അൻപത് മിനിറ്റിനകം ഹിഷാം തിരിച്ച് ഇറങ്ങിയത് സന്തോഷിച്ചുകൊണ്ടാണ്. സമാധാനിച്ചുകൊണ്ടാണ്. ഇത്ര ചെറുപ്പം തൊട്ട് ജീവിതകാലം മുഴുവൻ ഇരയാക്കപ്പെട്ടിട്ടും അതിനെയെല്ലാം അതിജീവിച്ച ഒരാളുടെ ഉപദേശങ്ങളാണ് ഇപ്പോൾ കേട്ടതെന്ന് അവൻ ചിന്തിച്ചു. ഇവ മാത്രം അനുസരിച്ചാൽ മതി ജീവിതത്തിൽ എവിടെയും എത്താമെന്ന് മനസ്സിലുറപ്പിച്ച് അവൻ നടന്നു.

അതിലും അമിത സന്തോഷമായിരുന്നു ശ്രീലക്ഷ്മിക്ക്. അവൾ ബാക്കി അപ്പോയിന്റ്മെന്റുകളെല്ലാം ക്യാൻസൽ ചെയ്ത് അവിടുന്ന് ഇറങ്ങാൻ അധിക നേരം എടുത്തില്ല.

ഷിൻഡ്‌ലറിന്റെ 10 പേർക്ക് കയറാവുന്ന ലിഫ്റ്റിൽ ഒറ്റയ്ക്ക് കയറി അത് ഒരു നില താഴേക്ക് ഇറങ്ങിയതും, ഫോൺ എടുത്ത് ബോയ്‌ഫ്രണ്ടിനെ വിളിച്ചു. പ്രിയപ്പെട്ട രാജകുമാരി എന്ന് വിളിച്ചുകൊണ്ടുള്ള അയാളുടെ സ്നേഹ വാക്കുകൾ കാതുകളിലെത്തുന്നതിന് മുൻപ് അവൾ മനസ്സിൽ ഉരുവിട്ട് നോക്കിയത് ഉറക്കെ പറഞ്ഞു.

“ശശാങ്ക്, ഓപ്പൺ റിലേഷൻഷിപ്പ് അല്ലെങ്കിലും നീ പുറത്ത് പരീക്ഷണങ്ങൾ നടത്താൻ പോവാറുണ്ടെന്ന് എനിക്ക് നല്ലപോലെ അറിയാം. അത് കണ്ടില്ലെന്ന് നടിച്ചതിന്, നീ പെണ്ണുങ്ങളെ വിട്ട് ആണുങ്ങളേയും ഇടയ്ക്ക് ഉപയോഗിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു.”

“വാട്ട്? അബ്സേർഡ്. ഇത്ര രാവിലെ തന്നെ നീ എന്താണ് വലിച്ച് കയറ്റിയത്.”

“ഉരുണ്ട് കളിക്കാതെടാ തന്തയ്ക്ക് പിറക്കാത്തവനെ. ഹിഷാം വന്നിരുന്നു ഇവിടെ. ക്യു ആൻഡ് എ വിങിലെ ചിലർ അവനെ ബുള്ളി ചെയ്ത് സ്മോക് റൂമിൽ കൊണ്ടുപോയി ചെയ്യിച്ചതെല്ലാം പറഞ്ഞു. ആരുടെയും പേര് വിവരങ്ങളൊന്നും എന്നോട് പറഞ്ഞിട്ടില്ലെങ്കിലും, വിശദീകരണത്തിന്റെ ഇടയിൽ നീ എന്നോട് ചെയ്യാറുള്ള പലതും ഞാൻ കേട്ടു. എക്സ്ക്യൂസ് അല്ലാതെ നിനക്ക് എന്തെങ്കിലും പറയാനുണ്ടൊ?”

മറുതലയ്ക്കൽ നിന്ന് ഒരു മറുപടിയും കേട്ടില്ല. ബേസ്മെന്റ് ഫ്ലോറിൽ പാർക്ക് ചെയ്ത മഞ്ഞ മിനി കൂപ്പർ കാറിൽ കയറി വാതിൽ അടച്ചുകൊണ്ട് അവൾ തുടർന്നു. ചൂണ്ടിൽ ആ ചിരി വീണ്ടും തെളിഞ്ഞു.

“നല്ല കുട്ടി. ഇനി ഞാൻ അത് ചെയ്തു, ഇത് ചെയ്തു എന്ന് പറഞ്ഞ് എന്നെ ജഡ്ജ് ചെയ്യാൻ വരരുത്.”

“റിലാക്സ് ശ്രീ.. റിലാക്സ്..”

“റിലാക്സ് എന്ന് ഞാൻ പറഞ്ഞോളാം. പറയേണ്ടപ്പോൾ.. അതെന്റെ വാക്കാണ്. എന്റെ മാത്രം. റിലാക്സ്… എന്താണതിന്റെ അർത്ഥമെന്ന് ഞാൻ മറന്ന് പോയിരിക്കുന്നു. നിനക്ക് അറിയുമോടാ..?”

“ഇല്ല. എനിക്കറിയില്ല. ഗൊ ഡൂ വാട്ടെവർ യു ഫീൽ ലൈക്ക്. ബട്ട് പ്ലീസ് റിലാക്സ് ഡിയർ ശ്രീ… പ്ലീസ് റിലാക്സ്.. ”
 

ദൈവമാണത്രെ

എന്റെ കഥ മൊത്തം പറയണമെന്ന് വെച്ചാ… മൊത്തം വേണ്ട. അത് ശരിയാവത്തില്ല. അല്ലെങ്കീ ചെലത് പറയാം. ചെലത് മാത്രം.

സുധാകരൻ പാതിരാച്ചാൽ എന്ന പേരൊക്കെ കേട്ടാ വല്ല വാരികേലും പൈങ്കിളി നോവലെഴുതുന്ന ഒരു കുടുംബനാഥനാന്ന് തോന്നും. സ്വന്തം കുടുംബമൊള്ളകൊണ്ട് ഒപ്പിക്കാനൊക്കാത്ത അവിഹിതങ്ങളൊക്കെ കണ്ട കഥാപാത്രങ്ങളിലൂടെ ഒപ്പിച്ചെടുക്കുന്ന, സാഹിത്യകാരനെന്ന് സ്വയം അവകാശപ്പെടുന്ന മറ്റൊരു കള്ളനാണെന്ന് ആലോചിച്ച് പോവും. അല്ലേ?

ആ ആലോചനേലെ ഒന്ന് ശരിയാ. പുള്ളിക്കാരൻ കള്ളനാ. പോലീസ് ചാർജ് ഷീറ്റീ മാത്രമെ നിങ്ങൾ സുധാകരൻ പാതിരാച്ചാൽ എന്ന സഖാവിന്റെ മുഴുവൻ പേര് കാണാൻ ഒക്കത്തൊള്ളു. ആ പേര് കേട്ട് അങ്ങേരൊരു പീറ മോഷ്ടാവാന്ന് നിങ്ങൾ വിചാരിക്കുന്നൊണ്ടെങ്കീ വീണ്ടും തെറ്റി. സുധാകരൻ സഖാവാണ് ഈ നൂറ്റാണ്ടിന്റെ തസ്കരവീരൻ. ഇന്നത്തെ കാലത്ത് മോഷണം ഒരു കലയും ശാസ്ത്രവുമാണെന്നും, അത് പഠിച്ചെടുക്കേണ്ട ഒന്നാണെന്നും വാദിക്കുന്ന ഒരേയൊരു കള്ളൻ സുധാകരനാശാൻ മാത്രമാവുന്നു. എന്റേം, ഹരിശ്ചന്ദ്രന്റേം, മൊഹമ്മദിന്റേമൊക്കെ ആശാൻ. കൺകണ്ട ദൈവം.

ഞങ്ങൾ ആശാന്റെ കീഴിൽ തൊഴില് പഠിക്കാൻ തൊടങ്ങിയിട്ട് ഇതിപ്പൊ 11 മാസമാവുന്നു. ഇനി ഞങ്ങളൊക്കെ ഒത്ത കള്ളന്മാരാവാൻ ഏതാനും ദിവസങ്ങൾ മതി എന്നായിരുന്നു എന്റെ ഒരു ഇത്. അങ്ങനെയിരിക്കെ ആശാൻ പെട്ടെന്നൊരിക്കൽ ചില ഉപദേശങ്ങളൊക്കെ തന്നിട്ട് ഞങ്ങൾ മൂന്നുപേരേം പലയിടത്തായിട്ട് മാറ്റി നിർത്തീട്ട് ചെവീല് എന്തൊക്കെയൊ പറഞ്ഞു. എന്നോട് പറഞ്ഞത് കുരുവിനാൽ ചെറിയ പള്ളീടെ വളവീന്ന് താഴോട്ട് പോവുന്ന വളവിൽ വൈകീട്ട് ഏഴിന് വന്ന് നിക്കാൻ. കൈയ്യിൽ ഒരു മൊട്ടുസൂചി പോലും കാണരുതെന്നും, ഈ പറഞ്ഞതൊന്നും മൊഹമ്മദിനോടും ഹരിയോടും പറയല്ലെന്നും പറഞ്ഞു. അവരും എന്നോടൊന്നും പറയാതെ അങ്ങ് പൊക്കളഞ്ഞു.

ഞാൻ കൃത്യം ഏഴിന് തന്നെ കുളിച്ച് സുന്ദരക്കുട്ടപ്പനായിട്ട് ആശാന്റെ വാക്ക് വിശ്വസിച്ച് അവിടെ വന്നു. അന്നേരം അഞ്ച് മിനിറ്റെടുത്തില്ല അതിനുമുമ്പേ ആശാൻ വന്നെന്നാണ് എന്റെ ഓർമ്മ. പുള്ളിക്കാരൻ പൊറകെ നടക്കാനൊള്ള ആംഗ്യവും കാണിച്ചിട്ടങ്ങ് നടക്കാൻ തൊടങ്ങി. ആശാനെ ചോദ്യം ചെയ്താൽ ഗുരുത്വദോഷമൊണ്ടാകുമെന്നൊള്ളകൊണ്ട് ഞങ്ങളാരും അങ്ങനെ ചെയ്യാറില്ല. ഗുരുത്വാകർഷണമെന്ന് പറഞ്ഞാ ഈ മോളീന്ന് സാധനങ്ങള് താഴെ വീഴുന്നതിന് പറയുന്നതാന്നാ വീട്ടില് മോളി പറഞ്ഞ് പഠിക്കുന്നെ കേട്ടത്. പിന്നെന്തിനാന്നാ ആശാനോട് വല്ലോം ചോദിക്കുന്നേനെ ഗുരുത്വദോഷമെന്ന് വിളിക്കുന്നേന്ന് അറിയത്തില്ല. ങാ സാധനങ്ങള് മോളീന്ന് വീഴുന്ന പോലെ ആശാന്റെ കൈ എന്റെ കരണത്ത് വീണിട്ടൊണ്ട്. എന്റെ പോലല്ല. ആശാന് ആറടിയേക്കാൾ ഒയരമൊണ്ട്.

ആശാൻ എന്നേം കൊണ്ട് നടന്ന് നടന്ന് ഒരു രണ്ട് നില വീടിന്റെ അടൂത്ത് എത്തി. ഞാൻ കണ്ടിട്ടൊള്ളതാ പക്ഷെ അതിന്റെ പരിസരത്തൂടെ പോലും എന്റെ പോലെ ഒള്ള ആരും പോവത്തില്ല. കാരണം അതൊരു പോലീസുകാരന്റെ വീടാ. പോലീസുകാരന്റെ വീടേതാന്ന് പെട്ടെന്ന് മനസ്സിലാക്കാം. വാതിലും ജനലും തൊറന്നിടുന്ന പ്രത്യേക രീതി കണ്ട് അതൊക്കെ മനസ്സിലാക്കാൻ ആശാൻ ഞങ്ങളെ പഠിപ്പിച്ചിട്ടൊണ്ട്. എന്തിനാ? ഇതിന്റെ അടുത്തെങ്ങും പോയി ഇല്ലാത്ത കേസൊന്നും തലേൽ കേറ്റി വെക്കാതിരിക്കാൻ. ഇന്നിപ്പൊ, ഈ ആശാനിതെന്ത് പറ്റീന്ന് ഞാൻ ആലോചിച്ചു.

ആശാൻ എന്റെ പൊറത്ത് തട്ടീട്ട് പറഞ്ഞു കൂട്ടത്തിൽ ഏറ്റോം പ്രതീക്ഷയൊള്ളത് എന്നെക്കുറിച്ചാന്ന്. എന്നെ ഒരുപാട് വിശ്വാസമാന്ന്. ഒരേയൊരു പരീക്ഷ പാസ്സായാ ഞാൻ നല്ല അസല് കള്ളനാവുമെന്ന്. ഞാൻ തുള്ളിച്ചാടി സത്യമായിട്ടും. അന്നേരം പരീക്ഷ എന്താന്ന് എനിക്ക് പറഞ്ഞ് തന്നു. എന്റെ സകല ചാട്ടോം അവടെ തീർന്നു. നിന്ന നിപ്പിൽ എനിക്ക് തൂറാൻ മുട്ടീന്ന് പറഞ്ഞാ നിങ്ങള് വിശ്വസിക്കണം. എന്റെ വയറ്റിൽ ഏതാണ്ടൊക്കെ കെടന്ന് പൊട്ടുന്ന ശബ്ദവും ഏതാണ്ടൊക്കെ കൊഴഞ്ഞ് മറിയുന്ന ശബ്ദോം ഞാൻ കേട്ടു.

ഞാൻ ഒരു രാത്രി ആ ഇടിയൻ പോലീസുകാരന്റെ വീട്ടിൽ ജീവനോടെ കഴിയണം. അവരാരും അറിയാതെ പ്രേത സിനിമേലെ യക്ഷീടെ പോലെ ഞാൻ അവിടെ എവിടേലും പമ്മി നിക്കണമെന്ന്. അവരാരേലും പൊറത്ത് പോവാനൊ വല്ലോം വാതില് തൊറക്കുമ്പൊ ശ്രദ്ധയില്ലാതെ നിക്കുന്നെ കണ്ടാൽ അന്നേരം അവരെ പറ്റിച്ച് അകത്ത് കേറണം. അകത്ത് കേറി കഴിഞ്ഞാ പന്ത്രണ്ട് മണിക്കൂർ അകത്ത് എവിടേലും ഒളിച്ചിരുന്നോണം. പകൽ എപ്പഴെങ്കിലും ഇതുപോലെ ഒരു അവസരം കിട്ടുമ്പൊ അവിടുന്ന് രക്ഷപ്പെടണം. ഇട്ടേക്കുന്ന തുണി അല്ലാതെ ഒരു മൊട്ടുസൂചി പോലും അകത്തോട്ട് കൊണ്ടുപോവാനും പാടില്ല, തിരിച്ചിങ്ങോട്ട് ഒരു മൊട്ടുസൂചി പോലും എടുക്കാനും പറ്റത്തില്ല. ആകെ ആരും അറിയാതെ ആ വീട്ടിൽ ഒരു രാത്രി പച്ചവെള്ളം പോലും കുടിക്കാതെ ഒരു പോള കണ്ണടയ്ക്കാതെ കഴിയുന്നതിലാ കാര്യമെന്ന്. എന്റെ സർവ്വ ധൈര്യവും പോയി ഇരിക്കുവാരുന്നു. ഞാനൊന്നും പറയാൻ നിന്നില്ല.

ഈ പരീക്ഷ തോറ്റാൽ, എന്നെ ആരേലും പിടിച്ചാൽ, ഞാൻ കോട്ടയം സെന്റ്രൽ ജയിലീ കെടക്കേണ്ടി വരുമെന്ന് പുള്ളിക്കാരൻ പറയാതെ പറഞ്ഞു. പക്ഷെ ഒരു കാര്യം പറഞ്ഞു. ജയിച്ചാൽ, ജയിക്കുന്നവരും ആശാനും കൂടെ തൃപ്പൂണിത്തുറേലൊള്ള ഒരു നഴ്സറി സ്കൂളിൽ കേറി കക്കാനാണ് പ്ലാനെന്ന്. ഞാനും അത് കേട്ടപ്പൊ പേടി മറന്ന് വാ പൊളിച്ച് നിന്നു. ഒരു നഴ്സറി സ്കൂളീ കേറാൻ ആന്നോ ഇത്രേം പുകിലെന്ന്. അന്നേരമാ ഒരു കൊല്ലം അവിടെ പഠിക്കാൻ കൊടുക്കുന്ന ഫീസിന്റെ കാര്യം പറഞ്ഞെ. ഞാൻ പിന്നേം വാ പൊളിച്ചു. ക്ലാസ്സ് തൊടങ്ങാൻ പോവുന്നേന് മുന്നെയായിട്ട്, ചേരുന്ന പിള്ളേർടെ അപ്പനമ്മമാര് കൊടുത്ത് വെച്ചേക്കുന്നു കെട്ട് കണക്കിന് പൈസേം കൊണ്ട് കൊയമ്പത്തൂരോട്ട് മുങ്ങുന്ന സുന്ദര സുരഭില സ്വപ്നം തന്നിട്ട് പിന്നേം എന്നെ ഓർമ്മിപ്പിച്ചു, അതിന് ആദ്യം പരീക്ഷ പാസ്സാവണമെന്ന്. പുല്ല്.

വീടിന്റെ മതിലേൽ പേര് നന്ദനം എന്നാരുന്നു. നന്ദനം, എന്താണൊ എന്തൊ!? ഒരു ഒഴിഞ്ഞ പറമ്പീക്കൂടെ പുറക് വശം വഴി  കേറി സിറ്റൗട്ട് കാണാൻ പാകത്തിന് പതുങ്ങി ഇരുന്നു. ജനലിന്റെ വശത്ത് ജനൽ തുറക്കുന്നവർക്ക് പോലും കാണാൻ പറ്റാതെ ഒളിക്കുന്നതൊക്കെ എളുപ്പമൊള്ള പരിപാടിയാ. ആശാൻ അതൊക്കെ ആദ്യ മാസം തന്നെ പഠിപ്പിച്ചിട്ടൊണ്ട്. ഒരെടത്തൂന്ന് അടുത്ത സ്ഥലം വരെ നടക്കുന്നതിനിടയിൽ, മണ്ണിൽ വന്ന കാൽപ്പാടെല്ലാം മായിച്ച് ഒരു പ്രത്യേക രീതിയിലാ ഞങ്ങടെ നടപ്പ്. എങ്ങനാന്ന് ചോദിക്കരുത്. കള്ളന്മാരോടല്ലാതെ അത് പറഞ്ഞ് തന്നാ കർത്താവ് കോപിക്കും.

എ.എസ്.ഐ. കണ്ണൻ സാറിന്റെ ഭാര്യ തുണി അയേലിടാൻ കേറിയ തക്കത്തിന്, അവര് ബക്കറ്റ് പുറത്തോട്ട് താങ്ങി വന്നതിന്റെ എടേല്, ഞാൻ അവർടെ ഹാളിൽ കേറി. ഒരു എടത്തരം വീടിന്റെ ഭംഗീം ഭംഗിക്കേടും എല്ലാമൊണ്ട്. പക്ഷെ അതും നോക്കിക്കൊണ്ട് നിന്നാ എന്റെ പണി തീരും. ഞാൻ ആദ്യം പൊറത്ത് കെടന്ന ചെരുപ്പൊക്കെ നോക്കി അകത്തെ ആളും അനക്കോമെല്ലാം പഠിച്ചാരുന്നു. സാറിന്റെ ഭാര്യേം, മക്കളും മാത്രെ ഒള്ളു.

സ്റ്റെപ്പിന്റെ അടീലായിട്ടാരുന്നു അവർടെ വാഷിങ് മെഷീൻ. ഞാൻ ആദ്യം അതിന്റെ പൊറകിലോട്ട് ഒളിക്കാൻ നോക്കി. അപ്പഴാ അതിന്റെ മൂടി തൊറന്ന് കെടക്കുന്നെ കണ്ടത്. അവരിനീം വരും! അടുക്കളയൊ, ഹാളിന്റെ അടുത്തൊള്ള ബെഡ്റൂമിലും ഓടിച്ചൊന്ന് നോക്കി. ഒളിക്കാൻ സ്ഥലമില്ല. അല്ലെങ്കിലും അയാള് കെടക്കുന്ന റൂമിൽ ഒളിക്കാതിരിക്കുന്നതാ ഭേദം. എന്തൊക്കെ പറഞ്ഞാലും പോലീസാ, ഒറങ്ങിക്കെടക്കുമ്പൊഴും കള്ളനെ മണത്ത് കണ്ടുപിടിക്കാനൊരു കഴിവും കൊണ്ടാ ദൈവം അവരെ ഒണ്ടാക്കുന്നെ എന്ന് ആശാൻ പറഞ്ഞിട്ടൊണ്ട്. അതാരിക്കും പരിക്ഷയ്ക്ക് പോലീസുകാരന്റെ വീട് തന്നെ തന്നത്. ഹരിശ്ചന്ദ്രനും മൊഹമ്മദും ആർടെ വീട്ടിലാണൊ പരീക്ഷ.

അതാലോചിച്ചോണ്ട് നിന്നതും ഒരു ഏഴെട്ട് വയസ്സൊള്ള പയ്യൻ സ്റ്റെപ്പ് എറങ്ങി വന്നു. ഞാൻ എങ്ങനെ ഒളിച്ചെന്ന് എനിക്ക് അറിയാൻ പാടില്ല. പക്ഷെ ബെഡ്റൂമിലോട്ട് ഒന്ന് മാറി, ആ ചെക്കൻ അടുക്കളേലോട്ട് പോയതും അവിടുന്ന് എറങ്ങി സ്റ്റെപ്പ് കേറി. ഉപ്പൂറ്റി നെലത്തൊറപ്പിക്കാതെ ഓടാനൊക്കെ ഞങ്ങളെ പണ്ടെ പഠിപ്പിച്ചിട്ടൊണ്ട്. രണ്ട് മാസം കൂടുമ്പൊ ഓട്ടമത്സരോം വെക്കാറൊണ്ട്. ഹരിശ്ചന്ദ്രനാ ഈ കാര്യത്തീ എന്നേക്കാ മിടുക്കൻ. പക്ഷെ ഞാനത്ര മോശമൊന്നുമല്ല. ലൈറ്റൊള്ള മുറീൽ ജനലിനോട് ചേർത്തിട്ടേക്കുന്ന മേശയിൽ വെച്ചിരിക്കുന്ന വല്യ ബുക്കിൽ നോക്കിക്കൊണ്ട് ഒരു പെൺകൊച്ച് ഇംഗ്ലീഷിൽ ഏതാണ്ടൊക്കെ വായിക്കുന്നൊണ്ടാരുന്നു. ഇത്രേം കാര്യമായിട്ട് പഠിക്കുന്ന ഒരു കൊച്ചിന്റെ റൂമിലാരിക്കും മുതിർന്നവര് വരാൻ സാധ്യത ഇല്ലാത്തതെന്ന് ഓർത്ത് അങ്ങോട്ട് കേറി.

കട്ടിലിന്റെ മറവ് പിടിച്ച് മുട്ടിൽ എഴഞ്ഞ് അകത്തെല്ലാം നോക്കി. രണ്ട് എടമൊണ്ട് ഒളിക്കാൻ. കട്ടിലിന്റെ അടീൽ കെട്ട് കണക്കിന് പുസ്തകങ്ങളും അങ്ങനെ ഏതാണ്ടൊക്കെ വെച്ചിട്ടൊണ്ട്. അതല്ലെങ്കിൽ ഒരു കോൺക്രീറ്റിന്റെ തട്ടൊണ്ട് മോളിൽ. റൂമിന് ചുറ്റും. പെൺകൊച്ച് എങ്ങോട്ടേലും എറങ്ങിയാൽ അവിടെ കേറാം. പക്ഷെ സാധനങ്ങളേലൊന്നും തട്ടാതെ അതിന്റെ പൊറകിൽ ചരിഞ്ഞ് കെടക്കണം. തൽക്കാലത്തേക്ക് കട്ടിലിന്റെ അടിയിൽ തന്നെ കേറി കെടന്നു.

ഒരു വീട്ടിൽ കേറിയാൽ, ആൾക്കാരൊറങ്ങുന്ന വരെ പമ്മിയിരിക്കാൻ കുറച്ച് പാടാണ്. കെടന്ന് ഒറങ്ങാനൊന്നും പറ്റത്തില്ല. എങ്ങനെ ഇരിക്കുന്നൊ അങ്ങനെ ഒരുപാട് മണിക്കൂർ ചെലപ്പൊ ഇരിക്കണം. അതിന് ആശാന്റെ ഒരു പൊടിക്കൈ പരിപാടിയൊണ്ട്. പകൽക്കിനാവ് കാണൽ. മോഷ്ടിക്കാൻ കേറിയ വീട്ടുകാരുമായിട്ട് മനസ്സിൽ ഒരു ബന്ധമങ്ങ് സ്ഥാപിച്ചെടുക്കുക. എന്നിട്ട് അവിടെ ജീവിക്കുന്നതൊക്കെ മനസ്സിൽ കണ്ടോണ്ടിരിക്കുക. നമ്മൾ പള്ളിക്കൂടത്തിലൊക്കെ ടീച്ചറ് പഠിപ്പിക്കുമ്പൊ ശ്രദ്ധിക്കുന്ന പോലെ ഇരുന്ന് കണ്ണ് തുറന്ന് ഒറങ്ങത്തില്ലെ? സ്വപ്നം കാണത്തില്ലെ? അത് തന്നെ. ഞാനും ആലോചിച്ച് മനസ്സിൽ ഒറപ്പിച്ചു. ഇവളെ അങ്ങ് പ്രേമിച്ചാലൊ? അല്ലെങ്കീ ഈ കൊച്ചിനെ എന്റെ പെങ്ങളാക്കിയേക്കാം. അല്ലെങ്കിൽ വേണ്ട, മോളിക്കുട്ടിക്ക് പോലും ഇവളേക്കാൾ പ്രായമൊണ്ട്. പെങ്ങളു വേണ്ട. അപ്പനും അമ്മേം തമ്മിൽ 15 വയസ്സിന്റെ വ്യത്യാസമൊണ്ടാരുന്നു. ഇതേതായാലും അത്രേമൊന്നും വരത്തില്ല. ഇവള് പത്തിലൊ പതിനൊന്നിലൊ ആണ് പഠിക്കുന്നെ. കൂടി പോയാ പന്ത്രണ്ട് അതിന്റപ്പുറമല്ല. കാരണം അയേൽ അവക്കടെ ഒരു നീല പാവാടേം, കോട്ടും, വെള്ള ഷർട്ടും, ടൈയ്യുമൊക്കെ കെടപ്പൊണ്ട്. എന്നാലും ഇത്ര ചെറിയ പെൺകൊച്ചിനെ? ആ അതിപ്പൊ ഒരു പെണ്ണിന് ചെലവിന് കൊടുക്കാൻ ഇപ്പൊ എന്റേൽ ഒന്നുമില്ല. അതൊക്കെ ആയി ഒരു വീട് വെക്കാൻ പാകത്തിനൊക്കെ കട്ട് മോഷ്ടിച്ച് വരുമ്പഴത്തേക്ക് പത്ത് മുപ്പത്തഞ്ച് വയസ്സാവും. അപ്പഴത്തേക്ക് ഇവളും പഠിത്തമൊക്കെ കഴിഞ്ഞ് കെട്ടാൻ പ്രായമാവും. ഒറപ്പിച്ചു, ഇവളെ കേറി അങ്ങ് പ്രേമിച്ചേക്കാം. കള്ളനാന്ന് പറഞ്ഞാ ഇഷ്ടപ്പെടുവൊ?

താഴേന്ന് അവൾടെ അമ്മേടെ വിളി കേട്ടു. ചിപ്പീന്ന് നീട്ടിയൊരു വിളി. കഴിക്കാനൊള്ളത് എടുത്ത് വെച്ചിട്ടൊണ്ടെന്ന്. അപ്പൻ വരുന്നേന് മുന്നെ എടുത്ത് തിന്നാൻ. കുളിച്ചേച്ച് കഴിക്കാമെന്നും പറഞ്ഞ് പുസ്തകം അടച്ച് വെച്ചിട്ട് അവള് പിന്നെ രണ്ട് മൂന്ന് വരി ഒറക്കെ പറഞ്ഞോണ്ട് വാതിൽ അകത്തൂന്ന് കുറ്റിയിട്ടു. അയേന്ന് കട്ടിയൊള്ള പരുപരുത്ത ഒരു തുണീമെടുത്ത് അകത്ത് തന്നൊള്ള കുളിമുറിലോട്ട് കേറി.

വെള്ളം വീഴുന്നേരമെല്ലാം എന്ത് രസമൊള്ള സിനിമാപ്പാട്ടുകളാ എന്റെ പെണ്ണ് പാടുന്നെ. ഹൊ. എനിക്ക് ഇവൾടെ മടീൽ കെടന്ന് ഇതെല്ലാം കേൾക്കണം.

കുളി കഴിഞ്ഞ് വെളീൽ എറങ്ങി തുണി മാറാൻ നേരം എന്റെ ഉള്ളിലെ വെപ്രാളം ഞാൻ എന്ത് കഷ്ടപ്പെട്ടാന്നൊ പിടിച്ച് നിർത്തിയെ. ചിപ്പി എന്റേതല്ലെ, പിന്നെ ഞാൻ എന്തിനാ എനിക്ക് അവകാശപ്പെട്ടതിന്റെ ഭംഗി ഒളിഞ്ഞ് നോക്കാൻ പോവുന്നെ? ഞാൻ കണ്ണടച്ച് രണ്ട് പ്രാവശ്യം ‘നന്മ നിറഞ്ഞ മറിയമെ നിനക്ക് സ്വസ്ഥി’ ചൊല്ലി. എന്നിട്ട് അവളേം കൊണ്ട് അമ്മാച്ചന്റെ പൊങ്കുന്നത്തൊള്ള വീട്ടിൽ താമസിക്കാൻ പോവുന്നതൊക്കെ ആലോചിച്ചു. അവൾടെ പാട്ടും കേട്ട് തണുപ്പത്ത് കരിമ്പടം പൊതച്ചോണ്ട് നിക്കുന്നതും, ഇരുട്ടാവുമ്പൊ കുന്നിന്റെ താഴെ ഒള്ളവരെല്ലാം വീട്ടിൽ ലൈറ്റിടുമ്പൊ ഒള്ള താഴ്വാരത്തിനെ ഭംഗീമൊക്കെ കാണിച്ച് ഞാനങ്ങ് നിക്കും.

കഴിച്ചിട്ട് വന്നപ്പൊ തൊട്ട് ചിപ്പിക്ക് എന്തൊ ഒരു വേവലാതിയാരുന്നു. അവള് അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പൊ ഒരു സമാധാനമില്ലാരുന്നു അതിന്റെ മൊഖത്ത്. അപ്പഴാ ഒരു ബൈക്ക് താഴെ വരുന്ന ശബ്ദം കേട്ടത്. ഞാൻ ചിപ്പിയെ പ്രേമിക്കുന്നതിന്റെ എടയിൽ പേടിയൊക്കെ മറന്ന് ഇരിക്കുവാരുന്നു. അവളെ ഒന്നൂടെ നോക്കി എന്റെ ശ്രദ്ധ തിരിച്ചേക്കാം. അന്നേരമാ ഞാനൊറപ്പിച്ചത് അവൾടെ അപ്പനെ എന്നേക്കാൾ പേടി അവൾക്കാന്ന്. അവള് പെട്ടെന്ന് ബുക്ക് തൊറന്ന് അതിലോട്ട് തല കുമ്പിട്ട് ഇരുന്നു. പക്ഷെ വായിക്കുവല്ല എനിക്കൊറപ്പാ. കാരണം നേരത്തത്തെ പോലെ ശബ്ദം പൊറത്ത് വരുന്നില്ല. എന്തിന് വാക്കുകൾടെ കൂടെ തല പോലും എടത്തോട്ടോ വലത്തോട്ടൊ ഒന്ന് അനക്കുന്നില്ല.

അതങ്ങനെ അനങ്ങാതിരുന്നു. സമയമൊരുപാട് കഴിഞ്ഞിട്ടും.

പത്ത് പതിനൊന്ന് മണിയൊക്കെ കഴിഞ്ഞപ്പൊ താഴെ അയാൾ ഭാര്യേമായിട്ട് വല്യ അടി തൊടങ്ങി. എന്തിനാന്ന് എനിക്ക് അപ്പൊ മനസ്സിലായില്ല. സ്റ്റെപ്പിലൂടെ അവര് ഓടിക്കൊണ്ട് വരുന്നത് കേട്ടു. അല്ല അവരൊറ്റയ്ക്കല്ല. അവരെല്ലാം കൂടെ മത്സരിച്ച് ഓടി വരുവാ. ചിപ്പി ആണെങ്കി ഇതെല്ലാം കേട്ട് പേടിച്ച് ഇരിക്കുവാ. ഭാര്യ വന്ന പാടെ ഓടി വന്ന് വാതിലടച്ച് അകത്തൂന്ന് കുറ്റിയിടാനൊരു ശ്രമം നടത്തി. ഏറ്റില്ല. അയാളാണെങ്കി വാതിൽ ഇടിച്ച് തൊറന്ന് അകത്ത് കേറി ഏതാണ്ടൊക്കെ അറയ്ക്കുന്ന തെറി കെടന്ന് അലറി. ഭാര്യേ പിടിച്ച് പൊതിരെ തല്ലി കട്ടിലേലോട്ട് എറിഞ്ഞു. എന്നിട്ട് ചിപ്പീടെ നേരെ തിരിഞ്ഞു. മോൻ കരഞ്ഞോണ്ട് വന്ന് അമ്മെ കെട്ടിപ്പിടിച്ചപ്പഴാ അയാള് വിട്ടേന്ന് തോന്നുന്നു. അവനും എന്റെ പോലെ ഒന്നും മനസ്സിലാവുന്നില്ല.

ചിപ്പി കൊതറി ഓടാൻ ഒരു ശ്രമം നടത്തിയേലും ഏറ്റില്ല. പിടിച്ച് പൊതിരെ തല്ലീട്ട് പറഞ്ഞു മര്യാദക്ക് അനുസരിച്ചാൽ അധികം വേദനയില്ലാതെ എല്ലാം തീരുമെന്ന്. അല്ലെങ്കി രണ്ട് ദിവസം അവളെണീച്ച് നടക്കത്തില്ലെന്ന്. അയാൾടെ ഭാര്യക്ക് മെനോപോസെന്നേതാണ്ട് അസുഖം വന്നേൽ പിന്നെ അയാൾക്ക് മര്യാദയ്ക്ക് ഒറങ്ങാൻ പറ്റീട്ടില്ലെന്ന്. കണ്ട അറവാണിച്ചികൾക്കും കൂത്തിച്ചികൾക്കും ഒക്കെ കൊടുക്കാനും മാത്രമൊന്നും അവർടെ വീട്ടീന്ന് തന്നില്ലല്ലോന്ന്. എനിക്ക് അപ്പഴാ കാര്യത്തിന്റെ ഗൗരവം മനസ്സിലായി വന്നെ. ആ പന്നപ്പൊലയാടി മോന് അവനൊണ്ടായ മോളെ തന്നെ ഇനിയങ്ങോട്ട് വേണമെന്ന്. അവന്റെ കടി തീർക്കാൻ. ച്ചെ…

ഭാര്യേ കട്ടിലേന്ന് പിടിച്ചെറക്കി പൊതിരെ തല്ലി അയാള്. എന്നിട്ട് തള്ളി പൊറത്താക്കി. മോൻ പൊറകെ ഓടി. അയാൾ അകത്ത് കേറി വാതിലടച്ച് കുറ്റിയിട്ടു. അവര് വാതിലിന്റെ വെളീൽ കെടന്ന് തട്ടി വിളിച്ച് ചങ്ക് പൊട്ടി കരയുന്നൊണ്ട്. ആര് കേക്കാൻ.ആ പരിസരത്തൊള്ളവരൊക്കെ എന്നും അടീം വെടിക്കെട്ടും കേക്കുന്ന കൊണ്ടാരിക്കും ഒന്ന് വന്ന് തിരിഞ്ഞ് നോക്കാത്തെ. ആകെ ഞാനെ ഒള്ളു, പക്ഷെ ഞാൻ ഇപ്പൊ പൊറത്തെറങ്ങിയാ പിന്നെ അകത്ത് പോണം. ഒരുപാട് കാലത്തേക്ക് അകത്ത് കെടക്കണം. വയ്യാത്ത അമ്മേം, കോളേജീ പോവുന്ന മോളിയേമൊക്കെ ആര് നോക്കുമെന്ന് ഓർത്തു. പക്ഷെ ചിപ്പീടേം അമ്മേടേം കരച്ചിൽ കൂടി വന്നപ്പൊ എന്റെ ശ്രദ്ധ മാറി പോയി.

ഞാൻ ആലോചിച്ചു, ശ്വാസം വിടാതെ ഈ നടക്കുന്നതൊക്കെ മനസ്സീന്ന് കളഞ്ഞ് ഞാൻ അവിടെ അനങ്ങാതെ കെടന്നാ നാളെ എണീറ്റ് പോവാം. ആശാന്റെ പ്രിയ ശിഷ്യനാവാം. തൃപ്പൂണിത്തൊറേന്ന് പൈസേം അടിച്ച് മാറ്റി കൊയമ്പത്തൂര് പോയി കൊറെ മാസം ഒളിച്ച് കഴിയാം. അതും കഴിഞ്ഞ് പൈസക്കാരനായിട്ട് തിരിച്ച് വരാം. ആലോചന അവിടെ തീർന്നു. ഒരു സുഖമില്ല അതിനൊന്നും. അതൊന്നും എന്റെ ശ്രദ്ധ ഇവർടെ കരച്ചിലീന്ന് എന്നെ മാറ്റാൻ സഹായിക്കുന്നില്ലാരുന്നു.

അയാൾ ചിപ്പിയെ പിടിച്ച് കട്ടിലേലോട്ട് ഇട്ടിട്ട് അവൾടെ തുണിയേതാണ്ടൊക്കെ വലിച്ച് കീറി ഉരിഞ്ഞെടുത്തു. എന്നിട്ട് ആ നാറി അയാൾ ഉടുത്തിരുന്ന കൈലീം ഊരി താഴോട്ട് ഇട്ടിട്ട് അവൾടെ മോളിൽ കേറുന്നത് വരെ ഞാൻ കണ്ടു. അവൾടെ വാ പൊത്തി പിടിച്ചെന്ന് തോന്നുന്നു. കരച്ചിലിന്റെ കട്ടി കൊറഞ്ഞു. കട്ടിൽ അനങ്ങാൻ തൊടങ്ങിയതും അവൾ പറ്റുന്ന ഒച്ചേല് കൃഷ്ണാ എന്ന് നീട്ടിയൊരു വിളി വിളിച്ചു. എന്റെ തല പെരുത്തു പോയി. കട്ടിലിനടിയിൽ അടുക്കി വെച്ചിരിക്കുന്നതെല്ലാം തട്ടിത്തെറുപ്പിച്ച് ഞാൻ വെളീലോട്ട് എറങ്ങി. അയാൾ ഞെട്ടി ചിപ്പീടെ മോളിൽ നിന്ന് എറങ്ങി.

എന്താ സംഭവിക്കുന്നേന്ന് മനസ്സിലാവുന്നേന് മുമ്പെ തന്നെ ഞാൻ അയാൾ ഉരിഞ്ഞ് കളഞ്ഞ ആ കൊച്ചിന്റെ പാവാട എടുത്ത് അയാൾടെ മുഖത്തിന് ചുറ്റും വരിഞ്ഞങ്ങ് ചുറ്റി. എന്നിട്ട് വലത് കൈ മടക്കി അയാൾടെ കഴുത്ത് ഞെരിച്ച് എന്റെ നെഞ്ചോട് അമർത്തി. കുതറാൻ ശ്രമിക്കുന്നതിന് മുൻപ് എന്റെ കാല് രണ്ടും കൊണ്ട് അയാളെ വരിഞ്ഞ് മുറുക്കി അയാൾടെ മുകളിൽ ഞാൻ കേറി. എന്റെ കൊങ്ങയ്ക്ക് പിടിക്കാൻ നോക്കിയ അയാൾടെ വലത്തെ കൈ ഞാനെന്റെ എടത്തെ കൈ കൊണ്ട് പിടിച്ച് മാറ്റി. അയാൾ ഇടത്തെ കൈ വെച്ച് പിടിക്കാൻ നോക്കിയതും അത് ചിപ്പി ബലമായിട്ട് പിടിച്ച് താഴ്ത്തി. ഞാൻ അവൾടെ കരഞ്ഞ് കലങ്ങിയ കണ്ണിലോട്ട് നോക്കി. അവളെന്റേതിലോട്ടും. എന്റെ പിടി ഒന്ന് അയഞ്ഞെന്ന് തോന്നുന്നു. അയാളൊന്ന് കുതറി. അപ്പൊ അവള് തല കുലുക്കി എന്നോട് കണ്ണുകൊണ്ട് പറഞ്ഞത് ചത്താലും പിടി അയക്കെല്ലന്നാണ്. ഞാൻ അയച്ചില്ല. അയാൾടെ അവസാനത്തെ ശ്വാസം തീരുന്ന വരെ.

ചിപ്പിയെ പുറത്ത് ഇറക്കിയിട്ട്, അവൾടെ അമ്മയോട് വാതിൽ പുറത്ത് നിന്ന് പൂട്ടി പോലീസിനെ വിളിക്കാൻ പറഞ്ഞു. ഒരു കള്ളനുമായിട്ട് ഭർത്താവ് അടികൂടുവാന്നും, മുറി വെളിയിൽ നിന്ന് പൂട്ടിയേക്കുവാന്നും പറയിച്ചു.

പോലീസുകാർ വന്ന് എന്നെ പൊതിരെ തല്ലിയപ്പൊ ഞാൻ പറഞ്ഞത് മോഷ്ടിക്കാൻ ചിപ്പിയുടെ കട്ടിലിനടിയിൽ കയറി കിടന്നിരുന്ന ഒരു കള്ളന്റെ കഥയാണ്. കട്ടിലിന്റെ അടിയിൽ ശബ്ദം കേട്ട് ചിപ്പി അപ്പനെ വിളിച്ചു. ഭാര്യയേയും മക്കളേയും രക്ഷിക്കാൻ അവരെ പുറത്തിറക്കി അയാൾ അകത്തൂന്ന് വാതിലടച്ച് കുറ്റിയിട്ടു. എന്നെ പിടിക്കുമെന്ന് ഉറപ്പായപ്പോൾ മരണഭയം മൂത്ത് ഞാൻ അവിടെ കിടന്ന ചിപ്പിയുടെ തുണി കൊണ്ട് അയാളുടെ മുഖം മൂടി കൊങ്ങയ്ക്ക് പിടിച്ചെന്ന്. മൽപ്പിടുത്തത്തിന്റെ എടേല് അയാളങ്ങ് ചത്ത് പോയെന്ന്.

ബൂട്ടിട്ടവരുടെ തല്ല് നല്ല കണക്കിന് കിട്ടി. പോലീസുകാർ ഇതിന്റെ ഇടയ്ക്ക് എന്നെ നാട്ടുകാർക്ക് വിട്ട് കൊടുത്തു. അവർടെ കൈകൊണ്ട് ഞാൻ ചാവുന്നേൽ ചാവട്ടേന്ന് വെച്ച് കാണും. കാക്കിയിട്ടവർടെ കൂട്ടത്തിൽ ഒന്നിനെ കൊന്നതിന് പിന്നെ സ്റ്റേഷനീന്നും ജയിലീന്നും ഒക്കെ നല്ല അസ്സലായിട്ട് വേറേം കിട്ടി. പക്ഷെ ഞാൻ അന്നേരമൊക്കെ കണ്ടത് പോലീസുകാരെന്നെ കൊണ്ടുപോവുമ്പോൾ കരഞ്ഞുകൊണ്ട് കൈ രണ്ടും കൂപ്പി നിന്ന ചിപ്പിയെ ആണ്. അത് മനസ്സീ കാണുമ്പൊ ഞാൻ അറിയാതങ്ങ് സന്തോഷിക്കും. എന്റെ മൊഖത്തെ ആ തെളിച്ചം കണ്ടപ്പൊ ഒക്കെ ദേഷ്യം വന്ന് ആ കാലന്മാരെന്നെ വീണ്ടും വീണ്ടും കുത്തിന് പിടിച്ച് ഇടിച്ചു.

വീട്ടുകാര് എതിർക്കുമെങ്കിലും ചിപ്പി എന്നെ ജയിലീ വന്ന് കാണാറൊണ്ട്. ഞാൻ ഒരു കള്ളനാണെന്നും അന്നവിടെ കേറിയത് നല്ല ഉദ്ദേശത്തോടെ ആവില്ലാന്ന് എല്ലാരും പറഞ്ഞിട്ടും അവൾടെ മനസ്സ് മാറീട്ടില്ല ഇത് വരെ. അവള് ദൈവത്തെ വിളിച്ചപ്പൊഴാ ഞാൻ പ്രത്യക്ഷപ്പെട്ടേന്ന്. ആര് എന്തൊക്കെ പറഞ്ഞാലും ഞാനവൾടെ ദൈവമാണത്രെ! ആപത്ത് വരുമ്പൊ ദൈവം പല രൂപത്തിലും വരുമെന്ന് അവർടെ ബൈബിളീ പറഞ്ഞിട്ടൊണ്ടത്രെ. ഇരുമ്പ് കമ്പികൾടെ കൂട്ടിന്റെ അപ്പുറത്ത് നിന്ന് ചുണ്ടമർത്തി ചിപ്പി എനിക്ക് വേണ്ടി ഒച്ച കൊറച്ച് പാട്ട് പാടി തരാറൊണ്ട്. ഒരുമാതിരി എനിക്ക് സ്തോത്രം പാടുന്ന പോലൊക്കെ തോന്നി പോവും. അവളെന്നെ സ്തുതിക്കുന്ന കാണുമ്പൊ എനിക്കും തോന്നും ഞാൻ ദൈവമാണെന്ന്. ചിലപ്പൊ ആയിരിക്കും.

ദൈവത്തിന് വിശ്വാസിയെ കെട്ടാൻ പറ്റത്തില്ലാന്നൊ വല്ലോം കാണുമൊ ഇനി? ഞാൻ ആ ചോദ്യം മനസ്സീന്ന് കളയാൻ എന്തേലും സ്വപ്നം കണ്ടേച്ചും വരാം. ഇല്ലെങ്കി ഇനി ഒരു സമാധാനോം കാണത്തില്ല.

അല്ല, ഞാനല്ലേ ദൈവം. അപ്പൊ ഞാൻ പറയുന്നതല്ലെ എന്റെ മതത്തിന്റെ നിയമമൊക്കെ. ആ എന്നാ.. ദൈവത്തിന് ഇഷ്ടമൊള്ള വിശ്വാസിയെ കെട്ടാം… അല്ലേലും ഇഷ്ടമൊള്ള വിശ്വാസിയെ കെട്ടുന്നതിൽ ഒരു തെറ്റുമില്ല. ഒണ്ടോ?

നിരോധിത നിധി

ആഴത്തിലുള്ള മുറിവാണെന്ന് തോന്നുന്നില്ല. പക്ഷെ, കുറച്ച് നേരമായിട്ട് ഒരു സുരക്ഷിത താവളം നോക്കി അലഞ്ഞെന്ന് തോന്നുന്നു. ചോര ഒരുപാട് പോയ മട്ടാണ്. ബിക്രം ഭട്ന ദേവ്ജി സ്വാമിയുടെ പുസ്തകം അയാളുടെ കുപ്രചരണങ്ങൾ മണ്ടന്മാരായ വിശ്വാസികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു പ്രൊപഗൻഡയുടെ ഭാഗമാണെന്ന് പുസ്തമേള നടത്തുന്നവരോട് ഗർജ്ജിച്ചിരുന്ന അലെക്സീടെ നിഴൽ മാത്രമാണ് ഇതെന്ന് ഹനീഫിന് തോന്നി. അലെക്സി ബോധത്തിന്റെയും മയക്കത്തിന്റെയും നടുക്ക് കെടിയൊരു വരമ്പിലൂടെ വേച്ച് വേച്ച് എന്തൊക്കെയൊ പിച്ചും പെയ്യും പറയുന്നതായിട്ട് അയാൾക്ക് തോന്നി. കൈയ്യിൽ കിട്ടിയ ലുങ്കി ചുരുട്ടി അലെക്സിയുടെ പുറത്ത് വലതുഭാഗത്തുള്ള മുറിവിൽ അമർത്തിക്കൊണ്ട് അയാൾ പറയാൻ ശ്രമിക്കുന്നതെന്താണെന്ന് ശ്രദ്ധിച്ചു.

“എല്ലാവരുടേയും ജീവിതം ഒരു വൃത്തമാണ്. തുടങ്ങിയ ബിന്ദുവിലെത്തുന്നൊരു നാൾ നിനക്കുമുണ്ട്. എല്ലാവരേയും പോലെ നീയും നീന്താൻ പഠിച്ചു. എത്തിയ നാടുകളുടെ രീതി ഉൾക്കൊണ്ട് നീന്തലിന്റെ ശൈലി മാറ്റി. ഇപ്പൊൾ കാലം നിനക്ക് തരുന്നവർക്കൊപ്പമെത്താൻ ശ്രമിക്കുന്നു. ഒടുക്കം ഉരുണ്ട ഭൂമി നിന്നെ തിരിച്ചെത്തിക്കും. അന്ന് നീ ഓർക്കും തുടക്കത്തിനും ഒടുക്കത്തിനും ഇടയ്ക്കത്തെ ചെയ്തികളെല്ലാം പാഴായെന്ന്. അന്ന് തുടങ്ങിയപ്പോൾ നിന്റെയൊപ്പം നീന്തിയവരുണ്ടാവില്ല നിന്നെ സമാശ്വസിപ്പിക്കാൻ. പ്രാർത്ഥിക്കാം, തിരകൾ അധികം ദുർഘടമാവാതിരിക്കാൻ.”

“എനക്കൊന്നും മനസ്സിലാവണില്ല. മനുഷ്യന് മനസ്സിലാവുന്ന ഭാഷേല് ഇപ്പൊ പറഞ്ഞതൊന്നൂടെ… എന്നോട് തന്നെയാണാ ഇങ്ങള് പറഞ്ഞത്? ഞാൻ ചന്ദൻ സാബിന്റെ ഡ്രൈവറാണ്. ഹനീഫ്. കഴിഞ്ഞ മലയാളി സമാജത്തിന്റെ പുസ്തകമേളയിൽ വെച്ച് കണ്ടിട്ടിണ്ട്. ഓർമ്മയില്ലേ?”

“സോറി. പൂർവ്വകാമുകിയോട് പറയാനുള്ളത് ഒന്ന് പറഞ്ഞ് നോക്കിയതാ. ഒരിക്കൽ എല്ലാം നേടിയിട്ടും സന്തോഷമെന്താന്ന് അറിയാതെ അവള് തകർന്ന് തരിപ്പണമാവുമെന്നും, എന്റെ അടുത്ത് വിഷമം പറയാൻ വരുമെന്നുമാരുന്നു ഞാൻ എന്നെ ആശ്വസിപ്പിച്ചിരുന്നത്. തോറ്റു. അവളവൾടെ ത്രി ബിഎച്ച്‌കെ ഫ്ലാറ്റിൽ ഒരുത്തന്റെ കൂടെ സുഖിച്ച് കഴിയുന്നു. ഞാൻ ദേ ഇങ്ങനൊരു ഗലിയിൽ ചാവാൻ കെടക്കുന്നു. എന്നാ പിന്നെ പറയാനുള്ളത് ഇന്നത്തെ എന്റെ ഭാഷേല് പറഞ്ഞ് ഒരു വിഡിയൊയിൽ അയക്കാമെന്ന് വെച്ചു…”

“ഈ ഭാഷ നിങ്ങള് ജെഎൻയു‌ക്കാർക്ക് മാത്രം മനസ്സിലാവുന്നതാണ് സാറെ. അതാ ഇങ്ങളൊക്കെ രാജ്യത്തിന് നന്മ ചെയ്യാൻ ശ്രമിക്കുന്നവരാണെന്ന് ഞങ്ങള് ഭൂരിഭാഗം പാവങ്ങൾക്കും മനസ്സിലാക്കാൻ പറ്റാത്തത്. ഇങ്ങൾ ഇത്രയുമൊക്കെ പഠിച്ചിട്ടും ജീവിതത്തി തോൽക്കണതും. പച്ച മലയാളത്തീ സാറ് പറയ്… ഇപ്പൊ വേണ്ട.. ഇപ്പൊ സാറ് ഒരു മിനിറ്റ് ഈ തുണി മുറിവുമ്മേല് ഒന്ന് അമർത്തിപ്പിടിക്കീം. ചോര കൊറെ പോയെന്ന് തോന്നണു. ഞാൻ കൊറച്ചപ്പറത്തിള്ള വസീമിന്റെ പെങ്ങളെ വിളിച്ച് ബരാം. അവള് നഴ്സാ.. മൊഹല്ലയിലൊ ക്ലിനിക്കിലൊ കൊണ്ടുപോയാ വെട്ടിയവന്മാരറിയാതിരിക്കില്ല.”

“താൻ പോയാ പിന്നാര് വീഡിയൊ എടുക്കും? ഇവിടിരി. ചാവാനൊള്ള വെട്ടൊന്നുമല്ലാരുന്നു. ഡെറ്റോളൊ, സാവ്ലോണൊ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ എടുക്ക്. എനിക്ക് ഇതൊന്ന് തൊടയ്‌ച്ച് ക്ലീനാക്കണം..”

“അതൊന്നുമില്ല, ഗില്ലെറ്റിന്റെ ഷേവിങ് ലോഷനിണ്ട്. അത് മതിയൊ?”

മതി എന്ന് അലെക്സി തലയാട്ടി. ആട്ടിയാട്ടി അയാളുടെ തല മെല്ലെ അയാൾ കുനിച്ചിരുന്നു. രക്തം പോവുന്നേരം ബോധം പോവുന്നത് അപകടമാണെന്ന് ഹനീഫിനറിയാം. അയാൾ സംസാരിക്കാൻ ശ്രമിച്ചു. സ്വബോധത്തിലേക്ക് അലെക്സിയെ മടക്കിക്കൊണ്ടുവരാൻ.

“ഒരു ദോസ്തിനെ കൂടെ കാണാറിണ്ടല്ലൊ എപ്പഴും…”, ഹനീഫ് ഒരു ചൂണ്ടയിട്ട് നിർത്തി.

“കിച്ചൻ. അവൻ ജയിലിലാണ്.”

“ഇങ്ങൾടെ ബാച്ച് മൊത്തം ജയിലിലാണാ… അല്ലാത്തോര് ഇങ്ങനെ വെട്ടും കുത്തും കൊണ്ട് നടക്ക്ണു.”

“അല്ല… അല്ല. അവൻ വേറൊരു ടൈപ്പ് പേഴ്സണൽ കേസിലാണ്. കുടിച്ച് കഞ്ചാവടിച്ചിരുന്ന ഒരൂസം അവൻ പഴയ കോളേജ് ഗ്രൂപ്പിൽ പിള്ളേര് അവന്റെ പൂർവ്വകാമുകിയെ കളിയാക്കുന്നത് കണ്ടു. അവൾടെ തന്ത ഒരു പാസ്റ്ററ് അവളുടെ വിവാഹ ആലോചന പത്രത്തീ കൊടുത്തതാണ് വിഷയം. സുവിശേഷ വേല ചെയ്യുന്ന നായർ ബാക്ക്ഗ്രൗണ്ടുള്ളവരിൽ നിന്ന് ആലോചനകൾ ക്ഷണിച്ച് കൊള്ളുന്നു എന്ന്. പണ്ട് ഹിന്ദു ആയകൊണ്ട് വീട്ടിൽ സമ്മതിക്കില്ലാന്ന് പറഞ്ഞ് കോഴ്സ് തീർന്നപ്പൊ കിച്ചനെ തേച്ചതാണവൾ. കിച്ചൻ അടിച്ച് ഫ്ലിപ്പാണല്ലൊ. അവൻ അവന്റെ… അല്ല ഒന്നുമില്ല.”

“അത് വരെ പറഞ്ഞിട്ട്.. എന്താ ഇണ്ടായെ..”

“അല്ല ഞാനതിപ്പൊ പറഞ്ഞാ ഞാൻ അവനെ ന്യായീകരിക്കുവാ എന്ന് താൻ പറയും…. പക്ഷെ ഞാൻ അവൾടെ പക്ഷം പിടിക്കത്തില്ല. ജാതി പറഞ്ഞ് കിച്ചനെ ഒഴിവാക്കീട്ട് അവൾക്ക് നായർ സമുദായത്തീന്ന് സുവിശേഷം പ്രസംഗിക്കാൻ തുടങ്ങിയവനെ വേണമെന്ന്.”

“എന്താ ഓൻ ചെയ്തെന്ന് പറയുന്നിണ്ടാ നിങ്ങള്…”

“അടിച്ച് ഫ്ലിപ്പല്ലേ… അവൻ അന്നേരം വന്ന ആ കലിയില്… അവന്റെ മുണ്ട് പൊക്കി അടിയിലൊള്ളതിന്റെ ഫോട്ടൊ അവക്ക് അയച്ച് കൊടുത്തു. പിറ്റേന്ന് കരഞ്ഞ് കാല് പിടിച്ചിട്ടൊന്നും ഒരു കാര്യവുമൊണ്ടായില്ല. വല്യ കേസായി അത്.”

“പിന്നെ ആവാതിരിക്കുവൊ… നല്ല അറാമ്പിറപ്പ് കാണിച്ചിട്ട്..”

“അല്ല, പക്ഷെ അവളും അവൾടെ തന്തേം ചെയ്തതൊ?”

“അയ് ശരി. അപ്പൊ ഓല് ചെറ്റത്തരം കാണിച്ചാ ഇങ്ങള് അതിലും ചെറ്റകളാവ്വാ.. പിന്ന് ഇങ്ങളും ഓലും തമ്മിലെന്താ ബിത്യാസം?”

ആ പറഞ്ഞത്, അലെക്സിയുടെ അസ്ഥാനത്ത് എവിടെയൊ കൊണ്ടെന്ന് ഹനീഫിന് തോന്നിപ്പോയി. അയാൾ മൂകനായി താഴോട്ട് നോക്കി ഒരേയിരുപ്പാണ്. ഹനീഫിന് വീണ്ടും അപകടം മണത്തു. അയാളെ സംസാരിപ്പിക്കാൻ ഒരു ചോദ്യം ആന്വേഷിച്ച് അയാൾക്ക് ചുറ്റും അയാൾടെ കണ്ണ് പാഞ്ഞു. മുറിവിൽ തന്നെ അത് വന്ന് അവസാനിച്ചു.

            “ഇപ്പൊ ഇത് എന്തിന്റെയാ? പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിന്റെ ബാക്കി തന്നെയാണൊ?”

            “ആണെന്ന് തോന്നുന്നു. എന്തിനാണെന്നൊന്നും പറഞ്ഞിട്ടല്ലല്ലൊ ഒരത്തനും വെട്ടാൻ വരുന്നെ.”

ഹനീഫ് ഒന്ന് വാ പൊളിച്ച് നിൽക്കുന്നെങ്കിലും അമാന്തിക്കാതെ ഭാവം മാറ്റിക്കൊണ്ട് തുടർന്നു.

            “ഇപ്പൊ ഭരിക്കുന്നവര് തോറ്റാ പണ്ടത്തേവരല്ലെ? അത്… അവര് എമ്മാതിരി അഴിമതിയാർന്നു?”

“എതിർപ്പാർട്ടിക്കാരെ അഴിമതിക്കാരെന്ന് വിളിച്ചിട്ട് അഴിമതിക്ക് വളം വെച്ച് കൊടുക്കുന്ന ഒരു ഏർപ്പാട് ഇപ്പൊ ഒള്ളവര് പാസ്സാക്കിയിട്ടൊണ്ട്. എലക്റ്ററൽ ബോണ്ട്. അനോണിമസ് ആയിട്ട് ഒരു പാർട്ടിക്ക് വേണ്ടി എത്ര വേണെങ്കിലും ഈ വഴി കൊടുക്കാം. എന്ന് വെച്ചാ, അവർക്കിപ്പൊ ഒരു കാര്യം സാധിക്കാനൊണ്ടെങ്കിൽ ഇത് വഴി ഭരണകർത്താക്കളെ വാങ്ങിക്കാം. ഒരു പുല്ലനും തിരിച്ച് ഇതിന്റെ പുറകിലെ കള്ളക്കഥ പൊറത്ത് കൊണ്ടുവരാൻ ഒക്കത്തില്ല. സുപ്രീം കോടതി അത് തടഞ്ഞില്ലെങ്കി നമ്മളെ എല്ലാം വലിപ്പിക്കും.”

“അതിപ്പൊ മറ്റവന്മാര് ഭരണത്തേല് കേറിയാല് ഓൽക്കും ഗുണം ഇണ്ടാക്കണ പരിപാടിയാണല്ലൊ. ഓല് കോറെ വാരും.”

“ഹാ! അതിന് ഇവര് ഭരിക്കുമ്പൊ ഇത്രയധികം ലാഭമൊണ്ടാക്കിയാ, ഇവര് എലക്ഷന് അതിലൊരംശം എറിഞ്ഞ് ഭരണം തിരിച്ച് പിടിക്കത്തില്ലാന്ന് എന്താ ഒറപ്പ്?”

അത് ഹനീഫിലുണ്ടാക്കിയ മാറ്റവും ചെറുതല്ല. അയാൾ ആലോചനയിലാണ്ടു. ആലോചനകൾ അയാളെ വരിഞ്ഞ് മുറുക്കിയതോടെ ഗത്യന്തരമില്ലാതെ തളർച്ച ബാധിച്ചെന്നപോലെ നിലത്തിരുന്നു. ആ കുഞ്ഞ് മുറിയിൽ ആകെയുള്ള സ്റ്റൂളിൽ ഇരിക്കുന്ന അലെക്സിയുടെ പാദത്തോട് ചേർന്ന്, ഗുരു ശിഷ്യന്റെ കാൽക്കീഴിൽ ഇരിക്കുന്ന പോലെ ഇരുന്നു.

       “ഇങ്ങളെന്താ ഈ പറയണെ.. അങ്ങനൊക്കെ ഓൽക്ക് എങ്ങനെ….?”

       “അതെന്താണ്? സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും വരെ അവരുടെ കൈയ്യിലാണെന്നാണ് പലതും സൂചിപ്പിക്കുന്നത്. അതല്ലാതെ ബാക്കിയൊക്കെ പണ്ടേക്ക് പണ്ടേ…”

ഹനീഫിന്റെ കൈയ്യിൽ നിന്ന് മേടിച്ച ഷേവിങ് ലോഷനിൽ കുറച്ച് ആ കൈലിമുണ്ടിലാക്കി മുറിവിൽ അമർത്തിയതിന്റെ നീറ്റൽ ആ മുറിവ് കൊടുത്തിരുന്ന വേദനയ്ക്കും മുകളിലായിരുന്നു. പക്ഷെ പറഞ്ഞുകൊണ്ടിരുന്ന കാര്യത്തിന്റെ പ്രസക്തി കൊണ്ടാവണം, നീറ്റലിനെ മറികടന്ന് മുറിഞ്ഞുപോയ വാക്ക് ഉപേക്ഷിച്ച്, പറഞ്ഞ് വന്നത് പൂർത്തിയാക്കി.

            “സൊഹ്റാബുദ്ദീന്റെ കൊലപാതകത്തിലേത് തൊട്ട് ജസ്റ്റിസ് ലോയയുടെ മരണത്തിന് പിന്നിലെ ദുരൂഹത വരെ ദുരൂഹതയായിത്തന്നെ തുടരുന്നില്ലെ? കലിഖൊ പൂലിന്റെ ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് എന്തെങ്കിലും കാര്യമായ അന്വേഷണം നടന്നെന്ന് തോന്നുന്നുണ്ടൊ? ശബ്ദമുയർത്തുന്നവരെല്ലാം, ഗൗരി ലങ്കേഷ് വരെ തോക്കിനിരയായും തീരുന്നു.”

“ഗൗരി ലങ്കേഷിന്റെ കാര്യേ നിക്ക് അറിയു. അത് മതഭ്രാന്തന്മാരാ കൊന്നെന്ന് തെളിഞ്ഞല്ലൊ?”

“അതുകൊണ്ട് തീർന്നോ? വെടി വെച്ചവൻ പറഞ്ഞത്, അവരുടെ മതത്തെ രക്ഷിക്കാൻ ഒരാളെ കൊല്ലണമെന്ന് പറഞ്ഞു, അതുകൊണ്ട് കാഞ്ചി വലിച്ചു, എന്ന്. ആയിരക്കണക്കിന് വർഷത്തെ പഴക്കമുള്ള ഒരു മതത്തെ തകർക്കാൻ ആ സ്ത്രീയ്ക്ക് കഴിയുമായിരുന്നെങ്കിൽ ഇത്രയും കൊല്ലം എങ്ങനെ നിലനിന്നു? കൊലയാളി പിടിയ്ക്കെപ്പെട്ടെങ്കിലെന്ത്, ആ തീവ്രവാദത്തിലൂടെ ഭയം വിതയ്ക്കാനായില്ലെ അവർക്ക്? പാവങ്ങൾ അവരുടെ ശബ്ദം മറക്കാൻ ശ്രമിക്കും. ഊമയായ് എല്ലാം കണ്ടും കേട്ടും അനുഭവിച്ചാൽ ജീവിക്കാനെങ്കിലും വിടുമെന്ന് കരുതും അവര്.”

“നോട്ട് നിരോധനം, ജി.എസ്.റ്റി, ഇന്ധന/പാചകവാതക വില, ഇതൊന്നും അല്ലാതെ സാധാരണക്കാരെ ബാധിക്കുന്ന ഒന്നും ഇല്ലല്ലൊ. അതാ ആരും…”

“ആര് പറഞ്ഞു? 4000 കോടി രൂപയ്ക്ക് പരസ്യമൊക്കെ കൊടുത്ത് പിടിച്ച് നിൽക്കുന്നതാണ്. റ്റു കവർ അപ് എവരി തിങ്. പ്ലാനിങ് കമ്മീഷൻ റിപ്പോർട്ട്സ് എന്ന സംഭവമിപ്പൊ ഇല്ല. ഗവണ്മെന്റിന്റെ ഓരൊ സ്കീമും ഓഡിറ്റ് ചെയ്തിരുന്നതും, എങ്ങനെ എല്ലാം നടക്കുന്നു എന്ന് പുറം ലോകം അറിഞ്ഞിരുന്നതും ഈ റിപ്പോർട്ടുകളുണ്ടായിരുന്നകൊണ്ടാണ്. സിഎജി റിപ്പോർട്ട് ഒക്കെ വരാൻ നീലക്കുറിഞ്ഞിക്ക് പൂക്കാൻ വേണ്ട സമയമൊക്കെ എടുത്തെന്ന് വരും. ഇതിപ്പൊ സർക്കാരെന്ത് പറയുന്നൊ അത് വിശ്വസിക്കണം. നീതി ആയോഗ് ഒക്കെ ചുമ്മാ ഒരു ഓവർറേറ്റഡ് പിആർ ഏജൻസിയല്ലെ. മേക്ക് ഇൻ ഇന്ത്യ, സൻസാദ് ആദർശ് ഗ്രാം യോജന, സ്കിൽ ഡെവലപ്പ്മെന്റ് ഒക്കെ മൂഞ്ചിയിരിക്കുവാ.. പക്ഷെ പുറത്തറിയാൻ കൊറെ വൈകും. ഫസൽ ബീമാന്ന് പറഞ്ഞൊരു സ്കീമൊണ്ട്. അതുകൊണ്ട് ജനങ്ങൾക്ക് കൊണം ഒണ്ടായില്ലേലും ഇൻഷൊറൻസ് കമ്പനിക്കാര് ലാഭമൊണ്ടാക്കുന്നൊണ്ട്. ഇനിയും വേണൊ… കർഷകര് എല്ലാം ആത്മഹത്യ ചെയ്ത് തീരാറായി. അറിഞ്ഞാരുന്നൊ? തൊഴിലില്ലായ്മ നിങ്ങളെ ബാധിക്കുന്ന വിഷയമല്ലെ? ഏറ്റവും പുതിയ ആനുവൽ സ്റ്റാറ്റസ് ഓഫ് എഡുക്കേഷൻ റിപ്പോർട്ട് അനുസരിച്ച് ഗവണ്മെന്റ് സ്കൂളുകളുടെ അവസ്ഥ പരിതാപകരമായിക്കൊണ്ടിരിക്ക്യാണ്. ആരോഗ്യരംഗത്ത് ആയുഷ്മാൻ ഭാരത് എന്ന് പറഞ്ഞ മറ്റൊരു ഇൻഷൊറൻസ് സ്കീം അല്ലാതെ മറ്റൊന്നും വന്നില്ല…അമേരിക്കേല് പരീക്ഷിച്ച് തോറ്റതാണ് ഇതൊക്കെ തന്നെ…മൈക്കൽ മൂറിന്റെ സിക്കൊന്ന് പറഞ്ഞൊരു ഡോക്യുമെന്ററിയൊണ്ട്… എന്താ ഇക്കാ, മതിയായൊ? ഐ ക്യാൻ കീപ്പ് ഓൺ ടോക്കിങ് ദെയർ കവർ അപ്സ്.”

ഹനീഫ് ഒന്നും പറയുന്നില്ല. ഒന്നും. കുനിക്കാവുന്നതിന്റെ പരമാവധി തല കുനിച്ച് സിമന്റ് തറയുടെ സുഷിരങ്ങൾ പഠിക്കുകയാണെന്ന് തോന്നിപ്പോവും. ഒരുപാട് നേരം പിന്നെ അനങ്ങിയില്ല. പിന്നീട് എപ്പൊഴൊ വേദന സഹിക്കാനാവാതെ ഞെരിപിളി കൊള്ളുന്ന അലെക്സിയുടെ കഷ്ടപ്പാട് കേട്ട് എണീറ്റു.

            “ഇനിയെങ്കിലും ഞാൻ പറേണത് ഒന്ന് കേക്ക്. ഞാൻ സുഹാനയെ വിളിച്ച് വരാം. ഓള്ക്ക് മുറിവുമ്മേല് ചെയ്യാൻ പറ്റണത് ഓള് ചെയ്യട്ടെ.”

            “ഇപ്പൊ വേണ്ട. ഇപ്പൊ രക്തം പോവുന്നൊന്നുമില്ല. ഓടുന്ന വഴി പുറകിൽ അവന്മാര് വീശിയത് കൊണ്ടതാ. ആദ്യമൊന്നും ഞാൻ അറിഞ്ഞ് പോലുമില്ല. പിന്നെ എപ്പൊഴൊ ടീഷർട്ട് ചുവന്ന് കണ്ടപ്പഴാ… ഇപ്പൊ കൊഴപ്പമില്ല. എനിക്ക് ഇതൊന്ന് ചുറ്റിക്കെട്ടാൻ പാകത്തിനൊരു തുണി വേണം. നിങ്ങൾടെ അലമാരിയിൽ എനിക്ക് ഇടാൻ പാകത്തിന് എന്തെങ്കിലും ഉണ്ടെങ്കിൽ അതും. അവന്മാരൊക്കെ പോയിക്കാണും. തിരിച്ച് പോണം. നാളെ എനിക്കൊരു വൈവ ഒള്ളതാ. ചെന്നില്ലെങ്കിൽ പ്രശ്നമാ… എന്തെങ്കിലും ഒരു കാരണം നോക്കി ഇരിക്കുവാ എല്ലാ അവന്മാരും കൂടെ എന്നെ പൊറത്താക്കാൻ..”

“ഹമീദ് മറന്ന് വെച്ച ഒരു ഷർട്ടും മുണ്ടുമിണ്ട്. അത് തരാം. അതല്ലാതെ ബാക്കി ഇള്ളത് തന്നാ പിന്നെ ഞാൻ ഇതിട്ട് നാളെ പണിക്ക് പോണ്ടിവരും.”

“അവന്റേത് മതി.”

തിരിച്ച് നാട്ടിലേക്ക് മടങ്ങിയ അനിയന്റെ ഷർട്ടും മുണ്ടുമായി മടങ്ങി വന്ന ഹനീഫ് കാണുന്നത് നിലത്ത് കിടക്കുന്ന അലെക്സിയെ ആണ്. ബോധം പോയിട്ടില്ലെന്ന് ഹനീഫ് ഉറപ്പ് വരുത്തി, പക്ഷെ വയ്യ. ഇനി തുടർന്നാൽ അയാളുടെ ജീവൻ പോവുമെന്ന് ഉറപ്പാണ്. താങ്ങി എഴുന്നേൽപ്പിച്ച് വെള്ളം കൊടുക്കാൻ തുടങ്ങിയപ്പൊ അലെക്സി വേച്ച് വേച്ച് ചിരിച്ചെന്ന് വരുത്തി.

            “ചാവാൻ പോവുന്നവർക്ക് വെള്ളം കൊടുക്കണമെന്ന് ഖുറാനിൽ പറഞ്ഞിട്ടൊള്ളകൊണ്ടാണൊ?”

            “അതാ ഇപ്പൊ ഇങ്ങക്ക് തോന്നിയെ? ചോരയില്ല ദേഹത്ത്. ഇവിടെ തരാൻ… ആ ഇതെ ഇള്ളു.”

ഇതിനിടയിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ വാതിലിൽ ആരൊ മുട്ടാൻ തുടങ്ങി. കുറച്ചധികം കൈകൾ വന്ന് വാതിലിൽ വീഴുന്നുണ്ടെന്ന് ഉറപ്പാണ്. വാതിൽ തുറക്കാൻ ആജ്ഞാപിക്കുന്ന മുറവിളി കൂട്ടുന്ന ഒരുപറ്റം കലിപൂണ്ടവരെ രണ്ടുപേരും മനസ്സിൽ കണ്ടു. രണ്ടുപേരുടെയും മുഖം വിളറിത്തുടങ്ങി, പക്ഷെ ഹനീഫിന്റെ മുഖഭാവം മാറി. അയാൾക്ക് അറിയാം എന്ത് ചെയ്യണമെന്ന്.

“ഞാൻ സുഹാനയെ വിളിച്ചിട്ട് വരാ. ഇങ്ങള് അടുക്കളേല് ഗ്യാസ് കുറ്റികൾടേം ബിരിയാണി ചെമ്പിന്റെം പൊറകില് ഇരിക്കീം.”

“സുഹാന അവൾടെ വീട്ടി കെടന്ന് ഒറങ്ങട്ടെ. അതിനെ എന്തിനാ ഈ കോപ്പിന്റെ എടയിലേക്ക് വിളിക്കുന്നെ?”

“ഇങ്ങള് വന്ന് വാതിൽക്കല് മുട്ടിയ നേരം തൊട്ട് ഓള് ആടെ ഗ്യാസ് കൊറ്റ്യോൾടേം ചെമ്പിന്റേം ബാക്കില് കൂനിക്കൂടി ഇരിക്ക്യാണ്. ഇനിയിപ്പൊ ഓളെ ഇങ്ങോട്ട് എറക്കി ഇങ്ങളെ അവടെ ഇരുത്താം. ഓള് ഇള്ളകൊണ്ടാണ് ന്റെ റൂമില് വെട്ടമെന്ന് ഓലോട് നൊണ പറയാല്ലൊ.”

“മഹാ പാപീ…”

ഹനീഫ് കട്ടിലിനടിയിൽ കിടന്ന സുഹാനയുടെ സാരിയും ബ്ലൗസും എല്ലാമെടുത്ത് അലെക്സി നിലത്ത് ഒഴുക്കിയ ചോരയ്ക്ക് മേൽ ഇട്ടു. എന്നിട്ട് അലെക്സിയേയും വിളിച്ച് അടുക്കളയിൽ കയറി, ഗ്യാസ് കുറ്റികളുടെ പുറകിൽ നിന്ന് സുഹാനയെ വിളിച്ചിറക്കി. ഒരു പാവാടമാത്രം ധരിച്ച് സിങ്കിന്റെ അടിയിൽ പതുങ്ങിയിരുന്നിരുന്ന അവൾ, കൈയ്യിൽ ചുരുട്ടി കൂട്ടിയ ബാക്കി അടിവസ്ത്രങ്ങളും കൊണ്ട് മാറ് മറച്ച് ഇളിഭ്യയായി പുറം തിരിഞ്ഞ് നിന്നു. അവളെ വിളിച്ച് അപ്പുറത്തെ മുറിയിലെ കട്ടിലിൽ പുതപ്പിനടിയിലേക്ക് കിടത്തിയിട്ട് ഹനീഫ് തിരിച്ച് അലെക്സിയുടെ അടുത്തേക്ക് വന്ന്, അയാളെ സിങ്കിനടിയിൽ കയറാൻ സഹായിച്ചു. എന്നിട്ട് ആദ്യം ചെമ്പ് വലിച്ച് നീക്കി മുന്നിൽ വെച്ചു, പിന്നെ 3 ഗ്യാസ് കുറ്റിയും.

            “നിങ്ങളെ നിങ്ങൾടെ മോൾടെ പ്രായമൊള്ള ഒന്നിന്റെ കൂടെ കാണുമ്പൊ തന്നെ അവർക്ക് എളകും. ആ കൊച്ചിനെ ഇന്ന് അവമ്മാര്…. അവമ്മാരടെ കൈയ്യീ ഒരു വല്യ പൊതി ഗോമാതാവും കാണും. അതിവിടെ വെച്ചിട്ട് നിങ്ങളെ തല്ലിക്കൊല്ലാൻ.”

            “ഇങ്ങള് പേടിക്കാതിരി. മേ ഹൂ നാ…മേ സൗദാ കരൂംഗാ.. ഓല് കൊണ്ടുവന്ന ബീഫൊക്കെ… അയിലും വല്യ പെരിന്നാള് ഞമ്മളെത്ര കൂടീരിക്ക്ണു…”

ഇതും പറഞ്ഞ് അപ്പുറത്തേക്ക് പോയി. അലെക്സിക്ക് കേൾക്കാം, സുഹാനയോട് ആ പാവാടയും ഊരി കട്ടിലിനടിയിലേക്ക് ഇട്ടിട്ട് പുതച്ച് കിടന്നോളാൻ പറയുന്ന ഹനീഫിനെയും വാതിൽ ഇപ്പൊ ചവിട്ടി പോളിക്കുമെന്ന് ആക്രോശിക്കുന്ന അപരിചിതരേയും.

ഹനീഫിന്റെ ധൈര്യം എന്ത് കണ്ടിട്ടാണെന്ന് മനസ്സിലാവാതെ അലെക്സി ആ അടുക്കള ഒന്ന് പഠിച്ചു. ബ്ലാക്കിന് വിൽക്കാൻ വെച്ചിരിക്കുന്ന 4-5 ഗ്യാസ് കുറ്റികൾ അല്ലാതെ മറ്റൊന്നും ശ്രദ്ധയാകർഷിക്കാൻ പാകത്തിനില്ല അതിന്റെയകത്ത്. പിന്നെയുള്ളത് ഭീമാകാരമായ ബിരിയാണി ചെമ്പാണ് അതിൽ എന്തൊ ഐസിട്ട് വെച്ചിരിക്കുകയാണെന്ന് ചെമ്പിന് പുറത്ത് ഒലിക്കുന്ന വെള്ളം കണ്ടാലറിയാം. അതിലെന്താണെന്ന് അതിന്റെ അടപ്പ് ശബ്ദമുണ്ടാക്കാതെ പൊക്കി നോക്കി. പ്ലാസ്റ്റിക് സീൽ കോട്ടിങുള്ള പത്തിരുപത്തിയഞ്ച് പ്ലാസ്റ്റിക് പെട്ടികളിൽ വെട്ടിനുറുക്കി ക്ലീൻ ആക്കിയ ബീഫ് കഷ്ണങ്ങൾ. മലയാളി കുടുംബങ്ങൾക്ക് കൊടുക്കാൻ വെച്ചിരിക്കുന്ന കിലൊ കണക്കിന് നിരോധിത നിധി.

തലയിൽ എവിടെയൊ മിന്നൽപ്പിണർ കൊണ്ടതുപോലെ അലെക്സി തരിച്ചിരുന്നപ്പോൾ, അപ്പുറത്ത് ഒന്നും അറിയാത്ത ഭാവം മുഖത്ത് വരുത്തി ഹനീഫ് വാതിൽ തുറന്നു.
ഒരു സിനിമ ചെയ്യുന്നതിനിടയിൽ മറ്റൊരു സിനിമ കാണാൻ ശ്രമിക്കില്ലാത്തവരായിരുന്നു പണ്ടുള്ള ക്ലാസിക് മഹാരഥന്മാർ. എഴുത്തിലും ഇങ്ങനെ തന്നെ. അതിനെ ശരി വയ്ക്കുന്ന ഒരു തെറ്റാണ് ഈ കഥ. എഴുതി തുടങ്ങിക്കഴിഞ്ഞാണ് ശിവം ശങ്കർ സിംഗ് എന്ന പഴയ ബിജെപിക്കാരൻ എന്തുകൊണ്ട് പാർട്ടി വിടുന്നെന്ന് രേഖപ്പെടുത്തിയ ലേഖനം വായിച്ചത്. അതുകൊണ്ട് എന്ത് പറ്റി, എന്റെ കഥയുടെ സിംഹഭാഗം ആ ലേഖനം കൈയ്യടക്കി. അത് വായിച്ചില്ലായിരുന്നെങ്കിൽ മറ്റെന്തൊ ആവേണ്ടിയിരുന്ന കഥയാണ്. വിധി ഇതായിരുന്നു.

~ G

കരടിക്ക് പനിയാണ്

നിങ്ങൾക്ക് ദിവാകര കൈമളിനെ അറിയില്ല. പിന്നെ എന്തിനാണ് ഇങ്ങനെ അന്യായം പറഞ്ഞ് പരത്തുന്നത്? ഞാൻ പറഞ്ഞ് തരാം മാഷിന്റെ കഥ. പക്ഷെ അറിഞ്ഞ് കഴിഞ്ഞ്… നിങ്ങളെനിക്കൊരു വാക്ക് തരണം. സത്യം പുറത്തറിയരുത്. അറിഞ്ഞാൽ തകരാൻ പോവുന്നത് ഒരുപാട് പേരുടെ സ്വപ്നമാണ്.

കരടി കൈമൾ, അതായിരുന്നു മാഷിന്റെ വട്ടപ്പേര്. കറുത്തിരുണ്ട രോമാവൃതമായ ശരീരത്തിനുടമ. ചെവിയിൽ നിന്ന് വരെ ആന്റിന പോലെ പുറത്തേക്ക് വളർന്ന് നിൽക്കുന്ന രോമങ്ങൾ. ഇതിനൊക്കെപ്പുറമെ, വീരപ്പന്റെ മീശ പോലും അങ്ങേരുടെതിനെ വെച്ച് നോക്കിയാൽ ചെറുതായിരുന്നു ഒരു കാലത്ത്. അതുകൊണ്ടൊക്കെ കിട്ടിയ പേരാണ് കരടി കൈമളെന്ന്. ഒരു യു.പി. സ്കൂൾ ഹെഡ്മാസ്റ്റർക്ക് അങ്ങനെ ഒരു പേര് അലങ്കാരമായതുകൊണ്ട്, രഹസ്യമായി അത് കേട്ട് സന്തോഷിച്ചിരുന്നു. ഇരട്ടപ്പേര് വിളിച്ചവരെ സ്കെയില് കൂട്ടിപ്പിടിച്ച് ചന്തിക്ക് പിച്ചി തൊലിയെടുത്തിരുന്നെങ്കിലും, പിള്ളേര് റൂമിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞ് അയാൾ മനസ്സ് തുറന്ന് ചിരിച്ചിരുന്നു. കാരണം ചിരിയൊക്കെ സ്കൂളിലെ പറ്റിയിരുന്നുള്ളു അയാൾക്ക്. വീട് എന്നും മൂകമാണ്.

ചെറുപ്പത്തിൽ തന്നെ പ്രമേഹം വന്ന് മെലിഞ്ഞ് ഉണങ്ങിയ ഭാര്യ വനജയിൽ അയാൾക്ക് വൈകി ഉണ്ടായ പെൺകുഞ്ഞിന് ഓട്ടിസമാണ്. തന്മയീഭാവശക്തി ഇല്ലാതായി പോവുന്നതെന്നൊക്കെ വേണമെങ്കിൽ അതിനെ വിളിക്കാം. അങ്ങനെ വലിയ മാരക രോഗമൊന്നുമല്ല. പക്ഷെ, അങ്ങനെ ഒരു കുട്ടിക്ക് ഒരുപാട് അധികം പ്രത്യേക കരുതലും സംരക്ഷണവുമൊക്കെ വേണം. അവൾ സമൂഹത്തെ എങ്ങനെ നേരിടുമെന്നുള്ളത് വലിയ ഒരു സമസ്യയായിരുന്നു. അതിന് പ്രത്യേക ട്രയിനിങും കാര്യങ്ങളുമൊക്കെയുള്ള ഒരു സ്കൂളിൽ വിട്ട് പഠിപ്പിക്കണം അതിനുമാത്രം വരുമാനമൊന്നും ഒരു യുപി സ്കൂൾ അധ്യാപകന് സർക്കാർ കൊടുത്തിരുന്നില്ല. എങ്കിലും ഉള്ളത് നുള്ളിപ്പെറുക്കി അയാൾ എല്ലാ മാസവും വട്ടമെത്തിച്ചിരുന്നു. പക്ഷെ അയാളുടെ സർവ്വീസ് തീർന്നതും അതിനും പ്രശ്നമായി.

വരുമ്പൊ എല്ലാം കൂടി ഒന്നിച്ച് വരുമെന്ന് പറഞ്ഞത് വളരെ ശരിയായി. വനജയ്ക്ക് അസുഖം കൂടി ഒരു ദിവസം എല്ലാം ഉപേക്ഷിച്ച് സൃഷ്ടാവിന്റെ അടുത്തേക്ക് മടങ്ങേണ്ടി വന്നു. ഒരു സൂചനയും തരാതെയുള്ള ഭാര്യയുടെ വിയോഗം മാഷിന് താങ്ങാവുന്നതിനുമൊരുപാട് അപ്പുറത്തായിരുന്നു. മകൾ തംബുരുവിനാണെങ്കിൽ അമ്മയായിരുന്നു ലോകം. വനജയില്ലാതെ അവളെ എങ്ങനെ സ്കൂളിനപ്പുറത്തേക്ക് വിടും? ഇനിയെന്ത് എന്ന് ആലോചിക്കുമ്പോഴാണ് തംബുരു പോയിരുന്ന സ്കൂളിലെ സിസ്റ്റർ ലിജി ഒരു വഴി കാണിച്ച് തന്നത്.

സിസ്റ്റർ മുഖേന ഓട്ടിസമുള്ളവർക്കായി നടത്തുന്ന ഒരു സ്ഥാപനത്തിൽ തംബുരുവിന് പ്രവേശനം കിട്ടിയെങ്കിലും, കൊച്ചിയിൽ നിർത്തി പഠിപ്പിക്കാനുള്ള ചിലവും കാര്യങ്ങളും ഒത്ത് വന്നില്ല. റിട്ടയറായ മാഷിനെ അകമഴിഞ്ഞ് സഹായിക്കാൻ പാകത്തിന് സുഹൃത്തുക്കളില്ലായിരുന്നു. അവൾ പലതും വളരെ പെട്ടെന്ന് പഠിച്ചെടുത്തിരുന്നതുകൊണ്ടും കണക്കിൽ അനുഗ്രഹീത കഴിവുള്ളതുകൊണ്ടും, ഈ ബ്രിഡ്ജ് കോഴ്സ് കൂടെ ചെയ്താൽ അവൾ എല്ലാരെയും പോലെ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുമെന്ന് മാഷ് വിശ്വസിച്ചു.

ആദ്യ മാസത്തെ ഫീസ് കൊടുത്തത് വളരെ മനോവേദനയോടെ ബാങ്കിലിട്ടിരുന്ന ഫിക്സഡ് ഡെപ്പോസിറ്റ് പിൻവലിച്ചുകൊണ്ടാണ്. അടുത്ത മാസത്തേക്ക് എന്ത്? അത് കഴിഞ്ഞ് എന്ത്? ഒരു നിശ്ചയവുമില്ല. ആകെയുള്ള ആറ് സെന്റ് സ്ഥലവും വീടും പണയം വെച്ചാൽ ഒരു കാലത്തും തിരിച്ചെടുക്കാനൊക്കില്ല. പിന്നെ എവിടെ പോയി കിടക്കും. ആത്മഹത്യയാണ് പോംവഴിയെന്ന് ആലോചന വന്നതാണ്. പക്ഷെ ഒറ്റപ്പെട്ടുപോയ തന്നെ സഹായിക്കാൻ പോലും ആരും കൂട്ടാക്കാത്ത സ്ഥിതിക്ക്, തന്റെ സൂക്കേടുള്ള കുട്ടിയെ ആരും എല്ലാ സൗകര്യവും നൽകി പോറ്റി വളർത്തില്ലെന്ന് അയാൾക്ക് തോന്നിക്കാണണം. എല്ലാരും ഒരു വിഷമഘട്ടത്തിൽ ഒറ്റപ്പെടുത്തിയതിൽ വിഷമിച്ചിരുന്നപ്പോഴാണ്, ഒറ്റപ്പെടുത്തിയവരെല്ലാം മറ്റൊരു ദുരന്തത്തിൽ ഒറ്റപ്പെട്ടത്. നിപ്പ് വൈറസ് ബാധ.

ചങ്ങരോത്ത് സൂപ്പിക്കടയിൽ നിന്ന് പനി കൂടി മരിച്ച പയ്യന്റെ അനിയനേയും പനി കൊണ്ടുപോയതോടെ നാട്ടിൽ ഡെങ്കിയും മലേറിയയുമൊക്കെ വീണ്ടും വരുന്നെന്ന ബോധവത്കരണം പലയിടത്തും തുടങ്ങി. പക്ഷെ വിവരമുള്ള ഭിഷ്ഗ്വരന്മാർ കണ്ടെത്തി ഇത് നമ്മൾക്ക് പരിചയമുള്ളതൊന്നുമല്ലെന്ന്. അതിലും കൊടിയ വിഷമാണെന്ന്. പതിയെ പാലേരിയിലും പേരാമ്പ്രയിലും ഒക്കെ അസുഖം പടർന്ന് പന്തലിച്ചു. അങ്ങാടിയും സകല തെരുവോരങ്ങളും അമ്പലപ്പറമ്പുകളും എല്ലാം ഒഴിഞ്ഞ് മനുഷ്യവാസമില്ലാത്ത പരുവമായി.

ഒരു രോഗിയെ ചികിത്സിക്കാൻ സഹായിച്ച നഴ്സിന്റെ ജീവൻ കൂടെ വൈറസ് കൊണ്ടുപോയതോടെ ലോകം മൊത്തം പേരാമ്പ്രയെ ഭീതിസ്വപ്നമായി കണ്ട് തുടങ്ങി. ഒരുപക്ഷെ മാനവരാശിയുടെ മൊത്തം അന്ത്യം പേരാമ്പ്രയിൽ നിന്നാവാം എന്ന് വരെ പറഞ്ഞ് പരത്തി വെറുപ്പിച്ചു. ഇതിനിടയിൽ മതസ്പർദ്ധ പരത്തുവാൻ നോക്കിയവരും ഇല്ലാതില്ല.

ചെങ്ങന്നൂർ ഇലക്ഷൻ കഴിഞ്ഞതും, ധന സഹായങ്ങൾ അനുവദിക്കുന്നതിൽ ഇലക്ഷൻ കമ്മീഷൻ മുന്നോട്ട് വെച്ചിരുന്ന നിബന്ധനകൾ നീങ്ങി. നിപ്പയെടുത്ത ജീവനെല്ലാം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അത് ആരിലും സന്തോഷമുണ്ടാക്കിയില്ല. അവർക്ക് വേണ്ടപ്പെട്ടവരുടെ ജീവന് പകരമെന്നോർത്ത് ജീവിക്കാനുള്ള ഗതികേടിനെപ്രതി ഒരു തരി ചിരി പോലും ഇല്ലാതെ അവർ ജീവിച്ചു. മാഷിന്റെ മുഖം മാത്രം പ്രകാശിച്ചു. പതിവിലും പതിന്മടങ്ങ്.

നിപ്പാ ബാധിച്ച് മരിച്ചാൽ, യുണൈറ്റഡ് ഇൻഷുറൻസുകാർ വലിയൊരു തുക തന്റെ മകളുടെ പേരിലാക്കും. അതിന്റെ പുറമെ സർക്കാറിന്റെ ധനസഹായവും കൂടെയുണ്ടെങ്കിൽ, തംബുരുവിന് ഇപ്പോഴുള്ള ബ്രിഡ്ജ് കോഴ്സും, അത് കഴിഞ്ഞ് ഇഷ്ടമുള്ള പ്രൊഫഷണൽ കോഴ്സിന് പോവാനുമുള്ള വകയുണ്ടാവും.

വനജ എന്തൊക്കെ നോക്കിയിട്ടും നിർത്താൻ സാധിക്കാതിരുന്ന മാഷിന്റെ കുടി, സ്വമനസ്സാലെ മാഷ് നിർത്തി. കൈവിറ വരുമ്പോൾ രാമനാമം ചെല്ലാൻ തുടങ്ങി. എന്താ കാര്യം? ആൽക്കഹോൾ ഉള്ള ശരീരത്തിൽ നിപ്പാ വൈറസ് പെട്ടെന്ന് പരക്കില്ലെന്ന വാർത്ത സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ വായിച്ചു. അത്ര തന്നെ!

മരണപ്പെട്ടവരിൽ നിന്ന്, അവരുടെ അടക്കത്തിന് പോയവർക്ക് പകരുന്നെന്ന് പത്രത്തിൽ വായിച്ചതോടെ അതായി മാഷിന്റെ പിടി വള്ളി. എല്ലാരുടേയും വീട്ടിൽ പോയി. ഒരുപാട് കാലത്തെ പരിചയമുണ്ടായിരുന്ന പോലെ എല്ലായിടത്തും പടർന്ന് പന്തലിച്ച് നടക്കാൻ തുടങ്ങി. പക്ഷെ വൈറസ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യുന്നത് സർക്കാരും ഡോക്ടർമാരും ഏറ്റെടുത്തതോടെ, മാഷ് തോറ്റു. എല്ലാ ബന്ധുമിത്രാദികളെയും കണ്ട് വിഷമം കേട്ടിരുന്ന് കൈ കൊടുത്ത് പിരിഞ്ഞതുകൊണ്ട് ആകെയുണ്ടായ ഗുണം ഒറ്റപ്പെടൽ മാറിയെന്നതാണ്. അയാൾ സംസാരിച്ചവരെയെല്ലാം ആശ്വസിപ്പിക്കാൻ മറന്നില്ല. അവരിൽ പലരും പറഞ്ഞത്, നാട്ടുകാരും നേതാക്കന്മാരും നാട് വിട്ട് ഭീതിയോടെ നോക്കാൻ തുടങ്ങിയ കാലത്ത് അവതരിച്ച പുതിയ നന്മ മരമായാണ്. ഒരു പ്രശ്നം വരുന്നേരം കൂടെ നിൽക്കുന്നവരിലാണല്ലൊ മനുഷത്വപരമായ ഗുണങ്ങൾ കാണാനൊക്കുന്നത്.

പല വീടുകളിലേയും കിണറുകളെല്ലാം മൂടാൻ സർക്കാർ ഉത്തരവിട്ടത് മാഷ് ശ്രദ്ധിച്ചിരുന്നു. അതിനടുത്തേക്കൊന്നും ആരും അടുപ്പിച്ചതുമില്ല. സ്വന്തം വീട്ടിലെ കിണറിനകത്ത് ടോർച്ചടിച്ച് നോക്കിയിട്ടും, കല്ലുകൾക്കിടയിലുള്ള പൊത്തിലേക്കെല്ലാം കല്ലെറിഞ്ഞ് നോക്കിയിട്ടും ഒന്നിനെപ്പോലും കാണാൻ കിട്ടിയില്ല. മച്ചിന്റെ മുകളിലെങ്ങാനും വൗവ്വാലുണ്ടോയെന്ന് നോക്കാൻ വലിഞ്ഞ് കയറിയതുകൊണ്ട്, മച്ച് വൃത്തിയായത് മിച്ചം. ആരും നോക്കാനില്ലാത്ത ചാത്തുണ്ണ്യാരുടെ പഴയ വീടിന്റെ പുറകിലെ ആലിലെ വൗവ്വാലുകളെയെല്ലാം കല്ലെടുത്തെറിഞ്ഞു. അക്രമിയെ അക്രമിച്ചില്ല. അവറ്റയൊക്കെ കാത് പൊട്ടിക്കുന്ന ശബ്ദകോലാഹങ്ങളുണ്ടാക്കി മാഷിനെ ചീത്ത പറഞ്ഞുകൊണ്ട് എങ്ങോട്ടോ പാഞ്ഞു.

പഴം തീനി വൗവ്വാലുകളാണ് വില്ലന്മാരെന്ന് അറിഞ്ഞതിനാൽ അടുത്ത ലെവൽ പഴങ്ങളായിരുന്നു. സകലരുടെ പറമ്പിലും ഓടി നടന്നു. നിലത്ത് വീണ് കിടന്ന എല്ലാ പഴ വർഗ്ഗങ്ങളും ആർത്തി ഭാവിച്ച് തിന്നു. എന്തൊക്കെയൊ ജീവികൾ കഴിച്ചതിന്റെ ബാക്കിയായ പഴങ്ങൾക്കും, ചീഞ്ഞ പഴങ്ങൾക്കും, മുൻഗണന കൊടുത്തു. ആദ്യമെല്ലാം അറപ്പായിരുന്നു. പക്ഷെ അതിന് മാഷ് തന്നെ ഒരു കഥയൊക്കെ മെനച്ച് പരിഹാരമാലോചിച്ചു. കാട്ടിൽ ഒറ്റപ്പെട്ട് പോയിരുന്നെങ്കിൽ, ജീവൻ നിലനിർത്തേണ്ട ഒരു ഗതിയുണ്ടായിരുന്നെങ്കിൽ, ഈ ഒരു ആരോഗ്യസ്ഥിതിയിൽ നിലത്തുനിന്ന് കിട്ടുന്ന ഫലങ്ങളെ കാണുമായിരുന്നുള്ളു. കണ്ണായിരുന്നു പിന്നെയൊരു പ്രശ്നം. വായിലേക്ക് വയ്ക്കുന്നേരം ഒരു നോക്ക് കണ്ടാൽ പിന്നെ ഓക്കാനിച്ചിരിക്കും. അതൊഴിവാക്കാൻ കണ്ണ് അടച്ച് കഴിക്കാൻ തുടങ്ങി. പഴങ്ങളിലേക്ക് തിരിഞ്ഞതിന്റെ രണ്ടാം ദിവസം പകലുള്ള കട്ടൻ ചായ പോലും ഒഴിവാക്കി നിലത്ത് നിന്ന് പെറുക്കിയ പഴങ്ങൾ തിന്നു. പഴങ്ങളിൽ നിന്നുള്ള അമ്ലങ്ങൾ ഓരോന്നായി മാഷിന്റെ കുടൽ അടക്കി വാഴാൻ തുടങ്ങിയതോടെ ശരീരം പ്രതികരിക്കാൻ തുടങ്ങി. അതിന്റെ പുറമെ, പുഴു കയറിയതും മറ്റുമായ പേരയ്ക്കയും മാങ്ങയും വയറിന് ആപത്തായതുകൊണ്ട് ശരീരം അതിനെ ശർദ്ദിച്ച് പുറന്തള്ളാൻ തുടങ്ങി. വായിലൂടെയും മൂക്കിലൂടെയും നിർത്താതെ ശർദ്ദിക്കുന്നേരം സന്തോഷിക്കുന്നൊരു ആൺപിറന്നവൻ ഇതിനുമുൻപ് ഭൂമിമലയാളത്തിലുണ്ടാവാൻ വഴിയില്ല. മാഷിന്റെ മനസ്സിൽ ഇത് നിപ്പയാണെന്ന് ശർദ്ദിക്കുന്നതിന് ഏറെ നേരം മുൻപ് തന്നെ ഒരു ധാരണയുണ്ടായിരുന്നല്ലൊ.

മാഷ് അവശനായിരുന്നെങ്കിലും സ്വന്തം പൗരപുരാതന പീസ് കൈനെറ്റിക്ക് ഹോണ്ടയിൽ സർക്കാർ  ആശുപത്രിയിൽ മുഖം കാണിച്ചു. അവിടെ ചെന്ന് ലക്ഷണങ്ങൾ കേട്ടപ്പോൾ തന്നെ ലിസി ഡോക്ടർ നിൽക്കമലിന്റെ വെള്ള കസേര തെറിപ്പിച്ചുകൊണ്ട് ചാടിയെണീറ്റ് മാസ്കും കൈയ്യുറയും എല്ലാം ഉണ്ടല്ലൊ എന്ന് വീണ്ടും ഉറപ്പാക്കി. അവർ പല വട്ടം പറഞ്ഞ് പഠിച്ചിരുന്ന ഡയലോഗ് എല്ലാം അയാളോട് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അഭയം പ്രാപിക്കാനായിരുന്നു അതിന്റെ സത്ത.

മാഷിനെ കൊണ്ടുപോവാൻ അവിടുന്ന് ആരും ആംബുലൻസ് വിട്ടുകൊടുക്കാത്തതിനാൽ, മെഡിക്കൽ കോളേജിൽ നിന്ന് ശവം കൊണ്ടുപോയ ഒരു ആംബുൽൻസ് വരുത്തിച്ച് അതിൽ രോഗിയ്ക്ക് ചുറ്റും നാല് വശവും ഒരു പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള തുറുങ്കിൽ മാഷിനെ മെഡിക്കൽ കോളേജിലെത്തിച്ചു. ആദ്യമായിട്ട് അയാൾ ഒറ്റപ്പെടൽ ഇഷ്ടപ്പെട്ട് ചിരിതൂകി കിടന്നു.

പക്ഷെ മെഡിക്കൽ കോളേജിലെ ക്വാറന്റൈൻ സെല്ലിൽ ഒന്നു രണ്ട് ദിവസം കിടക്കാനൊത്തതും, ആ ദേശത്തെയൊട്ടാകെ വൈറസിൽ നിന്ന് രക്ഷിച്ച മാലാഖമാരായ ഡോക്ടർമാരാലും നഴ്സുമാരാലും പരിചരിക്കപ്പെട്ടു എന്നതും ഒഴിച്ചാൽ, ബാക്കിയെല്ലാം വെറുതെയായി. വയറൊന്ന് കഴുകി വെളുപ്പിച്ചെടുത്താൽ എല്ലാ അസുഖവും മാറുമെന്ന ഡോക്ടറുടെ വാക്ക് കേട്ട് മാഷിന്റെ നെഞ്ച് പിടഞ്ഞു. ആലപ്പുഴ വൈറോളജി സെന്ററിൽ നിന്ന് വന്ന റിപ്പോർട്ടും കൂടെ ആയതോടെ അവർക്ക് പൂർണ്ണ വിശ്വാസം വന്നു, മാഷിന് നിപ്പയിലെന്ന്. ആലപ്പുഴയിലുള്ളത് പുതിയ സ്ഥാപനമായതുകൊണ്ടാവും, മറിച്ച് പൂനെയിലാണ് രക്തം അയച്ചിരുന്നതെങ്കിൽ അസുഖമുണ്ടെന്ന് അവരെഴുതിയേനെ എന്ന് മാഷ് കടുപ്പിച്ച് പറഞ്ഞു. ഇത് കേട്ട് ഡോക്ടർമാർ ഞെട്ടി. ഇതാ ഉടനെ മരിക്കില്ലെന്ന് അറിഞ്ഞ് വിഷമിക്കുന്നൊരുത്തൻ. അവരിൽ തന്നെ ഒരു വിഭാഗം മാഷിന്റെ അവിശ്വാസം വിട്ട് കളഞ്ഞില്ല. അയാളുടെ ബ്ലഡും യൂറിനുമെല്ലാം പൂനെയിലുള്ള വവൈറോളജി ഡിപ്പാർട്ട്മെന്റിന് അയച്ചുകൊടുത്തു.   അന്ന് ആരോഗ്യ ജാഗ്രത സൈറ്റിൽ മാഷിന്റെ ഒഴിച്ച് ബാക്കിയുള്ള രോഗികളുടെ ടെസ്റ്റ് റിസൽറ്റ്സ് അൺനോൺ എന്നുള്ളത് മാറ്റി നെഗറ്റീവ് വന്നു.

പിറ്റേന്ന് അയച്ചവരുടെ സാമ്പിളുകളും നെഗറ്റീവ് ആണെന്ന് നഴ്സ് എഡ്വിന്റെ നാവിൽ നിന്ന് മാഷ് കേട്ടു. അതിനോട് കൂട്ടിച്ചേർത്ത് കേരള ഹെൽത്ത് മോഡലിനെ വാഴ്ത്തി സകല പത്ര മാധ്യമങ്ങളിലും, എന്തിനേറെ പറയുന്നു, ലോകാരോഗ്യ സംഘടന വരെ അവരുടെ പഠനം നടത്താനും, ഇവിടെയുള്ളവരുടെ കഷ്ടപ്പാടിനെ വാഴ്ത്താനും തുടങ്ങി. ഇത് മാഷിന്റെ എല്ലാ പ്രതീക്ഷകളേയും തച്ചുടച്ചുകൊണ്ടിരുന്നു. മാഷിന്റെ മാത്രം.

പ്രശ്നബാധിത പ്രദേശങ്ങളെല്ലാം വീണ്ടും പൂർവ്വസ്ഥിതിയിലായി വന്നുപോന്നു. അങ്ങാടിയിലും ആൽമരക്കിഴിലുമെല്ലാം ആൾക്കാർക്ക് സംസാരിക്കാൻ പുതിയ വിഷയം കിട്ടി. കരടിക്ക് പനിയാണ്. നിപ്പയാവും. പക്ഷെ ആശുപത്രി കിടക്കയിൽ കിടന്ന് അങ്ങോട്ടുമിങ്ങോട്ടും ഞെരിപിളി കൊണ്ട് തിരിഞ്ഞിരുന്ന മാഷിന് പൂനെയിൽ നിന്ന് റിസൽറ്റ് എത്തുന്നതിന് മുൻപ് ബോധ്യമായിത്തുടങ്ങി തനിക്ക് നിപ്പ ഉണ്ടാവില്ലെന്ന്. അർധരാത്രി തൊട്ട് ഓരോ മിനിറ്റും അയാൾ ഇടതുവശത്ത് മുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു. നിറം മങ്ങിയ പ്ലാസ്റ്റിക് കൂടുകളാൽ ചുറ്റപ്പെട്ട ക്വാറന്റൈൻ കൂട്ടിലാണെങ്കിലും അതിനപ്പുറത്ത് ഭിത്തിയിൽ വെച്ചിരിക്കുന്ന ക്ലോക്കിന്റെ സൂചികൾ ഏകദേശം എവിടെയാണെന്ന് കാണാമായിരുന്നു. ഓരോ മിനിറ്റും അയാളുടെ ഹൃദയമിടിപ്പുകൾ കൂട്ടിപ്പോന്നു. പതുക്കെ അത് ക്രമാതീതമായി കൂടിത്തുടങ്ങി. പണ്ട് കിലൊക്കണക്കിന് പച്ചക്കറി ചുമന്ന് അങ്ങാടിയിൽ എത്തിച്ചിരുന്ന കാലത്ത് പോലും ഇത്രയും അണച്ചിട്ടില്ല. ശ്വസം എടുക്കുന്നത് മുഴുവൻ എവിടെയൊ ചോർന്ന് പോവുന്ന പോലെ, കൂടുതലെടുക്കാൻ സാധിക്കാത്തതു പോലെ. മരണ വെപ്രാളം അയാളിൽ നിന്ന് അയാളിലേക്ക് ബന്ധിപ്പിച്ചിരുന്ന മെഷീനുകളിലേക്ക് വ്യാപിച്ചു. അവയുടെ കൂക്കു വിളികളിലൂടെ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള നഴ്സുമാരിലേക്കും, അവർ വിളിച്ച് പറഞ്ഞ് വീട്ടിൽ പോയ ഡോക്ടർമാരിലേക്കും എത്തി.

മരിച്ചെന്ന് ഉറപ്പാക്കിയ ഉടൻ തന്നെ കൺപോളകൾ രണ്ടും കൂട്ടിയടപ്പിച്ച് സാജൻ ഡോക്ടർ തന്റെ പ്രാധമിക പരിശോധന നടത്തി. ഹൃദയസ്തംഭനമാണെന്നുറപ്പിച്ചു. പക്ഷെ ബ്ലഡ് ടെസ്റ്റ് റിസൽറ്റ്സ് വരാത്തതിനാൽ, സാധാരണ മരണം അസാധാരണമായി കഴിഞ്ഞിരുന്നു. മാഷിന് വെറും വയറിളക്കവും ശർദ്ദിയുമാണെന്ന് മീഡിയയും നാട്ടുകാരും വിശ്വസിച്ചില്ല. അയാൾക്ക് നിപ്പയാണെന്ന് നാട്ടുകാർക്കായിരുന്നു ഉറപ്പ്. ബന്ധുക്കളൊ നാട്ടുകാരൊ ആരും ബോഡി ഏറ്റെടുക്കാൻ വന്നില്ല. ഇതിനിടയിൽ ഡീൻ ഓഫ് മെഡിസിൻ നേരിട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ അയാൾ പൂനെ വൈറോളജി സെന്ററിൽ നിന്ന് വന്ന കൈമൾ മാഷിന്റെ ഫലം നെഗറ്റീവാണെന്ന് വെളിപ്പെടുത്തുന്ന പേപ്പർ പുറത്ത് വിട്ടു. പക്ഷെ അത് ഇപ്പോഴത്തെ ബഹളങ്ങൾ ഒഴിവാക്കാൻ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ് സർക്കാർ തന്നെ അയാളുടെ ശേഷക്രിയകൾ നടത്തണമെന്ന തീരുമാനത്തിലൂന്നി നാടൊട്ടുക്ക് പ്രക്ഷോഭവും പോസ്റ്റുകളുമായി. അവസാനം ഭീതിയൊഴിവാക്കാൻ ഗത്യന്തരമില്ലാതെ സർക്കാർ ഉത്തരവിറങ്ങി. മാഷിനെ വെളുത്ത പ്ലാസ്റ്റിക് കുപ്പായമണിഞ്ഞ മാലാഖമാർ തന്നെ അടക്കി. നാട്ടുകാരുടെ ആവശ്യവും തംബുരുവിന്റെ അവസ്ഥയും മാനിച്ച് കൈമൾ മാഷിന്റെ മരണത്തിനും ധനസഹായം ഏർപ്പെടുത്തി.

മരണശേഷമാണെങ്കിലും കൈമൾ മാഷിന് നിപ്പാ വൈറസ് ബാധിച്ചു. തംബുരുവിന്റെ പഠനത്തിന് ഒരു മുടക്കം വന്നില്ല. ഭാവിയിലും ഒരു പ്രശ്നവും വരില്ലെന്ന് സമാശ്വസിക്കാം. മാഷ് മറ്റൊരു ലോകത്ത് വിജയം പുൽകി.

പക്ഷെ, എല്ലാം അവിടംകൊണ്ട് തീർന്നില്ല. കൈമൾ മാഷിന്റെ കഥയെ കഴിഞ്ഞിരുന്നുള്ളു, കരടി കൈമളിന്റെ കഥകൾ പുനർജ്ജനിച്ചു. അങ്ങാടികളിലും, ആൽമരച്ചുവടുകളിലും, ചായപ്പീടികകളിലും എന്നുവേണ്ട സകലയിടത്തേക്കും പുതിയൊരു സംശയം വ്യാപിച്ചു. കരടിക്ക് എങ്ങനെയാവും നിപ്പ ബാധിച്ചത്? ഇനി ഇവിടാരും അറിയാതെ പോയ ബന്ധങ്ങൾ വല്ലതും?
 

പേരാമ്പ്ര നിവാസികൾ ഒറ്റപ്പെടുന്ന വാർത്ത വായിച്ചതുകൊണ്ട് എഴുതി തുടങ്ങിയതാണ്. കരടി കൈമൾ ആദ്യമൊരു ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന കർഷകനായിരുന്നു. കാർഷിക ലോൺ ഒഴിവാക്കാൻ അയാൾ നിപ്പ ബാധിച്ചെന്ന് വരുത്തുന്ന ആ കഥ എഴുതി വന്നപ്പൊ എനിക്ക് തന്നെ ഒരു വിഷമം. കർഷകർ നുണ പറഞ്ഞ് മേടിച്ചെടുക്കേണ്ട ഒന്നല്ല അത്. അവർ കഥയിലാണെങ്കിലും കള്ളത്തരം കാണിച്ചെന്ന് വന്നാൽ അതെന്റെ തെറ്റാണ്. പിന്നെ എങ്ങനെയൊ വലിയ പൊളിറ്റിക്സ് ഇല്ലാത്ത ഈ കഥയിലെത്തി.

 നിപ്പ ബാധയൊക്കെ ഒഴിഞ്ഞ് പോയി. നിങ്ങളുടെ ഭീതി മാത്രമാണ് ബാക്കി. കഴിയുമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിലൊക്കെയുണ്ടായിരുന്ന രക്തദാന പരിപാടികളിൽ വീണ്ടും സഹായിക്കുക.

മഗിഴ്ചി.

~ G