ചേട്ടാ, ആലപ്പുഴ ആവാറായില്ല

ഒന്നര മണിക്കൂറോളം കമ്പിയിൽ തൂങ്ങി കിടന്നുറങ്ങിയിട്ടാണ്‌ എനിക്ക് ഇരിക്കാനൊരിടം കിട്ടിയത്. അതും എന്റെ തോളിൽ കിടന്നുറങ്ങാനായി വണ്ടിയിൽ കേറിയ രണ്ട് അപരിചിതർക്കിടയിൽ. ഒന്നായി ഇരുന്ന മരത്തെ രണ്ടാക്കാൻ പാട് പെടുമ്പൊ ഒരു ആപ്പ് അനുഭവിക്കുന്ന കഷ്ടപ്പാട് അന്ന് ഞാനറിഞ്ഞു.

Advertisements

ഒന്നര മണിക്കൂറോളം കമ്പിയിൽ തൂങ്ങി കിടന്നുറങ്ങിയിട്ടാണ്‌ എനിക്ക് ഇരിക്കാനൊരിടം കിട്ടിയത്. അതും എന്റെ തോളിൽ കിടന്നുറങ്ങാനായി വണ്ടിയിൽ കേറിയ രണ്ട് അപരിചിതർക്കിടയിൽ. ഒന്നായി ഇരുന്ന മരത്തെ രണ്ടാക്കാൻ പാട് പെടുമ്പൊ ഒരു ആപ്പ് അനുഭവിക്കുന്ന കഷ്ടപ്പാട് അന്ന് ഞാനറിഞ്ഞു.

എന്തോ ഭാഗ്യത്തിന്‌ വണ്ടി തോപ്പുംപ്പടി വിട്ടപ്പോൾ ഒരുത്തൻ ചാടിയെണീറ്റ്, ഉറക്കത്തെ പഴിച്ച്, അയാളേ ഉണർത്താത്തതിന്‌ കണ്ടക്ടറേയും അസഭ്യം പറഞ്ഞ് ഇറങ്ങി പോയി.

അയാള്‌ പോയതും അടുത്ത മനുഷ്യനെ തള്ളി അപ്പുറത്തേക്കിട്ടിട്ട്, ഉറക്കം നടിച്ച് കിടന്നു. തല നല്ല താരതമ്യേന നല്ല രീതിയിൽ തന്നെ ഇടിച്ചെന്ന് തോന്നുന്നു. ഇനിയെങ്കിലും എന്റെ തോളിനൊരു ഭാരമാവില്ലായിരിക്കും. ഇത് വരെ നിന്നതിന്റെ ക്ഷീണം തീർക്കാൻ ഞാൻ മടിയിലിരുന്ന ബാഗെടുത്ത് അടുത്ത് വെച്ച് രാജാവിനേപ്പോലെ ഇരിക്കാൻ നോക്കിയപ്പോഴേക്ക് ആ സീറ്റിനൊരവകാശി ബസിന്‌ കൈ കാണിച്ചു. ഒരു മധ്യ വയസ്കനും, ഭാര്യയും വണ്ടിയിൽ കേറി.

ഭാര്യയേ മുന്നിലെവിടെയോ ഇരുത്തിയിട്ട്, സീറ്റന്വേഷിച്ച് ഞാനിരിക്കുന്നതിനടുത്തേക്ക് നടന്നു. അയാളെന്റെ ബാഗ് എടുത്ത് എന്തോ അവകാശത്തോടെ താഴെ വെച്ചിട്ട് സീറ്റിൽ ഇരുന്നു. ഞാനൊന്നും പറയാൻ പോയില്ല. എങ്ങോട്ടോ ധൃതിയിലിറങ്ങിയതാണെന്ന് മുഖത്തെ വെപ്രാളം കണ്ടാലറിയാം. അല്ലെങ്കിലും ബാഗെടുത്ത് താഴെ വെച്ചതിനൊരു അങ്കത്തിനുള്ള സ്കോപ്പില്ലാന്ന് തോന്നി.

ഉറങ്ങിയേക്കാമെന്ന് വെച്ച് കണ്ണടച്ച് കിടന്നെങ്കിലും നിദ്രാദേവി കടാക്ഷിക്കുന്നില്ലാർന്നു. അല്ലെങ്കിലും ഒന്ന് മയങ്ങി വരുമ്പോഴേക്ക് ഇടത് വശത്ത് വന്നിരുന്ന ഈ പുതിയ മനുഷ്യൻ ഞങ്ങളവിടെ ഉറങ്ങുന്നുണ്ടെന്ന് കാര്യമാക്കാതെ ജനലിന്റെ ഷട്ടർ തുറന്ന് എവിടെ എത്തിയെന്ന് നോക്കും. നോക്കിയാൽ ഒരു തരി പോലും മനസ്സിലാവില്ല, ഈ കുറ്റാകൂറ്റിരുട്ടത്ത്. എന്നും ഈ വഴി പോവുന്ന വണ്ടിയിലേ കണ്ടക്ടർക്ക് പോലും ഒറ്റനോട്ടത്തിൽ മനസ്സിലാവില്ലായിരിക്കും സ്ഥലമെവിടെ എത്തിയെന്ന്. ഇയാളിപ്പൊ കേറീയതേ ഉള്ളു പിന്നെ എന്തിനാണീ നോക്കുന്നത്?

അയാളേ പ്രാകി ഉറങ്ങാൻ തുടങ്ങിയതും അയാളുടെ ഫോണടിച്ചു. ഞൊടി നേരം കൊണ്ട് ആദ്യമയാൾ റിങ്ങർ ഓഫ് ചെയ്തു, എന്നിട്ട് ചുറ്റുമെല്ലാവരേയുമൊന്ന് നോക്കി. ഞാൻ ഉറക്കം നടിച്ച് കിടക്കുന്നതാണെന്ന് ഏതാണ്ടൊരു ഊഹം അയാൾക്കുണ്ട് എന്നാലും ഒരു രണ്ട് സെക്കൻഡ് കൂടെ ശാന്തത കൈവരിക്കാൻ കൊടുത്തിട്ട് അയാൾ കോൾ അക്സെപ്ട് ചെയ്ത് ഫോൺ ചെവിയോടമർത്തി.

 

“ഹലോ?”

“എന്തിനാ സുധേ ഇപ്പൊ വിളിക്കണേ? ഞാൻ പറഞ്ഞില്ലേ നാളെ വിളിക്കാന്ന്!”

ഒരു നിമിഷം സംസാരം നിർത്തിയിട്ട് മുന്നിലേ വരിയിലേക്ക് എത്തി വലിഞ്ഞൊന്ന് നോക്കി.

 

“അല്ല അതിന്റെയല്ല. അവള്‌ മുമ്പിലാ. കേക്കില്ല.”

ഒരു വട്ടം കൂടെ എന്റെ അടഞ്ഞ കണ്ണിലേക്ക് നോക്കിയിട്ട് കൺപോള ശരിക്കങ്ങോട്ട് അടഞ്ഞിട്ടില്ലല്ലോന്ന് ഓർത്തൂന്ന് തോന്നുന്നു. കാരണം ബാക്കി സംസാരം ഒന്നുകൂടെ ശബ്ദം കുറച്ച് പതുക്കെയായിരുന്നു.

 

“ഞാൻ അയാളോട് ആവുന്നത്ര പറഞ്ഞ് നോക്കി. ഞാൻ പറഞ്ഞാർന്നില്ലേ, എന്റെ കൂടെ പണ്ട് ചേലക്കര പോളി ടെക്നിക്കിലുണ്ടായിരുന്നതാ. അന്നെന്നെ വല്യ കാര്യാർന്നു ഈ ഉബൈദിന്‌. പക്ഷെ ആ അവന്‌ പോലും ഒന്നും ചെയ്യാനൊക്കുന്നില്ല.”

 

“ങാ ഞാൻ തറപ്പിച്ച് പറഞ്ഞു എന്നേക്കൊണ്ട് കൂട്ടിയാ കൂടില്ലാന്ന്, പക്ഷെ എന്താ പറയ്യാ ഇപ്പൊ……ഏയ് അല്ല സുധേ.. ഉബൈദിന്‌ വല്യ പ്രശ്നയില്ല്യ, പക്ഷെ അയാളടെ ബാക്കി പാർട്ട്ണേർസ് ഒരു തരത്തിലും അടുക്കില്ലാത്ത്രെ.”

 

“അതൊക്കെ ഞാൻ പറയാതിരിക്ക്യോ? മാക്സിമം പറഞ്ഞു നോക്കി. 40 എങ്കിലും ഒപ്പിക്കണമ്ന്നാ പറയണെ.”

 

“നെനക്കൊരു ചുക്കുമറിയാഞ്ഞിട്ടാ. എടീ വൺ സീ.ആർ. വരെയൊക്കെ കൊടുക്കാൻ ആൾക്കാരുണ്ട്.”

 

“ങാ അത് അച്ഛൻ പണ്ട് ചേപ്പാട് തഹസീൽദാരുടെ സ്റ്റാഫ് ആയിരുന്ന കാലം വീയപുരത്ത് കുറച്ച് സ്ഥലം മേടിച്ചിട്ടിരുന്നു. ഇനിയിപ്പൊ അതേയുള്ളു ഒരു വഴി.”

 

“അത്ര എളുപ്പല്ല. സ്ഥലം വിക്കണെങ്കി പാർട്ടി കനിയണം. പാടം നികത്താൻ സമ്മതിക്കില്ലാന്നും പറഞ്ഞ് അവിടെയെല്ലാം കൊടി വെച്ചിരിക്ക്യാ, എന്നാലോ കൃഷിയിറക്കാനൊരു സഹായോം ചേയ്യേമില്ല. അവരവിടെ ഉള്ളിടത്തോളം വിറ്റ് പോവില്ല്യ.”

 

പിന്നെ കുറച്ച് നേരം തലയാട്ടിക്കൊണ്ട് ആലോചനയിലാണ്ടു.

“ങാ അങ്ങനെന്തെങ്കിലും ചെയ്യണം.”

 

പിന്നെയും അഗാധമായ ആലോചന.

“അത്….അത്രെക്കൊക്കെ വേണോ?”

 

“വേണ്ട..അവനോട് സഹാച്ചില്ലെങ്കിലും ഉപദ്രവിക്കല്ലേന്ന് പറയണം നീയ്യ്..”

 

“ഹാ വേണ്ടാന്ന്..”

 

“നിർത്ത് നിർത്ത്..അതല്ല സുധേ നീയൊന്ന് അടങ്ങ് ഞാനൊന്ന് പറഞ്ഞോട്ടെ…”

“കണ്ടക്ടറ്‌ വരുന്നു. ഒരു മിനിറ്റേ, ഞാനങ്ങോട്ട് വിളിക്കാം. ങാ…”

 

”രണ്ട് ആലപ്പുഴ.“

”142 !“, കണ്ടക്ടറിന്‌ അധികം ആലേചിക്കേണ്ടി വന്നില്ല.

പൈസ കൊടുക്കുന്നതിനിടയിൽ അയാൾ ചോദിച്ചു,”സാറേ ആലപ്പുഴ ഹാൾട്ട് എത്ര മണിക്കാ?“

”നാലേകാല്‌ എങ്കിലുമാവും.“

”ആണല്ലേ..!“

അയാൾ വാച്ചിലേക്ക് നോക്കിയെന്ന് തോന്നുന്നു. ഒരു ഊഹം വെച്ച് ഇനിയുമൊരു ഒന്നര മണിക്കൂറോളം കാണും. നിരാശ!

ബാക്കി പൈസയും ടിക്കറ്റും കൊടുത്ത് കണ്ടക്ടർ പോയതും അയാളുടെ വെപ്രാളം വീണ്ടും തിരിച്ചെത്തി. ഒരു രണ്ടു മിനിറ്റിനകം അയാൾ വീണ്ടും ഷട്ടർ പാതി തുറന്ന്, തുലാവർഷത്തിന്റെ ബാക്കിപത്രമായ കാറ്റിനേ വിളിച്ച് അകത്ത് കേറ്റി. വീണ്ടും അക്ഷമനായി അടച്ചു. വലത് വശത്ത് കിടക്കുന്നവനിതൊന്നും അറിയെണ്ട, അയാൾ സ്വിച്ചിട്ട പോലെ വീണ്ടും തിരിഞ്ഞ് കിടന്നു.

എത്താറായില്ല എന്ന് ഇയാൾക്ക് അറിയാം പിന്നെ എന്തിനാണിയാളിങ്ങനെ കിടന്ന് ബുദ്ധിമുട്ടുന്നത്? ചോദിച്ചാലോ? എന്താ ഇയാളിപ്പൊ ആലപ്പുഴ ചെയ്യാൻ പോണെ? എന്തോ പ്രശ്നമുണ്ടല്ലൊ!

അടുത്ത തവണ വാതിൽ തുറന്നതും ഒരു സൗഹൃദ സംഭാഷണത്തിന്‌ സാധ്യത ഒരുക്കി ഞാൻ പറഞ്ഞു, “ചേട്ടാ, ആലപ്പുഴ ആവാറായില്ല.”

“തന്നോട് ഞാൻ ചോദിച്ചോ!!”

കരണംപൊത്തിയൊരടി കിട്ടിയ സുഖം തോന്നി. ഒരാവശ്യവുമില്ലാർന്നു.

പിന്നെയൊന്നും നോക്കാതെ വലത് വശത്തിരിക്കുന്നവന്റെ തോളിലേക്ക് ചാഞ്ഞ് നിദ്രാദേവിയേ ധ്യാനിച്ചു. അയാളെ ഞാനും കുറേ ചുമന്നതല്ലേ, ഒന്നും പറയില്ലായിരിക്കും. തള്ളി മാറ്റില്ലായിരിക്കും.

– ശുഭം –


 


 

ഹാഫ്-എ-ലോഗ്, പച്ച മലയാളത്തിൽ പറഞ്ഞാൽ ഡയലോഗിന്റെ പകുതി. ഒരു ഫോൺ സംഭാഷണത്തിന്റെ ഒരറ്റം മാത്രം കേട്ടിട്ട് പേപ്പറിലാക്കാൻ നോക്കിയാൽ അതിനെ അങ്ങനെ വിളിക്കാം. അതെഴുതാൻ തന്ന ഒരു എക്സർസൈസിന്റെ ഭാഗമായിട്ട്  എഴുതിയതിന്‌ ഒരു തുടക്കവും ഒടുക്കവും കൊടുത്തപ്പൊ ഇങ്ങനെയായി. അകത്തൊന്നുമില്ലെന്ന് എന്നെനിക്കറിയാം. ക്ഷമി.

~ G

 

 

 

 

 

 

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )