ഇന്നീ തീരം തേടും

പാപ്പന്‌ വന്ന മാറ്റം എന്ന് പറഞ്ഞാൽ, ക്ഷമിക്കണം മാറ്റം എന്ന് പറഞ്ഞാൽ പോര. പുതിയ വാക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു. പാപ്പൻ പീറ്ററായ കഥ കേട്ടാൽ ആരും വിശ്വസിക്കാനിടയില്ല. എന്നാലും പറയാം.

പക്ഷെ പാപ്പനേ കുറിച്ച് പറയണമെങ്കിൽ ആദ്യം അവന്റെ അപ്പൻ വറീച്ചനെക്കുറിച്ച് പറയണം. ഇല്ലെങ്കിൽ മോശമാണ്‌.

സിനിമകളിലൊക്കെ കാണുന്ന എല്ലാരേയും വിറപ്പിക്കുന്ന ഇനം ക്ലീഷേ പോലീസുകാരൻ തന്നെയായിരുന്നു വറീച്ചൻ. പക്ഷെ അയാളെ എല്ലാരിൽ നിന്നും വ്യത്യസ്തൻ ആക്കുന്ന ഒന്നുണ്ട്.

അയാൾക്ക് കുറ്റവാളികളുടെ ഭാഗത്തുനിന്ന് ചിന്തിക്കാനൊരു പ്രത്യേക കഴിവുണ്ട്‌.

ഈ കുരുട്ടുബുദ്ധി പിൽക്കാലത്ത് അയാൾക്ക് കൺഫെർഡ് ഐ.പി.എസ്. വരെ നേടിക്കൊടുത്തു.

അല്ലാതെ കടുവയെ കൂട്ടിലിട്ട് തല്ലി കരടിയാക്കുന്നവന്മാരെ പോലെ ആരുടെയും ബൂട്ട് നക്കിയതിന്‌ കിട്ടിയ പ്രതിഫലമല്ല അയാളുടെ തോളിൽ സ്ഥാനം പിടിച്ച നക്ഷത്രങ്ങൾ. മാത്രമല്ല, കാക്കി ഇട്ടത് ഭൂമിക്ക് വേണ്ടാത്ത ചില അവന്മാരുടെ സ്വാതന്ത്ര്യം വെട്ടിച്ചുരുക്കുന്ന എന്തോ ഒരു നിയോഗമായിട്ട് കരുതുന്ന മനുഷ്യനാണയാൾ. സഹപ്രവർത്തകരെപ്പോലെ അതൊരു ജോലിയായിട്ട് കൂട്ടിയിട്ടില്ല.

അതുകൊണ്ടെന്താ, തെക്കൻ കേരളത്തിലെവിടെ കലങ്ങി തെളിയാത്ത കേസുണ്ടെങ്കിലും വറീതിനെ കൊണ്ടുവന്നൊന്ന് മണപ്പിച്ചു നോക്കെന്നാണ്‌ മുതിർന്ന സിംഹങ്ങൾ അന്വേഷണത്തിൽ തല കറങ്ങി നിൽക്കുന്ന യുവ തുർക്കികൾക്ക് കൊടുക്കാറുള്ള ഉപദേശം.

അത് വറീച്ചനെങ്ങാനും കേട്ടാൽ പറഞ്ഞ സിംഹത്തിന്റെ കാര്യം പോക്കാണ്‌. എന്നാലും പലരും ആ പ്രയോഗം തന്നെയാണ്‌ കാലാകാലങ്ങളായി ഉപയോഗിച്ച് പോരുന്നത്. അതിന്‌ കാരണം കുറ്റകൃത്യം നടന്ന സംഭവസ്ഥലത്ത് അയാൾ ചിലവാക്കുന്ന സമയമാവണം. ഇൻക്വെസ്റ്റിന്‌ ഒരു ശരാശരി അന്വേഷണ ഉദ്യോഗഥൻ എടുക്കുന്ന സമയം കഴിഞ്ഞ് ഫോറെൻസിക്ക് ഉദ്യോഗസ്ഥർ തെളിവെല്ലാം കവറിലാക്കി തിരിച്ച് പോയാലും ചിലപ്പൊ അയാൾ ഒരോ മുക്കിലും മൂലയിലും നിന്ന് എന്തൊക്കെയോ ആലോചിച്ച് കൂട്ടുന്നത് കാണാം.

ഇങ്ങനെ മണം പിടിച്ച് നിന്ന് ആലോച്ചിക്കുമ്പോഴെങ്ങാനും അയാളുടെ ശ്രദ്ധയെങ്ങാനും തിരിക്കാൻ ആരെങ്കിലും നോക്കിയാൽ പെറ്റ് കിടക്കുന്ന തള്ളപ്പട്ടി അടുത്ത് വരുന്നവരെ സ്നേഹിക്കുന്ന പോലെ സ്നേഹിക്കും.

ഈ പ്രക്രിയ അയാൾക്ക് വലിയ താത്പര്യവുമാണ്‌. തെളിയാത്ത കേസിന്‌ തുമ്പുണ്ടാക്കി വരുമ്പോൾ അയാൾക്ക് ലഭിക്കുന്ന സംതൃപ്തിക്ക് കണക്കില്ല.

അങ്ങനെ ഓഫ് ഡ്യൂട്ടിയിലിരിക്കുമ്പൊ ഒരിക്കൽ ഇടപ്പള്ളിയിലെ മിനി സിവിൽ സ്റ്റേഷനിൽ നടന്ന ഒരു കൊലപാതകം മനപ്പൂർവ്വമല്ലാത്ത നരഹത്യയാണോയെന്ന സംശയം തീർക്കാൻ പോവേണ്ടി വന്നു.

അന്വേഷണമെല്ലാം കഴിഞ്ഞ് സൗത്ത് ജംക്ഷനിലേക്ക് ജീപ്പിൽ കൊണ്ടുവിടാമെന്ന് പറഞ്ഞപ്പോൾ ഡെപ്യൂട്ടി സൂപ്പ്രണ്ടിന്റെ ഔദാര്യം വേണ്ടെന്ന് ആലോചിച്ച് ബസിൽ പൊക്കോളാമെന്ന് പറഞ്ഞു. അങ്ങനെ ബസ് കാത്ത് നിൽക്കുമ്പോഴാണ്‌ അന്ന് വരെ കാണാത്ത ഓറഞ്ച് കളറൊരു വല്യ ബസ് വരുന്നത് കണ്ടത്.

ട്രക്ക് പോലെയിരിക്കുന്ന എന്നാൽ ചുറ്റും ചില്ല് ഗ്ലാസ്സിട്ട നല്ല ചേലുള്ള വണ്ടി. ഓ ഇതാണ്‌ അപ്പൊ പത്രത്തിൽ വായിച്ച വോൾവോ വണ്ടി. എന്നാൽ ഇതിൽ തന്നെ ആക്കിക്കളയാം യാത്രയെന്നുറപ്പിച്ച വറീച്ചൻ വണ്ടിക്ക് കൈ കാണിച്ചു.

വണ്ടി നിർത്താൻ ആദ്യമൊന്ന് മടിച്ചെങ്കിലും കാലിലെ ബൂട്ടും കാക്കി പാന്റും തിരിച്ചറിഞ്ഞ് ഡ്രൈവർ ഉണ്ണികൃഷ്ണൻ ബ്രേക്കിൽ ആഞ്ഞ് ചവിട്ടി. അപ്പോഴേക്ക് വണ്ടി കുറച്ച് ചവിട്ടടി മുന്നോട്ട് നീങ്ങിയിരുന്നു. കൈ വണ്ടി കൊണ്ടുപോയേക്കുമെന്ന് തോന്നി വറിച്ചൻ അത് പിൻവലിക്കുകയും ചെയ്തിരുന്നു.

ഫ്രണ്ടിലെ ഓട്ടോമാറ്റിക്ക് ഡോർ തുറക്കുന്ന ബട്ടണിൽ ഞെക്കെണ്ടായിരുന്നു എന്ന് പിന്നീട് പല വട്ടം ഉണ്ണി മനസ്സിൽ ശപിച്ചിട്ടൂണ്ട്.

വണ്ടിയിൽ കാലെടുത്ത് വെച്ചതും വറിച്ചൻ ഉണ്ണികൃഷ്ണന്റെ പൈതൃകത്തിന്റെ മഹാത്മ്യത്തെപ്പറ്റി ഒരു നാല്‌ വരി കവിത പാടി.

പാവം മനുഷ്യൻ എ.സി.യിലും വിയർത്തുകൊണ്ട് എന്തൊക്കെയോ ക്ഷമാപണം നടത്തി.

“ഭാ! അപ്പൊ ഞാൻ പോലീസ്‌കാരനായിട്ടാ നീ നിർത്തിയെ, അല്ലിയോടാ കൊച്ച് കഴുവേറീ.. നിന്റെ അപ്പന്റെ പ്രായമൊണ്ടല്ലൊ.. ഈ പ്രായത്തിൽ ആര്‌ കൈ കാണിച്ചാലും വണ്ടി നിർത്തിയേക്കണം ഇന്ന് മൊതൽ. ഈ പ്രായത്തിലൊള്ളവരടെ നികുതിപ്പണം വെച്ചാ സർക്കാരീ കോപ്പെല്ലാം മേടിക്കുന്നെ. കേട്ടോടാ…“

ഉണ്ണികൃഷ്ണൻ നാണംകെട്ട് തല കുലുക്കി.

കണ്ടക്ടർ മാലിനി അപ്പോഴേക്ക് പുറകിലെ ഒഴിഞ്ഞ സീറ്റിനെപ്പറ്റി ഓർമ്മിപ്പിച്ച് വറീച്ചന്റെ ശ്രദ്ധ തിരിച്ചതുകൊണ്ട് ഉണ്ണീടെ കണ്ണ്‌ നിറഞ്ഞ് സർവ്വീസ് മുടങ്ങിയില്ല.

ശ്രദ്ധതിരിച്ച കുബുദ്ധിയെനിക്ക് മനസ്സിലായി, എന്നാലും ഇപ്പൊ തൽക്കാലം വിടുന്നെന്ന് ഒരു പുച്ഛിസ്റ്റ് നോട്ടത്തിലൂടെ തീർത്തിട്ട്, വറിച്ചൻ പുറകിലേക്ക് നടന്നു.

ഹൊ ഭാഗ്യം. പേറെടുക്കാൻ വന്നിട്ട് ഇപ്പൊ ഇരട്ട പെറ്റേനെയെന്ന് ഓർത്ത് മാലിനി വണ്ടിയെടുത്തോളാൻ ഉണ്ണിയോട് പറഞ്ഞു.

മാലിനി പറഞ്ഞതുകൊണ്ടൊന്നുമല്ല വറീച്ചൻ വഴക്ക് നിർത്തിയത്.

1979ൽ ഇറങ്ങിയ പ്രഭുവെന്ന സിനിമയ്ക്കായി ഗാനഗന്ധർവ്വൻ പാടി എല്ലാവരുടേയും ഹരമായി മാറിയ ”ഇന്നീ തീരം തേടും തിരയുടെ പാട്ടിൽ“ ആണ്‌ റേഡിയോ ജോക്കി ശ്രീവിദ്യ റെയിൻബോ എഫ്.എം.ഇൽ അന്നേരം പ്രക്ഷേപണം ചെയ്തത്. സ്വന്തം നിലയ്ക്ക് അന്വേഷണ യജ്ഞം തുടങ്ങിയിട്ട് ആദ്യ കേസ് തെളിയിച്ചതിന്റെ സന്തോഷം തീർക്കാൻ, കാരിച്ചാൽ തദ്ദേവൂസ് തിയേറ്ററിൽ പോയി പ്രഭു കണ്ട് ആ പാടിനൊപ്പിച്ച് ചുവടു വെച്ചത് ഓർത്ത് രോമാഞ്ചം വന്നതാണ്‌ ശരിക്കും അന്നേരം വറീച്ചനെയൊന്ന് തണുപ്പിച്ചത്. പുറകിലേക്ക് നടത്തിയത്.

ഉണ്ണികൃഷ്ണൻ വണ്ടിയെടുത്തു, ഒന്നും തിരിച്ച് പറയാൻ പറ്റാത്തതിന്റെ നൈരാശ്യത്തിൽ.

കേസന്വേഷണം നശിപ്പിച്ച ഇടപ്പള്ളിയിലെ യുവ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വമില്ലായ്മ മനസ്സിൽ ഇങ്ങനെ പുകഞ്ഞ് നിന്നതാണ്‌ വറീത് ഉണ്ണിയുടെ നെഞ്ചത്ത് തീർത്തത്. അയാളെയാണ്‌ വറീത് ഉണ്ണിക്ക് പകരം കണ്ടത്.

ഒന്ന് മറ്റൊന്നിലേക്ക്, അത് വേറേ പലതിലേക്ക്. അങ്ങനെയാണല്ലൊ വിധിയുടെ കളി! ഈ നടന്നതും ദൈവമെഴുതിയ പഴുതില്ലാത്ത തിരക്കഥയുടെ ഭാഗമായിരുന്നു.

ഉണ്ണി ആ നൈരാശ്യം ക്ലച്ചിലും ഗിയറിലും അക്സിലറേറ്ററിലും തീർത്തപ്പൊ വണ്ടിയുടെ കുതിപ്പ് ഒരിത്തിരി കൂടി പോയി.

വോൾവോയുടെ നടുക്കളത്തിന്റെ നേരെ മുകളിലെ സെന്റ്രലൈസെഡ് എ.സി.യുടെ വെന്റിലേക്ക് നോക്കി പടികൾ കയറുമ്പോൾ, “ഇതുപോലത്തെ നെറ്റുള്ള ഗ്രില്ല് വാങ്ങിയാൽ സിറ്റ് ഔട്ടിൽ പൂച്ച കേറാതെ ചുറ്റും കെട്ടാമല്ലൊ” എന്നോർത്ത് വറീച്ചന്റെ അടി തെറ്റി.

അചേതന ശക്തി പുറകോട്ട് വലിച്ച് അയാളെ നടുക്കളത്തിൽ നടുവിടിച്ച് വീഴിച്ചു.

മലന്ന് വീണ ജീവിയെ പോലെ വേദനയിൽ പുളഞ്ഞ് അയാൾ അലറി കരഞ്ഞു.

“നർത്തനം…തുടരൂ…മോഹിനീ…ഇവിടെ…” എന്ന വരി ആവർത്തിച്ച് സ്പീക്കറിലൂടെ വരുന്നതും കൂടെ കേട്ടതോടെ എങ്ങനെ പ്രതികരിക്കണമെന്നോർത്ത് വണ്ടിയിലുള്ളവരെല്ലാം അങ്കലാപ്പിലായി.

ഏത് തന്തയ്ക്ക് പിറക്കാത്ത പന്നനാടാ ഇതിന്റെ നെലം ഇത്ര താഴ്ത്തി ഒണ്ടാക്കിയതെന്ന് മുറിവേറ്റ മൃഗം ആക്രോശിച്ചത് കേട്ട്, വോൾവോ കമ്പനിയിലെ പഴയ സീനിയർ എൻജിനിയർമാരിൽ പലരും കുഴിയിൽ കിടന്ന് ഞെട്ടിയെണീറ്റ് ശവപ്പെട്ടിയുടെ അടപ്പിൽ തലയിടിച്ച് തിരിച്ച് വീണു.

പിന്നെ ലോ ഫ്ലോർ വണ്ടി ഒണ്ടാക്കുമ്പൊ നെലത്തിന്‌ ആറടി പൊക്കം കൊടുക്കണോടാ പേപ്പട്ടി വറീതേ എന്ന് അവര്‌ തിരിച്ച് ചോദിച്ചു. പുവർ ഗയ്സ്.

വറീതിന്റെ കേസന്വേഷണങ്ങളും തെളിയിക്കലുമെല്ലാം അന്ന് തീർന്നു.

ഫിസിയോ തെറാപ്പിയും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റൽ മാനേജ്മെന്റിന്റെ തേപ്പുമെല്ലാം കഴിഞ്ഞ് വറീതിന്‌ സ്ഥലം മാറ്റം കിട്ടി. വീട്ടിലെ വാട്ടർ ബെഡിന്റെ മുകളിലേക്ക് ഒരു പെർമനെന്റ് പോസ്റ്റിങ്ങ്.

വറീതിന്റെ അധ്യായം അങ്ങനെ ഒരു വിധം അടഞ്ഞപോലെ ആയപ്പോഴാണ്‌ മകൻ പാപ്പൻ ‘തനികൊണം’ കാണിച്ച് തുടങ്ങിയത്.

ഒരിക്കൽ ആണ്ടൂരിലെ കള്ള് ഷാപ്പിലിരുന്ന് പന്തയം വെച്ച് മൂക്കുമുട്ടെ പനങ്കള്ള് വിഴുങ്ങി ബോധം പോയിട്ട് ജീവൻ തിരിച്ച് കിട്ടാൻ കാരണം, നടത്തി കൊണ്ടു പോവാനുള്ള ദൂരത്ത് മരയ്ങ്ങാട്ടുപ്പിള്ളി ഗവണ്മെന്റ് ഡിസ്പെൻസറി ഉണ്ടായിരുന്നതും, ഡോക്ടർ എന്തോ ഭാഗ്യത്തിന്‌ ഡ്യൂട്ടി കഴിഞ്ഞിട്ടും സിസിലി സിസ്റ്ററോട് കുശലം പറഞ്ഞവിടെ നിന്നിരുന്നതുകൊണ്ടും മാത്രമാണ്‌.

പക്ഷെ സ്മിത പാപ്പനെയങ്ങ് മാറ്റിക്കളഞ്ഞു.

അടിമുടി.

“തന്റെ മടീലിരുത്തിയാന്നോ എനിക്ക് പേരിട്ടെ? പീറ്ററെന്ന് വിളിച്ചാ മതി.”
പിന്നെപ്പിന്നെ പാപ്പൻ എല്ലാരോടും പരിചയം പുതുക്കുന്നത് അത് പറഞ്ഞാക്കി.

എന്തിനേറെ പറയുന്നു, കോൺസ്റ്റബിൾ ജോലിയെ ബ്ലു കോളർ ജോലിയെന്ന് പറഞ്ഞ് പുച്ഛിച്ചിരുന്ന പാപ്പൻ ഇന്നിപ്പൊ നങ്ങ്യാർക്കുളങ്ങര സർക്കിളിൽ കോൺസ്റ്റബിളായി പണിയെടുക്കുന്നത് അച്ഛന്റെ വിത്താണെന്ന് എല്ലാരേയും ബോധിപ്പിക്കാനൊന്നുമല്ല.

സ്മിത, ഫയലുകൾ നോക്കി ജീവിതം തീർത്ത ഹെഡ് കോൺസ്റ്റബിൾ രഘുവിന്റെ മോളായതിന്റെ ഗുണമാണ്‌.

ഒരു തരത്തിലും ചേർന്ന് പോവാത്ത സ്വഭാവമാണ്‌ രണ്ട് പേരും, പക്ഷെ മുടിഞ്ഞ പ്രേമവുമാണ്‌. എന്നും അടിയാണെങ്കിലും സ്നേഹമൊന്നുകൊണ്ട് മാത്രം അതങ്ങനെ തുടർന്ന് പോവുന്നു.

സ്നേഹത്തിന്റെ പങ്ക് സ്മിതയുടെ വയറ്റിൽ നിന്ന് പുറത്ത് വരാൻ തികയ്ച്ച് ഒരാഴ്ച ഇല്ലാത്തപ്പോഴൊരിക്കൽ പീറ്റർ പിന്നെയും പാപ്പനായി.

നാക്കിന്റെ തുമ്പിൽ തൊട്ടപ്പൊ തന്നെ കുപ്പിയിലുള്ളതിന്റെ സിംഹഭാഗവും പെയിന്റ് തിന്നറാവേണ്ട മരുന്നിനെ കള്ളിന്റെ മേയ്ക്ക് അപ്പ് ഇടീച്ച് ഒരുക്കിയതാണെന്ന് മനസ്സിലായിട്ടും ബോധം പോവുന്ന വരെ കുടിച്ചു.

സ്മിതയുടെ റിങ്ങ്ടോൺ കേട്ടാൽ ചാടിയെണീറ്റ് സല്യൂട്ട് അടിക്കുന്ന പോലെ അറ്റൻഡ് ചെയ്യാറുള്ള ആ പതിവ് ആദ്യമായിട്ട് മുടങ്ങി.

പകൽ മൂന്ന് മണി കഴിഞ്ഞെന്ന് കേണലിന്റെ അൽസേഷ്യൻ ഓരിയിട്ട് ചേനന്റെ തെങ്ങിൽ തൊടലിട്ട് കെട്ടിയിരുന്ന പേരില്ലാത്തവളെ അറിയിക്കുന്നത് കേട്ട്, പാപ്പൻ ഒന്ന് ഞെട്ടി ഉരുണ്ടു. ലാൻഡ് ചെയ്തത് മണലിൽ.

കണ്ണ്‌ രണ്ടും പല വട്ടം തിരുമ്മിയെങ്കിലും എവിടെയാണ്‌ കിടക്കുന്നതെന്ന് മനസ്സിലാക്കാൻ പിന്നെയും കാൽ മണിക്കൂറെടുത്തു.

പത്രോസിന്റെ കള്ള് ഷാപ്പിന്റെ പടിയ്ക്കൽ വരെ ആരോ പിടിച്ച് നടത്തിക്കൊണ്ടുവന്നത് പോലെ എന്തോ ഒരു ഓർമ്മ.

അതോ മനസ്സ് സങ്കൽപ്പിച്ചെടുക്കുന്നതാണോ?

എന്തേലും ആവട്ടെ. കള്ള് ഷാപ്പിന്റെ പരിസരമാണെന്ന് മനസ്സിലായത് തന്നെ വലിയ കാര്യമെന്ന് ഓർത്തു.

വാച്ചിൽ സമയം നോക്കാനുള്ള വെളിച്ചമില്ല.

അതറിയാൻ ഫോൺ ഓൺ ആക്കിയപ്പോഴാണ്‌ അപ്പൻ വിളിച്ചത്.

ഭാര്യയ്ക്ക് തന്റെ വിഷമം പറഞ്ഞാൽ മനസ്സിലാവണമെന്നില്ല. പക്ഷെ അപ്പന്‌ മനസ്സിലാവും. അപ്പന്‌ മനസ്സിലായില്ലെങ്കിൽ പിന്നെ ആർക്ക് മനസ്സിലാവാനാണ്‌.

“നീ ആർടെ അപ്പന്‌ പെട്ടി വാങ്ങാൻ പോയതാടാ പുല്ലേ?”

“സ്മിത വിളിച്ചാരുന്നു, അല്ലേ?”

പിന്നെ കുറച്ച് നേരത്തേക്ക് രണ്ട് പേരും വാ കൊണ്ട് ഒന്നും പറഞ്ഞില്ല. നിശബ്ദത സംസാരിച്ചു, അവർക്ക് വേണ്ടി.

“എന്നതാടാ പ്രശ്നം. പറ. നിന്റെ ജോലിക്ക് ഒന്നും വരത്തില്ല. ആർടെ കാലാ പിടിക്കണ്ടേന്ന് പറഞ്ഞാ മതി.”

“അതല്ല അപ്പാ. അതൊന്നുമല്ല. എനിക്ക് ഒരു പട്ടി പൊലയാ** മോനെ കണ്ടുപിടിക്കണം. നമ്മടെ സോമീടെ മൂത്ത മോൾടെ പ്രായമൊള്ള രണ്ട് കൊച്ചുങ്ങളേ അവൻ കൊന്നു. ഇവടൊള്ള ക്ണാപ്പൻ ഈ കേസ് എങ്ങുമെത്തിക്കാൻ പോണില്ല, പഷെ എനിക്ക് പൊക്കണം അവനെ.”

വറീച്ചന്‌ മനസ്സിലായി ആ വിഷമം. അത് പോലെ സന്തോഷവും വന്നു.

ആദ്യമായിട്ടാ പാപ്പിക്കുട്ടനൊരു കേസിൽ ഇത്രെക്ക് താത്പര്യം കാണിക്കുന്നെ.

സാധാരണ അവനേക്കാൾ നക്ഷത്രമൊള്ളവർടെ മാത്രം ജോലിയാ അന്വേഷണം, അവന്റേത് അവര്‌ പറയുന്നത് അനുസരിക്കുന്നത് മാത്രമാന്നൊരു ധാരണയാരുന്നു.

ഒരു കേസ് വരുമ്പൊ സന്നദ്ധത കാണിക്കാത്ത കോൺസ്റ്റബിളുമാരെല്ലാം റിട്ടയർ ചെയ്യുന്നത് പേപ്പർ മൂവേർസ് ആയിട്ടാ, അങ്ങനൊരുത്തൻ ആവല്ലെന്ന് എത്ര പറഞ്ഞിട്ടും ഇത് വരെ കേട്ടിട്ടില്ല അവൻ. ഇന്നിപ്പൊ മരിച്ചവര്‌ അവനറിയാവുന്നവരാ.

അവരടെ മരണത്തിൽ സന്തോഷിക്കുന്നതല്ല കർത്താവേ, പക്ഷെ അങ്ങനേലും പാപ്പൻ നന്നാവുന്നേൽ നന്നാവട്ടെ എന്ന് വറിച്ചൻ മനസ്സിൽ പറഞ്ഞു.

“നിനക്ക് അതുങ്ങൾടെ അപ്പനെ അറിയാവോ?”

“ഇല്ല അപ്പാ. എനിക്ക് അവരെയാ അറിയാവുന്നെ. സ്റ്റുഡൻഡ് പോലീസ് കേഡറ്റുമാരാ.”

അത് കേട്ടതും വറിച്ചന്റെ തൊണ്ടയും വരണ്ടു.

കൊല്ലങ്ങൾക്ക് മുമ്പ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ട് അവതരിപ്പിക്കുമ്പൊ അന്ന് അതിനെ പിന്താങ്ങാത്ത യഥാസ്ഥിതികരായ മുതിർന്ന പോലീസുകാരുടെ ഒരു സംഘമുണ്ടായിരുന്നു. അവരിലൊരുവനായിരുന്നു വറീതും. പക്ഷെ ഒന്നര കൊല്ലത്തിനിടെ കുട്ടി പോലീസ് സഹായിച്ച പല കേസുകളും അയാളുടെ മനസ്സ് മാറ്റി. പിന്നീട് സ്വന്തം സർക്കിളിലെ ഗവണ്മെന്റ് സ്കൂളിലെ കുട്ടികളെ കേഡറ്റ് ആവാൻ വറീച്ചൻ തന്നെ നേരിട്ട് പോയ സംഭവം വരെയുണ്ടായിട്ടുണ്ട്. എല്ലാ കമ്മ്യൂണിറ്റി പോലീസുകാരേയും പ്രൊജക്ടിന്റെ നടത്തിപ്പിനായി അകമഴിഞ്ഞ് സഹായിച്ചിട്ടുമുണ്ട്, പിന്നീട് വീട്ടിലേക്ക് സ്ഥലം മാറ്റം കിട്ടുന്ന വരെ.

“രണ്ട് പേരും കേഡറ്റുമാരാ?”

“ആണപ്പാ.. എനിക്ക് ബസിൽ കണ്ടൊള്ള പരിചയമാ ശരിക്ക്. പക്ഷെ രണ്ടും എന്നേലും ശരിക്ക് കാക്കി ഇടേണ്ടവരാരുന്നു. എനിക്ക് തോന്നീട്ടൊണ്ട്. അത്രെക്ക് മിടുക്കികൾ.“

മണ്ണാറശ്ശാലയിൽ നിന്ന് പൂരത്തിന്റെ ഡ്യൂട്ടിയും കഴിഞ്ഞ് ഒരിക്കൽ തിരിച്ച് ക്വാർട്ടേഴ്സിലേക്ക് ദീപ ട്രാൻസ്പോർട്ട്സിന്റെ നീല ബസിൽ കയറിയ പാപ്പനെ അന്ന് സ്റ്റുഡന്റ് കേഡറ്റ്സ് യൂണിഫോമിൽ വന്ന രണ്ട് പതിനഞ്ചുകാരികൾ ഞെട്ടിച്ചു.

ആ ബസിലുണ്ടായിരുന്ന ബാക്കിയെല്ലാരേയും.

അവരുടെ സ്കൂളിന്റെ മുമ്പിൽ നിന്ന് കൃത്യം അഞ്ച് പിള്ളേരെ മാത്രം എണ്ണി കയറ്റി സ്റ്റാർട്ട് ചെയ്ത വണ്ടിക്ക് മുന്നിൽ അവര്‌ രണ്ടുപേരും നടു റോഡിലിരുന്നു.

അഞ്ചെന്നൊരു കണക്ക് ബസുകാര്‌ തമ്മിലുണ്ടാക്കിയ അലിഖിത ഉടമ്പടിയാണ്‌ അത് അവർക്കറിയെണ്ട. പെൺകുട്ടികൾക്കെങ്കിലും ഇരുട്ടും മുൻപ് വീട്ടിലെത്തണമെങ്കിൽ ഈ പരിപാടി പറ്റില്ലെന്ന് പറഞ്ഞ് ശഠിച്ചു.

ആ നാഷണൽ ഹൈ വേയിൽ അത്രെയും കാലം പാർട്ടിക്കാരുടെ പരിപാടികൾ ബ്ലോക്കുണ്ടാക്കിയിരുന്നപ്പോൾ പ്രതികരിക്കാത്തവർക്കൊന്നും പക്ഷെ ഇത് ദഹിച്ചില്ല.

അതിലൊരുത്തിയെ വഴക്ക് പറയുന്നത് കേട്ടപ്പോഴാണ്‌ പാപ്പന്‌ ഇടപെടണമെന്ന് തോന്നിയത്. ഇറങ്ങി ചെന്ന് അപ്പന്റെ സ്റ്റയിലിൽ ഒരു പ്രഭാഷണമങ്ങ് കാച്ചി. ഒരുത്തന്റെ ഹുങ്ക് കണ്ട് അവനെ പിടിച്ച് തള്ളിയിടുകയും ചെയ്തു. പക്ഷെ അന്ന് അവരെ രക്ഷിച്ചതിന്‌ അവരുടെ ഒരു താങ്ക്സ് പ്രതീക്ഷിച്ച പാപ്പന്‌ കേൾക്കേണ്ടി വന്നത് പഴിയാണ്‌.

”സാറിനേപ്പോലെ ഒരുത്തൻ തന്നാ ഈ പിള്ളേരെയെല്ലാം കേറ്റി വിടുന്ന ജോലി ഞങ്ങളേ ഏല്പ്പിച്ചിട്ട് മുങ്ങിയത്. സാറിന്‌ പറ്റുമെങ്കി ഇവന്മാരെക്കൊണ്ട് എന്നും ഇത്രേം പിള്ളേരേ കൊണ്ടു പോവാൻ പറ. അപ്പൊ ഞാൻ പറയാം നന്ദി.“, രേവതി പറഞ്ഞു. ബിൻസിയും ഒപ്പത്തിന്‌ ഡയലോഗടിച്ചെങ്കിലും രേവതിയാണ്‌ ആൽഫയെന്ന് എല്ലാരും മനസ്സിലാക്കി.

രേവതിയുടെ പ്രസ്താവന കേട്ട് പാപ്പൻ ചൂളിപ്പോയി.

ആ പിള്ളേരുടെ ആരാധകനായി പോയ പോലെ, സ്റ്റേഷനിൽ പോയി അടിയുണ്ടാക്കിയാണെങ്കിലും, രേവതിക്ക് കൊടുത്ത വാക്ക് പാപ്പൻ അനുസരിച്ചു. അവരുടെ ഇൻ ചാർജ് ആയ കമ്മ്യൂണിറ്റി ഓഫിസറോട് അവർ ശുപാർശയ്ക്ക് അർഹരാണെന്ന് പറയാനും മറന്നില്ല.

ഏൽപ്പിച്ച പല കാര്യങ്ങളും നിർവേറ്റിയതിലെ മിടുക്കും, പിന്നെ ഇതും കൂടെ ആയപ്പൊ റിപ്പബ്ലിക്ക് ദിന പരേഡിന്‌ തിരുവനന്തപുരത്തെ ചടങ്ങിൽ പങ്കെടുക്കാനും മെഡൽ വാങ്ങാനും അവരെ തിരഞ്ഞെടുക്കാൻ ശുപാർശയും പോയതാണ്‌.

അങ്ങനെയിരിക്കുമ്പോഴാണ്‌ രണ്ട് പേരേയും കാണാതായത്.

ആദ്യ ദിവസം തൊട്ട് പലരും പല നിലവാരമില്ലാത്ത കിംവദന്തികളും അന്തി പത്രങ്ങളുടെ പേരോടൊപ്പം ചേർത്ത് പാടി നടക്കുന്നുണ്ടായിരുന്നു.

എട്ടാം ദിവസം ബിൻസിയെ കിട്ടി, എല്ല് പൊടി വിതറിയ ഒരു 90 പറ കണ്ടത്തിൽ നിന്ന്. ആന്ധ്രയിൽ നിന്ന് മൈദാ മാവ് കൊണ്ടുവന്ന ഒരു വെള്ള പ്ലാസ്റ്റിക് ചാക്കിൽ .

എല്ല് പൊടിയുടെ മണം കാരണം ആരും ആ വഴി പോവാതിരുന്നകൊണ്ട് ദൃസാക്ഷികളാരുമില്ല. ഫോറിൻ ഡി.എൻ.എ. എന്നൊക്കെ പറയാൻ പാകത്തിന്‌ ബാക്കിയൊന്നും ആ അഴുകിയ ജഡത്തിൽ ബാക്കിയൊന്നും ഇല്ലായിരുന്നു.

രേവതിയുടെ ഗതിയും ഏതാണ്ടുറപ്പിച്ചു. അവളുടെ കുടുംബം പോലും.

പക്ഷെ ദിവസം പത്തായിട്ടും ഒരു തെളിവുമില്ലാതെ മെല്ലെ മെല്ലെ ബാക്കി കേസ് ഫയലുകൾ ഇതിനെ പുറകിലേക്ക് തള്ളി തുടങ്ങിയപ്പോഴാണ്‌ പീറ്റർ വീണ്ടും പപ്പനായത്.

അയാൾക്കറിയാം അങ്ങനെയൊരു കേസിന്റെ ആയുസ്സും ഭാവിയും.

“പാപ്പീ, നീയത് പറഞ്ഞപ്പൊ എനിക്കൊരു സംശയം തോന്നിയരുന്നു. ഞാനൊന്ന് ആലോചിക്കട്ട്. നാളെ നെനക്ക് ബോധം തിരിച്ച് കിട്ടുമ്പൊ വിളി.”

“അപ്പൻ പറയുന്നത് മനസ്സിലാക്കാനൊള്ള ബോധമൊണ്ടെനിക്ക്. പറ അപ്പാ. അപ്പന്‌ തെറ്റില്ല.”

അത് കഴിഞ്ഞ് പിന്നെ പാപ്പന്റെ തലയിൽ മങ്ങിയ ഒരു ഓർമ്മയുള്ളത് ക്വാർട്ടേർസിൽ പോവാതെ സ്റ്റേഷനിലോട്ട് പോയതും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹരി ചേട്ടൻ കാലിയടിച്ച് കിടന്ന സെല്ലിൽ ഒരു ബെഞ്ചും ഇട്ട് കിടത്തിയതുമാണ്‌.

എങ്ങനെയാണ്‌ അവിടെയെത്തിയതെന്ന് ഹരി ചേട്ടൻ ചോദിക്കുന്നുണ്ടായിരുന്നു. അത് ആലോചിക്കുന്നതിനിടയിൽ ഉറങ്ങിപ്പോയി.

രാവിലെ ഭൂമി കുലുങ്ങുന്നെന്ന് തോന്നി കണ്ണ്‌ തുറക്കാൻ ശ്രമിക്കുമ്പോഴും ഹരി ചേട്ടൻ എന്തോ പറയാൻ ശ്രമിക്കുന്നു.

ഇയാൾക്ക് ഇത് തന്നെയാന്നൊ പണി?

എന്നാ എന്താ പറയുന്നേന്ന്‌ മനസ്സിലവുന്നുമില്ല. ഇയാൾടെ തൊണ്ടയ്ക്കിതെന്ത് പറ്റി?

ശബ്ദമില്ലല്ലൊ.

പക്ഷെ ആ ചുണ്ടുകൾ കെടന്ന് അനങ്ങുന്നത് കണ്ടാ അറിയാം, ഹരിചേട്ടൻ അപ്പന്‌ വിളിച്ചതാണ്‌.

ഗതി കെട്ട് ഹരി ചേട്ടൻ ഒരു ചവിട്ട് കൊടുത്തത് ഏറ്റു. ഉരുണ്ട് നിലത്ത് വീണതും അടഞ്ഞിരുന്ന ചെവി തുറന്ന് കാറ്റ് അകത്തേക്ക് കേറി, കൂടെ അത് വരെ വിളിച്ചിരുന്ന തെറിയും.

“എന്നതാ ഹരി ചേട്ടാ, ഒരു സ്വസ്ഥത കിട്ടാനല്ലേ ഇതിന്റകത്തോട്ട് വന്നെ!”

“കൈലിയും ബനിയനും മാറ്റി യൂണിഫോം വലിച്ച് കേറ്റെടാ പുല്ലേ. ആ തല തെറിച്ച അസിസ്റ്റന്റ് കമ്മീഷണർ പെണ്ണിനെ അവര്‌ ഇങ്ങോട്ട് വിട്ടിട്ടൊണ്ട്, ആ പെൺകൊച്ചുങ്ങളടെ കേസ് ഒലത്താൻ.”

ഉറക്കത്തിൽ നിന്നെണീറ്റ് സ്ഥലകാല ബോധം വീണ്ടെടുക്കാൻ പാടു പെടുന്ന കൈക്കുഞ്ഞിനെ പോലെ പാപ്പൻ പ്രതികരണമില്ലാതെ ഇരുന്നു.

“എടാ ആ മൂധേവി ഇപ്പൊ ഇങ്ങെത്തും…നീ ഒന്നേൽ തുണി മാറ്‌…അല്ലേൽ പൊറകിലെ കേടായ ജീപ്പിന്റകത്തെങ്ങാനും പോയി കെടക്ക്.”

എന്തോ ഒരു ഊർജ്ജം എവിടുന്നോ കിട്ടി എണീക്കുമ്പോഴേക്ക്, പുറത്ത് ഒരു വെള്ള ബൊളേറോ വരുന്ന ശബ്ദം കേട്ട് ഹരി ചേട്ടൻ പുറത്തേക്ക് ഓടി കഴിഞ്ഞു.

വെപ്രാളത്തിൽ എങ്ങനൊക്കെയോ ബനിയന്റെ മുകളിലേക്ക് യൂണിഫോമിട്ടു. ഇനിയൊരിക്കൽ അത്ര പെട്ടെന്ന് സാധിക്കില്ലായിരിക്കും, അത്ര പെട്ടെന്ന്.

മീര പത്മകുമാർ അകത്ത് കയറിയതും വരിവരിയായി നിന്ന ഓരോരുത്തരും സല്യൂട്ടടിച്ച് തുടങ്ങി.

ഓടി കിതച്ച് ഏറ്റവും ഒടുക്കം നിന്ന പാപ്പനും നീട്ടിയൊരു സല്യൂട്ടടിച്ചു. പക്ഷെ മീര വല്ലാതെ രൂക്ഷമായൊരു നോട്ടം പായിച്ച് പാപ്പനെ കണ്ട് കലി പൂണ്ട് അവിടെ നിന്നു.

അധികം വൈകാതെ തന്നെ എ.എസ്.ഐ.യും ബാക്കി ഓരോരുത്തരും പാപ്പനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി. ഇടത് വശത്ത് വരിയായി നില്ക്കുന്ന സഹ-കോൺസ്റ്റബിൾമാരും നോക്കിയതോടെ രംഗം പന്തിയല്ലെന്ന് പാപ്പന്‌ മനസ്സിലായി.

വാ തുറക്കാത്ത പക്ഷം കള്ളിന്റെ കാര്യം ആരുമറിയില്ലെന്ന് കരുതിയത് വെറൂതെയായല്ലൊ. ഇനിയിപ്പൊ തൊപ്പിയെങ്ങാനും തലയിൽ തിരിച്ചാണോ വെച്ചിരിക്കുന്നതെന്നോർത്ത് നോക്കിയപ്പൊ അതല്ല. ഷർട്ടിന്റെ മോളിലത്തെ കുടുക്ക് വരെ ഇട്ടിട്ടൊണ്ട്.

ഇനി സിപ് എങ്ങാനും….

ആ വന്യമായ ചിന്ത കൈകളെ ബെൽറ്റിന്‌ താഴേക്ക് കൊണ്ടുപോയപ്പോഴാണ്‌ അർത്ഥം വെച്ചുള്ള നോട്ടങ്ങളെന്തിനാണെന്ന് മനസ്സിലായത്.

സിപ് അല്ല, പാന്റ് തന്നെ പ്രശ്നമാണ്‌.

ധൃതിയിൽ ലുങ്കിക്ക് മുകളിലേക്ക് പാന്റ് വലിച്ച് കേറ്റിയിട്ടിട്ട്, ലുങ്കി പുറത്തെടുക്കാൻ മറന്നു പോയിരിക്കുന്നു. അതിന്റെ മുകളിലാണ്‌ കഷ്ടപ്പെട്ട് ബെൽറ്റ് ഇട്ടത്. ഇപ്പൊ പാപ്പനെ കണ്ടാൽ അരയ്ക്ക് താഴേക്ക് ഒരു കാക്കി കളറിലുള്ള പമ്പരമാണെന്നെ ആരും പറയും.

പണ്ട് കുറവിലങ്ങാട്ടെ വല്യ പള്ളി പെരുന്നാളിന്‌ അടിക്കാൻ വന്നവരെ ചുരുട്ടിക്കൂട്ടി കഴിഞ്ഞ് കീറി പറിഞ്ഞ് ഒന്നുമില്ലാതായ തുണിയും വാരിക്കെട്ടി സകല തരുണീമണികളുടെ മുന്നിലൂടെ ഓടിയപ്പോൾ പോലും ഇത്രയ്ക്ക് നാണം കെട്ടിട്ടില്ല.

ആ നിമിഷം ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിലും സന്തോഷമേ വരു. അത്രെയ്ക്ക് ചമ്മി.

“മിസ്റ്റർ ദേവൻ, ഇതാണോ നിങ്ങൾ പറഞ്ഞ എഫിഷ്യന്റ് ടീം. എനിക്ക് ഊഹിക്കാം ഇവരെ വെച്ച് അന്വേഷിച്ച കേസിന്റെ ഗതി. ഇഫ് യു ആർ ഫേയിലിങ്ങ് ടു സെന്റ് മി ഏ ഡിറ്റേൽഡ് റിപ്പോർട്ട് ഓൺ ദിസ്, യൂ വിൽ സഫർ ഇൻസ്റ്റഡ് ഓഫ് ഹിം.“

”മേഡം, എന്റെ സർവ്വീസിൽ ഇത് വരെ ഇങ്ങനെയൊന്നും നടന്ന് കണ്ടിട്ടില്ല..“

”എക്സ്പ്ലനേഷൻ റിപ്പോർട്ടിൽ മതി.“

ഐ.പി.എസ്.ന്റെ വാക്കിനെ മറികടന്ന് ഒന്ന് നീട്ടി വലിച്ച് ശ്വാസം വിടാൻ പോലും എല്ലാവരും മടിച്ചു. പക്ഷെ ഇപ്പൊ വാ തുറന്നില്ലെങ്കിൽ ഇനിയൊരിക്കലും തുറക്കേണ്ടി വരില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് പാപ്പൻ അവസാന ശ്രമം നടത്തി. പറയാനുള്ളത് മനസ്സിലൊന്ന് പറഞ്ഞ് നോക്കിയിട്ട് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർത്തു.

”മേഡം, എല്ലുപൊടിയിട്ട കണ്ടത്തിൽ ശവം ഉപേക്ഷിച്ചാൽ ആരും ആ വഴി വരില്ലെന്നോരു നിഗമനത്തിലാണ്‌ അതറിയാവുന്നവരേയും ആ പരിസരത്തുള്ളവരേയും വെച്ച് സംശയമുള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കിയത്, പക്ഷെ അതല്ലെങ്കിലോ എന്നൊരു സംശയം വന്നിട്ട് ഞാൻ ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് എന്റെ സ്വന്തം രീതിയിലൊന്ന് അന്വേഷിച്ചു വെളുക്കുന്ന വരെ. ആ കൊച്ചുങ്ങളെ ഓർമ്മ വന്ന് ലാസ്റ്റ് ഒറങ്ങാൻ പറ്റാതെ വന്നപ്പൊഴാ ഒരിത്തിരി മദ്യപിച്ചെ. അല്ലാതെ ഡ്യൂട്ടി സമയത്ത് ഞാൻ….“

ഇത്രയും പറഞ്ഞിട്ട് നൈസർഗ്ഗികമായ ഒരു കള്ള നോട്ടം നോക്കി. അവർക്ക് പ്രതികരിക്കാനുള്ള സമയം കൊടുത്തതാണ്‌.

അത് ഏറ്റു.

”തനിക്ക് എന്ത് സംശയം തോന്നിയെന്ന്?“

”മേഡം, രഘുവിന്റെ കണ്ടത്തിൽ ബോഡി ഉപേക്ഷിച്ചത് അയാള്‌ ചെയ്ത ഒരു പിശകാണെങ്കിലോ? പെട്ടെന്ന് ഉപേക്ഷിക്കേണ്ടി വന്നിട്ട് പോയതാണെങ്കിലോ എന്നോർത്ത് ആ പരിസരത്ത് എല്ലാം ഒരു അന്വേഷണം നടത്തി. അതിന്റെയിടയിൽ വടക്ക് മാറി പഞ്ചായത്തിന്റെ ബയോഗ്യാസ് പ്ലാന്റും, പെരുമ്പനച്ചി ആറ്റിൽ നിന്ന് അഴിമുഖത്തോട്ട് ഒഴുകുന്ന ഒരു കൈ വഴിയുമൊണ്ട്. നടക്കാവുന്ന ദൂരത്തിൽ. അവിടെ എവിടെയോ രേവതിക്കൊച്ചൊണ്ടെന്നൊരു തോന്നൽ. സ്റ്റേഷനിൽ വന്നപ്പൊ ഡ്യൂട്ടിക്ക് അധികമാളില്ലാത്തകൊണ്ട് രാത്രി പോയി നോക്കാനും ഒത്തില്ല. പിന്നെ ഒറക്കം വന്നില്ല. അതാ അവസാനം കുടിച്ചെ. അതിനെ എനിക്ക് അറിയാരുന്നു. വല്യ കാര്യമാരുന്നു. സഹിച്ചില്ല. സോറി. ഇനിയൊണ്ടാവത്തില്ല.“

”ദേവൻ, ഈ രണ്ട് സ്ഥലത്തും എത്രയും പെട്ടെന്ന് ഫോറെൻസിക് ടീമിനെ വിടാനൊള്ള ഏർപ്പാട് ചെയ്യണം“.

അത് വരെ പാപ്പന്റെ തള്ള് സഹിച്ച് നിന്ന് സഹപ്രവർത്തകർക്ക് അറിയാമായിരുന്നു കഥയെല്ലാം അടവാണെന്ന്.

പക്ഷെ മീരയുടെ ഒറ്റ ഓർഡറിൽ അവരെല്ലാം ഞെട്ടി.

കാലിനടിയിൽ ഓലപ്പടക്കം പൊട്ടിയ പോലെ.

പാപ്പൻ അഭിമാനത്തോടെ നടുവൊന്ന് നിവർത്തി. പാന്റിനടിയിൽ തിരുകിയിരിക്കുന്ന ലുങ്കി കാരണം അറ്റൻഷന്‌ വല്ലാത്തൊരു ഭംഗിയായിരുന്നു.

“ആൻഡ് യൂ…വാട്ട് ഈസ് യുവർ നേയിം?”

“പീറ്റർ.”

“യെസ്.. മിസ്റ്റർ ദേവൻ ഇയാളെ ഇവിടെയൊള്ള ബാക്കി എല്ലാ ഡ്യൂട്ടികളിൽ നിന്നും റിലീവ് ചെയ്തേക്കു.”

“അയ്യോ മേഡം..”

“എന്റെ കീഴിൽ ഒരു ടീം ഉണ്ടാക്കുന്നുണ്ട്. ഇയാൾ കൊള്ളാം. ലൊക്കാലിറ്റി നല്ല പരിചയവുമൊണ്ട്.”

നേരത്തെ കാലിനടിയിൽ ഓലപ്പടക്കം പൊട്ടിയതുപോലെ തോന്നിയെങ്കിൽ ഇപ്പൊ ചങ്കിന്‌ നേരേ കത്തുന്ന അമിട്ടെറിഞ്ഞ് പൊട്ടിയ പോലെ തോന്നി എല്ലാർക്കും.

“ഐ നീഡ് ഹിം ടു അസിസ്റ്റ് അസ്…സ്റ്റാർട്ടിംഗ് ഫ്രം നൗ. ഇപ്പൊ ആ ബയോഗ്യാസ് പ്ലാന്റ് എവിടാന്ന് ഒന്ന് കാണിച്ച് താടോ പീറ്റർ.”

“അഹ്..അത്…മേഡം…ഈ പാന്റൊന്ന് ശരിയാക്കിയിട്ട് പോരെ…”

“ച്ചീ…പോയി മാറ്റിയിട്ട് വാടോ…”, എന്നും പറഞ്ഞ് തിരിഞ്ഞ് വണ്ടിയിലേക്ക് നടക്കുന്ന മീരയുടെ മുഖത്ത് ദേഷ്യമല്ല നാണം കൊണ്ടുള്ള ചിരിയാണെന്ന് എല്ലാരേയും പോലെ പാപ്പനും കണ്ടു.

വലയിലേക്ക് വന്ന പന്ത് തട്ടിത്തെറുപ്പിച്ചപ്പൊ അത് പോയി എതിർവശത്തെ പോസ്റ്റിൽ ഗോളായത് കണ്ട് സന്തോഷിച്ച് ഗോളിയേക്കാൾ പാപ്പൻ സന്തോഷിച്ചു.

സെല്ലിലേക്ക് ഓടി പോയി ബെൽറ്റ് അഴിച്ച് ലുങ്കി പുറത്തെടുക്കുമ്പോഴേക്ക് ഒരു കൈ കൊണ്ട് അപ്പൻ വറിച്ചനെ വിളിച്ചു.

“അപ്പാ, അപ്പൻ ആരെ വിളിച്ച് പറഞ്ഞിട്ടാ ഇപ്പൊ എന്നെ ഇൻവെസ്റ്റിഗേഷൻ ടീമിലെടുത്തെ?”

മറുതലയ്ക്കൽ നിന്ന് നിലയ്ക്കാത്ത ചിരി മാത്രം.

“പറ അപ്പാ..”

“നീ അറിയേണ്ടത് അറിഞ്ഞാ മതി. നീ എണീറ്റിട്ട് സ്മിതയെ ഒന്ന് വിളിച്ചോടാ കഴുവേറി?“

അത് കേട്ടതും പാപ്പൻ ഫോൺ കട്ട് ചെയ്ത ബീപ് ശബ്ദമാണ്‌ വറീച്ചൻ കേട്ടത്.

അയാളുടെ മുഖത്തെ പുഞ്ചിരി നിലയ്ച്ചില്ല. ചിരിച്ചുകൊണ്ട് കരഞ്ഞു അയാൾ.

രാത്രി പാപ്പൻ ഫോൺ വെച്ചിട്ട് പോയി കഴിഞ്ഞ് അയാൾ ആരേയും വിളിച്ചിട്ടില്ല.

ആരുടെയും ശുപാർശയില്ലാതെ തന്റെ മോൻ തന്റെ പാത പിന്തുടർന്ന് തുടങ്ങി.

പതുക്കെ ആ ചിരി അട്ടഹാസമായി.

(തുടരും….)

_____________________

_____________________

ക്രൈം ത്രില്ലറുകൾ മാത്രമായിരുന്നു ഒരു കാലത്ത് വായിച്ചിരുന്നത്. അതിന്റെ അസ്കിതയാണ്‌. പൊറുക്കണം. തെറ്റെന്ന് പറഞ്ഞാൽ മേലാൽ ആവർത്തിക്കില്ല.

~ G

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w