മഗ്ദലനക്കാരി

വള്ളത്തോളെഴുതിയ ഖണ്ഡ കാവ്യം മഗ്ദലനക്കാരി മറിയത്തിന്റെ വരികൾ കുറച്ചെങ്ങോ പണ്ട് ഹൈസ്കൂളിൽ പഠിച്ചത്‌ ലീനയ്ക്ക് നല്ല ഓർമ്മയുണ്ട്. ഇല്ല പഠിച്ചില്ല, പഠിപ്പിക്കാനാരോ ശ്രമിച്ചു. ആ വരികൾ അങ്ങോട്ട് മനസ്സിൽ വരുന്നില്ല. വരുമായിരുന്നെങ്കിൽ, എന്നും അന്നന്ന്‌ രാത്രിയിലേക്കുള്ള ഇടപാടുകാരനേ കാത്ത് നില്ക്കുമ്പൊ, അവളത് പാടിക്കൊണ്ട് നിന്നേനേ. ഒരാശ്വാസത്തിന്‌.

പകൽ വീട്ടിലേക്ക് കേറി ചെല്ലുന്നതിന്‌ മുമ്പ് മാമങ്കലത്തെ കുരിശുതൊട്ടിയിൽ എന്നും തന്റെ പങ്ക് അർപ്പിച്ചിട്ട്, മഗ്ദലനക്കാരിയോട് പൊറുത്ത കർത്താവ് എന്നോടും പൊറുക്കണേ എന്നാണ്‌ ലീന പ്രാർത്ഥിക്കാറുള്ളത്. പൊറുക്കില്ലെന്നറിയാം, പക്ഷെ തന്റെ മോനെങ്കിലും നല്ല ഭാവിയുണ്ടാവാനാവണം. എന്നും രാത്രി എങ്ങോട്ടാ പോവുന്നതെന്ന് ചോദിക്കാറായി അവൻ. അധികം വൈകാതെ അമ്മ ഉള്ളിലൊതുക്കി ജീവിക്കുന്നതെല്ലാം ആരെങ്കിലുമവന്‌ പറഞ്ഞ് കൊടുക്കും. പിന്നെങ്ങനെയാണെന്ന് അവൾക്കൊരു എത്തും പിടിയും കിട്ടുന്നില്ല.

ഇന്നിപ്പൊ കുളിച്ചൊരുങ്ങി നില്ക്കുന്നത് നോർത്ത് റയിൽവേ സ്റ്റേഷന്‌ മുമ്പിലുള്ള ബസ് സ്റ്റോപ്പിലാണ്‌. ആരുമങ്ങോട്ട് അടുക്കുന്നില്ല. കുഴപ്പമില്ല, തന്റെ നില്പ്പ് കണ്ടിട്ടാണ്‌ പുണ്യാളൻ ഓട്ടോ ഓടിക്കുന്ന ഐപ്പിച്ചായൻ പോയതെന്ന്‌ അവൾ ആശ്വസിച്ചു. അയാളാരേയെങ്കിലും എവിടുന്നെങ്കിലും തപ്പിപ്പിടിച്ച് കൊണ്ടുവന്നോളും. കിട്ടുന്നതിലൊരു പങ്ക് അയാൾക്കും കൊടുക്കണം, എന്നാലും പോട്ടെ. ഒന്നുമില്ലാതെ തിരിച്ച് പോവുന്നതിലും നല്ലതാ അത്.

പണ്ട് സ്കൂളിൽ പഠിക്കുമ്പൊ അസാധ്യ അത്‌ലെറ്റായിരുന്നു ലീന. 200ഉം, 400ഉം മീറ്ററോടാനുള്ള ആരോഗ്യം വീട്ടിൽ നിന്ന് കഴിക്കുന്ന വാട്ട കപ്പകൊണ്ട് കിട്ടാത്തതുകൊണ്ട് 100ഇലും, 4 x 100ഇലുമായിരുന്നു ശ്രദ്ധ മുഴുവൻ. റിലേ അവസാനമോടാൻ ലീനയുണ്ടെങ്കിൽ പിന്നെ വേറേയൊന്നും വേണ്ടെന്നായിരുന്നു അന്നൊക്കെ. ബാറ്റൺ കിട്ടുന്നത് ചിലപ്പൊ ഏറ്റവും അവസാനമായിരിക്കും, പക്ഷെ വിജയിക്കാൻ അതവൾക്കൊരു തടസ്സമല്ലായിരുന്നു. ഇന്നും ഒരു തരത്തിൽ പറഞ്ഞാൽ ബാറ്റൺ അവസാനം കിട്ടിയുള്ള നില്പ്പാണ്‌.

എന്നും അവസാനമെത്തുന്നകൊണ്ട് അവസാനമാണ്‌ ആരെങ്കിലും വന്ന് കൂട്ടിക്കൊണ്ട് പോവാറുള്ളത്.  ഇതേ പണി ചെയ്ത് ജീവിക്കുന്ന കൂട്ടുകാരികളെല്ലാം ചേർന്ന്, സിനിമ കാണാൻ ക്യൂ നില്ക്കുന്നത് പോലെയൊരു അലിഖിത വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ഒന്നിച്ചേ നില്ക്കു, ആദ്യം വന്നവർക്ക് ആദ്യം പോവാം. അവസാനം ഒറ്റയ്ക്കാവാൻ ലീനയ്ക്ക് പേടിയില്ല. അല്ലെങ്കിലും നഷ്ടപ്പെടാൻ എന്തായിനി ബാക്കിയുള്ളത്.

പ്രതീക്ഷകൾ തകിടം മറിച്ച് അവളേക്കാൾ നിറമുള്ള ഒരുത്തി ഒരു നരച്ച നീല ബാഗും ചുമന്ന് സ്റ്റോപ്പിന്റെ അങ്ങേ തലയ്ക്കൽ വന്ന് നിന്നു. ലീനയുടെ പ്രായം തന്നെ, പക്ഷെ കളത്തിലിറങ്ങിയിട്ട് അധികമായില്ലാന്ന് തോന്നുന്നു. കരഞ്ഞ് വശംകെട്ട കണ്ണുകൾ, ഒരു ചെറിയ പൊട്ടുണ്ട്, പൗഡറൊന്നും അടുത്തൂടെ പോലും പോവാത്ത മുഖം, ചീകിയൊതുക്കാത്ത മുടി, ഒന്നുമില്ലായ്മ വിളിച്ചറീയിക്കുന്ന പഴയൊരു ഓറഞ്ച് ചുരിദാറാണ്‌ വേഷം. പക്ഷെ നിറം പ്രശ്നമാണ്‌. വെല്ലുവിളിയാണ്‌. ഐപ്പ് അവളേ കണ്ടാൽ അടുത്ത ആൾടെ കൂടെ അവളേ വിളിച്ച് ഓട്ടോയിൽ കേറ്റിയാലോ. ലീനയുടെ മുഖത്ത് നിരാശ പടർന്നു.

ലീന അവൾടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ചോദിച്ചു,

“ഇവിടെങ്ങും കണ്ടിട്ടില്ലല്ലൊ?”

ഒരു നിമിഷം ലീനയുടെ ചോദ്യം കേട്ട് അവളൊന്ന് പകച്ചെന്ന് തോന്നുന്നു. ഒന്നും മിണ്ടിയില്ല. ലീനയുടെ കണ്ണിന്റെ ആഴമളക്കുന്ന പോലെ അങ്ങനെ നോക്കി നിന്നു. ശരീരം ചൂഴ്ന്ന് നോക്കുന്ന ശവംതീനി പെണ്ണുപിടിയന്മാരുടെ നോട്ടം പോലുമിപ്പൊ ലീനയ്ക്ക് ഒരു വിഷയമല്ല, പക്ഷെ ഇതെന്തോ ലീനയ്ക്ക് പോലും പുതുമയുള്ളൊരു അസ്വസ്ഥത തോന്നിച്ചു. അവൾ ഞൊടി നേരത്തേക്ക് താഴേക്ക് നോക്കി. ഇനി ഒരു പക്ഷെ ഇവളീപ്പണിക്ക് ഇറങ്ങിയതല്ലേ?

ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ചോദിക്കാനുള്ളത് മനസ്സിൽ ഒന്നൂടെ ഉരുവിട്ടു, എന്നിട്ട് ഒറ്റ ശ്വാസത്തിൽ ചോദിച്ചു,

“ഞങ്ങ ഇവടെ സമാധാനായിട്ട് ഈ പണി ചെയ്യണവരാ. ഇവടെ വരുന്ന മുറയ്ക്കാ പോവുന്നെ. അടുത്തത് ഞാൻ പോവും. കൊഴപ്പമില്ലല്ലൊ ?”

എന്താ മനസ്സിലെന്ന് ആർക്കും ഊഹിക്കാനാവാത്തൊരു ഭാവവുമായിട്ട് അവളങ്ങനെ നിന്നു. വീണ്ടും ലീനയുടെ മനക്ലേശത്തിന്റെ ആഴമളക്കാനാണ്‌ പുറപ്പാട്. പക്ഷെ ഇത്തവണ ലീന കണ്ണെടുത്തില്ല. കുറച്ച് നേരത്തേക്ക് സമയം പോലും അനങ്ങാതെ അങ്ങനെ തങ്ങി നിക്കുമാറ്‌ ഒരു നിശബ്ദത പരന്നു. പക്ഷെ അധികം വൈകാതെ തന്നെ അവളുടെ മങ്ങിയ കണ്ണുകളിലെന്തോ ഒരു തിളക്കം ലീന കണ്ടു. ചുണ്ടിന്റെ വലതു വശം കൊണ്ടൊരു ചെറിയ മന്ദഹാസവും. ഒരു നിമിഷം കൊണ്ടവൾ മറ്റാരോ ആയ പോലെ.

“താൻ വിഷമിക്കെണ്ട. എനിക്ക് തന്റെ കസ്റ്റമറേ വേണ്ട. ഞാ ഒരാളേ കാത്ത് നിക്കുവാ..”

അവളത് പറഞ്ഞ് തീർന്നതും ആ ചിരി മാഞ്ഞ് വീണ്ടും മുഖത്താകെ ഇരുട്ട് പരന്നു. ദ്വിതഭാവമാറ്റം. ഒന്നും മനസ്സിലാവുന്നില്ല. പഠിച്ച കള്ളിയാണോ അതോ ഇതൊരു അവസ്ഥയാണോ? ലീന കണ്ണെടുക്കാതെ നോക്കി നിന്നു അവളെ.

ലീനയുടെ അമ്പരപ്പ് മനസ്സിലാക്കിയിട്ടെന്നോണം ഇരുട്ടിലേക്ക് തുറിച്ച് നോക്കിക്കൊണ്ട് തന്നെ അവൾ വീണ്ടും നിശബ്ദത ഭേദിച്ചു.

“നമ്മ രണ്ടും ഒരേ തുവൽ പക്ഷികളാ. പഷേ, എന്നെ തെരഞ്ഞെടുത്ത് വെല പേശാൻ ഞാൻ ആരേം സമ്മതിക്കാറില്ല. ഞാനാണ്‌ തെരഞ്ഞെടുക്കാറൊള്ളത്.”

ലീന അക്ഷരാർത്ഥത്തിൽ വാ പൊളിച്ച് ഒരേ നില്പ്പാണ്‌. ആ പെണ്ണിന്റെ മുഖത്തെ മ്‌ളാനത മാറി സ്വാഭിമാനത്തിന്റെ വെളിച്ചം വന്നതും, ഞൊടി നേരം കൊണ്ട് പഴയ മട്ടായതും കണ്ടിട്ട്, ഇവൾ മറ്റെന്തിനോ ആണിവിടെ വന്നിരിക്കുന്നത്. പക്ഷെ ഇവളിലേ എന്തോ ഒന്ന് ഇവളും തന്നേപ്പോലെ ഇരയക്കപ്പെട്ടവളാണെന്ന് വിളിച്ചോതുന്നുണ്ട് എന്നാൽ എന്താണതെന്ന് അങ്ങോട്ട് നിരൂപിക്കാനാവുന്നില്ല. രാത്രിയിലിങ്ങനെ നിന്ന് ഒരുപാട് പേരുടെ മനസ്സിലിരുപ്പ് പിടിച്ചെടുക്കുന്നവളായിട്ടുപോലും ലീനയ്ക്ക് ആ പെണ്ണിനെ മനസ്സിലാവുന്നില്ല. ആ കണ്ണിലെവിടെയോ തന്റേതുപോലൊരു ചരിത്രം ഒളിഞ്ഞ് കിടപ്പുണ്ട്, അതുറപ്പ്. പക്ഷെ ഇന്നിവൾ മറ്റാരോ ആണ്‌. മറ്റെന്തോ ആണ്‌.

ശരിക്കുമൊരു പ്രതിഭാസമാണ്‌ ഈ പെണ്ണ്‌.

“ഞങ്ങ ഇവടെ ഒരുങ്ങിക്കെട്ടി നിന്നിട്ട് പോലും അങ്ങനെ ആരേം തെരെഞ്ഞെടുക്കാനൊന്നും പറ്റീട്ടില്ല. പിന്നെ താനെങ്ങനേണ്‌…. പൈസക്കാരേ തന്റെ വഴിക്ക് കൊണ്ടുവരണേ…?“

”പൈസക്കാരേയെ തെരെഞ്ഞ് പിടിക്കൂന്ന് ഞാൻ പറഞ്ഞാ?“

”പിന്നെ?“

”ഞാനിപ്പൊ കാത്ത് നിക്കുന്ന മനുഷ്യൻ ഒരു ക്ലാർക്കാണ്‌. ഭാര്യപോലും ഒറ്റപ്പെടുത്തിയ ഒരുത്തൻ. അയാളിൽ നിന്ന് സാമ്പത്തികമൊന്നും പ്രതീക്ഷിച്ചാലും കിട്ടാമ്പോണില്ല.”

”പിന്നെ ഇതെന്താ തനിക്ക്…. തനിക്ക് വല്ല അസുഖോമാണോ?“, ആശയക്കുഴപ്പത്തില്പ്പെട്ട് ചോദിച്ചതാണെങ്കിലും ലീനയ്ക്ക് ചിരിയടക്കാനായില്ല.

”അതല്ല എന്തായാലും! ഞാ ആരാണ്‌, എന്താണ്‌, എന്നൊക്കെ ആരും അറിയാത്തകൊണ്ടാ ഞാൻ നിലനില്ക്കുന്നെ. തന്റെ പോലല്ല ഞാൻ.“

”പിന്നേ… അതിന്‌ എന്നേ താനറിയില്ലല്ലൊ?“

ആ ചോദ്യം അവളെന്തോ ഒരു വെല്ലുവിളിയായിട്ട് ഏറ്റെടുത്തെന്ന് തോന്നുന്നു. അവൾ ലീനയെ അടിമുടി നോക്കി പഠിക്കുകയാണ്‌, അതും യാതൊരു അസ്വഭാവികതയും തോന്നിപ്പിക്കാത്തവ്വണ്ണം. അങ്ങനെ ഒരാളെ നോക്കി മനസ്സിലാക്കാൻ പറ്റുന്ന തന്റെ കഴിവിൽ ലീന സ്വയം അഭിമാനിച്ചിരുന്നു, പക്ഷെ ആ നിമിഷം ചിന്തിച്ചത്, താൻ ഈ ട്രാക്കിൽ ഫിനിഷിംഗ് ലൈൻ തൊടാൻ ഇനിയും ഒരുപാട് ഓടേണ്ടി വരുമെന്നാണ്‌.

അപ്രിയ സത്യങ്ങൾ കേൾക്കാൻ തയ്യാറായി നിന്നു, ഓടി തോറ്റതിന്‌ ഗ്ലൂക്കോസ് പോലും കിട്ടാത്ത അവസ്ഥയിൽ.

”പേരെനിക്ക് ഗണിച്ച് കണ്ടുപിടിക്കാനറിഞ്ഞൂട. ന്നാലും, ഒരു ചെറിയ ക്രിസ്ത്യൻ പേരാ. വീടടുത്താ. ആകാശത്തിലേ പറവകളെ നോക്കി പഠിക്കാൻ പറഞ്ഞ കർത്താവിനെ അനുസരിക്കുന്നവൾ. അന്നന്നത്തേക്ക് മാത്രം സമ്പാദിക്കുന്നവൾ. ചെയ്യുന്ന ജോലിയോട് കൂറുണ്ടെങ്കിലും കന്യാമറീയത്തിന്റെ ഭക്ത. ഇനിയും ഒരുപാടൊണ്ട് പറയാൻ. വേണാ?“

ലീന തന്റെ നെഞ്ചിൽ കിടക്കുന്ന ലോക്കറ്റിലേക്ക് ഒരു നിമിഷമൊന്ന് നോക്കി. ഞൊടിനേരംകൊണ്ട് പാലയ്ക്കൽ പള്ളി പെരുന്നാളിന്റന്ന് മേടിച്ച കന്യാമറിയത്തിന്റെ ലോക്കറ്റ് സാരിത്തുമ്പുകൊണ്ട് മറച്ചു.

”ഇതൊക്കെ ആർക്കും പറയാൻ പറ്റുമാരിക്കും. പഷേ തനിക്കെന്നെക്കുറിച്ച് ഒരു ചുക്കുമറിയില്ല.“, ലീന ഇടഞ്ഞ മട്ടായി.

”ഒന്നുമറിഞ്ഞൂടാന്ന് പറഞ്ഞാ തെറ്റാ. ഈ ആൺപിറന്നവമ്മാർക്ക് മൊതലെടുക്കാൻ നിന്നുകൊടുക്കണ എല്ലാരടേം കഥ എതാണ്ടൊരുപോലാ. ഏതോ ഒരുത്തൻ തൊടങ്ങി വെച്ചതല്ലെ എല്ലാ രാത്രിം തന്റെ മനസ്സീ വരുന്നെ? അല്ലേ?“

ലീന ഒന്നും പറഞ്ഞില്ല. പറയാനൊത്തില്ല.

പതിനൊന്ന് കൊല്ലം മുമ്പുള്ളൊരു സ്പോർട്ട്സ് ഡേ അവൾക്ക് കാണാമിപ്പൊ. കൂടെ പഠിച്ചിരുന്ന ഒരുത്തിക്ക് അത്തവണത്തെ 100 മീറ്റർ ഹീറ്റ്സിൽ തോറ്റത് സഹിക്കാനൊത്തില്ല. ജയിച്ച ലീനയോടുള്ള വൈരാഗ്യം കടുത്ത് അവളെ ‘പേടിപ്പിക്കാൻ’  തന്റെ ചേട്ടനെ ചട്ടംകെട്ടി പറഞ്ഞയച്ചു. ഫൈനലിൽ അവളോട് തോല്ക്കാൻ പറയണം, അതായിരുന്നു വ്യവസ്ഥ. അന്ന് ഓടി കിതച്ച് ആകെ കിട്ടിയ ഒരു പിടി ഗ്ലൂക്കോസുകൊണ്ട് ജീവൻ നിലനിർത്തി, VI C ലെ ഒരു ബെഞ്ചിൽ  കിടന്നിരുന്ന അവളെ ‘പേടിപ്പിക്കാൻ’ ചേട്ടനെ പറഞ്ഞ് വിടുമ്പൊ, അനിയത്തി പുറത്ത് കാവൽ നിന്നു. അന്ന് അകത്ത് നടന്നതെന്താന്ന് അനിയത്തി ചേട്ടനോട് ചോദിച്ചില്ല, കാരണം ഫൈനലിൽ ലീന ഓടാഞ്ഞകൊണ്ട് അവള്‌ ജയിച്ചു.

ലീനയെ ആലോചനയിൽ നിന്ന് മടക്കിക്കൊണ്ടുവരാൻ അവൾ ഇടപെട്ടു. ആ നരച്ച ബാഗ് നിലത്തുവെച്ചുകൊണ്ട് ചോദിച്ചു,

”ഒരുപാട് പണ്ട് നടന്ന എന്തോ ആണല്ലേ?“

ലീന തല കുനിച്ചു. അതേന്ന് തല കുലുക്കി. ലീന ചിന്തയിലാണ്ട് തകരുന്നത് എന്തുകൊണ്ടോ പരൂഷ ഹൃദയമുള്ള അവൾക്കുപോലും വിഷമമായെന്ന് തോന്നുന്നു. ഓർമ്മകളിൽ നിന്ന് പുറത്തെത്തിക്കാൻ അവൾ ചോദിച്ചു,

“ആരോടും പറഞ്ഞില്ലേ?”

ഒരു നിമിഷം ലീന അവൾടെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു. ആ കണ്ണിൽ എന്തോ ഒരു കലർപ്പില്ലാത്ത അനുകമ്പ കണ്ടു. അവളെയൊരു അന്യ ആയിട്ട് കാണാൻ പറ്റുന്നില്ല. അവളോട് പറഞ്ഞില്ലെങ്കിൽ പിന്നെ ആരോട് പറയാനാണ്‌?

“സിലോണിൽ സമാധാനമൊണ്ടാക്കാൻ പോയിട്ട് പെണ്ണുപിടിച്ച് നടന്നവരിൽ ഒരുത്തനായിരുന്നു അപ്പൻ. അയാൾക്ക്… അന്നതൊരു വല്യ കാര്യമായിട്ട് തോന്നിയില്ല. അയാള്‌ ചെയ്തിരുന്നതിനെ തെറ്റെന്ന് സമ്മതിക്കാൻ അയാക്ക് പറ്റുമാരുന്നില്ല. എന്റെ പഠിത്തം നിർത്താനേ അയാക്ക് തോന്നിയൊള്ളു.”

പിന്നെ കുറച്ച് നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. ആകെ അവിടെ മുഴങ്ങിയിരുന്നത് റയിൽവേയുടെ പരസ്യങ്ങളും, അനൗൺസ്മെന്റുകളും, ഇടെക്കിടെ പോയി വന്നിരുന്ന ട്രയിനുകളുടെ ഇരമ്പലും മാത്രമായി. ഇതിനിടയിലേതോ ഒരു അവ്യക്തമായ അനൗൺസ്മെന്റ് അവൾക്കുള്ളതാണെന്ന് തോന്നുന്നു. ജാഗരൂഗയായി നിന്ന അവൾടെ കണ്ണിൽ വീണ്ടും ആ തിളക്കം.

താഴെ വെച്ചിരുന്ന ബാഗെടുത്ത് പോവാനൊരുങ്ങിക്കൊണ്ട് അവൾ ലീനയോട് പറഞ്ഞു,

“ജീവിതം ഇങ്ങനായി പോയതീ എന്നേലും വിഷമം തോന്നുന്നെങ്കീ…, അതിന്‌ കാരണക്കാരായവരെ പോയി കാണണം. പറ്റിയാ അനുഭവിച്ച വെഷമത്തിലൊരു പങ്ക് അവർക്കും കൊടുക്കണം. അവരേ തിരിച്ച് മൊതലെടുക്കണം. അപ്പൊ തനിക്ക് മനസ്സിലായിക്കോളും ഞാനെന്താന്ന്. എന്റെ ആളെത്തിപ്പോയി. ഇനി നമ്മള്‌ തമ്മീ കാണില്ലായിരിക്കും.“

അതും പറഞ്ഞ് തിരിഞ്ഞ് നോക്കാതെ പാർക്കിങ്ങ് ഏരിയ ലക്ഷ്യമാക്കി അവൾ നടന്നകന്നു. ലീനയ്ക്കെന്തൊക്കെയോ ചോദിക്കണമെന്നുണ്ടാർന്നു. പക്ഷെ ചോദ്യമൊന്നും മനസ്സിൽ വന്നില്ല. പിന്നെയും ഇരുട്ട് പരന്ന റോഡിലേക്ക് നോക്കി നിന്നു. ഭൂമിയുടെ അഗാധതയിലേക്കെന്നോണം.

ഐപ്പും ഒരു ചെറുപ്പക്കാരനും ഓട്ടോയിൽ വന്നിറങ്ങിയതോ അവളുടെ മുന്നിൽ വെച്ച് വില പേശുന്നതോ അവൾടെ ചിന്തകളെ സ്പർശിക്കുന്നു പോലുമില്ല. അവളറിയുന്നുണ്ടോ എന്ന് പോലും ഭാവത്തിൽ നിന്ന് വ്യക്തമാവുന്നില്ല.

”എന്താടീ, ഇന്നലെ കേറി ഇറങ്ങിയവൻ നിന്റെ ചെവി തല്ലി പൊട്ടിച്ചോ?“, ഐപ്പ് അല്പം ഉറക്കെ തന്നെ ചോദിച്ചു.

ലീന ആദ്യമായി അവരെ ഒന്ന് നോക്കി. പക്ഷെ ഭാവം ഇപ്പോഴും സങ്കീർണ്ണം തന്നെ.

”പാലത്തിനടുത്തുള്ള മംഗലത്ത് ലോഡ്ജിലോട്ടാ ഓട്ടം. വാ കേറ്‌.“ എന്ന് പറഞ്ഞിട്ട് ഐപ്പ് ഓട്ടോ ലക്ഷ്യമാക്കി നടന്നു.

ലീന ഒരടി അനങ്ങാതെ പറഞ്ഞു,

”ഞാനെങ്ങോട്ടും വരുന്നില്ല.“

ഐപ്പിനാ മറുപടി ഒട്ടും ഇഷ്ടപ്പെട്ടില്ല. ലീന വന്നില്ലെങ്കിൽ മേടിച്ചെടുത്ത കമ്മിഷൻ പോവും.

”ദേ പെണ്ണേ ഒരുമാതിരി കൊണഞ്ഞ കോമഡി ഒലത്തരുത്. വന്ന് വണ്ടീ കേറെടീ“, അയാൾ ആക്രോശിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നടുത്തു.

“ചേട്ടാ, നമുക്ക് വേറേ നോക്കാം.”, തുടക്കാക്കാരൻ ചെറുക്കന്റെ ഹൃദയമിടിപ്പ് കൂടിയിട്ടുണ്ട്.

“ഇതൂടേ ഒള്ളു. ഇന്ന് രാത്രി ഇനി വേറേ ആരുമില്ല അടുത്തെങ്ങും. താൻ വണ്ടീലോട്ടിരിക്ക്.”, എന്ന് പറഞ്ഞ് ഐപ്പ് ലീനയുടെ കൈക്ക് പിടിച്ച് വലിച്ച് ഓട്ടോയിലേക്ക് കേറ്റാനൊരു ശ്രമം നടത്തി.

ലീന അപ്പൊഴും ആ പതിനാലുകാരിക്ക് അന്ന് ഫൈനലിൽ ഓടാനാവുമായിരുന്നെങ്കിലുള്ള കാര്യമാണോർക്കുന്നത് ഐപ്പ് ബാറ്റൺ പിടിക്കും പോലെ തന്നെ പിടിച്ചതും, ലീന കയ്യിലിരുന്ന ആ പഴയ ലെദർ ബാഗിൽ അറിയാതെ പിടി മുറുക്കി. ലീന പഴയ ആ സ്കൂൾ മൈതാനം കണ്ടു. ഫൈനലിനായിട്ട് അവളുടെ പേര്‌ അനൗൺസ്സ് ചെയ്തു കഴിഞ്ഞു. സെക്കൻഡ് കോളായി.

അവളുടെ ടീമിലുള്ള കൂട്ടുകാർ അവളുടെ പേര്‌ ആർത്ത് വിളിക്കുന്നതും കൂടി കേട്ടതോടെ ലീനയുടെ ലെദർ ബാഗ് ഐപ്പിന്റെ കരണത്ത് പതിച്ചു. പക്ഷെ അതുകൊണ്ട് നിർത്തിയില്ല. ബാറ്റൺ കിട്ടിയാൽ പിന്നെ പതിഞ്ഞ് ഓടിയിട്ട് കാര്യമില്ലെന്നറിയാം. പിന്നെ ചിന്തിക്കാൻ നേരമില്ല. പുകഞ്ഞ് നില്ക്കുന്ന ആ കരണത്ത് വീണ്ടും വീണ്ടും അടിച്ചു. അപ്രതീക്ഷിത അക്രമണം കൈകൊണ്ട് തടഞ്ഞ് ഒഴിഞ്ഞ് മാറാൻ നോക്കിയ ഐപ്പിന്റെ നടുവിനായി ബാക്കി സമ്മാനങ്ങളെല്ലാം.

ഐപ്പിന്‌ കൊടുക്കാനുള്ളത് കൊടുത്തിട്ട് ബാറ്റൺ കയ്യിൽ മുറുക്കി പിടിക്കുന്ന പോലെ ആ ഹാൻഡ്ബാഗും പിടിച്ച് ലീന ഇരുട്ടിലേക്ക് ഓടി.

ആദ്യത്തെ തല്ല് കണ്ടപ്പോൾ തന്നെ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിയോടിയ വണ്ടിയിലിരുന്ന ചെറുപ്പക്കാരൻ ഏതോ പോസ്റ്റിലിടിച്ച് വീണെന്ന് തോന്നുന്നു. അവൻ കരുതിക്കാണും ലീന ബാക്കി അവന്‌ തരാനാണ്‌ ഓടുന്നത്. അല്ല. അവൾടെ ലക്ഷ്യം മാമങ്കലത്തെ കുരിശുംതൊട്ടിയാണ്‌. പറ്റിയാൽ അത് വരേയും അവൾക്കോടണം. അവിടെ അവൾക്കാ ഫിനിഷിംഗ് ലൈൻ കാണാം. അവിടെ ചെന്ന് മുട്ടിൽ നിന്ന് പ്രാർത്ഥിക്കണം, ഇന്നവൾ എടുത്ത തീരുമാനത്തിനെല്ലാം അവൾടെ കൂടെ ദൈവമുണ്ടാവുമോന്ന് അവൾക്കറിയണം.

പരിചിതമല്ലാത്ത വഴികളിൽ പോലും വെളിച്ചമില്ലാത്തത് അവളെ അലട്ടിയില്ല. ഇത്രയും കാലം അഭയം തന്ന ഇരുട്ടിനെ അവൾക്കറിയാം. കൈവെള്ളപോലെ.

ഇരുട്ട് അവളേ വിഴുങ്ങി.  പഴയ ആ വേഗം അവളെ മറന്നിട്ടില്ല.

– ശുഭം –


 


 

ഇതും ക്ലാസ്സിൽ തന്ന ഒരു അസൈൻമെന്റാണ്‌. ആദ്യം ഞങ്ങളേക്കൊണ്ട് ഒരു ക്യാരക്ടർനെ രൂപപ്പെടുത്തിയിട്ട് അവനെ/അവളെ അധ്യാപകൻ തന്ന ഒരു ലൊക്കേഷനിൽ പ്ലേസ് ചെയ്ത് അദ്ദേഹത്തിന്റെ ഒരു ക്യാരക്ടറുമായിട്ട് നടന്നേക്കാവുന്ന കൂടിക്കാഴ്ച എഴുതി നോക്കിയതാണ്‌. ഞാൻ ജീവിതത്തിൽ എഴുതുന്ന മൂന്നാമത്തെ മലയാളം ചെറുകഥയാണിത്. അപ്പൊ അതിന്റേതായിട്ടുള്ള എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തന്നാൽ വല്യ ഉപകാരമായിരിക്കും.

~ G

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )