കെവ്വീരമ്മയും ചീന കണ്ണുകളും

കണ്ണിന്‌ രണ്ടും എന്താ ഈ ഷേപ്പ്‌? തൃക്കൊടിത്താനക്കാരൻ രാജ്മോഹനും തുമ്പമൺകാരി ശ്രീജയ്ക്കും ഉണ്ടായ മോന്‌ എങ്ങനെയാ ചൈനക്കാരന്റെ കണ്ണ്‌ കിട്ടിയെ?

അത് തന്നെയാണ്‌ അവന്മാരെല്ലാം ചോദിച്ചത്. അവന്മാരുടെ കൂടെയുള്ള അവളുമാരും.

ഇതേ ചോദ്യത്തിന്റെ വകഭേദങ്ങൾ തന്നെയാണ്‌ എല്ലാ ക്ളാസ്സുകളിലും, പിന്നീട്‌ എന്റ്രൻസ് കോച്ചിംഗ് സെന്ററിൽ ചെന്നപ്പോഴും കേട്ടിട്ടുള്ളത്. ഉത്തരമൊക്കെ മനസ്സിൽ പലവട്ടം പറഞ്ഞ് പഠിച്ചിട്ടും, ചോദ്യശരങ്ങളും റാഗിംഗും പ്രതീക്ഷിച്ച് പോയിട്ടും, വളഞ്ഞ് വട്ടമിട്ട് ചോദിച്ചപ്പൊ അങ്കിത്ത് പതറി പോയി.

അച്ഛൻ രാജ്മോഹന്റെയും, അച്ഛന്റെ പെങ്ങൾ രേവതിയാന്റീടെ കണ്ണുകളും ഇങ്ങനെയാണെന്നുള്ള സ്ഥിരം ഉത്തരം ഇവിടെ ഫലവത്തായില്ല. അവരുടെ കളിയാക്കലുകൾ അവന്റെ അപ്പനപ്പൂപ്പന്മാരെ പറ്റിയായി.

മറുപടിയില്ലായിരുന്നു അവന്‌, കാര്യം അവന്റെ അച്ഛന്റെ കുടുംബത്തിലെല്ലാരുടേയും കണ്ണുകൾ അവന്റേതുപോലെ തന്നെയാണ്‌.

ഭക്ഷണം കഴിക്കാൻ മെസ്സ് വരെ പോലും പോവാതെ റൂംമേറ്റ് പളനിയിൽ നിന്ന്‌ കൊണ്ടുവന്ന പഞ്ചാമൃതവും സതി ചേച്ചിയുടെ കടയിലെ ബ്രെഡും കഴിച്ചാണ്‌ ഒരു രാത്രി പിടിച്ച് നിന്നത്. ഇന്നിപ്പൊ പേടിച്ച് ഹോസ്റ്റലിൽ ഇരിക്കാതെ കോളേജിൽ പോയിരുന്നെങ്കിൽ മുങ്ങി നടക്കാനെങ്കിലും സ്ഥലമുണ്ടായിരുന്നു, ഇതിപ്പൊ ഈ ഇടനാഴികളിലെവിടെക്കൂടെ പോയാലും പിടിക്കപ്പെടുന്നു.

ഇത്തവണ വിചാരിച്ചത്ര ക്ഷമ മനസ്സ് കാണിച്ചില്ല. വിങ്ങിപ്പൊട്ടിക്കളഞ്ഞു.

അങ്ങനെ കരച്ചിൽ അലയടിക്കാൻ ബാക്കിയുണ്ടായിരുന്ന നാലാമത്തെ മെൻസ് ഹോസ്റ്റൽ ബ്ലോക്കിലും സകല സംഗതിയുമുള്ള ഒരു കരച്ചിൽ നിറഞ്ഞ് തുളുമ്പി.

മൂന്ന് നാല്‌ വർഷത്തിനിടെ ഇരുപതിലധികം സപ്ലിയടിച്ച് കഴിവ് തെളിയിച്ച്, പുതിയ പിള്ളേരേ പിടിക്കാൻ നടന്ന എല്ലാ ക്വിസ് മാസ്റ്റേർസും ആമ തല വലിക്കുന്നതിലും വൈവിധ്യത്തോടെ രംഗം വിട്ടു.

പിറ്റേന്ന് പ്രിൻസിപ്പാളിന്‌ റാഗിംഗ് റിപ്പോർട്ട് ഒന്നും കിട്ടിയില്ല, പക്ഷെ റെസിഡെന്റ് ട്യൂട്ടർ കം ഹോസ്റ്റൽ വാർഡൻ പ്രൊഫസർ രാമചന്ദ്രനേയും അങ്കിത്തിന്റെ അച്ഛനേയും വിളിച്ചു വരുത്തി കാര്യത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു.

ഓൾ ഇന്ത്യ ക്വോട്ടയിൽ കേറിയ നോർത്ത് ഈസ്റ്റിൽ നിന്നുള്ളവർ ആരെങ്കിലും റേസിസ്റ്റ് അറ്റാക്ക് എന്നും പറഞ്ഞ് ഏതെങ്കിലും സോഷ്യൽ മീഡിയ സൈറ്റിൽ പോസ്റ്റ് ഇട്ടാൽ പിന്നെ പടക്കക്കടയ്ക്ക് തീ പിടിച്ചപോലെ കുറേ കാലത്തേക്ക് കോളേജ് നിന്ന് കത്തും. വിദ്യാർത്ഥികളെന്ന് അവകാശപ്പെടുന്ന പാർട്ടി ഗുണ്ടകൾ കോളേജ് അടിച്ച് താർ മരുഭൂമിയാക്കും. കേരള സംസ്ഥാനത്തിന്റെ പ്രായമുണ്ട് ഈ തൃശ്ശൂർ എൻജിനിയറിംഗ് കോളേജിന്‌. പഴമയും പേരും മോശമല്ലാത്തതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർ പഠിക്കുന്നുണ്ട്. എല്ലാരേയും തൃപ്തിപ്പെടുത്തിയേ മതിയാവു.

പ്രിൻസിപ്പാളിന്റെയും വാർഡന്റേയും ക്ഷമാപണവും സുരക്ഷാ വാഗ്ദാനങ്ങളും രാജ്മോഹൻ ചിരിച്ച് തള്ളി. അയാൾക്ക് ഇതൊരു പുത്തരിയല്ല. അയാൾ ആകെ ആവശ്യപ്പെട്ടത് മകന്‌ ഒരു ചേയിഞ്ച് വേണം അതിന്‌ ഒരാഴ്ചത്തെ ലീവ് അനുവദിക്കണം എന്ന് മാത്രമാണ്‌. അവരത് കേട്ടപാടെ കേൾക്കാത്തപാടെ സമ്മതിച്ചുകൊടുത്തു.

അച്ഛൻ എന്ത് ചെയിഞ്ചാണ്‌ തനിക്ക് തരാൻ പോവുന്നതെന്ന് പാവം അങ്കിത്തിന്‌ മനസ്സിലായില്ല. ഇതേ കാര്യത്തിന്‌ പല കാലങ്ങളിൽ പല റൂമുകളിൽ അച്ഛന്റെ കൂടെ നിന്നിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു മറുപടി പുള്ളിക്കാരൻ പറഞ്ഞ് കേട്ടിട്ടില്ല.

തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഒന്നും പറഞ്ഞുമില്ല. മറുപടിയും പുതിയതാണ്‌. ഇത്തവണ പറയുന്നില്ല കാണിച്ച് തരാമെന്ന്.

ഇൻഡിഗോ എയർലൈൻസിന്റെ കണക്കപ്പിള്ളമാരുടെ മുട്ടിടിപ്പിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽ ഒരാളായതുകൊണ്ട്, അവര്‌ രാജ്മോഹൻ ആവശ്യപ്പെട്ട പോലെ തന്നെ ഫ്ലൈറ്റ് ടിക്കറ്റെല്ലാം എടുത്ത് കൊടുത്തു.

കൊച്ചി ടു കൊൽക്കത്ത, പിന്നെ അവിടുന്ന്‌ ദിമാപൂർ എന്ന സ്ഥലത്തേക്ക് കണക്ഷൻ ഫ്ലൈറ്റ്.

നാഗാലാൻഡിലാണ്‌ ദിമാപൂർ എന്ന് ഗൂഗിൾ അങ്കിത്തിന്‌ പറഞ്ഞുകൊടുത്തു. ദിമാപൂറിനെ കുറിച്ച് അറിയേണ്ടതെല്ലാം വിക്കീപീഡിയയും.

അവിടെ കാണാനും മാത്രമൊന്നുമില്ലെന്നത് വിഷമത്തിലേക്കല്ല നയിച്ചത്. കൂടുതൽ ജിജ്ഞാസയിലേക്കാണ്‌, സംശയങ്ങളിലേക്കും.

സംഭവ്യമായ കാര്യങ്ങളേക്കുറിച്ച് ആലോചിച്ച് പോയത് പിന്നെയും പിന്നെയും പല കൈവഴികൾ പിരിഞ്ഞ് ഒരു ബന്ധവുമില്ലാത്ത ദിവാസ്വപ്നങ്ങളിലേക്ക് പോയി തുടങ്ങി. പക്ഷെ മനസ്സിനെ നിയന്ത്രിക്കാൻ പോയില്ല. നെടുമ്പാശ്ശേരി എത്താൻ ഇനിയും സമയമെടുക്കുമെന്നോർത്ത് ചിന്തകളെ നിയന്ത്രിക്കെണ്ടെന്ന് തീരുമാനിച്ചു.

സ്വതവേ വാ തോരാതെ സംസാരിക്കുന്ന രാജ്മോഹൻ വണ്ടിയോടിക്കുമ്പോൾ മാത്രമേ മിണ്ടാത്തതുള്ളു. അതുകൊണ്ട് തന്നെ എയർപ്പോർട്ട് എത്തുന്നവരെ ക്ഷമിച്ചാൽ മതിയെന്ന് അങ്കിത്തിനറിയാം. ആ മുഖത്ത് നോക്കിയാലറിയാം എന്തോ രഹസ്യങ്ങൾ അണപൊട്ടാൻ കാത്തിരിക്കുകയാണ്‌. ഇത്രയും കാലം എന്താ പിന്നെ ഇങ്ങനെയൊരു സന്ദർഭം കാത്ത് നിന്നത്?

ചെക്ക്-ഇൻ ചെയ്തപ്പോൾ തന്നെ രാജ്മോഹൻ സത്യങ്ങൾ നിരത്തിത്തുടങ്ങി. ആദ്യത്തേത്, അവർക്ക് ചെന്ന് ചേരേണ്ടയിടം ദിമാപൂർ അല്ലെന്നാണ്‌.

കോഹിമയാണ്‌ ലക്ഷ്യം.

നാഗാലാൻഡിന്റെ തൽസ്ഥാനം കോഹിമയാണെങ്കിലും അവിടെ സിവിൽ എയർപോർട്ട് ഇല്ല.

പിന്നെ പറഞ്ഞത് കെവ്ഹിരയുടെ ചരിത്രമാണ്‌. പഴയ കോഹിമയുടെ.

ബ്രിട്ടീഷുകാർ അവരുടേതെന്ന് സ്വയം പ്രഖ്യാപിച്ച് അവരുടെ തൽസ്ഥാനം നാഗാ ഹില്ല്സിലേക്ക് മാറ്റുന്നത് വരെ അത് കെവ്ഹിര ആയിരുന്നു. ആ പേര്‌ മര്യാദയ്ക്ക് ഒന്ന് ഉറക്കെ പറയാൻ പോലും പറ്റാതെ വന്നപ്പൊ അവന്മാര്‌ ആ പേര്‌ അങ്ങ് മാറ്റിക്കളഞ്ഞു. അങ്ങനെയാണ്‌ കോഹിമ ജനിക്കുന്നത്.

സംസാരം അവിടെ വെച്ച് നിർത്തി അങ്കിത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി രാജ്മോഹൻ ഒരു ഒന്നര മിനിറ്റ് ഒന്നും മിണ്ടാതെയിരുന്നു. അയാൾ പറഞ്ഞത് അവൻ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ അവൻ കെവ്ഹിരയെന്ന പേര്‌ കേൾക്കുമ്പോൾ തന്നെ എന്തൊക്കെയോ കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ച് അമ്പരന്ന് തുടങ്ങേണ്ടതാണ്‌.

അവൻ അമ്പരപ്പിന്റെ പാരമ്യതയിലാണെന്ന്‌ മനസ്സിലാക്കി കഥ തുടർന്നു.

ബ്രിട്ടീഷുകാരുടെ കടന്നുകയറ്റത്തിന്‌ മുമ്പ്, അംഗാമി നാഗ ഗോത്രക്കാരുടേതായിരുന്നു കെവ്ഹീര. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷിച്ച് വിജയിച്ച അതേ കുടിലതന്ത്രം തന്നെയാണ്‌ ബ്രിട്ടീഷുകാർ ഇവിടെയും പരീക്ഷിച്ചത്. മുട്ടനാടുകളെ തമ്മിൽ തെറ്റിച്ച് കൊമ്പ് കോർപ്പിച്ച ചോരക്കൊതിയൻ ചെന്നായയുടെ ഡിവൈഡ് ആൻഡ് റൂൾ യുദ്ധകൗശലം. അങ്ങനെ നല്ല പോരാളികൾക്ക് പേര്‌ കേട്ട, ഒരു ഭരണാധികാരിക്ക് പോലും കീഴടക്കാനാവാത്ത അംഗാമികൾ പിരിഞ്ഞ് നാല്‌ ഗ്രൂപ്പുകളായി ആയി. അല്ല അഞ്ച്. ദിക്കുകൾ അനുസരിച്ചുണ്ടായ നാലെണ്ണത്തിൽ ഒന്ന് തെറ്റിപ്പിരിഞ്ഞ് വേറേ വർഗ്ഗം തന്നെയുണ്ടായി. പക്ഷെ ഇതിനൊക്കെ മുൻപ് നാല്‌ ദശാബ്ദം നീണ്ട് നിന്ന ഉഗ്രൻ യുദ്ധമുണ്ടായിരുന്നു. അത്രയുമൊക്കെ വെള്ളക്കാരോട് പിടിച്ച് നിന്ന വേറൊരു കൂട്ടരും അന്ന് ഭാരതത്തിൽ ഇല്ലായിരുന്നു.

“പപ്പാ, ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നേന്‌ മുമ്പ് മൊബൈൽ എടുത്ത് വെക്കാൻ അവര്‌ പറയും. എനിക്ക് പഴമ്പുരാണം മൊത്തം വായിച്ച് തെരെണ്ട. വേണ്ടത് മാത്രം പറ.“

”ഓ പിന്നെ, നീ എന്നാ വിചാരിച്ചു? ഞാൻ നോക്കി വായിക്കുവല്ല. ഇതൊക്കെ അംഗാമി രക്തമുള്ള എല്ലാർക്കുമറിയാം.“

”അംഗാമി രക്സ്തം. അതെങ്ങനെയാ ശരിയാവുന്നെ? മൂന്ന് തലമുറയുടെ ഫോട്ടോസ് ഞാൻ ഗ്രാൻഡ്പായുടെ ആൽബത്തിൽ കണ്ടതാ. കണ്ൺ ഇങ്ങനെയാ എല്ലാരടേയും. എന്നുവെച്ച്..“

അങ്കിത്ത് മുഴുമിച്ചില്ല. പപ്പ ചുമ്മാ പറയാൻ വേണ്ടി ഒന്നും പറയില്ലെന്ന് അവനറിയാം.

”അപ്പു, നീ ഡോക്ട്രൈൻ ഓഫ് ലാപ്‌സിനെക്കുറിച്ച് കേട്ടിട്ടൊണ്ടോ?“

ദത്തവകാശ നിരോധന നിയമം. നാട്ട് രാജാക്കന്മാരിൽ പുത്ര സൗഭാഗ്യം ഇല്ലാത്തവർ ദത്തെടുത്ത് അനന്തരാവകാശിയെ കണ്ടെത്തുന്നത് നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രഭുക്കന്മാർ പുറത്തിറക്കിയ ഒരു നിയമം. ദൽഹൗസി പ്രഭുവിന്റെ കാലത്ത് ഒരുപാട് നാട്ട് രാജ്യങ്ങൾ വെള്ളക്കാരുടെ കാൽക്കീഴിലാവാൻ കാരണം ഈ അടിച്ചേല്പ്പിച്ച നിയമമാണ്‌. അതുകൊണ്ട് തന്നെ ഒരു തെറ്റിദ്ധാരണയും പറഞ്ഞ് കേട്ടിട്ടുണ്ട്, ഈ നിയമം ദൽഹൗസിയുടെ കുശാഗ്രബുദ്ധിയാണെന്ന്. എന്നാൽ അല്ല. ദൽഹൗസിയാണ്‌ ആ നിയമം പൂർണ്ണമായും പാലിക്കപ്പെടാനുള്ള എല്ലാ തരംതാണ വേലകളും ആദ്യം ഒപ്പിച്ചത്. അത് വരെ ഉണ്ടായിരുന്നവരെല്ലാം ആ നിയമത്തിനെതിരെ ശബ്ദമുയർത്തിയ രാജാക്കന്മാരെ കുറച്ചെങ്കിലും ഭയന്നവരായിരുന്നു.

കോർട്ട് ഡയറക്‌ടർ ആയിട്ട് പാറ്റ്റിക്ക് വാൻസ് സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത്, ഒരു അസിസ്റ്റന്റ് അറ്റോര്ർണി മി.അലക്സാണ്ടർ മില്ല്സ് അന്നത്തെ അംഗാമി നേതാവ് കിരേ സുവോഖ്രിയ്ക്ക് പുത്ര ഭാഗ്യമില്ലെന്ന് അറിഞ്ഞ് അവസരം മൊതലെടുക്കാൻ വന്നു.

മാണ്ഡ്വിയും കൊളാബയും ഒക്കെ ഈസ്റ്റ് ഇന്ത്യ കമ്പനിയിലേക്ക് തുന്നി ചേർത്തപോലെ അത്ര എളുപ്പമാവില്ല അംഗാമികളെ സമ്മതിപ്പിക്കാൻ എന്ന് മില്ല്സിന്‌ അറിയാമായിരുന്നു. യുദ്ധം ചെയ്ത് തോല്പ്പിക്കുന്നത് ഒരിക്കലും ചിന്തിക്കാൻ പോലും അന്നത്തെ നിലയ്ക്ക് സാധിക്കില്ലായിരുന്നു.

അംഗാമികളെ അവരുടെ തട്ടകത്തിൽ പോയി ഒന്ന് പേടിപ്പിക്കാൻ പോലും ആവില്ലായിരുന്നു. അംഗാമികളുടെ വാസസ്ഥലത്തിന്റെ ഭൂപ്രകൃതി അവരുടെ ശക്തി എട്ട് മടങ്ങ് കൂട്ടിയിരുന്നു. അവിടെയൊരു യുദ്ധം നടന്നാൽ നാശം ഏത് വശത്തിനാവുമെന്ന് അന്നത്തിനായി മദാമ്മമാരുടെ അടിപ്പാവാട കഴുകിയിരുന്ന അടിമകൾക്കുവരെ ഊഹിക്കാമായിരുന്നു.

മില്ല്സ് ഒരു കുറുക്കനായിരുന്നു. അയാൾ അംഗാമി ദേശത്തേക്ക് എഴുന്നെള്ളാൻ തീരുമാനിച്ചത് അംഗാമികളുടെ ഏറ്റവും കാര്യമായിട്ട് ആരാധിച്ചിരുന്ന സെക്രെന്യി ആഘോഷത്തിന്റെ രണ്ടാം ദിവസം.

ഉദ്ദേശ്ശം നല്ലതൊന്നുമാവില്ലെന്ന് അവർക്കറിയാം പക്ഷെ കൊല്ലത്തിൽ ആ പത്ത് ദിവസങ്ങളിൽ വരുന്നത് കാലൻ ആണെങ്കിലും സൽക്കരിക്കണമെന്നാണ്‌ പ്രമാണം.

വിളവെടുപ്പെല്ലാം കഴിഞ്ഞുള്ള പവിത്രീകരണത്തിന്റെ ഒരു അഘോഷമാണ്‌ സെക്രെന്യി. ആരാധനയും. കെസെയി മാസത്തിന്റെ ഇരുപത്തഞ്ചാം നാൾ തുടങ്ങുന്ന ആരാധനകൾ നലാം നാൾ കഴിയുമ്പോഴേക്ക് ആഘോഷങ്ങൾക്ക് വഴിമാറും. പാടിനും, മേളത്തിനും, നൂറുകണക്കിന്‌ വിഭവങ്ങളാൽ സമ്പന്നമായ സദ്യയിലേക്കും.

ബാക്കി എട്ട് ദിവസം മില്ല്സിനെ ദൈവത്തെ പോലെ ബഹുമാനിച്ച് ആഘോഷത്തിൽ കൂട്ടി, ഉറക്കി. ഇതിനിടയിൽ സുവോഖ്രിയുമായി അടുപ്പം നടിച്ച് നടന്നിരുന്ന മില്ല്സ്, എന്നും ചതുരംഗം കളിയിൽ തോറ്റ് കൊടുക്കാൻ മറക്കാറില്ലായിരുന്നു.

പത്താം നാൾ നെല്ലിൽ വാറ്റിയ അംഗാമി ചാരായം വാങ്ങി മോന്തി അതിന്റെ കെട്ടിൽ പറയുന്ന പോലെ മില്ല്സ് സുവോഖ്രിയെ വെല്ലുവിളിച്ചു.

ആണത്തം തെളിയിക്കാൻ!!

മാണ്ഡ്‌വി ദേശത്തെ വീരശൂരപരാക്രമി രാജാവൊക്കെ അഭിമാനിയായതുകൊണ്ട് രാജ്യം ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഏൽപ്പിച്ചതൊക്കെ നിരത്തി.

പത്ത് ദിവസത്തെ ആഘോഷവും നല്ല രീതിയിൽ തീർക്കാനാവുന്നത് നാടിന്റെയും നേതാവിന്റെയും നേട്ടമായിക്കണ്ട് സന്തോഷത്തോടെ മത്ത് പിടിക്കാൻ പാകത്തിന്‌ കുടിച്ചിരുന്ന സുവോഖ്രി, തോറ്റ് കൊടുക്കാൻ തയ്യാറല്ലായിരുന്നു.

അടുത്ത സെക്രെന്യി നടത്തുമ്പോഴേക്ക് ഇതിനൊരു തീരുമാനം ആയില്ലെങ്കിൽ താൻ തോൽവി സമ്മതിക്കാമെന്ന് സുവോഖ്രി പറഞ്ഞു പോയി.

മില്ല്സ് പോയി കഴിഞ്ഞിട്ടാണ്‌ ഭാര്യയോട് അവതരിപ്പിച്ചത് പോലും!

ഭാര്യ ആലോചിച്ചിട്ട് വേറേ വഴിയൊന്നുമില്ല. കാരണം അത്രയും കാലം അവര്‌ ആവുന്ന ചികിത്സയൊക്കെ നടത്തിയതാണ്‌. ഫലമൊന്നും കണ്ടില്ല. പ്രശ്നം ഭർത്താവിനാണെന്ന് തീർത്ത് പറഞ്ഞ ഒന്ന് രണ്ട് വൈദ്യന്മാരെ പിന്നെ ആരും കണ്ടിട്ടില്ലെന്നാണ്‌ അവർക്ക് കിട്ടിയ അറിവ്‌.

പിന്നെ ഒരു ആറേഴ് മാസക്കാലം വീണ്ടും പല ദേശങ്ങളിൽ നിന്ന് രഹസ്യമായി വരുത്തിയ വൈദ്യന്മാരുടെ ചികിത്സയിലായിരുന്നു സുവോഖ്രിയും ഭാര്യയും.

ഒന്നും ഏൽക്കാതെ നാടിന്റെ അധോഗതിയോർത്ത് വിഷമിച്ചിരുന്ന കാലത്ത് സുവോഖ്രിയുടെ പോരായ്മ മാറ്റുന്ന മരുന്ന് വികസിപ്പിച്ചെടുത്തത്, ഭാരതത്തിന്റെ തെക്കെങ്ങോ ഉള്ള മാടപ്പള്ളിയെന്ന ഗ്രാമത്തിൽ നിന്ന് വന്ന ഒരു വൈദ്യനാണ്‌.

വൈദ്യമേ ജീവിതമെന്ന് കരുതി ജീവിച്ചിരുന്ന ഹിമാലയ സാനുക്കളിലെ ഗുരുക്കന്മാരെ തേടി പോയ ആ മനുഷ്യനെ സുവോഖ്രിയുടെ ഭൃത്യന്മാർ ചീന ദേശത്തുനിന്ന് എവിടുന്നോ തേടി കണ്ടുപിടിച്ചതാണ്‌.

അംഗാമി ഭാഷ വശമില്ലാത്ത അയാൾ അംഗാമികളുടെ ഭാവി സുരക്ഷിതമാക്കി. അന്ന് അംഗാമികൾക്ക് ജനിച്ച മകൻ രാജ്യഭരണമേറ്റെടുക്കുന്ന വരെ രണ്ട് ദശാബ്ദക്കാലത്തേക്ക് മില്ല്സിന്റെ കുയുക്തിയൊന്നും നാഗാ മലനിരകളിൽ ചിലവായില്ല.

അന്ന് ആ വൈദ്യൻ ചെയ്ത സഹായത്തിന്‌ പകരമായി, സുവോഖ്രി തന്റെ കൂടപ്പിറപ്പ് ഇറാലുവിനെ അദ്ദേഹത്തിന്‌ ജീവിത സഖിയായി സമ്മാനിച്ചു.

“വെയിറ്റ് വെയിറ്റ്…വെയിറ്റ്…. ആം ഐ ഗസ്സിങ്ങ് ഇറ്റ് റൈറ്റ്? ആ വൈദ്യൻ ഭാര്യയേംകൊണ്ട് തിരിച്ച് നാട്ടിൽ വന്നു സെറ്റിൽഡ് ആയി…. ആ പുള്ളിക്കാരന്റെ പരമ്പരയിലേ ലാസ്റ്റ് കണ്ണിയാന്നോ ഞാൻ?”

രാജ്മോഹൻ ചിരിച്ചു. തലകുലുക്കുമ്പോഴുള്ള സന്തോഷം കണ്ട് അങ്കിത്തും.

“നമ്മുടെ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠ കെവ്വീരമ്മ അപ്പൊ അംഗാമികളുടെ ദേവിയാണോ?”

“നാഗ മലകളീന്ന് ഇറങ്ങി ഇങ്ങ് തെക്കേയറ്റത്തേക്ക് കാൽനടയായിട്ട് വന്ന ഇറാലുവിനെയും ഭർത്താവിനെയും കുഞ്ഞിനേയും കാക്കാൻ, അംഗാമികൾ അവരുടെ കാവൽ ദേവിയുടെ പ്രതിഷ്ഠയുടെ ഒരു മാതൃക കൊടുത്തുവിട്ടു. ഇത്രയും ദൂരം സകല പ്രശ്നങ്ങളിൽ നിന്നും അവരെ കാത്ത കെവ്വീരമമയെ, ഇവിടെ എത്തിയതിന്റെ അടുത്ത ദിവസം തന്നെ മാടപ്പള്ളീന്ന് ഇങ്ങ് മാറി തൃക്കൊടിത്താനത്ത് പ്രതിഷ്ഠിക്കാൻ തീരുമാനിച്ചെന്നാ ഞാൻ കേട്ടിട്ടൊള്ളത്.”

“പപ്പാ, പിന്നെന്താ ഇവർക്ക് നമ്മളോട് ദേഷ്യമാന്ന് പറഞ്ഞെ? അതെനിക്ക് മനസ്സിലായില്ല.”

“പ്രസവം ഭർത്താവിന്റെ വീട്ടിൽ നടക്കുന്നതിലെ ശുഭലക്ഷണം പറഞ്ഞ് കൺവിൻസ് ചെയ്തിട്ടാ ഇറാലുവിനെ തൃക്കൊടിത്താനത്ത് കൊണ്ടുവന്നെ. പക്ഷെ ഇറാലു പിന്നെ നാഗമല കണ്ടിട്ടില്ല. വല്യ ചതിയായിട്ടാണ്‌ ഇന്നും അംഗാമികൾ അതിനെ കാണുന്നത്. ഈ നാട്ടിലുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും, എന്തിന്‌ പറയുന്നു ബ്രിട്ടന്റെ കീഴിൽ ആയി അവരുടെ ഹെഡ്ക്വാർട്ടേസ് നാഗാ ഹില്ല്സ് ആവാൻ വരെ കാരണം നമ്മൾടെ അപ്പനപ്പൂപ്പന്മാരുടെ ചതിയാന്നാ ഇന്നും അംഗാമികൾ കൂട്ടുന്നെ.“

”ശ്ശെടാ, ഇതൊരു ഹൈ ബഡ്ജെറ്റ് പടം ആവാനൊള്ള സ്കോപ്പ് ഒണ്ടല്ലൊ. എന്തായാലും കൊള്ളാം.“

ദിമാപൂരിൽ നിന്ന് റോഡ് മാർഗ്ഗം കോഹിമയിലെത്തിയിട്ട്, ബ്രിട്ടീഷുകാരുടെ യുദ്ധക്കല്ലറകളുടെ ഏര്യയിലേക്ക് പോവാനാണ്‌ രാജ്മോഹൻ ഡ്രൈവർക്ക് നിർദ്ദേശം കൊടുത്തത്. സെമിത്തേരിയുടെ ഒരറ്റം മുതൽ അടുത്തത് വരെ നടന്നെത്താൻ ഒരു ദിവസമെടുക്കും. പക്ഷെ അര മണിക്കൂർ അതൊന്ന് കണ്ട് നടക്കാൻ പറഞ്ഞിട്ട് രാജ്മോഹൻ ഒരു റെന്റൽ കാർ ഒപ്പിക്കാനായി നടന്നകന്നു.

ഒരു സെമിത്തേരിയും കണ്ടിട്ടില്ലാത്ത അങ്കിത്തിന്‌ അതൊരു പുതിയ അനുഭവമായിരുന്നു. നഗന്മാരെക്കാൾ ബ്രിട്ടീഷുകാരെയാണ്‌ അവിടെ കണ്ടത്.

രണ്ടും മൂന്നും തലമുറയ്ക്ക് മുമ്പ് അവരുടെ നാടിനു വേണ്ടി ഇവിടെ വന്ന്‌ പടയൊരുക്കി നാഗന്മാരുടെയും ലോകമഹായുദ്ധങ്ങളിലെ എതിർ ചേരിക്കാരുടേയും വാളിനും തോക്കിനും ഇരയായവരുടെ ബന്ധുക്കൾ, ഇന്നും കല്ലറകളിൽ വന്ന് മെഴുകുതിരി വെച്ച് പ്രാർത്ഥിക്കുന്നു. അവൻ അവന്റെ കാര്യമോർത്ത് ലജ്ജിച്ചു.

ഏറ്റവും തല താഴ്ത്തിയത്, യുദ്ധക്കെടുതിയിൽ ആരാണെന്ന് പോലും തിരിച്ചറിയാനാവാത്ത് വിധം കൊല്ലപ്പെട്ട പടയാളികളുടെ കല്ലറകൾ കണ്ടപ്പോഴാണ്‌.

ഏത് യുദ്ധമാണെന്ന് മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളു. പേരിന്റെ സ്ഥാനത്ത് ദൈവത്തിന്‌ മാത്രം അറിയാമെന്നാണ്‌ കൊത്തി വെച്ചിട്ടുള്ളത്. അതിന്റെ അരികിൽ പോലും ഉരുകിയൊലിക്കുന്ന മെഴുകുതിരികൾ കണ്ടു. അതാണ്‌ അതിശയം.

പുറത്തേക്ക് നടക്കുമ്പോഴേക്ക്, അവനെ കാത്ത് ഒരു വെള്ള സെഡാൻ കിടപ്പുണ്ടായിരുന്നു.

രാജ്മോഹൻ അങ്കിത്തിനേ ആദ്യം കൊണ്ടുപോയത് കോഹിമാ സ്റ്റേറ്റ് മ്യൂസിയത്തിലേക്കാണ്‌. അംഗാമി ചരിത്രത്തേക്കുറിച്ചുള്ള ശേഷിപ്പുകളെല്ലാം കണ്ട ശേഷം, അംഗാമികളുടെ പോയ കാലത്തെ ഓർമ്മിപ്പിക്കുന്നതിൽ പ്രവേശനം നിരോധിച്ചിട്ടില്ലാത്ത ഓരോ സ്ഥലങ്ങളിലൂടെയും ഓടിച്ചൊന്ന് കടന്നു പോയി.

അവസാനം നാഗാ ബാസാറിലൂടെ നടക്കുമ്പോൾ ഇൻഡിഗോയിൽ നിന്ന് രാജ്മോഹനൊരു ഫോൺ വന്നു.

തമിഴ് നാട്ടിൽ എം.എൽ.ഏമാരെ റിസോർട്ടിൽ പാർപ്പിച്ച് ഭരണത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം കൊണ്ടുവന്ന മാതൃക പിന്തുടർന്ന്, നാഗാലാൻഡിന്റെ മുൻ മുഖ്യൻ 40 എം.എൽ.ഏമാരെ സംസ്ഥാനത്തിന്റെ അതിർത്തിക്കപ്പുറത്ത് കാസിരംഗാ നാഷണൽ പാർക്കിൽ പാർപ്പിച്ചിരിക്കയാണ്‌. സംഘർഷ സാധ്യതകൾ മുന്നിൽ കണ്ട് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചാൽ പിന്നെ അടുത്ത ഫ്ലൈറ്റ് എപ്പോഴെന്ന ചോദ്യത്തിന്‌ ഉത്തരമുണ്ടാവില്ലത്രെ.

അത് കേട്ടതോടെ നാട്ടിലേക്ക് തിരിക്കാമെന്ന് രാജ്മോഹൻ തീരുമാനിച്ചുറപ്പിച്ച് കാറും വാടകയും എയർപ്പോർട്ടിൽ വന്ന് വാങ്ങിക്കോളാൻ വിളിച്ച് പറഞ്ഞു.

സൂര്യൻ അസ്തമിക്കുമ്പോഴേക്ക് തന്നെ അവർ ദിമാപൂരിന്‌ മുകളിലൂടെ പറന്ന് തുടങ്ങി.

അങ്കിത്തിന്റെ മുഖത്ത് എന്തൊക്കെയോ സംശയങ്ങൾ അപ്പോഴും നിഴലിക്കുന്നത് കണ്ട് രാജ്മോഹൻ എന്ത് പറയണമെന്ന് സമയമെടുത്ത് അലോചിച്ചു.

അത് വരെ പറഞ്ഞതിന്റെ പരിപൂർണ്ണതയ്ക്കെന്നവ്വണ്ണം അയാൾ നിശബ്ദത ഭേദിച്ചു.

“ഇനി അപ്പനപ്പൂപ്പന്മാർടെ സ്വഭാവ ദൂഷ്യത്തെ കളിയാക്കാൻ ആരേലും വരുമ്പൊ ബ്ബ..ബ്ബ..ബ്ബാ അടിക്കല്ല്‌. കേട്ടോടാ! അങ്ങനെ ആരടേം അവിഹിതത്തിലൊണ്ടായതൊന്നുമല്ല നമ്മളൊന്നും. ഈ പറഞ്ഞതൊന്നും നമ്മൾടെ കുടുംബത്തിന്റെ പൊറത്തോട്ട് പോവെണ്ട, പക്ഷെ കളിയാക്കുന്നവന്മാർടെ മുന്നിൽ തോറ്റ് കൊടുക്കുകേം വേണ്ട. പറഞ്ഞ് വരുമ്പൊ ഒരു നാട്ടുരാജ്യത്തിന്റെ പകുതി ഭരണത്തിന്‌് അവകാശികളാ. അത് മനസ്സിലൊണ്ടാവണം.”

സമ്മതം മൂളിക്കൊണ്ട് അങ്കിത്ത് നാഗാ ഹില്ല്സ് പിന്നിലാവുന്ന കാഴ്ചയിൽ മുഴുകിക്കൊണ്ട് ഇൻഡിഗോ എയർലൈൻസിന്റെ ബിസിനസ്സ് ക്ലാസ്സ് സീറ്റിലേക്ക് ചരിഞ്ഞ് കിടന്നു.

ചെവിയിൽ തിരുകിയ ഹെഡ് സെറ്റിലൂടെ എഡ് ഷീരന്റെ ഷേപ്പ് ഓഫ് യൂ കേൾക്കുമ്പൊ കെമിസ്റ്റ്രി ലാബിൽ വെച്ച് ചിരിച്ച അർച്ചനയല്ല ഇത്തവണ മനസ്സിലേക്ക് വന്നത്. കെവ്വീരമ്മയും പൂർവ്വീകരുടെ കഥകളും മാത്രം.

അത്രെക്ക് ധീരതയൊക്കെ തന്റെ രക്തത്തിൽ എവിടെയോ ഒളിച്ചിരിപ്പുണ്ടെങ്കിൽ അതൊക്കെ പുറത്തെത്തിക്കാൻ സമയമായെന്ന് സ്വയം പറഞ്ഞ് ബോധിപ്പിച്ചുകൊണ്ടേ ഇരുന്നു.

അങ്കിത്തിന്റെ മുഖം വായിച്ചിട്ടെന്നവ്വണ്ണം രാജ്മോഹൻ മെല്ലെ എണീട്ട് വാഷ്റൂം ലക്ഷ്യമാക്കി നടന്നു.

കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖത്തൊഴിച്ചിട്ട് വെള്ളത്തുള്ളികൽ ഒഴുകി താഴെ വീഴുന്നതും കണ്ണാടിയിൽ നോക്കിയങ്ങനെ നിന്നു.

മനസ്സിൽ കുറ്റബോധം ലവലേശമില്ല, പക്ഷെ താൻ പറഞ്ഞുകൂട്ടിയ നുണകളുടെ ആഴവും വ്യാപ്തിയും മകൻ മുഖത്ത് നിന്ന് വായിച്ചെടുക്കുമോ എന്നൊരു പേടി അയാളെ അലട്ടുന്നുണ്ട്.

സുവോഖ്രി അന്ന് മില്ല്സിന്‌ മുന്നിലും തന്നെ ജീവന്‌ തുല്യം സ്നേഹിച്ച ജനതയ്ക്ക് മുന്നിലും നാണം കെട്ടുവെന്നതാണ്‌ സത്യം.

സുവോഖ്രിയുടെ ഭാര്യ ഇറാലുവിന്‌ ജനിച്ച കുഞ്ഞിന്‌ അംഗാമികളുടെ കണ്ണുകളായിരുന്നു, പക്ഷെ ചികിത്സിക്കാൻ വന്ന വൈദ്യന്റെ ഛായയായിരുന്നു അവന്‌.

അന്ന് അംഗാമി വീരന്മാരുടെ വാൾത്തല ഭയന്ന് വൈദ്യന്റെയൊപ്പം കുഞ്ഞിനേയുമെടുത്ത് ഒളിച്ചോടിയ ഇറാലു തന്റെയും കുഞ്ഞിന്റെയും രക്ഷയ്ക്കായി കെഹ്വീരയുടെ കാവൽ ദേവിയേയും കൂടെ കൂട്ടിയെന്ന ചരിത്രം അതോടെ ചരിത്രമായി.

കണ്ണാടിയിൽ കാണുന്ന രൂപത്തോട് പൊറുത്തുകൊണ്ട് രാജ്മോഹൻ സ്വയം ധരിപ്പിച്ചു, തന്റെ മകനെങ്കിലും അഭിമാനത്തോടെ മക്കൾക്ക് പറഞ്ഞ് കൊടുക്കാനൊരു ചരിത്രം വേണമായിരുന്നു. ഇന്ന് അതായി.

മധുരം പൊതിഞ്ഞ നുണകളും തിരുത്തലുകളാണല്ലൊ ചരിത്രം മുഴുവനെന്ന്‌ ഏതെങ്കിലും മഹാൻ പറഞ്ഞിട്ടുണ്ടാവണമെന്ന് ആശ്വസിച്ച് തിരിച്ച് സീറ്റിലേക്ക് നടന്നു.

നാഗാ താഴ്വരയിലൂടെ കുതിരയെ വെട്ടിച്ചോടിക്കുന്നത് സ്വപ്നം കണ്ടാവണം മകൻ ഇരുന്ന് രോമാഞ്ചം കൊള്ളുന്നതെന്ന് ഓർത്തപ്പോൾ രാജ്മോഹന്റെ മുഖത്ത് വിശാലമായൊരു കള്ളച്ചിരി വിരിഞ്ഞു.

അത് കണ്ട് അംഗാമി യോദ്ധാക്കളുടെ ആത്മാക്കളും ചിരിച്ചു. പൊട്ടിച്ചിരിച്ചു.

____________________________________________

____________________________________________

ഡൊക്ട്രൈൻ ഓഫ് ലാപ്സിനെ കുറിച്ച് വായിച്ചതാണ്‌ ഈ നുണയൊക്കെ എഴുതാൻ എന്നെ പ്രേരിപ്പിച്ച വിത്ത്. പേരുകളും മറ്റും സത്യമാണെന്നല്ലാതെ ഇതിൽ ഒന്നും തന്നെ നടന്നതല്ല. ഈ ഡെല്യൂഷൻ മുഴുവൻ എഴുതാൻ എന്നെ സഹായിച്ച ഗൂഗിൾ അപ്പൂപ്പനും വിക്കീപ്പീഡിയ അമ്മൂമ്മയ്ക്കും നൂറ്‌ ഉമ്മ.

~ G

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )