കല്ലറയും വാക്കും മുണ്ടും

ആദ്യ ഭാഗം : ഇന്നീ തീരം തേടും

വാർത്താ അവതാരകരുടെ പണി എല്ലാരും സന്നദ്ധരായി ഏറ്റെടുക്കുന്ന ഒരു ഗ്രാമമായതിനാൽ, മീരയുടെ ബൊളെറോയും പുറകെ എ.എസ്.ഐ.യുടെ ജീപ്പും എത്തുമ്പോഴേക്ക് ബയോഗ്യാസ് പ്ലാന്റിന്റെ അടുത്ത് ആർത്തിരമ്പുന്ന ജനസാഗരം രൂപപ്പെട്ടിരുന്നു. ഞങ്ങൾടെയും കൂടെ വകയാ, ഇവിടെ എന്ത് നടന്നാലും അറിയാൻ ഞങ്ങൾക്കെല്ലാ അവകാശവുമുണ്ടെന്ന ഭാവത്തിൽ!

ടൈം ബൗണ്ട് ആയി ക്രൈം സീൻ സെക്യുർ ചെയ്യുന്നതിൽ നങ്ങ്യാർക്കുളങ്ങര സ്റ്റേഷനിലുള്ളവർ ഒരു പരാജയമാണെന്നും, അതുകൊണ്ട് മാത്രം പല വിലപ്പെട്ട തെളിവുകളും നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്നും റിപ്പോർട്ടിലെഴുതുമെന്ന് മീര സഖാവ് ആദ്യം തന്നെ ഭീഷണി മുഴക്കി.

നാട്ടുകാരെ അറിയിക്കണം ആരാണ്‌ രാജ്ഞിയെന്ന്. അതല്ലാതെ ആ പ്രക്ഷോഭത്തിൽ വലിയ കഴമ്പുണ്ടെന്ന് പാപ്പന്‌ തോന്നിയില്ല.

ഫോറെൻസിക്കുകാരുടെ ആദ്യ കണ്ടുപിടുത്തങ്ങൾ തന്നെ പ്ലാന്റിന്റെ മുകളിലെ തുറക്കേണ്ടാത്ത വലിയ വാവട്ടമുള്ള മൂടി അടുത്ത് തുറക്കപ്പെട്ടിട്ടുണ്ടെന്നുള്ളതാണ്‌.

രേവതിയുടെ വീട്ടുകാരുടെയും പരിചയക്കാരുടേയും നെഞ്ചത്തടിച്ചുള്ള കരച്ചിലും അടക്കം പറച്ചിലും മുതലായവയെല്ലാം കിഴക്ക് വശത്ത് മതില്‌ ചാരി നിൽക്കുന്ന അക്വേഷിയ മരത്തിന്റെ തണലിൽ മുറയ്ക്ക് നടന്നു.

ചിലരാവട്ടെ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് അക്വേഷിയ മരം നന്നായി വെള്ളം വലിച്ചെടുക്കുമെന്നും, അതാവണം ഈ പരിസരങ്ങളിൽ മറ്റ് മരമൊന്നും അധിക നാൾ വാഴാത്തതെന്ന വിഷയത്തെക്കുറിച്ച് വാദപ്രതിവാദങ്ങളിൽ മുഴുകി തുടങ്ങി.

അപ്പൊഴാണ്‌ അവളെ കിട്ടിയത്. അഴുകി തുടങ്ങിയിട്ടും ബാക്കി ഉള്ളത്. പ്ലാസ്റ്റിക് ചാക്ക് പോലും കീറിപ്പറിഞ്ഞ നിലയിലായിരുന്നു. പിന്നെ കരച്ചിലും ബഹളങ്ങളും ഉച്ചസ്ഥായിലായി. അവളെ കൊണ്ടുപോയി കഴിഞ്ഞിട്ടും അത് തുടർന്നു.
ഇരുട്ടുന്ന വരെ.

സീരിയലുകളുടെ ടി.ആർ.പി. റേറ്റിംഗിനെ വെട്ടിക്കാൻ സ്കോപ്പുള്ള വിഷയമായതിനാൽ, പല ചാനലുകളുടെയും ചുമലിൽ കുട തിരിച്ച് വച്ചിരിക്കുന്ന കാരവനുകളും വണ്ടികളും അക്വേഷിയ മരത്തെ ചുറ്റിപ്പറ്റി തന്നെ ഉണ്ടായിരുന്നു.

അന്ന് വൈകീട്ടത്തെ സ്പോൺസേർഡ് വാർത്താ വാക്സമരങ്ങളെല്ലാം ആ രണ്ട് കുട്ടികളനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചായിരുന്നു. പല പ്രമുഖരും മുഖം കാണിച്ചു, തിരക്കുള്ളവർ ഫോണിലൂടെയെങ്കിലും പ്രതികരിക്കാൻ മറന്നില്ല.

അന്നത്തെ അവസ്ഥയുടെ കിടപ്പെല്ലാം അറിഞ്ഞ് വറീച്ചൻ ഒരു സംശയം കൂടെ ഉന്നയിച്ചു.
“പാപ്പീ, നീ പറഞ്ഞതൊക്കെയാ ആ കണ്ടത്തിന്റെ ഭൂമിശാസ്ത്രമെങ്കീ ആദ്യത്തെ കൊച്ചിനെ അവിടെ ഉപേക്ഷിച്ചിട്ട് പോവാൻ പാകത്തിന്‌ അവിടെ എന്തോ നടന്നിട്ടൊണ്ട്. നീ അത് നോക്കിയാ മതി. ഒന്നും കണ്ടില്ലെന്ന് പറയുന്നതിലാരോ നൊണ പറയുവാ. ആലോചിക്ക്.”

പാപ്പൻ ആ ദിവസം മുഴുവൻ മീരയുടെയും കുട്ടി രാജാക്കന്മാരുടെയും വാക്ക് കേട്ട് കൂടെ നടന്നു. ഇതിനിടയിൽ കണ്ടത്തിനടുത്തുള്ളവരുടെ മൊഴിയെടുതതെല്ലാം ഒന്ന് ഓടിച്ച് നോക്കി.

മലബാറിൽ നിന്ന്‌ ശനിയും ഞായറും വീട്ടുകാരുടെ കൂടെ നില്ക്കാൻ വന്ന സുദേവനും, പെരുമ്പനച്ചിയാറ്റിൽ പള്ളത്തി മീൻ കൂട്ടത്തെ വാരാൻ പോയ ചേനനും മാത്രമാണ്‌ കുറച്ചെങ്കിലും കണ്ടത്തിന്റെ പരിസരത്ത് വരാൻ സാധ്യതയുള്ളത്. പക്ഷെ സുദേവൻ ബസിറങ്ങിയത് നാഷണൽ ഹൈ വേയിലെ നീതി സ്റ്റോറിന്റെ മുമ്പിൽ ആണെന്ന്‌ ഉറപ്പിച്ചതുകൊണ്ട് അയാൾ പറയുന്നത് ശരിയാവണം. അയാൾ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പുറകുവശത്തൂടെയാവണം വീട്ടിലേക്ക് നടന്നത്. വരമ്പത്തൂടെ പോയിക്കാണില്ല.

എട്ടരയോടെ പാപ്പൻ ചേനന്റെ മണ്ണിലെത്തി. അതിനൊരു 400 വാര അപ്പുറത്ത് എത്തിയപ്പോൾ തൊട്ട് പട്ടി കുര തുടങ്ങിയതുകൊണ്ട് പാപ്പനവിടെ എത്തുന്നതിന്‌ മുൻപ് തന്നെ ചേനൻ കൂരയിൽ നിന്നിറങ്ങി. അയാളാ പട്ടിയോട് കുരയ്ക്കാതിരിക്കെടി എന്ന് പറഞ്ഞിട്ട് കേട്ടില്ല, പക്ഷെ അത് കഴിഞ്ഞ് സരസ്വതി വിളയാടിയതിൽ ചിലതൊക്കെ പൂർവ്വികരെ വിളിച്ചതാണെന്ന് മനസ്സിലാക്കി മിണ്ടാതെ അവൾക്ക് മിനിന്റെ തലയയും കഞ്ഞിവെള്ളവും ഒഴിച്ച് കൊടുത്ത പിഞ്ഞാണത്തിന്റെ അടുത്ത് കിടന്നു.

“ഡാ, നീ പേടിക്കുവൊന്നും വേണ്ട. ഞാൻ ചുമ്മാ ഒരു സംശയം തീർക്കാൻ വന്നതാ. നിന്നെ കൊണ്ടുപോവാനൊന്നുമല്ല.”

“സാറിന്റെ മുമ്പൊണ്ടാരുന്ന ഒരു തിരുവന്തോരംകാരൻ പണ്ടിതുപോലൊരു സംശയം തീർക്കാൻ വിളിച്ച എന്റെ ഒടപ്പെറന്നവനെ പിന്നെ ഞാ സബ് ജയിലീ പോയാ കണ്ടെ. അതുകൊണ്ട് അത് വിട്‌…സാറെ സത്യമാ അന്ന് പറഞ്ഞത്… പെരുമ്പനച്ചി ആറ്റിൽ വാരാൻ പോയേക്കുവാരുന്നു…“

”അതിലെനിക്കൊരു സംശയോമില്ല. നീ കൊച്ച് വള്ളം തൊഴയുന്നത് സെബിയച്ചൻ കണ്ടാരുന്നു, പള്ളിമുക്കേലോട്ട് തിരിയുന്ന കൈവഴീടെ അടുത്ത് എങ്ങാണ്ട് വെച്ച്.“

അത് കേട്ടതിന്റെ സന്തോഷം മുഖത്ത് തെളിഞ്ഞെങ്കിലും, പിന്നെ എന്താ കോൺസ്റ്റബിളിന്റെ സംശയമെന്നോർത്ത് ചേനൻ ഒന്ന് വിഷമിച്ചു. ഒന്നും പറഞ്ഞില്ല.

”നീ ഇവിടില്ലാരുന്നു, വെളുക്കാറായപ്പൊഴാ ഇങ്ങ് വന്നെ. മൊഴിയെത്തപ്പൊ പറഞ്ഞതെല്ലാം ശരിയാ. പക്ഷെ വെറെ എന്തെങ്കിലും നീ പറയാത്തതായിട്ട് ഒണ്ടോ?“

എന്തോ ഉണ്ടെന്ന് ആ മുഖത്ത് കാണാം, പക്ഷെ അത് എന്തിനാ പറയുന്നതെന്ന് ഓർത്ത് ചേനൻ അനങ്ങാപ്പാറ കളിച്ചു.

”നിന്റെ ചേട്ടനെ കൊണ്ടുപോയവനെ പോലെ അല്ല ഞാൻ. അല്ലാന്ന് നെനക്കുമറിയാം. പറ. നെനക്ക് ദോഷമൊന്നും വെരുത്തുകേല.“

ഒന്ന് വിക്കി. ആദ്യത്തേ വാക്ക് നന്നായിട്ട് ഇടറി. പക്ഷെ പറയാനുറച്ച് പറഞ്ഞു,

”അന്നാ കൊച്ചിനെ കണ്ടതിനും മുന്നേ ഞാൻ കൊറേ ഓടിയാരുന്നു രാത്രീല്‌. വലയും മടക്കി പള്ളത്തികളെ ചാക്കിലുമാക്കി വരുമ്പം ഇവളിവിടില്ല. ഞാൻ പിന്നെ പറമ്പായ പറമ്പെല്ലാം ഓടുന്നേനെടയില്‌ സതീടെ പറമ്പീന്നാ ഇവടെ വിളി കേട്ടെ.“

ഇവളെന്ന് പറഞ്ഞത് പട്ടിയെ ആണെന്ന് മനസ്സിലാക്കാൻ കൊറച്ചൊന്ന് ആലോചിക്കേണ്ടി വന്നു പാപ്പന്‌. ചേനന്റെ മോള്‌ ഒരു വരുത്തന്റെ കൂടെ പോയതോടെ ഉത്തരവാദിത്വമെല്ലാം തീർന്നെന്ന് ഉറപ്പിച്ച് ഭാര്യ തിരിച്ച് വീട്ടിൽ പോയെന്നാണ്‌ പറഞ്ഞിരുന്നത്. ചേനന്‌ കൂട്ട് ആകെ ഈ പെൺപട്ടിയെ ഉള്ളു.

പാപ്പൻ ഒന്നും പറയാതെ ബാക്കി കേൾക്കാൻ കാത്തു.

“പൊട്ടക്കെണറ്റിലൊണ്ടാരുന്നു. പിന്നെ കൊറെ കഷ്ടപ്പെട്ടാ പിടിച്ച് കേറ്റിയെ.”

“നീ ഇവിടില്ലാരുന്നൂന്നാന്നോ പറഞ്ഞ് വരുന്നെ?”

“അയ്യോ അതല്ല സാറെ. എന്റെ കൈവെള്ളേടെ വലുപ്പമൊള്ളപ്പൊ തൊട്ട് അവളെ ഞാന വളർത്തുന്നെ. അവക്കീ പറമ്പും കെണറുമെല്ലാമറിയാവുന്നതാ. അങ്ങനെ വീഴത്തില്ല. ഞാൻ ചെല്ലുമ്പം കെണറിന്റെ അകത്തോട്ട് കെടക്കുന്ന ഒരു പ്ലാവിന്റെ വേരേൽ അള്ളിപ്പിടിച്ച് തൂങ്ങി കെടക്കുവാരുന്നു. പിടിച്ച് എഴുന്നേല്പ്പിച്ചപ്പൊ നടക്കാനും വയ്യ. പൊറകിലെ എടത്തെ കാലൊടിഞ്ഞിട്ടൊണ്ടാരുന്നു.”

“നീ എന്തുവാ ഉദ്ദേശ്ശിക്കുന്നെ?”

“സാറെ അവളെ ആരെങ്ങാണ്ട് തൊഴിക്കുവോ എങ്ങാണ്ട് ചെയ്തിട്ട് വീണതാ കെണറ്റിൽ. എനിക്ക് പിടിച്ച് എറങ്ങാവുന്ന താഴ്ച്ചേൽ ഒണ്ടാരുന്നു അവള്‌, നടക്കാൻ വയ്യാരുന്നു, അപ്പൊ അടീന്ന് പിടിച്ച് കേറിയതുമല്ല. പിറ്റേന്ന് കാലേല്‌ മരുന്നെല്ലാം വെച്ച് കെട്ടീട്ട്, ഞാൻ കെളയ്ക്കാൻ പോയിട്ട് തിരിച്ച് വന്നപ്പം പിന്നേം കാണാനില്ല ഇവളെ. വിചാരിച്ച പോലെ സതീടെ പറമ്പിലൊണ്ടാരുന്നു. അതാ പിന്നിങ്ങ് കൊണ്ടുവന്ന് ചങ്ങലയ്ക്കിട്ടെ.”

“അവിടെ ആളും അനക്കോം ഒന്നുമില്ലല്ലൊ?“

”ഇല്ല.. പെരപണി തീരൂന്നേന്‌ മുമ്പേ അവൾടെ കെട്ടിയോൻ കെട്ടിഞ്ഞാന്ന് ചത്താരുന്നു. ആകെ കാട് പിടിച്ച് കെടക്കുവാ.“

”നീ ഇപ്പൊ ഫ്രീയാന്നൊ?“

”എന്തുവാ സാറേ??“

”നെനക്കിപ്പം വേറേ പണി വല്ലോമൊണ്ടോന്ന്?“

”ഇല്ല.“

”എന്നാ നമുക്കാ പറമ്പ് വരെയൊന്ന് പോവാം. അവളും വേണം.“

ചേനന്‌ അതത്ര പന്തിയല്ലെന്ന് തോന്നി നിന്നു.

”എടോ, തന്റെ ചേട്ടനേ കൊണ്ടുപോയ പോലെ അല്ല. അല്ലേലും ആരേലും പട്ടിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനീ കൊണ്ടുപോവുമോ?….അല്ലേൽ ഒരു കാര്യം ചെയ്യ്. ദേ ഈ തൊപ്പി നീ അകത്ത് വെച്ചേക്ക്, അവടെ പോയി തിരിച്ച് വന്നിട്ട് തന്നാ മതി.“

”തൊപ്പി സാറ്‌ വെച്ചോ…നമ്മക്ക് പോവാം.“

ഇതിനിടയിൽ പോക്കറ്റിൽ നോക്കിയപ്പോഴാണ്‌ ബാക്കി തരാൻ പൈസയില്ലാതെ ഹോട്ടലുകാരൻ തന്ന എക്ലയേർസ് കിട്ടിയത്. കവർ പൊളിച്ച് അത് ആ പട്ടിക്ക് ഇട്ടുകൊടുത്തു.

അവളൊരു നിമിഷം ഒന്ന് പകച്ചു.

അങ്ങനൊരു സാധനം അവൾ ജീവിതത്തിൽ കണ്ടിട്ടില്ല. പക്ഷെ ഇട്ട് തന്ന മനുഷ്യനിൽ കളങ്കമൊന്നും കാണാനുമില്ല.

അവളത് നക്കിയെടുത്ത് ചവച്ചു. അന്ന് വരെ നാവ് അങ്ങനെയൊരു രുചി അറിഞ്ഞിട്ടില്ല.

അവൾ ഒന്ന് മണ്ണിൽ കിടന്ന് ഉരുളുകയും, വാലാട്ടുകയുമൊക്കെ ചെയ്ത് സ്നേഹബന്ധം ഊട്ടിയുറപ്പിചെങ്കിലും വീണ്ടും ഇട്ടുകൊടുകാൻ പാപ്പന്റെ കൈയ്യിൽ ഒന്നുമില്ലായിരുന്നു.

വലിപ്പമുണ്ടെങ്കിലും ഒരു വയസ്സൊക്കെയേ കാണു അവൾക്കെന്ന് പാപ്പൻ ഊഹിച്ചു.

അടുത്ത തവണ തരാമെന്ന് ഉറപ്പിച്ച് പറഞ്ഞത് അവൾക്ക് മനസ്സിലായോ എന്തോ!

പിറ്റേന്ന് ഐ.പി.എസ്. രാജ്ഞിയോടും കുട്ടി രാജാക്കന്മാരോടും മുഴുവൻ കാര്യങ്ങളും വിശദീകരിക്കുമ്പൊ നല്ല വാക്ക് പ്രതീക്ഷിച്ചില്ല. ആരേയും അറിയിക്കാത്തെ അമിത ആവേശം കാണിച്ചത് ആരും നല്ല അർത്ഥത്തിലെടുക്കില്ലെന്ന് പാപ്പൻ ഉറപ്പിച്ചിരുന്നെങ്കിലും, അന്വേഷണം ശരിയായ് ഗതിയ്ക്ക് തിരിച്ച് വിടാനാവും എന്നൊരു വിശ്വാസമുണ്ടായിരുന്നു. എല്ലാ പ്രതീഷയും തെറ്റി.

മീര കണക്കിന്‌ ശകാരിച്ചെന്ന് മാത്രമല്ല, അവസാനം പറഞ്ഞത് കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുകയും ചെയ്തു.

”ഐ ഷുഡിന്റ് ഹാവ് ചോസൺ ഏ മിയർ കോൺസ്റ്റബിൾ ഓവർ ഇന്റലിജെന്റ് ഓഫീസേർസ്.“

സ്ഥിതി കൂടുതൽ വഷളായത് സതിയുടെ പറമ്പിൽ നിന്ന്‌ കാര്യമായിട്ട് തെളിവൊന്നും കിട്ടാതെ വന്നപ്പോഴാണ്‌.

“ഇനി താനാ പട്ടീടെ മൊഴി രേഖപ്പെടുത്തിയിട്ട് സ്റ്റേഷനിലോട്ട് വന്നാ മതി.. അവിടെ തന്നെക്കൊണ്ട് പ്രത്യേകിച്ചൊന്നും സാധിക്കാനില്ല.”, എന്ന് അലറിയിട്ട് മീര വണ്ടിയിൽ കേറി രംഗം വിട്ടു. ബാക്കിയുള്ളവരുടെ മുന്നിൽ ഒന്ന് തല പൊക്കി നോക്കാൻ പോലും താത്പര്യമില്ലാതെ പാപ്പനവിടെ നിന്നു.

അപ്പനെ വിളിച്ചാൽ രണ്ടുണ്ട് ഗുണം. കണ്ട ഇത്തിൾക്കണ്ണികളുടെ നോട്ടത്തിൽ നിന്ന് രക്ഷപെട്ട് സംസാരിച്ച് പോവാം, അത് പോലെ അടുത്തത് എന്ത് ചെയ്യണമെന്ന് പറഞ്ഞും തരും. പക്ഷെ ഇത്തവണ ക്രമം ഒന്ന് തെറ്റിക്കാനുറച്ച് ആ പറമ്പിൽ ബാക്കിയായവരെ ശ്രദ്ധിക്കാതെ നടന്നു.

ചേനന്റെ പട്ടിയെ തൊഴിച്ചിട്ട് ഒരുത്തൻ ഓടിയെങ്കിൽ അയാൾ ചാടാൻ സാധ്യതയുള്ള മതില്‌ ചാടി കഷ്ടിച്ച് ഒരു ബൈക്കിന്‌ പോവാൻ വീതിയുള്ളൊരു വഴിയിലെത്തി. ഇവിടെ എങ്ങും രണ്ട് ശവശരീരം കൊണ്ടുവരാൻ പാകത്തിന്‌ വണ്ടി നിർത്താനിടമില്ല. ഇടത്തോട്ടാണെങ്കിൽ ഓട്ടം ഒരൂപാട് നീളും, പെരുമ്പനച്ചിക്ക് മുകളിലൂടെയുള്ള റയിൽ പാലം വരെ. വലത്തോട്ടാണെങ്കിൽ നാഷണൽ ഹൈവേ 66ഇലേക്ക് അധികമില്ല.
രണ്ടാണെങ്കിലും കേണലിന്റെ വീട്ടിലെ ഗേറ്റിന്റെ വക്കത്ത് വെച്ചിരിക്കുന്ന രണ്ടിൽ ഏതെങ്കിലുമൊന്നിൽ ചാടിയവനെ കാണാനൊക്കും.

കേണലിന്റെ ഭാര്യയെ കാര്യത്തിന്റെ കിടപ്പൊക്കെ മനസ്സിലാക്കിക്കൊടുത്ത് സി.സി.ടി.വി. ഫൂട്ടേജൊക്കെ നോക്കിയപ്പോഴാണ്‌ നൈറ്റ് വിഷൻ ക്യാമറയ്ക്ക് അത്രയും ദൂരെ ഒരാളുടെ മുഖം തിരിച്ചറിയാൻ പറ്റില്ലെന്ന് പാപ്പന്‌ മനസ്സിലായത്, പക്ഷെ എന്താണെങ്കിലും രാജ്ഞിയെ വിളിച്ചറിയിക്കാൻ ഒരു കാര്യമായി.

ജീൻസും, എന്തോ ഒരു ചെക്ക് ഷർട്ടുമിട്ട് ഒരുത്തൻ ആ വഴി പാലത്തിന്റെ ദിക്കിലേക്ക് ഓടിയപ്പോൾ സമയം 2.46.

അവിടുന്ന് പാലം വരെ ഓടിയാൽ എങ്ങനെയായാലും എട്ട് മിനിറ്റിലധികമെടുക്കില്ല. പോട്ടെ, ഒരു പത്ത് കൂട്ടിയാൽ തന്നെ അവന്റെ വണ്ടി നാഷണൽ ഹൈവേയിൽ 3 മണിക്ക് മുൻപ് കയറിയിട്ടുണ്ടാവും.

അത് വരെയില്ലാത്ത് ഒരു ഊർജ്ജമായിരുന്നു പിന്നെ പാപ്പന്റെ സിരകളിൽ. സംശയമെല്ലാം ശരിയെന്ന് സ്ഥപിക്കാൻ മുഖമില്ലാത്തൊരു രൂപത്തെ കിട്ടിയെന്ന് മാത്രമല്ല, അവന്റെ മുഖം തിരഞ്ഞിനി അധികം പോവേണ്ടി വരില്ലെന്നുകൂടെ തെളിഞ്ഞ് വരുന്നു.

ഇത്തവണ രാജ്ഞി കോപിച്ചില്ല. അനുമോദിച്ചുമില്ല.

പക്ഷെ ടീമിനെ രണ്ടാക്കിയിട്ട് കായംകുളത്തും, നങ്ങ്യാർക്കുളങ്ങരയും, ഹരിപ്പാടും കെൽട്രോൺ സ്ഥാപിച്ച ട്രാഫിക്ക് ക്യാമറയുടെ ഫൂട്ടേജ് എടുത്ത് ഒത്ത് നോക്കാൻ പാപ്പനുള്ള ടീമിനെ നിയോഗിച്ചു.

ഇത്തവണ ആവശ്യമുന്നയിക്കുന്നതിന്‌ മുമ്പ് തന്നെ എല്ലാ വശവും ആലോചിച്ചിട്ടാണ്‌ പാപ്പൻ ചെന്നത്.

“നങ്ങ്യാർക്കുളങ്ങരേലെ ക്യാമറയിൽ 3 മണിക്ക് തൊട്ട് മുമ്പോ ശേഷമോ കടന്ന് പോയ വണ്ടികൾ മറ്റ് രണ്ട് ക്യാമറകളിൽ എപ്പോഴൊക്കെയാ കടന്നു പോയതെന്ന് നോക്കിയാ മനസ്സിലാവും. ഒരു വണ്ടി വൈകിയിട്ടൊണ്ടാവണം. ഒരുപാട്. ഇനി മറ്റൊരു ക്യാമറേലും പതിഞ്ഞിട്ടില്ലെങ്കി അവൻ തൊട്ടടുത്തുണ്ട്. കൈ എത്തുന്ന
ദൂരത്ത്.“

ഇതല്ലാതെ വേറെ എന്തൊക്കെ വഴികളുണ്ട്. ഇതാണ്‌ എലിയേ പേടിച്ച് ഇല്ലം ചുടുന്ന പരിപാടിയെന്ന് ഒരു കൂട്ടർ വാദിച്ചു.

”ഇതൊന്നുമല്ലാതെ ഒരുപാട് സാധ്യതകളൊണ്ട്, പക്ഷെ അതിലേതായാലും ആ സമയത്തെ ട്രാഫിക്ക് ഒത്ത്നോക്കിയാ ഒരു ധാരണയാവും. ഒരു വണ്ടിയെ മാത്രം ചൂണ്ടിക്കാണിക്കാൻ പാകത്തിന്‌.“

ആർക്കും അങ്ങോട്ട് തൃപ്തി വരുന്നില്ലെന്ന് കണ്ട പാപ്പൻ പറഞ്ഞു,

”പണ്ട് സ്കൂളീ കണക്ക് പരീക്ഷക്ക് സമത്തിന്റെ എടത് വശത്തൊള്ളത് വികസിപ്പിച്ച് കൊണ്ടുവന്നിട്ട് എങ്ങുമെത്താതെ വരുമ്പം എന്ത് ചെയ്യുമാരുന്നു? പിന്നെ ചോദ്യത്തിലെ വലത് വശത്തൊള്ളത് വെച്ച് താഴേന്ന് മോളിലോട്ട് ഒരു പിടി പിടിക്കത്തില്ലാരുന്നോ? അത്രെ ഒള്ളു ഇതും.“

പറഞ്ഞതിന്റെ ഗുട്ടൻസ് സംശയം ചോദിച്ച കുട്ടിരാജാവിന്‌ മനസ്സിലായി.
എല്ലാം ഫലവത്തായി.

അവരുടെ കണ്ണുകൾ സ്ക്രീനിൽ പിന്തുടർന്ന വണികളിൽ ഒന്നിന്റെ റൂട്ട് മാത്രം മുഴച്ച് നിന്നു.

3:02ന്‌ ഒരു ചാര നിറത്തിലുള്ള ടാറ്റാ സിനോൺ നങ്ങ്യാർക്കുളങ്ങര ക്യാമറയിലൂടെ പോയിട്ടുണ്ട്, പിന്നീട് ഹരിപ്പാടുള്ള ക്യാമറയിലും അധികം വൈകാതെ മുഖം കാണിച്ച് ആലപ്പുഴ ലക്ഷ്യമാക്കി പോയി. എന്നാൽ ഈ വണ്ടി എവിടെ നിന്ന് വന്നുവെന്ന് നോക്കിയപ്പോൾ കായംകുളത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറയിലൂടെ അടുത്തെങ്ങും പോയിട്ടില്ല.

ഹരിപ്പാട് ഭാഗത്തുനിന്ന് തന്നെ വന്നതാണോയെന്നുള്ള തുടർ അന്വേഷണത്തിൽ, ഇതേ വാഹനം 1:14ന്‌ ഹരിപ്പാടുള്ള ക്യാമറയിൽ ചിത്രമാക്കപ്പെട്ടിട്ടുണ്ട്. നങ്ങ്യാർക്കുളങ്ങര ലക്ഷ്യമാക്കിയുള്ള വരവ്. അധികം വൈകാതെ നങ്ങ്യാർക്കുളങ്ങരയിലെ മൂന്നും കൂടുന്ന ജംക്ഷനിലും വന്നിട്ടുണ്ട്.

പിന്നെ 3:02 വരെ എവിടെ ആയിരുന്നുവെന്ന് അന്വേഷിക്കാൻ യാതൊരു നിർവ്വാഹവുമില്ല.

സിനിമയിലായിരുന്നെങ്കിൽ ആ ഭാഗത്തുള്ള സകല എ.ടി.എം. സെന്ററുകളുടേയും മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെയും സി.സി.ടി.വി. ഫൂട്ടേജുകൾ അധികം വൈകാതെ കിട്ടുകയും ആ വണ്ടിയുടെ സകല അനക്കങ്ങളുടേയും ഒരു രൂപരേഖയുണ്ടാക്കാനും സാധിച്ചേനേ. പക്ഷെ ശരിക്കുള്ള ലോകത്ത് അതിന്റെ നൂലാമാലകളും നിയമ പോക്രിത്തരങ്ങളും കാരണം മനസ്സ് മടുത്ത് ആരും ആ വഴിയൊന്നും മനസ്സിൽ പോലും ആലോചിക്കാറില്ല.

ഹരിപ്പാടുള്ളത് സ്പീഡ് ഇന്റർസെപ്ടർ ക്യാമറ ആയതുകൊണ്ട് ഡ്രൈവറേയും അതേ സമയം നമ്പർപ്ലേറ്റും ചിത്രമാക്കി ഒപ്പിയെടുക്കാനുള്ള ശേഷിയുള്ളതാണ്‌.

ആ സിനോൺ അന്വേഷിച്ച് ചെന്നത് നീർക്കുന്നത്തുള്ള ഒരു കർഷകന്റെ വീട്ടിലേക്കാണ്‌. അയാൾ ചോദിച്ചത്തിന്‌ അണുവിട നുണ പറയാതെ സമ്മതിച്ചു അന്ന് രാത്രി വണ്ടി ഓട്ടം പോയിരുന്നു. പണ്ട് കൂടെ പഠിച്ച ഒരു സുഹൃത്ത് ആരേയോ കാണാൻ വണ്ടിയെടുത്തുകൊണ്ട് പോയി. രാവിലെ ചന്തയിൽ പോവണമെന്ന് പറഞ്ഞിരുന്നകൊണ്ട്, അവൻ വെളുപ്പിനെ തന്നെ കൊണ്ടുവന്ന് തിരിച്ച് ഇട്ടിട്ട് പോവുകയും ചെയ്തെന്ന് പറഞ്ഞു.

അയാളാണ്‌ വന്ദനത്തെ മക്കി ജംക്ഷനിൽ നിന്ന് പടിഞ്ഞാറ്‌ മാറി പുളിയഞ്ചോലക്കാരുടെ പുതുക്കിപ്പണിത കുടുംബവീട്ടിലേക്ക് കാക്കിപ്പടയെ കൊണ്ടുപോയത്.

അവിടെ വെച്ചാണ്‌ പാപ്പൻ ജീവിതത്തിൽ ആദ്യമായിട്ട് സുധീഷിനെ കാണുന്നത്. അതോ ഇതിന്‌ മുമ്പ് ശ്രദ്ധിക്കാതെ പോയ മുഖമാണോ ഇതെന്ന് അയാൾക്ക് വലിയ തിട്ടമില്ലായിരുന്നു.

അപ്പൻ വറീതിന്റെ ഉപദേശം ഓർത്തു.

“ഡാ അതിപ്പൊ തെറ്റ്ചെയ്തവനെ ബാക്കിയൊള്ളവരിൽ നിന്ന് മാറ്റി നിർത്തുന്ന എന്തോ ഒന്നൊണ്ട്. അത് പറഞ്ഞ് തരാനൊക്കില്ലന്നെ. നെനക്ക് സമയമാവുമ്പൊ മനസ്സിലാവും. എനിക്കൊറപ്പാ. തെറ്റ് സമ്മതിച്ച് തരാത്തവരടെ കണ്ണിലോട്ട് നൊക്കുന്നത് അടി കാണാത്ത ചെളിക്കുഴിലോട്ട് നോക്കുന്ന പോലാ.”

സുധീഷ് ആദ്യമേ തന്നെ സമ്മതിച്ചു അയാൾ വണ്ടിയിൽ പോയതും മറ്റും. പക്ഷെ എവിടെ പോയി എന്നുള്ള ചോദ്യത്തിന്‌ നാട്ടിൽ വരുമ്പോഴൊക്കെ നങ്ങ്യാർക്കുളങ്ങര റെയിൽവേ മേല്പ്പാലത്തിന്റെ കീഴെയാണ്‌ പണ്ടുതൊട്ടെ പരിചയമുള്ള സുഹൃത്തുക്കളെ സൽക്കരിക്കാറുള്ളതെന്നും, പക്ഷെ അന്നേ ദിവസം സുഹൃത്തുക്കൾക്കൊന്നും വരാനൊത്തില്ലെന്നും അയാൾ ഒറ്റയ്ക്കിരുന്ന് മദ്യപിച്ചെന്നും പറഞ്ഞു.

വലിയ ബഹളമൊക്കെ ഉണ്ടാക്കി കസ്റ്റടിയിലെടുക്കുന്നതിനെ സുധീഷും വീട്ടുകാരും എതിർത്തെങ്കിലും രാജ്ഞി വിട്ടുകൊടുത്തില്ല.

ജീപ്പിലേക്ക് കയറുമ്പൊ “എല്ലാം സാഹചര്യത്തെളിവാ, അല്ലാതൊന്നുമില്ല, ആളെ കിട്ടാഞ്ഞ് കൈ ഒഴിയാൻ കണ്ടെത്തിയതാ” എന്നും പറഞ്ഞുള്ള അയാളുടെ പ്രകടനത്തിനിടയ്ക്ക് പാപ്പി കണ്ടു. ആഴം അറിയാത്ത ചെളിക്കുണ്ട്!

പക്ഷെ രണ്ട് പിള്ളേരുടെ അപ്പനും ഇത് വരെ പേരിനൊരു ട്രാഫിക്ക് പെറ്റി പോലും കിട്ടാത്ത ഒരാളേക്കൊണ്ട് ഇതൊക്കെ പറ്റുമോ?

സുധീഷിന്‌ മനാമ സിറ്റിയിൽ ഒരു കൺസ്റ്റ്രക്ഷൻ ബിസിനസ്സുണ്ട്, സ്വന്തമായിട്ട്. അഞ്ചാറ്‌ കൊല്ലത്തിൽ നാട്ടിൽ കാല്‌ കുത്തിയത് വല്യച്ഛന്‌ ബലിയിടാൻ മാത്രം. ജബേൽ അലിയിലെ ജോലി വിട്ട് തൊണ്ണൂറുകളുടെ ഒടുക്കം ബഹറിനിൽ എത്തിയതാണ്‌. പതുക്കെ ബിസിനസ്സിലേക്ക് തിരിഞ്ഞു.

പ്രായത്തിന്റെ എടുത്ത്ചാട്ടമാണോ മീരയുടേതെന്ന് അന്വേഷിക്കാൻ ഇന്റലിജെൻസ് അഡീഷണൽ ഡി.ജി.പി.യുടെ വക ഒരു അന്വേഷണം നടത്തിയപ്പോൾ, ഇവിടെ നാട്ടിലുള്ളതിനേക്കാൾ നല്ല പ്രതിച്ഛായയാണ്‌ അയാൾക്ക് ഷെയ്ഖിന്റെ മണലാരണ്യങ്ങളിൽ.

ഇതൊരു തലവേദനയാവുമെന്ന് ഉറപ്പായതോടെ, മുതിർന്ന പോലീസുകാരുടെ ആശിർവാദത്തോടെ തന്നെ സുധീഷിന്‌ ജാമ്യം അനുവദിച്ച് കിട്ടി.

അന്ന് പാപ്പൻ വീണ്ടും ശ്രദ്ധിച്ച് നോക്കി. അയാളുടെ കണ്ണിന്‌ നിരപരാധിയ്ക്കുണ്ടായേക്കാവുന്ന സന്തോഷത്തിന്റെ തിളക്കമല്ല. അറ്റം കാണുന്നില്ല!

പാപ്പനെ അലട്ടിയിരുന്ന വേറെയൊരു പ്രശ്നം അന്ന് ജീപ്പിൽ കയറ്റുമ്പോഴുള്ള അയാളുടെ അമ്മയുടെ മുഖമാണ്‌. ബാക്കിയുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു അവരുടെ മുഖം.

അവരുടെ വ്യഥ.

അവര്‌ മുറ്റത്ത് എന്നെങ്കിലും കാക്കിപ്പടയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പോലെ.

ആ അമ്മയ്ക്ക് മകനെക്കുറിച്ച് മറ്റാർക്കും അറിയാത്ത എന്തൊക്കെയോ അറിയാമെന്ന് തോന്നി പോവുന്നു. പക്ഷെ ജീവൻ പോയാലും അവരതൊന്നും മകന്‌ ദോഷമാവുംവണ്ണം പുറത്ത് പറയില്ല, അതുറപ്പ്.

അമ്മമാർക്ക് ദൈവം കനിഞ്ഞ് കൊടുത്ത ഒരു അനുഗ്രഹമാണ്‌, സ്വന്തം മക്കളെ കുറിച്ച് മനസ്സിലാക്കാൻ ഒരു ആറാം ഇന്ദ്രിയം. പക്ഷെ ആ പാവങ്ങൾക്ക് അതുള്ളതുകൊണ്ട് കൂടുതൽ ദുഖിക്കാമെന്നുള്ളതല്ലാതെ മറ്റ് ഗുണമൊന്നും ഈ നൂറ്റാണ്ടിലില്ലല്ലൊ എന്ന് പാപ്പൻ ഓർത്തു. മോളമ്മയേ കുറിച്ചും പാപ്പൻ അവരെ എന്ത് മാത്രം വിഷമിപ്പിച്ചിട്ടുണ്ടെന്നും വരെ ഞൊടി നേരം കൊണ്ട് ചിന്തിച്ച് കൂട്ടി, അവസാനം ചിന്തകൾക്ക് മുന്നിൽ തോറ്റ് കൊടുത്തു.

മീരയ്ക്ക് എതാണ്ട് ഉറപ്പായി സുധീഷല്ല തെറ്റുകാരൻ എന്ന്‌. പല വട്ടം എല്ലാരുടെ മുന്നിലും വെച്ച് പാപ്പനെ സഹായിക്കാൻ തീരുമാനിച്ച നശിച്ച നിമിഷത്തെ പഴിച്ചു. പലപ്പോഴും പാപ്പനുള്ളപ്പോൾ തന്നെ.

ശരിക്കും എല്ലാ വശത്തും പഴിയും കളിയാക്കലുകളും മാത്രം.

പണ്ട് രേവതിയുടെ അമ്മായിയുടെ ശരീരം റീജണൽ ക്യാൻസർ സെന്ററിൽ നിന്ന് വീട്ടിൽ എത്തിച്ച്, മറ്റ് ചടങ്ങുകൾക്ക് ശേഷം മാവിന്റെ കൊമ്പുകൾക്കൊപ്പം എരിഞ്ഞമരുന്നത് കണ്ട് അലറി കരഞ്ഞിട്ട് പറഞ്ഞത്രെ അവൾ മരിചാൽ അവളെ ദഹിപ്പിക്കല്ലെന്ന്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഴിച്ചിട്ടാൽ മതിയെന്ന്.

മതം മാറി വന്നതുകൊണ്ട് ബിൻസിയ്ക്കൊരു പള്ളി കല്ലറ തരപ്പെടുത്താൻ അവളുടെ വീട്ടുകാരേക്കൊണ്ട് സാധിച്ചുമില്ല.

അങ്ങനെ മുറ്റത്ത് ചിരട്ടയിൽ ചോറും കറിയും വെച്ച് കളിച്ചിരുന്ന കാലം തൊട്ട് ഒന്നിച്ചുണ്ടായിരുന്ന കുട്ടികളെ ഒന്നിച്ച് അടക്കിയാലെന്താന്നൊരു ചോദ്യമുയർന്നു.

എല്ലാംകൊണ്ടും അത് ശരിയായി.

ആ കല്ലറയ്ക്കൽ നിന്ന് കരയുന്ന പാപ്പനെ കണ്ട് രേവതിയുടെ അമ്മ വീണ്ടും കരഞ്ഞു.

അമ്മ പോയി കഴിഞ്ഞ്, പാപ്പൻ ആ സിമന്റ് തറയിൽ കൈ വെച്ച് അകത്തുള്ളവർക്കൊരു വാക്ക് കൊടുത്തു.

ഒട്ടുമിക്ക പോലീസുകാർക്കും കേസിലെ താത്പര്യം തീരെയില്ലാതായെങ്കിലും വറീത് പാപ്പനെ നിരുത്സാഹപ്പെടുത്തിയില്ല. പാപ്പൻ സുധീഷിന്റെ ചരിത്രത്തിൽ ഗവേഷണം തുടങ്ങിയപ്പൊ എല്ലാ സഹായവും ചെയ്ത് കൊടുത്തു.

സുധീഷ് ബി.കോം. എടുത്തത് നങ്ങ്യാർക്കുളങ്ങരയിലെ എച്ച്. എം. മാധവാ കോളേജിൽ നിന്നാണെന്നുള്ളതാണ്‌ ആകെയുള്ള ഒരു കച്ചിത്തുമ്പ്. അവിടുന്ന് സമ്പാദിച്ച സൗഹൃദവലയവും അങ്ങനെയെല്ലാം എവിടെയും ഒരു തരത്തിലും സഹായിച്ചില്ല. പാലത്തിന്‌ കീഴെ കൂടുന്ന ദർബാർ സദസ്സിന്റെ കാര്യത്തിലും സംശയത്തിന്‌ വക തരുന്നതൊന്നുമില്ലായിരുന്നു.

എല്ലാ തരത്തിലും വഴി മുട്ടി നിന്ന അവസ്ഥയിൽ ഒരു അത്ഭുതം നടന്നു.

അല്ല, അത്ഭുതമല്ല.

പക്ഷെ എന്തിന്‌ അങ്ങനെ ഒരു വഴിക്ക് നീങ്ങിയെന്ന് ചോദിച്ചാൽ പാപ്പന്‌ അറിയില്ല.

സുധീഷ് ആ വഴി പോയ നേരത്ത് തുറന്ന് പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളേതൊക്കെയെന്ന് അന്വേഷിച്ചിട്ട് മിക്കതും പെട്രോൾ ബങ്കുകളാണ്‌. അതിലൊന്നിൽ പോലും വണ്ടി നിർത്തിയിട്ടുമില്ല.

ഹരിപ്പാട് സർക്കാർ ആശുപത്രിയുള്ളതുകൊണ്ടും അവിടെ മരുന്നിന്റെ ലഭ്യത സോമാലിയയേക്കാൾ പരിതാപകരമായതുകൊണ്ടും, മുനിസിപ്പാലിറ്റി ഒരു തീരുമാനമെടുത്തിരുന്നു. ടൗണിൽ തന്നെയുള്ള നാല്‌ മെഡിക്കൽ ഷോപ്പുകളിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കണം. 4 കടക്കാരും ആ ഉത്തരവാദിത്വം ഒരോ ദിവസവും ഊഴമനുസരിച്ച് നിറവേറ്റിക്കൊണ്ടിരിക്കുന്നു.

സുധീഷ് പോയ ദിവസം തുറന്നിരുന്നത് കെ.എം. മെഡിക്കൽസാണ്‌. അവിടെ പോയിരുന്നോ എന്നു ഫോട്ടോ കാണിച്ച് അന്വേഷിച്ചപ്പോൾ ബി.ഫാം ചെയ്യുന്നതിനിടയിൽ തന്നെ കടയിൽ സഹായത്തിന്‌ നിന്നിരുന്ന നിധിൻ എന്നൊരു പയ്യനാണ്‌. അവനുറപ്പാണ്‌ സുധീഷ് വന്നിരുന്നെന്ന കാര്യം. അയാൾ കാരണം പിറ്റേന്ന് അവന്‌ ചീത്ത കേട്ടതാണ്‌.

അവൻ മറക്കില്ല ആ മുഖം.

ബെറ്റാഡിൻ ജെല്ലും, കോട്ടണും, ബാൻഡേജുമാണ്‌ അയാൾ മേടിച്ചത്.

മഷിയുടെ മണം പോവാത്ത 2000 രൂപയുടെ നോട്ടാണ്‌ ആകെ അയാളുടെ കയ്യിലുണ്ടായിരുന്നത്. 1000, 500 നോട്ടുകളുടെ നിരോധനം എല്ലാ തരത്തിലും ബിസിനസ്സിനെ തറപറ്റിക്കുമ്പൊ 1900 രൂപയുടെ ചില്ലറ പെട്ടിയിൽ നിന്ന് എടുത്ത് കൊടുത്തതിന്‌ നിധിൻ നല്ലവ്വണ്ണം പഴി കേട്ടു. അവന്‌ 2 ആഴ്ചത്തെ പ്രതിഫലമായി കിട്ടണ്ട 2000 ആയിട്ട് ആ നോട്ട് എടുത്തുകൊള്ളാൻ പറഞ്ഞ് കടയുടമും തടിയൂരി.

പക്ഷെ അത് വേറൊരു തരത്തിൽ അനുഗ്രഹമായി.

ആ 2000, പഴയ നോട്ടുകൾക്ക് പകരം മാറി കൊടുത്തത് എസ്.ബി.ടി.യുടെ വന്ദനം ശാഖ വഴിയാണ്‌. പഴയ നോട്ടുകളുടെ നമ്പരും മാറ്റി വാങ്ങാൻ വരുന്നവരുടെ ഐ.ഡി.യുടെ കോപ്പിയും മേടിച്ച് വെച്ചിരുന്നതുകൊണ്ട്‌, ഒന്നൂടെ ആഴത്തിൽ മുങ്ങിത്തപ്പിയപ്പോൾ ആ രണ്ടായിരം രൂപ നോട്ട് പുളിയഞ്ചോല സുധീഷിൽ തന്നെ എത്തി നിന്നു.

ഒരു സാക്ഷിയും, നോട്ടെന്നൊരു തെളിവുമായതോടെ മീരയെ വിശ്വസിപ്പിക്കാൻ സാധിച്ചു, പക്ഷെ ഒരു ഹരിശ്ചന്ദ്രനെ സംശയിക്കാനും മേലധികാരികളുടെ എതിർപ്പുകളെ അവഗണിച്ച് വീണ്ടും ഒരു രൂക്ഷ കുറ്റാരോപണം നടത്താനും അവര്‌ തയ്യാറല്ലായിരുന്നു.

വാട്ടർ ബെഡിലെ വെള്ളത്തിന്റെ അളവ് ഒന്നുകൂടെ ക്രമപ്പെടുത്തിക്കിട്ടിയതിന്റെ സന്തോഷത്തിൽ കിടന്ന വറീത്, പല വട്ടം പണ്ട് കൂടെ ഉണ്ടായിരുന്നവരുമായി ഫോണിൽ സംസാരിച്ചു.

അത് പക്ഷെ സന്തോഷം പങ്കിടാനായിരുന്നില്ല.

“പാപ്പാ, ഞാൻ പറയുന്നൊരിടം വരെ നീ ഒന്ന് പോണം. ഒരു രവിയെ കാണണം. ഈ സുധീഷ് നങ്ങ്യാർക്കുളങ്ങര പഠിച്ചിരുന്നപ്പം അയാള്‌ നിന്റെ സ്റ്റേഷനില്‌ റൈറ്ററാരുന്നു. എനിക്ക് വല്യ പരിചയവില്ല, പക്ഷെ എന്നെ അയാക്ക് അറിയാം. പറഞ്ഞാ മതി. ഇപ്പൊ അയാള്‌ മോനെ സഹായിക്കുവാ. അവൻ എന്തോ ഒരു കല്യാണ ബ്രോക്കറാ. അവന്റെ സ്ഥാപനത്തിന്റെ പേര്‌ ഡൗവ്സ് മാറ്റ്രിമോണി.“

”നല്ല പേര്‌“

”സമയം കളയാതെ പോവാൻ നോക്കെടാ. അയാക്ക് ആ പയ്യനെ അറിയാം.“

വൊളന്ററി റിട്ടയർമെന്റ് മേടിച്ചെടുത്ത് നേരത്തേ തന്നെ തോൽവി സമ്മത്തിച്ച മിടുക്കന്‌ പാപ്പൻ മനസ്സിൽ കണ്ട പ്രായം പോലുമില്ലായിരുന്നു. ഇത് തലയിൽ തേച്ച ഡൈയുടെ മഹത്വമല്ലെന്നുറപ്പ്. അത്രെക്ക് ചുറുചുറുക്കോടെ ഓടി നടന്ന് ഓഫിസ് ജോലി ചെയ്യുമ്പോഴാണ്‌ പാപ്പൻ കയറി ചെല്ലുന്നത്.

”മോന്റപ്പൻ ഇന്നലെ വിളിച്ചാരിന്നു. അപ്പൊഴാ ഈ സ്റ്റേഷനില്‌ വറീത് സാറിന്റെ മോനൊണ്ടെന്ന് പോലുമറിഞ്ഞെ. ഞാൻ ആ വഴി വന്നിട്ടൊരു 7 കൊല്ലമായിക്കാണും.“

പാപ്പന്‌ അപ്രധാന വിഷയങ്ങൾ സംസാരിച്ച് പരിചയം പുതുക്കാൻ താത്പര്യമില്ലായിരുന്നെങ്കിലും അയാളെ വെറുപ്പിക്കാതെ സംസാരം വേണ്ട ദിശയിലേക്ക് തിരിക്കാൻ ചിരിച്ചു. ചിന്തിച്ചു. എന്നിട്ട് ചോദിച്ചു,

”അപ്പം തീരെ ചെറുപ്പത്തിലാ അല്ലെ ഈ സുധീഷിനെ കണ്ടിട്ടൊണ്ടെന്ന് പറഞ്ഞെ.“

”ഉയ്യോ അതേ. ഒരുപാട് പണ്ടാ.“

”അതും എനിക്ക് പത്രത്തിലെ ഫോട്ടോ കണ്ടിട്ട് ഒരു 80% ഒറപ്പെ പറയാനും ഒക്കുന്നൊള്ളു. പക്ഷെ തിരിച്ചറിയാൻ പാകത്തിനൊരാളെ എനിക്കറിയാം. ഇത് ഞാൻ ഉദ്ദേശ്ശിക്കുന്ന ആളാണേൽ നിങ്ങക്ക് ഒരു ക്രോസ്സ് വിസ്താരത്തിനും നിക്കാതെ പൊക്കാം.“

”എന്തിനേ കുറിച്ച പറയുന്നെ?“

”ഒരിക്കൽ ഈ പേരൊള്ള ഒരു വന്ദനംകാരൻ പയ്യനെ അന്നത്തെ ഒരു ലേഡി പി.സി. രുഗ്മിണി നമ്മടെ സ്റ്റേഷനീ കൊണ്ടുവന്ന് ഇടിച്ചിട്ടൊണ്ട്. അവർക്ക് ഇവൻ ഏതാണ്ട് ഒരുപാട് ഊമ കത്ത് അയക്കുവാരുന്നു. വീട്ടിലോട്ട് വിളിച്ചേച്ച് വൃത്തികേടും. പല സ്ഥലത്ത് അവരടെ പൊറകെ പമ്മി നടക്കുമാരുന്നും കാണും. അവടെല്ലാം വെച്ച് ഇവരെ കാണാൻ അങ്ങനൊണ്ടാരുന്നു ഇങ്ങനൊണ്ടാരുന്നു എന്നെല്ലാം പറഞ്ഞോണ്ട് വൃത്തികെട്ട കൊറേ കത്തെല്ലാം വന്നപ്പത്തേക്ക് അവര്‌ ഒന്നൂടെ കര്യമായിട്ട് കരുതി നടന്നേന്റെയാ. സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വേല കഴിയുന്ന ദിവസം പൊറകീന്ന് ഇവനെ പൊക്കി സ്റ്റേഷനീ കൊണ്ടുവന്നിട്ട് തല്ലി. അന്ന് ഡ്യൂട്ടീലൊണ്ടാരുന്നവരൊക്കെ പൂരപ്പറമ്പിലും മറ്റുമാരുന്നു. ഞാനും പറാവുകാരനുമേ ഒള്ളാരുന്നെന്നാ ഓർമ്മ. എന്നിട്ട് ഒരു ഒടുക്കത്തെ താക്കീത് കൊടുത്താ വിട്ടെ. പിന്നെ അവൻ ഒന്നിനും നിന്നില്ലെന്നാ എന്റെ ഓർമ്മ.“

എന്തൊക്കെയോ കണ്ടെത്താതിരുന്ന കണ്ണിയെല്ലാം കൂടി ചേർന്ന് വരുന്ന പോലെ തോന്നി. വന്യമായ പ്രകാശമായിരുന്നു പാപ്പന്റെ മുഖത്ത്.

”അവരിപ്പം എവടൊണ്ട്?“

”നമ്മടെ സ്റ്റേഷനീ കാണും അവരടെ ബുക്കിന്റെ കോപ്പി. വീട് കൊറച്ച് തെക്കാ. തട്ടാമല. കൊല്ലത്തൂന്ന് പോണം.“

കാര്യമെല്ലാം പറഞ്ഞപ്പോൾ മീരയ്ക്കും ബോദ്ധ്യമായി. പക്ഷെ അവരെ നേരിട്ട് കണ്ട് അവരുടെ മൊഴിയും കൂടെ രേഖപ്പെടുത്താനാകുമെന്ന് ഉറപ്പാക്കിയിട്ടെ ഇനി ഒരു അങ്കത്തിന്‌ മുറവിളി കൂട്ടുവെന്ന് ഉറപ്പിച്ച് പറഞ്ഞു.

ഒരു അൺഒഫിഷ്യൽ റോഡ് ട്രിപിന്‌ റെഡിയായിക്കൊള്ളാൻ പാപ്പന്‌ ഓർഡറും കൊടുത്തു. കേട്ടപാതി കേൾക്കാത്ത പാതി പാപ്പൻ റെഡിയാണെന്നും പറഞ്ഞു.

അധികം വൈകാതെ കേസിന്റെ നാൾ വഴികളും പറഞ്ഞ് രാജ്ഞിയുടെ നീല റെനോൾട്ട് ലോഡ്ജിയിൽ അവര്‌ കൊല്ലം ലക്ഷ്യമാക്കി പോയി. ഒരു മണിക്കൂർ ഇടവിട്ട് മാറി മാറി ഓടിക്കാമെന്ന ഉപാധിമേൽ.

“ഭാര്യയും രണ്ട് പിള്ളേരുമൊക്കെയൊള്ള ഒരുത്തൻ…ആ ഒരു ഭാഗം ചിന്തിക്കുമ്പം മേഡം, നമ്മള്‌ ചിന്തിക്കുന്നത് തെറ്റാവണേന്ന് ആഗ്രഹിച്ച് പോവും.”

“കെട്ടിയകൊണ്ട് ഒരാളും മാറത്തില്ല. ഈ കാക്കി യൂണിഫോമൊക്കെ അയാക്ക് ഒരു ഫെറ്റിഷ് ആരിക്കും. അയാടെ മനസ്സീ കെടന്ന് കാണും ഇത്രേം കൊല്ലം.”

“ഫെറ്റിഷെന്ന് വെച്ചാ?”

“എന്ന് വെച്ചാ…..ങാ… താനവിടിരുന്ന് തന്റെ ഫോണിൽ കുത്തി നോക്ക്.”

പാപ്പൻ ഫോൺ എടുത്തുപോലുമില്ല. മീരയുടെ മുഖത്ത് വന്ന കുഴഞ്ഞ്മറിഞ്ഞ നാണവും അഹന്തയും ചേർന്ന ഭാവപ്പകർച്ച കണ്ടപ്പൊ തന്നെ ഉഹിക്കാനൊത്തു.

“അല്ലേലും ഈ കല്യാണോമൊക്കെ ഒരുപാട് പേർക്ക് ഒരു മറ മാത്രമാ.. ബാക്കി ഒരോന്ന് ഒപ്പിച്ച് വെക്കാൻ. ഈ ഞാൻ പോലും കെട്ടാത്തതെന്താ..ദേ ഇപ്പൊ ആ പോവുന്ന റെനോ ക്ലാസ്സിക്ക് കണ്ടോ… ഇഷ്ടപ്പെട്ടോ? ഉപയോഗിക്കാനും കൊള്ളാമായിരിക്കും, പക്ഷെ നാളെ മാരുതി സിയാസ് എറങ്ങി കഴിയുമ്പം തോന്നും ങാ അത് ഇതിലും കൊള്ളാമെന്ന്. അങ്ങനാ മിക്കവരും. ആണുങ്ങളും പെണ്ണുങ്ങളും. വെറുതേ ഓരോ സോഷ്യൽ കമ്മിറ്റ്മെന്റ്സ്.“

”മാഡം ഇപ്പമീ പറഞ്ഞതെല്ലാം മാറ്റിപ്പറയുന്ന ഒരു കാലം വരും. നോക്കിക്കോ.“

”ഇത് ഞാൻ കൊറേ കേട്ടിട്ടൊള്ളതാ.“

”മേഡം ഞാനും എതാണ്ട് ഇങ്ങനൊക്കെ തന്നെ ഫിലോസഫി പറഞ്ഞിരുന്നെയാ. പ്രേമംന്നൊക്കെ പറഞ്ഞാ മഴ പോലാ. വെയിലൊള്ളപ്പൊ എല്ലാർക്കും മഴ വേണം. പഷേ മഴ പെയ്താ അത് തോരാൻ എവിടേലും കേറി ശപിച്ചോണ്ട് നിക്കുമെന്നൊക്കെ. എന്നിട്ടിപ്പം ഞാൻ കെട്ടി, ദേ കൊച്ചും ആവാറായി.“

അഹങ്കാരം മുഴച്ച് നില്ക്കുന്ന ചിരി ആയിരുന്നു മറുപടി.

വായിൽ വന്നതെല്ലാം രാജ്ഞിയുടെ അഹങ്കാരത്തിന്‌ അറുതി വരുത്താൻ പറ്റിയ വാക്കുകളായതുകൊണ്ടും, കുഞ്ഞ് ഉണ്ടാവുമ്പൊ ഒരു ജോലി അത്യാവശ്യം ആയതുകൊണ്ടും, കേസിന്റെ ഇനിയുള്ള ഗതി എങ്ങനെ വേണമെന്നുള്ള പുതിയൊരു വിഷയമിട്ട് പാപ്പൻ തടിയൂരി.

ചിന്നക്കട ജംക്ഷനിൽ ചെന്നിട്ട് തിരിഞ്ഞത് അബദ്ധമായോ, തട്ടാമല എത്താൻ വൈകുമോ, എന്നൊക്കെയറിയാൻ വണ്ടി നിർത്തിയിട്ട് പി.സി.104നെ വിളിച്ചെങ്കിലും അയാൾ എടുത്തില്ല. വരുന്നത് വരട്ടെ കൊല്ലത്ത് ചെന്നിട്ട് ചോദിച്ച് പോകാമെന്നോർത്ത് വണ്ടി എടുത്തതും, അയാൾ വിളിച്ചു.

”വേണ്ട ഞാൻ എടുത്ത് സംസാരിച്ചോളാം. താൻ വണ്ടി ഓടിച്ചാ മതി. ഇനി ഒരു കൈയ്യിൽ ഫോണും പിടിച്ച് വണ്ടി ഓടിക്കുന്നത് ട്രാഫിക്കുകാര്‌ പൊക്കിയിട്ട് വേണം അതിന്റേം കൂടെ തെറി അവിടെ ചെന്നിട്ട് കേക്കാൻ.“

”അയ്യോ, മേഡം ഇപ്പം എടുത്താ നമ്മളൊന്നിച്ച് കേസിൽ എന്തോ ഒപ്പിക്കാൻ പോവാന്നു എല്ലാ അവനും ഇപ്പം അറിയും. അത് വേണ്ട. എല്ലാം ഒന്ന് ഒറപ്പിച്ചിട്ട് പോരെ അത്.“

ആരെയും അനുസരിക്കാത്ത പ്രകൃതക്കാരിയായതുകൊണ്ട്, ഇത്രയും പറഞ്ഞ് തീരുമ്പോഴേക്ക് മീര ഫോൺ പാപ്പന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് എടുത്ത് കഴിഞ്ഞിരുന്നു. അതുകൊണ്ട് മാത്രം ഫോൺ അറ്റെൻഡ് ചെയ്തിട്ട് പാപ്പന്റെ ഇടത് ചെവിയോട് ചേർത്ത് പിടിച്ചു കൊടുത്തു.

സംസാരിച്ചുകൊണ്ട് തന്നെ ഒരു യൂ ടേൺ എടുത്ത് വന്ന വഴി പോയി മറ്റൊരു ഇന്റർസെക്ഷൻ തിരിയുകയും ചെയ്തു.

എല്ലാം വന്നിട്ട് പറയാമെന്ന് പറഞ്ഞതും, മീര ഫോൺ കട്ട് ചെയ്തത് തിരിച്ച് പാപ്പന്റെ പോക്കറ്റിലിട്ടു.

”മേഡം ഇത് പറഞ്ഞപ്പൊഴാ ഓർത്തെ…ശരിക്ക് നമ്മളാരേം അറിയിക്കാതെ വന്നത് ഇനി മുകളിലൊള്ള സാറമ്മാർക്ക് പിടിക്കാതെ വരുവോ…ഇവൻ തെറ്റുകാരൻ ആണെന്ന് സ്ഥാപിച്ചാലും നമ്മളോട് വാശി കാണിച്ച് ഇതങ്ങ് മുക്കുവോ?“

”ഓഫീസ് പൊളിറ്റിക്സിന്റെ കാര്യം പീറ്റർ എനിക്ക് വിട്ടേക്ക്. ആദ്യം തെറ്റുകാരൻ ആണെന്ന് തെളിയിക്കാൻ പറ്റട്ടെ.“

നൈമിഷിക നിശബ്ദത പതുക്കെ വളർന്നു. പടർന്ന് പന്തലിച്ച് ആ കാറിൽ മുഴുവൻ നിറഞ്ഞു. രണ്ട് പേരും കേസ് തെളിയിക്കാൻ പറ്റിയില്ലെങ്കിലെന്ത് എന്നുള്ളതിന്‌ ഉത്തരം തേടി മനസ്സിനെ എവിടേക്കൊക്കെയോ പായിച്ചു.

ഒരു കുടുംബ വീട് പ്രതീക്ഷിച്ചാണ്‌ ചെന്നതെങ്കിലും സാമാന്യം നല്ല ഒരു ചെറിയ വില്ലകളുടെ സമുച്ചയത്തിലേക്കാണ്‌ അഡ്രസ്സ് അവരെ എത്തിച്ചത്. രുഗ്മിണി എന്ന പേര്‌ അറിയാവുന്നതുകൊണ്ട് വില്ല കണ്ടുപിടിക്കാനൊത്തു, കാരണം റിട്ടയർ ചെയ്ത പോലീസ് കോൺസ്റ്റബിളിനെ ആർക്കും അറിയില്ലായിരുന്നു.

രുഗ്മിണിയുടേത് പ്രായം അധികം ഉലയ്ക്കാത്ത അഴകാണ്‌. പരിചയമില്ലാത്ത, അവരുടെ ചരിത്രമറിയാത്ത ഒരാൾക്കും പ്രായം ഊഹിക്കാൻ പോലും പ്രയാസമാവണം.

ക്ഷണിച്ച് അകത്തിരുത്തി ചായയും കിണ്ണത്തപ്പവും വിളമ്പുമ്പോഴും, ഒരുപാട് കാലത്തിന്‌ ശേഷം ഡിപ്പാർട്ട്മെന്റിൽ നിന്ന് തന്നെ അന്വേഷിച്ച് വരാൻ പാകത്തിന്‌ എന്താണുള്ളതെന്ന് തെല്ലൊരു ആശങ്ക രുഗ്മിണിയുടെ മുഖത്ത് നിഴലിക്കുന്നത് പാപ്പൻ ശ്രദ്ധിച്ചു.

അധികാരം മറച്ച് വയ്ക്കാതെ എല്ലാം പറഞ്ഞത് രാജ്ഞിയാണ്‌. പാപ്പൻ നിശബ്ദം അവരുടെ ഭാവപ്പകർച്ചകൾ പഠിച്ചുകൊണ്ടിരുന്നു.

“വേണ്ട മേഡം, എന്നേ ഫോട്ടോ കാണിക്കെണ്ട. ആ കൊച്ചൻ ആണെങ്കിലും ഞാൻ വരത്തില്ല സാക്ഷി പറയാൻ.”

“പേടിയാണോ?”

“നിങ്ങളുദ്ധേശ്ശിക്കുന്ന പേടിയല്ല. അവൻ ആണെങ്കിൽ ഞാനും അകത്ത് പോവും. ഞാനും തെറ്റ്കാരിയാ. ഞാൻ അന്ന് അവൻ തന്ന കൊറച്ച് പൈസ മേടിച്ചിട്ടാ കേസാക്കാതെ അന്ന് രാത്രി തന്നെ അവനെ എറക്കി വിട്ടെ. ഇന്നത്തെ പോലല്ല മാഡം അന്ന് ഒരു പെണ്ണ്‌ ഒറ്റയ്ക്ക് സ്റ്റേഷനിൽ ഡ്യൂട്ടി കിട്ടിയാലൊള്ള പ്രശ്നങ്ങൾ. ഇപ്പ ഞാൻ… ഞാൻ നിങ്ങടെ കൂടെ വന്നാ അതെല്ലാം പൊറത്ത് വരും. വല്യ തരക്കേടില്ലാത്ത ഒരു പേരൊണ്ട് ഇപ്പൊ. അത് കളയും കേസും വഴക്കും വക്കാണോം ആയാൽ. ദയവ് ചെയ്ത് എന്നെ നിർബന്ധിക്കല്ലേ…നിങ്ങള്‌ ആലോചിച്ച് വേറേ വല്ല വഴിയും നോക്ക്.“

പിന്നെ എന്തൊക്കെ പറഞ്ഞ് നോക്കിയിട്ടും, രുഗ്മിണി അണുവിട മാറാതെ പറഞ്ഞ തീരുമാനത്തിൽ ഉറച്ച് നിന്നു.

തിരിച്ച് മനസ്സില്ലാ മനസ്സോടെ ഇറങ്ങിയ മീരയെ ഒറ്റയ്ക്കാക്കി പാപ്പൻ തിരിച്ച് രുഗ്മിണിയുടെ അടുത്തേക്ക് നടന്നു.

”ഞങ്ങള്‌ പൊക്കോളാം. ഇതിനി റീഓപ്പൺ ചെയ്ത് ആർക്കും പ്രശനമൊണ്ടാക്കാൻ വരുന്നില്ല. പക്ഷെ ഇപ്പൊ ഞാൻ ഈ കാണിക്കുന്ന ഫോട്ടോ ഒന്ന് കാണണം. കണ്ടിട്ട് ഇത് അവൻ തന്നാന്നൊ എന്ന് മാത്രം ഒന്ന് പറയണം. കാരണം, അവൻ ആ പെൺകൊച്ചുങ്ങളോട് ചെയ്തത് കണ്ടിട്ട് ഒന്നേൽ അവനിത് പല വട്ടം ചെയ്തിട്ടൊണ്ട്, അല്ലെങ്കി ഇനിയങ്ങോട്ട് പല വട്ടം ഇത് പോലെ ജീവനെടുക്കാനൊള്ള കെല്പ്പൊണ്ട്. രണ്ടാണേലും അത് നല്ലതിന്നല്ല. എപ്പഴും ഒരു കണ്ണ്‌ വെക്കുന്നത് നല്ലതാ..“

മുന്നിലേക്ക് നീട്ടിയ മൊബൈലിലെ ഫോട്ടോ നോക്കാതെ ഒരു നിമിഷം പാപ്പന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു അത് പിൻവലിക്കുമോ എന്നറിയാൻ.

മാറില്ലെന്ന് മനസ്സിലായതോടെ രുഗ്മിണി ആ ഫോൺ മേടിച്ചു.

അവര്‌ പതുക്കെ തല കുലുക്കി.

”ഇവൻ തന്നാ. ഒറപ്പാ.“

പിന്നെ ഒന്നും പറയാനോ കേൾക്കാനോ നില്ക്കാതെ പാപ്പൻ തിരിച്ച് വണ്ടിയിലേക്ക് നടന്നു. ഗേറ്റ് കഴിഞ്ഞതും മീര ചോദിച്ചു,

”അവരെന്ത് പറഞ്ഞു?“

”അവനല്ല മേഡം. അത് വേറേ ആരോ ആയിരുന്നു. അവര്‌ പറയുന്നത് ആ പയ്യന്‌ ഇത്രേം നെറമൊന്നുമില്ലാരുന്നെന്നാ.“

പിന്നെ തിരിച്ചുള്ള യാത്ര മിക്കവാറും നിശബ്ദമായിരുന്നു. മാത്രമല്ല മനസ്സ് ഒന്ന് ശുദ്ധിയാക്കാൻ ഡ്രൈവിംഗാണ്‌ ഉത്തമമെന്നുള്ളതുകൊണ്ട് സ്റ്റിയറിംഗ് പാപ്പന്‌ വിട്ട് കൊടുത്തതുമില്ല.

കായംകുളമായപ്പോൾ ഭാര്യയെ പോയി കാണാൻ ഒരു ദിവസത്തെ ലീവും ചോദിച്ച് പാപ്പൻ ഇറങ്ങി. ഈ ഒരു തുമ്പ് കൂടെ ഇല്ലാതായതുകൊണ്ട് പാപ്പന്‌ ഒന്നല്ല എത്ര ലീവ് വേണമെങ്കിലും എടുക്കാമെന്ന് എന്തോ അർത്ഥം ഉൾകൊള്ളിച്ച് രാജ്ഞി മൊഴിഞ്ഞു.

അവിടുന്നൊരു റിട്ടേൺ ഓട്ടോ പിടിച്ച് നേരേ റയിൽ വേ സ്റ്റേഷനിലേക്കാണ്‌ പാപ്പൻ പോയത്. മംഗലാപുരം വണ്ടി വന്നതിനിടയിൽ അധികമാരും ശ്രദ്ധിക്കാനിടയില്ലാത്ത ഒരു ചുവന്ന കോയിൻ ബോക്സ് ഫോണിൽ നിന്ന് മൊബൈലിൽ നോക്കി ഒരു നമ്പർ ഡയൽ ചെയ്തു.

”ഹലോ, സുധീഷല്ലേ?“

”ആരാ ഇത്?“

”എന്നെ ഓർക്കണമെന്നില്ല. പക്ഷെ രുഗ്മിണി ചേച്ചിയേ ഓർമ്മകാണുമല്ലൊ അല്ലേ?“

”ഇത് ആരാ? ഏത് രുഗ്മിണി ചേച്ചി?“

”രുഗ്മിണി ചേച്ചിയെ ഓർമ്മയില്ലെങ്കിൽ ഫോൺ വെച്ചേക്ക്. പക്ഷെ രുഗ്മിണി ചേച്ചിക്ക് പണ്ട് കൂട്ടിലിട്ട് തല്ലിയ സുധീഷിനെ നല്ല ഓർമ്മയുണ്ട്. ആ പോട്ടെ. അവരത് പറഞ്ഞിട്ട് ബാക്കിയൊള്ളവര്‌ വിശ്വസിക്കുമോന്ന് നോക്കാം.“

”നിങ്ങക്ക് എന്താ വേണ്ടത്?“

”ഇത് ആദ്യമേ അങ്ങ് ചോദിക്കാരുന്നല്ലൊ. ങാ, ആ പാലത്തിന്റെ അങ്ങോട്ട് വാ.“

”ഏത് പാലം?“

”ഏത് പാലമാണെന്ന് സുധീഷിന്‌ നന്നായിട്ടറിയാം. അവിടെ ഞാൻ കാണും. നമുക്ക് സംസാരിക്കാം. കൂടെ ആളൊണ്ടേൽ ചേച്ചി ഒള്ള സത്യം മുഴുവൻ വിളിച്ച് പറയും. ഇനി അതല്ലാ, ഇപ്പമിത് പൊറത്ത് വേറേ ആരേലും അറിയിക്കാൻ നോക്കിയാലും….ഇല്ല അറിയിക്കത്തില്ല. അല്ലിയോ?“

”ഉം.“

”ഒരു തൊക എന്നോട് പറയാൻ പാകത്തിന്‌ മനസ്സീ കണ്ടോണ്ട് വേണം വരാൻ.“

അതും പറഞ്ഞ് റിസ്സീവർ തിരികെ വെച്ചിട്ട് ഒരു മൂളിപ്പാട്ടും പാടി കള്ള ചിരിയോടെ നങ്ങ്യാർക്കുളങ്ങര പോലീസ് ക്വാർട്ടേഴ്സിലേക്ക് ഓട്ടോ പിടിച്ചു.

ചേട്ടന്റെ എൻഫീൽഡുമെടുത്ത് സുധീഷ് റയിൽ വേ പാലത്തിനടിയിലേക്ക് വരുന്ന വഴി തന്നെ കണ്ടു, ഒരു വെള്ള ആൾട്ടോ കെ 10 കാറിൽ ചാരി നില്ക്കുന്ന ചെറുപ്പക്കാരനെ.

വെള്ള ഷർട്ടും കാക്കി പാറ്റ്സും ബൂട്ട്സും. വീട്ടിൽ കയറി തന്നെ പിടിച്ചിറക്കാൻ മുൻകൈയ്യെടുത്ത അയാളെ ഓർമ്മിച്ചെടുക്കാൻ അധികം വൈകേണ്ടി വന്നില്ല.

വണ്ടി നിർത്തി ഇറങ്ങി നടക്കുമ്പോഴും അയാൾ എത്ര ചോദിക്കും എന്നുള്ള വിഷമമായിരുന്നു ആ മുഖത്ത്.

അത് വായിച്ചെടുത്തിട്ടെന്നവ്വണ്ണം പാപ്പൻ മുൻവശത്തെ വലത്തെ വാതിൽ തുറന്നുകൊണ്ട് പാപ്പൻ പറഞ്ഞു,

”ആ മനസ്സിലൊള്ള തൊക എന്നോട് പറയെണ്ട. ദേ ഇവളോട് പറഞ്ഞ് കച്ചോടം ഒറപ്പിച്ചാ മതി…“

ഒരു കുര കേട്ടപ്പോഴും സുധീഷിന്‌ കാര്യം പിടികിട്ടിയില്ല.

പക്ഷെ എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പകച്ച് അവിടെ നിന്നു.

അടുത്ത നിമിഷം തന്റെ നേരെ സകല ശൗര്യത്തോടെയും പാഞ്ഞ് വരുന്ന കറുത്ത പട്ടിയെ കണ്ട് തിരിഞ്ഞ് ബൈക്കിനടുത്തേക്ക് ഓടാനൊരു ശ്രമം നടത്തി.

അതിനു മുമ്പ്, അതിന്റെ കൂർത്ത പല്ല് രണ്ടെണ്ണം വലത്തെ കാലിന്റെ തുടയിൽ ഇറങ്ങി കഴിഞ്ഞിരുന്നു.

അലറി കരയുന്ന സുധീഷിനേ നോക്കി പാപ്പൻ ചിരിച്ചു.

പണ്ട് കുറ്റം തെളിയിച്ച് കഴിഞ്ഞ് റിമാൻഡിന്‌ പറഞ്ഞുവിടുന്നവർക്ക് യാത്രാശംസ നേർന്ന് നോവിക്കുമ്പൊ ചിരിച്ചിരുന്ന പോലെ.

രാജപ്പാളയം ശൗര്യം ഒരു തലമുറ മുൻപേ അവളുടെ രക്തത്തിലുള്ളതിന്റെ ഗുണവും ദോഷവുമെല്ലാം അന്ന് സുധീഷറിഞ്ഞു.

അയാളെ രഘുവിന്റെ കണ്ടത്തിലേക്ക് തന്നെ ഓടിക്കുന്നത് കണ്ടപ്പോൾ, അത് വരെ കാറിൽ തന്റെ കാലിനടുത്ത് റബ്ബർ മാറ്റിൽ കിടന്നപ്പൊ വെറുതെ പറഞ്ഞുകൊടുത്ത കഥയെല്ലാം അവൾക്ക് മനസ്സിലായെന്ന് പാപ്പന്‌ തോന്നിപ്പോയി.

ചാര നിറവും കസവും ചേർന്ന് ബോർഡറുള്ള പുതിയ മുണ്ട് ചോരയിലും ചേറിലും കുളിച്ച് ഒരു വരംബിന്‌ അതിര്‌ വെച്ച കുറ്റിയിൽ തങ്ങി നിന്നു. എന്നിട്ടും വേച്ച് വേച്ച് ഓടിയ അയാളുടെ എല്ല് ലവലേശമില്ലാത്ത മാംസളമായ വകകളിലായി അവളുടെ കണ്ണ്‌ രണ്ടും.

ഓടിച്ചിട്ട് തലങ്ങും വിലങ്ങും കടിച്ച് കീറി.

അന്ന് ഇരുട്ടുമ്പൊ സ്ഥിരം കിടക്കുന്ന തെങ്ങിന്റെ ചുവട്ടിൽ കിടന്ന് കുഴല്‌ പോലെ എന്തോ ഒരു ഇറച്ചി കഷ്ണമൊക്കെ കടിച്ച് പറിക്കുന്ന അവളെ കണ്ട് ചേനൻ.

“ആ സാറ്‌ നെനക്ക് എറച്ചി വല്ലോം മേടിച്ച് തന്നെന്ന് വെച്ച് നാളെ എന്നോട് കൊരച്ച് കാണിച്ചാ ഞാൻ പച്ചവെള്ളം തരത്തില്ല. നാളെ വല്ല ഏനക്കേടും വന്നാ വൈദ്യന്റടുത്ത് കൊണ്ട് പോവാൻ ഞാനേ കാണത്തൊള്ളു…കേട്ടോടീ…”

അവളൊന്ന് ഇരുത്തി മൂളുന്ന താളത്തിൽ കരഞ്ഞു കൊടുത്തു. കുടിലിനകത്ത് കയറി പോവുന്ന തന്റെ ദൈവത്തിന്‌ അത് ഇഷ്ടമല്ലെന്ന് മനസ്സിലാക്കി അവളാ കുഴൽ പോലിരുന്ന മാംസകഷ്ണം അപ്പുറത്തെ പറമ്പിലേക്ക് കുടഞ്ഞ് തുപ്പിക്കളഞ്ഞു.

കല്ലറയ്ക്കകത്തെങ്കിലും ഭയമില്ലതെ കഴിഞ്ഞോളാൻ പറഞ്ഞ്, ചെഞ്ചോരയിലും ചേറ്റിലും കുതിർന്ന സുധീഷിന്റെ മുണ്ട്‌ പാപ്പൻ ആ കുട്ടികൾക്ക് മേൽ പണിത സിമന്റ് തറയ്ക്കരികിൽ കൊണ്ടിട്ടിട്ടു.

ആ കുട്ടികൾക്ക് കൊടുത്ത വാക്ക് നിറവേറ്റാൻ പറ്റിയതിന്റെ സന്തോഷം മാത്രമായിരുന്നില്ല, മരയ്ങ്ങാട്ടുപ്പിള്ളിക്കുള്ള ലാസ്റ്റ് ബസിൽ ഇരിക്കുമ്പൊ അന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖം പാപ്പന്‌ തോന്നി.

നിയോഗം തിരിച്ചറിഞ്ഞ പോലെ ഒരു സമാധാനവും.

കുറ്റം ആരോപിച്ച് കോടതിയിൽ കൊണ്ടുപോവാനൊന്നുമുള്ള ആരോഗ്യ സ്ഥിതി ഇനി ജീവിതത്തിലൊരിക്കലും സൂധ്ധീഷിന്‌ വന്ന് ചേരില്ലെന്ന് മനസ്സിലാക്കി, സുധീഷിനെ ഒഴിവാക്കാനുള്ള ഓർഡറും വായിച്ച് വീട്ടിലേക്ക് കയറി ചെന്ന മീരയെ കാത്തിരുന്നത് അതിലും കുഴഞ്ഞ് മറിഞ്ഞ പ്രശ്നങ്ങങ്ങളായിരുന്നു.

സകല കുടുംബാംഗങ്ങളേയും വിളിച്ച് വരുത്തി അയാളുടെ പേരിൽ വന്ന റെജിസ്റ്റേർഡ് ലെറ്റർ കാണിച്ച് മീരയുടെ അച്ഛൻ അവളെ അധികം വൈകാതെ വിവാഹം കഴിപ്പിച്ച് വിടാനുള്ള കുടില തന്ത്രം പുറത്തിറക്കി.

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റേതായിരുന്നു റെജിസ്റ്റേർഡ്.

ചിന്നക്കട ജംക്ഷന്‌ സമീപത്തുള്ള ഇന്റർസെപ്റ്റർ ക്യാമറയിൽ ഓവർസ്പീഡിൽ പോയ ആയാളുടെ നീല റെനോൾട് ലോഡ്ജിയുടെ ചിത്രം.

അതിൽ വണ്ടിയോടിക്കുന്ന കഴുത്തിൽ സ്വർണ്ണ കുരിശുള്ള ഒരുത്തന്റെ കണ്ണിൽ നോക്കി അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ കയ്യുമിട്ട് ഇരിക്കുന്ന മീര. അയാൾ മീരയേ നോക്കി ഒരു വഷളൻ ചിരിയും ചിരിച്ച് എന്തോ സംസാരിച്ചുകൊണ്ട് സ്റ്റിയറിങ്ങ് നിയന്ത്രിക്കുന്നു.

-ശുഭം-

വേറേ പലതും പ്രതീക്ഷിച്ച് എഴുതി തുടങ്ങിയതാണ്‌, പക്ഷെ കൈ എങ്ങനെയോ ഇതൊക്കെയാണ്‌ എഴുതി തീർത്തത്. അതുകൊണ്ട് തന്നെയാണ്‌ ഇത്രെയ്ക്ക് നീണ്ട് പോയതും. എവിടെയൊക്കെ എന്തൊക്കെ പ്രശ്നങ്ങളാണുള്ളതെന്ന് പറഞ്ഞ് തന്നാൽ ശരിയാക്കാൻ ശ്രമിക്കാം. അടുത്ത തവണയെങ്കിലും.

~ G

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w