നിരോധിത നിധി

ആഴത്തിലുള്ള മുറിവാണെന്ന് തോന്നുന്നില്ല. പക്ഷെ, കുറച്ച് നേരമായിട്ട് ഒരു സുരക്ഷിത താവളം നോക്കി അലഞ്ഞെന്ന് തോന്നുന്നു. ചോര ഒരുപാട് പോയ മട്ടാണ്. ബിക്രം ഭട്ന ദേവ്ജി സ്വാമിയുടെ പുസ്തകം അയാളുടെ കുപ്രചരണങ്ങൾ മണ്ടന്മാരായ വിശ്വാസികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു പ്രൊപഗൻഡയുടെ ഭാഗമാണെന്ന് പുസ്തമേള നടത്തുന്നവരോട് ഗർജ്ജിച്ചിരുന്ന അലെക്സീടെ നിഴൽ മാത്രമാണ് ഇതെന്ന് ഹനീഫിന് തോന്നി. അലെക്സി ബോധത്തിന്റെയും മയക്കത്തിന്റെയും നടുക്ക് കെടിയൊരു വരമ്പിലൂടെ വേച്ച് വേച്ച് എന്തൊക്കെയൊ പിച്ചും പെയ്യും പറയുന്നതായിട്ട് അയാൾക്ക് തോന്നി. കൈയ്യിൽ കിട്ടിയ ലുങ്കി ചുരുട്ടി അലെക്സിയുടെ പുറത്ത് വലതുഭാഗത്തുള്ള മുറിവിൽ അമർത്തിക്കൊണ്ട് അയാൾ പറയാൻ ശ്രമിക്കുന്നതെന്താണെന്ന് ശ്രദ്ധിച്ചു.

“എല്ലാവരുടേയും ജീവിതം ഒരു വൃത്തമാണ്. തുടങ്ങിയ ബിന്ദുവിലെത്തുന്നൊരു നാൾ നിനക്കുമുണ്ട്. എല്ലാവരേയും പോലെ നീയും നീന്താൻ പഠിച്ചു. എത്തിയ നാടുകളുടെ രീതി ഉൾക്കൊണ്ട് നീന്തലിന്റെ ശൈലി മാറ്റി. ഇപ്പൊൾ കാലം നിനക്ക് തരുന്നവർക്കൊപ്പമെത്താൻ ശ്രമിക്കുന്നു. ഒടുക്കം ഉരുണ്ട ഭൂമി നിന്നെ തിരിച്ചെത്തിക്കും. അന്ന് നീ ഓർക്കും തുടക്കത്തിനും ഒടുക്കത്തിനും ഇടയ്ക്കത്തെ ചെയ്തികളെല്ലാം പാഴായെന്ന്. അന്ന് തുടങ്ങിയപ്പോൾ നിന്റെയൊപ്പം നീന്തിയവരുണ്ടാവില്ല നിന്നെ സമാശ്വസിപ്പിക്കാൻ. പ്രാർത്ഥിക്കാം, തിരകൾ അധികം ദുർഘടമാവാതിരിക്കാൻ.”

“എനക്കൊന്നും മനസ്സിലാവണില്ല. മനുഷ്യന് മനസ്സിലാവുന്ന ഭാഷേല് ഇപ്പൊ പറഞ്ഞതൊന്നൂടെ… എന്നോട് തന്നെയാണാ ഇങ്ങള് പറഞ്ഞത്? ഞാൻ ചന്ദൻ സാബിന്റെ ഡ്രൈവറാണ്. ഹനീഫ്. കഴിഞ്ഞ മലയാളി സമാജത്തിന്റെ പുസ്തകമേളയിൽ വെച്ച് കണ്ടിട്ടിണ്ട്. ഓർമ്മയില്ലേ?”

“സോറി. പൂർവ്വകാമുകിയോട് പറയാനുള്ളത് ഒന്ന് പറഞ്ഞ് നോക്കിയതാ. ഒരിക്കൽ എല്ലാം നേടിയിട്ടും സന്തോഷമെന്താന്ന് അറിയാതെ അവള് തകർന്ന് തരിപ്പണമാവുമെന്നും, എന്റെ അടുത്ത് വിഷമം പറയാൻ വരുമെന്നുമാരുന്നു ഞാൻ എന്നെ ആശ്വസിപ്പിച്ചിരുന്നത്. തോറ്റു. അവളവൾടെ ത്രി ബിഎച്ച്‌കെ ഫ്ലാറ്റിൽ ഒരുത്തന്റെ കൂടെ സുഖിച്ച് കഴിയുന്നു. ഞാൻ ദേ ഇങ്ങനൊരു ഗലിയിൽ ചാവാൻ കെടക്കുന്നു. എന്നാ പിന്നെ പറയാനുള്ളത് ഇന്നത്തെ എന്റെ ഭാഷേല് പറഞ്ഞ് ഒരു വിഡിയൊയിൽ അയക്കാമെന്ന് വെച്ചു…”

“ഈ ഭാഷ നിങ്ങള് ജെഎൻയു‌ക്കാർക്ക് മാത്രം മനസ്സിലാവുന്നതാണ് സാറെ. അതാ ഇങ്ങളൊക്കെ രാജ്യത്തിന് നന്മ ചെയ്യാൻ ശ്രമിക്കുന്നവരാണെന്ന് ഞങ്ങള് ഭൂരിഭാഗം പാവങ്ങൾക്കും മനസ്സിലാക്കാൻ പറ്റാത്തത്. ഇങ്ങൾ ഇത്രയുമൊക്കെ പഠിച്ചിട്ടും ജീവിതത്തി തോൽക്കണതും. പച്ച മലയാളത്തീ സാറ് പറയ്… ഇപ്പൊ വേണ്ട.. ഇപ്പൊ സാറ് ഒരു മിനിറ്റ് ഈ തുണി മുറിവുമ്മേല് ഒന്ന് അമർത്തിപ്പിടിക്കീം. ചോര കൊറെ പോയെന്ന് തോന്നണു. ഞാൻ കൊറച്ചപ്പറത്തിള്ള വസീമിന്റെ പെങ്ങളെ വിളിച്ച് ബരാം. അവള് നഴ്സാ.. മൊഹല്ലയിലൊ ക്ലിനിക്കിലൊ കൊണ്ടുപോയാ വെട്ടിയവന്മാരറിയാതിരിക്കില്ല.”

“താൻ പോയാ പിന്നാര് വീഡിയൊ എടുക്കും? ഇവിടിരി. ചാവാനൊള്ള വെട്ടൊന്നുമല്ലാരുന്നു. ഡെറ്റോളൊ, സാവ്ലോണൊ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ എടുക്ക്. എനിക്ക് ഇതൊന്ന് തൊടയ്‌ച്ച് ക്ലീനാക്കണം..”

“അതൊന്നുമില്ല, ഗില്ലെറ്റിന്റെ ഷേവിങ് ലോഷനിണ്ട്. അത് മതിയൊ?”

മതി എന്ന് അലെക്സി തലയാട്ടി. ആട്ടിയാട്ടി അയാളുടെ തല മെല്ലെ അയാൾ കുനിച്ചിരുന്നു. രക്തം പോവുന്നേരം ബോധം പോവുന്നത് അപകടമാണെന്ന് ഹനീഫിനറിയാം. അയാൾ സംസാരിക്കാൻ ശ്രമിച്ചു. സ്വബോധത്തിലേക്ക് അലെക്സിയെ മടക്കിക്കൊണ്ടുവരാൻ.

“ഒരു ദോസ്തിനെ കൂടെ കാണാറിണ്ടല്ലൊ എപ്പഴും…”, ഹനീഫ് ഒരു ചൂണ്ടയിട്ട് നിർത്തി.

“കിച്ചൻ. അവൻ ജയിലിലാണ്.”

“ഇങ്ങൾടെ ബാച്ച് മൊത്തം ജയിലിലാണാ… അല്ലാത്തോര് ഇങ്ങനെ വെട്ടും കുത്തും കൊണ്ട് നടക്ക്ണു.”

“അല്ല… അല്ല. അവൻ വേറൊരു ടൈപ്പ് പേഴ്സണൽ കേസിലാണ്. കുടിച്ച് കഞ്ചാവടിച്ചിരുന്ന ഒരൂസം അവൻ പഴയ കോളേജ് ഗ്രൂപ്പിൽ പിള്ളേര് അവന്റെ പൂർവ്വകാമുകിയെ കളിയാക്കുന്നത് കണ്ടു. അവൾടെ തന്ത ഒരു പാസ്റ്ററ് അവളുടെ വിവാഹ ആലോചന പത്രത്തീ കൊടുത്തതാണ് വിഷയം. സുവിശേഷ വേല ചെയ്യുന്ന നായർ ബാക്ക്ഗ്രൗണ്ടുള്ളവരിൽ നിന്ന് ആലോചനകൾ ക്ഷണിച്ച് കൊള്ളുന്നു എന്ന്. പണ്ട് ഹിന്ദു ആയകൊണ്ട് വീട്ടിൽ സമ്മതിക്കില്ലാന്ന് പറഞ്ഞ് കോഴ്സ് തീർന്നപ്പൊ കിച്ചനെ തേച്ചതാണവൾ. കിച്ചൻ അടിച്ച് ഫ്ലിപ്പാണല്ലൊ. അവൻ അവന്റെ… അല്ല ഒന്നുമില്ല.”

“അത് വരെ പറഞ്ഞിട്ട്.. എന്താ ഇണ്ടായെ..”

“അല്ല ഞാനതിപ്പൊ പറഞ്ഞാ ഞാൻ അവനെ ന്യായീകരിക്കുവാ എന്ന് താൻ പറയും…. പക്ഷെ ഞാൻ അവൾടെ പക്ഷം പിടിക്കത്തില്ല. ജാതി പറഞ്ഞ് കിച്ചനെ ഒഴിവാക്കീട്ട് അവൾക്ക് നായർ സമുദായത്തീന്ന് സുവിശേഷം പ്രസംഗിക്കാൻ തുടങ്ങിയവനെ വേണമെന്ന്.”

“എന്താ ഓൻ ചെയ്തെന്ന് പറയുന്നിണ്ടാ നിങ്ങള്…”

“അടിച്ച് ഫ്ലിപ്പല്ലേ… അവൻ അന്നേരം വന്ന ആ കലിയില്… അവന്റെ മുണ്ട് പൊക്കി അടിയിലൊള്ളതിന്റെ ഫോട്ടൊ അവക്ക് അയച്ച് കൊടുത്തു. പിറ്റേന്ന് കരഞ്ഞ് കാല് പിടിച്ചിട്ടൊന്നും ഒരു കാര്യവുമൊണ്ടായില്ല. വല്യ കേസായി അത്.”

“പിന്നെ ആവാതിരിക്കുവൊ… നല്ല അറാമ്പിറപ്പ് കാണിച്ചിട്ട്..”

“അല്ല, പക്ഷെ അവളും അവൾടെ തന്തേം ചെയ്തതൊ?”

“അയ് ശരി. അപ്പൊ ഓല് ചെറ്റത്തരം കാണിച്ചാ ഇങ്ങള് അതിലും ചെറ്റകളാവ്വാ.. പിന്ന് ഇങ്ങളും ഓലും തമ്മിലെന്താ ബിത്യാസം?”

ആ പറഞ്ഞത്, അലെക്സിയുടെ അസ്ഥാനത്ത് എവിടെയൊ കൊണ്ടെന്ന് ഹനീഫിന് തോന്നിപ്പോയി. അയാൾ മൂകനായി താഴോട്ട് നോക്കി ഒരേയിരുപ്പാണ്. ഹനീഫിന് വീണ്ടും അപകടം മണത്തു. അയാളെ സംസാരിപ്പിക്കാൻ ഒരു ചോദ്യം ആന്വേഷിച്ച് അയാൾക്ക് ചുറ്റും അയാൾടെ കണ്ണ് പാഞ്ഞു. മുറിവിൽ തന്നെ അത് വന്ന് അവസാനിച്ചു.

            “ഇപ്പൊ ഇത് എന്തിന്റെയാ? പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിന്റെ ബാക്കി തന്നെയാണൊ?”

            “ആണെന്ന് തോന്നുന്നു. എന്തിനാണെന്നൊന്നും പറഞ്ഞിട്ടല്ലല്ലൊ ഒരത്തനും വെട്ടാൻ വരുന്നെ.”

ഹനീഫ് ഒന്ന് വാ പൊളിച്ച് നിൽക്കുന്നെങ്കിലും അമാന്തിക്കാതെ ഭാവം മാറ്റിക്കൊണ്ട് തുടർന്നു.

            “ഇപ്പൊ ഭരിക്കുന്നവര് തോറ്റാ പണ്ടത്തേവരല്ലെ? അത്… അവര് എമ്മാതിരി അഴിമതിയാർന്നു?”

“എതിർപ്പാർട്ടിക്കാരെ അഴിമതിക്കാരെന്ന് വിളിച്ചിട്ട് അഴിമതിക്ക് വളം വെച്ച് കൊടുക്കുന്ന ഒരു ഏർപ്പാട് ഇപ്പൊ ഒള്ളവര് പാസ്സാക്കിയിട്ടൊണ്ട്. എലക്റ്ററൽ ബോണ്ട്. അനോണിമസ് ആയിട്ട് ഒരു പാർട്ടിക്ക് വേണ്ടി എത്ര വേണെങ്കിലും ഈ വഴി കൊടുക്കാം. എന്ന് വെച്ചാ, അവർക്കിപ്പൊ ഒരു കാര്യം സാധിക്കാനൊണ്ടെങ്കിൽ ഇത് വഴി ഭരണകർത്താക്കളെ വാങ്ങിക്കാം. ഒരു പുല്ലനും തിരിച്ച് ഇതിന്റെ പുറകിലെ കള്ളക്കഥ പൊറത്ത് കൊണ്ടുവരാൻ ഒക്കത്തില്ല. സുപ്രീം കോടതി അത് തടഞ്ഞില്ലെങ്കി നമ്മളെ എല്ലാം വലിപ്പിക്കും.”

“അതിപ്പൊ മറ്റവന്മാര് ഭരണത്തേല് കേറിയാല് ഓൽക്കും ഗുണം ഇണ്ടാക്കണ പരിപാടിയാണല്ലൊ. ഓല് കോറെ വാരും.”

“ഹാ! അതിന് ഇവര് ഭരിക്കുമ്പൊ ഇത്രയധികം ലാഭമൊണ്ടാക്കിയാ, ഇവര് എലക്ഷന് അതിലൊരംശം എറിഞ്ഞ് ഭരണം തിരിച്ച് പിടിക്കത്തില്ലാന്ന് എന്താ ഒറപ്പ്?”

അത് ഹനീഫിലുണ്ടാക്കിയ മാറ്റവും ചെറുതല്ല. അയാൾ ആലോചനയിലാണ്ടു. ആലോചനകൾ അയാളെ വരിഞ്ഞ് മുറുക്കിയതോടെ ഗത്യന്തരമില്ലാതെ തളർച്ച ബാധിച്ചെന്നപോലെ നിലത്തിരുന്നു. ആ കുഞ്ഞ് മുറിയിൽ ആകെയുള്ള സ്റ്റൂളിൽ ഇരിക്കുന്ന അലെക്സിയുടെ പാദത്തോട് ചേർന്ന്, ഗുരു ശിഷ്യന്റെ കാൽക്കീഴിൽ ഇരിക്കുന്ന പോലെ ഇരുന്നു.

       “ഇങ്ങളെന്താ ഈ പറയണെ.. അങ്ങനൊക്കെ ഓൽക്ക് എങ്ങനെ….?”

       “അതെന്താണ്? സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും വരെ അവരുടെ കൈയ്യിലാണെന്നാണ് പലതും സൂചിപ്പിക്കുന്നത്. അതല്ലാതെ ബാക്കിയൊക്കെ പണ്ടേക്ക് പണ്ടേ…”

ഹനീഫിന്റെ കൈയ്യിൽ നിന്ന് മേടിച്ച ഷേവിങ് ലോഷനിൽ കുറച്ച് ആ കൈലിമുണ്ടിലാക്കി മുറിവിൽ അമർത്തിയതിന്റെ നീറ്റൽ ആ മുറിവ് കൊടുത്തിരുന്ന വേദനയ്ക്കും മുകളിലായിരുന്നു. പക്ഷെ പറഞ്ഞുകൊണ്ടിരുന്ന കാര്യത്തിന്റെ പ്രസക്തി കൊണ്ടാവണം, നീറ്റലിനെ മറികടന്ന് മുറിഞ്ഞുപോയ വാക്ക് ഉപേക്ഷിച്ച്, പറഞ്ഞ് വന്നത് പൂർത്തിയാക്കി.

            “സൊഹ്റാബുദ്ദീന്റെ കൊലപാതകത്തിലേത് തൊട്ട് ജസ്റ്റിസ് ലോയയുടെ മരണത്തിന് പിന്നിലെ ദുരൂഹത വരെ ദുരൂഹതയായിത്തന്നെ തുടരുന്നില്ലെ? കലിഖൊ പൂലിന്റെ ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് എന്തെങ്കിലും കാര്യമായ അന്വേഷണം നടന്നെന്ന് തോന്നുന്നുണ്ടൊ? ശബ്ദമുയർത്തുന്നവരെല്ലാം, ഗൗരി ലങ്കേഷ് വരെ തോക്കിനിരയായും തീരുന്നു.”

“ഗൗരി ലങ്കേഷിന്റെ കാര്യേ നിക്ക് അറിയു. അത് മതഭ്രാന്തന്മാരാ കൊന്നെന്ന് തെളിഞ്ഞല്ലൊ?”

“അതുകൊണ്ട് തീർന്നോ? വെടി വെച്ചവൻ പറഞ്ഞത്, അവരുടെ മതത്തെ രക്ഷിക്കാൻ ഒരാളെ കൊല്ലണമെന്ന് പറഞ്ഞു, അതുകൊണ്ട് കാഞ്ചി വലിച്ചു, എന്ന്. ആയിരക്കണക്കിന് വർഷത്തെ പഴക്കമുള്ള ഒരു മതത്തെ തകർക്കാൻ ആ സ്ത്രീയ്ക്ക് കഴിയുമായിരുന്നെങ്കിൽ ഇത്രയും കൊല്ലം എങ്ങനെ നിലനിന്നു? കൊലയാളി പിടിയ്ക്കെപ്പെട്ടെങ്കിലെന്ത്, ആ തീവ്രവാദത്തിലൂടെ ഭയം വിതയ്ക്കാനായില്ലെ അവർക്ക്? പാവങ്ങൾ അവരുടെ ശബ്ദം മറക്കാൻ ശ്രമിക്കും. ഊമയായ് എല്ലാം കണ്ടും കേട്ടും അനുഭവിച്ചാൽ ജീവിക്കാനെങ്കിലും വിടുമെന്ന് കരുതും അവര്.”

“നോട്ട് നിരോധനം, ജി.എസ്.റ്റി, ഇന്ധന/പാചകവാതക വില, ഇതൊന്നും അല്ലാതെ സാധാരണക്കാരെ ബാധിക്കുന്ന ഒന്നും ഇല്ലല്ലൊ. അതാ ആരും…”

“ആര് പറഞ്ഞു? 4000 കോടി രൂപയ്ക്ക് പരസ്യമൊക്കെ കൊടുത്ത് പിടിച്ച് നിൽക്കുന്നതാണ്. റ്റു കവർ അപ് എവരി തിങ്. പ്ലാനിങ് കമ്മീഷൻ റിപ്പോർട്ട്സ് എന്ന സംഭവമിപ്പൊ ഇല്ല. ഗവണ്മെന്റിന്റെ ഓരൊ സ്കീമും ഓഡിറ്റ് ചെയ്തിരുന്നതും, എങ്ങനെ എല്ലാം നടക്കുന്നു എന്ന് പുറം ലോകം അറിഞ്ഞിരുന്നതും ഈ റിപ്പോർട്ടുകളുണ്ടായിരുന്നകൊണ്ടാണ്. സിഎജി റിപ്പോർട്ട് ഒക്കെ വരാൻ നീലക്കുറിഞ്ഞിക്ക് പൂക്കാൻ വേണ്ട സമയമൊക്കെ എടുത്തെന്ന് വരും. ഇതിപ്പൊ സർക്കാരെന്ത് പറയുന്നൊ അത് വിശ്വസിക്കണം. നീതി ആയോഗ് ഒക്കെ ചുമ്മാ ഒരു ഓവർറേറ്റഡ് പിആർ ഏജൻസിയല്ലെ. മേക്ക് ഇൻ ഇന്ത്യ, സൻസാദ് ആദർശ് ഗ്രാം യോജന, സ്കിൽ ഡെവലപ്പ്മെന്റ് ഒക്കെ മൂഞ്ചിയിരിക്കുവാ.. പക്ഷെ പുറത്തറിയാൻ കൊറെ വൈകും. ഫസൽ ബീമാന്ന് പറഞ്ഞൊരു സ്കീമൊണ്ട്. അതുകൊണ്ട് ജനങ്ങൾക്ക് കൊണം ഒണ്ടായില്ലേലും ഇൻഷൊറൻസ് കമ്പനിക്കാര് ലാഭമൊണ്ടാക്കുന്നൊണ്ട്. ഇനിയും വേണൊ… കർഷകര് എല്ലാം ആത്മഹത്യ ചെയ്ത് തീരാറായി. അറിഞ്ഞാരുന്നൊ? തൊഴിലില്ലായ്മ നിങ്ങളെ ബാധിക്കുന്ന വിഷയമല്ലെ? ഏറ്റവും പുതിയ ആനുവൽ സ്റ്റാറ്റസ് ഓഫ് എഡുക്കേഷൻ റിപ്പോർട്ട് അനുസരിച്ച് ഗവണ്മെന്റ് സ്കൂളുകളുടെ അവസ്ഥ പരിതാപകരമായിക്കൊണ്ടിരിക്ക്യാണ്. ആരോഗ്യരംഗത്ത് ആയുഷ്മാൻ ഭാരത് എന്ന് പറഞ്ഞ മറ്റൊരു ഇൻഷൊറൻസ് സ്കീം അല്ലാതെ മറ്റൊന്നും വന്നില്ല…അമേരിക്കേല് പരീക്ഷിച്ച് തോറ്റതാണ് ഇതൊക്കെ തന്നെ…മൈക്കൽ മൂറിന്റെ സിക്കൊന്ന് പറഞ്ഞൊരു ഡോക്യുമെന്ററിയൊണ്ട്… എന്താ ഇക്കാ, മതിയായൊ? ഐ ക്യാൻ കീപ്പ് ഓൺ ടോക്കിങ് ദെയർ കവർ അപ്സ്.”

ഹനീഫ് ഒന്നും പറയുന്നില്ല. ഒന്നും. കുനിക്കാവുന്നതിന്റെ പരമാവധി തല കുനിച്ച് സിമന്റ് തറയുടെ സുഷിരങ്ങൾ പഠിക്കുകയാണെന്ന് തോന്നിപ്പോവും. ഒരുപാട് നേരം പിന്നെ അനങ്ങിയില്ല. പിന്നീട് എപ്പൊഴൊ വേദന സഹിക്കാനാവാതെ ഞെരിപിളി കൊള്ളുന്ന അലെക്സിയുടെ കഷ്ടപ്പാട് കേട്ട് എണീറ്റു.

            “ഇനിയെങ്കിലും ഞാൻ പറേണത് ഒന്ന് കേക്ക്. ഞാൻ സുഹാനയെ വിളിച്ച് വരാം. ഓള്ക്ക് മുറിവുമ്മേല് ചെയ്യാൻ പറ്റണത് ഓള് ചെയ്യട്ടെ.”

            “ഇപ്പൊ വേണ്ട. ഇപ്പൊ രക്തം പോവുന്നൊന്നുമില്ല. ഓടുന്ന വഴി പുറകിൽ അവന്മാര് വീശിയത് കൊണ്ടതാ. ആദ്യമൊന്നും ഞാൻ അറിഞ്ഞ് പോലുമില്ല. പിന്നെ എപ്പൊഴൊ ടീഷർട്ട് ചുവന്ന് കണ്ടപ്പഴാ… ഇപ്പൊ കൊഴപ്പമില്ല. എനിക്ക് ഇതൊന്ന് ചുറ്റിക്കെട്ടാൻ പാകത്തിനൊരു തുണി വേണം. നിങ്ങൾടെ അലമാരിയിൽ എനിക്ക് ഇടാൻ പാകത്തിന് എന്തെങ്കിലും ഉണ്ടെങ്കിൽ അതും. അവന്മാരൊക്കെ പോയിക്കാണും. തിരിച്ച് പോണം. നാളെ എനിക്കൊരു വൈവ ഒള്ളതാ. ചെന്നില്ലെങ്കിൽ പ്രശ്നമാ… എന്തെങ്കിലും ഒരു കാരണം നോക്കി ഇരിക്കുവാ എല്ലാ അവന്മാരും കൂടെ എന്നെ പൊറത്താക്കാൻ..”

“ഹമീദ് മറന്ന് വെച്ച ഒരു ഷർട്ടും മുണ്ടുമിണ്ട്. അത് തരാം. അതല്ലാതെ ബാക്കി ഇള്ളത് തന്നാ പിന്നെ ഞാൻ ഇതിട്ട് നാളെ പണിക്ക് പോണ്ടിവരും.”

“അവന്റേത് മതി.”

തിരിച്ച് നാട്ടിലേക്ക് മടങ്ങിയ അനിയന്റെ ഷർട്ടും മുണ്ടുമായി മടങ്ങി വന്ന ഹനീഫ് കാണുന്നത് നിലത്ത് കിടക്കുന്ന അലെക്സിയെ ആണ്. ബോധം പോയിട്ടില്ലെന്ന് ഹനീഫ് ഉറപ്പ് വരുത്തി, പക്ഷെ വയ്യ. ഇനി തുടർന്നാൽ അയാളുടെ ജീവൻ പോവുമെന്ന് ഉറപ്പാണ്. താങ്ങി എഴുന്നേൽപ്പിച്ച് വെള്ളം കൊടുക്കാൻ തുടങ്ങിയപ്പൊ അലെക്സി വേച്ച് വേച്ച് ചിരിച്ചെന്ന് വരുത്തി.

            “ചാവാൻ പോവുന്നവർക്ക് വെള്ളം കൊടുക്കണമെന്ന് ഖുറാനിൽ പറഞ്ഞിട്ടൊള്ളകൊണ്ടാണൊ?”

            “അതാ ഇപ്പൊ ഇങ്ങക്ക് തോന്നിയെ? ചോരയില്ല ദേഹത്ത്. ഇവിടെ തരാൻ… ആ ഇതെ ഇള്ളു.”

ഇതിനിടയിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ വാതിലിൽ ആരൊ മുട്ടാൻ തുടങ്ങി. കുറച്ചധികം കൈകൾ വന്ന് വാതിലിൽ വീഴുന്നുണ്ടെന്ന് ഉറപ്പാണ്. വാതിൽ തുറക്കാൻ ആജ്ഞാപിക്കുന്ന മുറവിളി കൂട്ടുന്ന ഒരുപറ്റം കലിപൂണ്ടവരെ രണ്ടുപേരും മനസ്സിൽ കണ്ടു. രണ്ടുപേരുടെയും മുഖം വിളറിത്തുടങ്ങി, പക്ഷെ ഹനീഫിന്റെ മുഖഭാവം മാറി. അയാൾക്ക് അറിയാം എന്ത് ചെയ്യണമെന്ന്.

“ഞാൻ സുഹാനയെ വിളിച്ചിട്ട് വരാ. ഇങ്ങള് അടുക്കളേല് ഗ്യാസ് കുറ്റികൾടേം ബിരിയാണി ചെമ്പിന്റെം പൊറകില് ഇരിക്കീം.”

“സുഹാന അവൾടെ വീട്ടി കെടന്ന് ഒറങ്ങട്ടെ. അതിനെ എന്തിനാ ഈ കോപ്പിന്റെ എടയിലേക്ക് വിളിക്കുന്നെ?”

“ഇങ്ങള് വന്ന് വാതിൽക്കല് മുട്ടിയ നേരം തൊട്ട് ഓള് ആടെ ഗ്യാസ് കൊറ്റ്യോൾടേം ചെമ്പിന്റേം ബാക്കില് കൂനിക്കൂടി ഇരിക്ക്യാണ്. ഇനിയിപ്പൊ ഓളെ ഇങ്ങോട്ട് എറക്കി ഇങ്ങളെ അവടെ ഇരുത്താം. ഓള് ഇള്ളകൊണ്ടാണ് ന്റെ റൂമില് വെട്ടമെന്ന് ഓലോട് നൊണ പറയാല്ലൊ.”

“മഹാ പാപീ…”

ഹനീഫ് കട്ടിലിനടിയിൽ കിടന്ന സുഹാനയുടെ സാരിയും ബ്ലൗസും എല്ലാമെടുത്ത് അലെക്സി നിലത്ത് ഒഴുക്കിയ ചോരയ്ക്ക് മേൽ ഇട്ടു. എന്നിട്ട് അലെക്സിയേയും വിളിച്ച് അടുക്കളയിൽ കയറി, ഗ്യാസ് കുറ്റികളുടെ പുറകിൽ നിന്ന് സുഹാനയെ വിളിച്ചിറക്കി. ഒരു പാവാടമാത്രം ധരിച്ച് സിങ്കിന്റെ അടിയിൽ പതുങ്ങിയിരുന്നിരുന്ന അവൾ, കൈയ്യിൽ ചുരുട്ടി കൂട്ടിയ ബാക്കി അടിവസ്ത്രങ്ങളും കൊണ്ട് മാറ് മറച്ച് ഇളിഭ്യയായി പുറം തിരിഞ്ഞ് നിന്നു. അവളെ വിളിച്ച് അപ്പുറത്തെ മുറിയിലെ കട്ടിലിൽ പുതപ്പിനടിയിലേക്ക് കിടത്തിയിട്ട് ഹനീഫ് തിരിച്ച് അലെക്സിയുടെ അടുത്തേക്ക് വന്ന്, അയാളെ സിങ്കിനടിയിൽ കയറാൻ സഹായിച്ചു. എന്നിട്ട് ആദ്യം ചെമ്പ് വലിച്ച് നീക്കി മുന്നിൽ വെച്ചു, പിന്നെ 3 ഗ്യാസ് കുറ്റിയും.

            “നിങ്ങളെ നിങ്ങൾടെ മോൾടെ പ്രായമൊള്ള ഒന്നിന്റെ കൂടെ കാണുമ്പൊ തന്നെ അവർക്ക് എളകും. ആ കൊച്ചിനെ ഇന്ന് അവമ്മാര്…. അവമ്മാരടെ കൈയ്യീ ഒരു വല്യ പൊതി ഗോമാതാവും കാണും. അതിവിടെ വെച്ചിട്ട് നിങ്ങളെ തല്ലിക്കൊല്ലാൻ.”

            “ഇങ്ങള് പേടിക്കാതിരി. മേ ഹൂ നാ…മേ സൗദാ കരൂംഗാ.. ഓല് കൊണ്ടുവന്ന ബീഫൊക്കെ… അയിലും വല്യ പെരിന്നാള് ഞമ്മളെത്ര കൂടീരിക്ക്ണു…”

ഇതും പറഞ്ഞ് അപ്പുറത്തേക്ക് പോയി. അലെക്സിക്ക് കേൾക്കാം, സുഹാനയോട് ആ പാവാടയും ഊരി കട്ടിലിനടിയിലേക്ക് ഇട്ടിട്ട് പുതച്ച് കിടന്നോളാൻ പറയുന്ന ഹനീഫിനെയും വാതിൽ ഇപ്പൊ ചവിട്ടി പോളിക്കുമെന്ന് ആക്രോശിക്കുന്ന അപരിചിതരേയും.

ഹനീഫിന്റെ ധൈര്യം എന്ത് കണ്ടിട്ടാണെന്ന് മനസ്സിലാവാതെ അലെക്സി ആ അടുക്കള ഒന്ന് പഠിച്ചു. ബ്ലാക്കിന് വിൽക്കാൻ വെച്ചിരിക്കുന്ന 4-5 ഗ്യാസ് കുറ്റികൾ അല്ലാതെ മറ്റൊന്നും ശ്രദ്ധയാകർഷിക്കാൻ പാകത്തിനില്ല അതിന്റെയകത്ത്. പിന്നെയുള്ളത് ഭീമാകാരമായ ബിരിയാണി ചെമ്പാണ് അതിൽ എന്തൊ ഐസിട്ട് വെച്ചിരിക്കുകയാണെന്ന് ചെമ്പിന് പുറത്ത് ഒലിക്കുന്ന വെള്ളം കണ്ടാലറിയാം. അതിലെന്താണെന്ന് അതിന്റെ അടപ്പ് ശബ്ദമുണ്ടാക്കാതെ പൊക്കി നോക്കി. പ്ലാസ്റ്റിക് സീൽ കോട്ടിങുള്ള പത്തിരുപത്തിയഞ്ച് പ്ലാസ്റ്റിക് പെട്ടികളിൽ വെട്ടിനുറുക്കി ക്ലീൻ ആക്കിയ ബീഫ് കഷ്ണങ്ങൾ. മലയാളി കുടുംബങ്ങൾക്ക് കൊടുക്കാൻ വെച്ചിരിക്കുന്ന കിലൊ കണക്കിന് നിരോധിത നിധി.

തലയിൽ എവിടെയൊ മിന്നൽപ്പിണർ കൊണ്ടതുപോലെ അലെക്സി തരിച്ചിരുന്നപ്പോൾ, അപ്പുറത്ത് ഒന്നും അറിയാത്ത ഭാവം മുഖത്ത് വരുത്തി ഹനീഫ് വാതിൽ തുറന്നു.

Advertisements

കരടിക്ക് പനിയാണ്

നിങ്ങൾക്ക് ദിവാകര കൈമളിനെ അറിയില്ല. പിന്നെ എന്തിനാണ് ഇങ്ങനെ അന്യായം പറഞ്ഞ് പരത്തുന്നത്? ഞാൻ പറഞ്ഞ് തരാം മാഷിന്റെ കഥ. പക്ഷെ അറിഞ്ഞ് കഴിഞ്ഞ്… നിങ്ങളെനിക്കൊരു വാക്ക് തരണം. സത്യം പുറത്തറിയരുത്. അറിഞ്ഞാൽ തകരാൻ പോവുന്നത് ഒരുപാട് പേരുടെ സ്വപ്നമാണ്.

കരടി കൈമൾ, അതായിരുന്നു മാഷിന്റെ വട്ടപ്പേര്. കറുത്തിരുണ്ട രോമാവൃതമായ ശരീരത്തിനുടമ. ചെവിയിൽ നിന്ന് വരെ ആന്റിന പോലെ പുറത്തേക്ക് വളർന്ന് നിൽക്കുന്ന രോമങ്ങൾ. ഇതിനൊക്കെപ്പുറമെ, വീരപ്പന്റെ മീശ പോലും അങ്ങേരുടെതിനെ വെച്ച് നോക്കിയാൽ ചെറുതായിരുന്നു ഒരു കാലത്ത്. അതുകൊണ്ടൊക്കെ കിട്ടിയ പേരാണ് കരടി കൈമളെന്ന്. ഒരു യു.പി. സ്കൂൾ ഹെഡ്മാസ്റ്റർക്ക് അങ്ങനെ ഒരു പേര് അലങ്കാരമായതുകൊണ്ട്, രഹസ്യമായി അത് കേട്ട് സന്തോഷിച്ചിരുന്നു. ഇരട്ടപ്പേര് വിളിച്ചവരെ സ്കെയില് കൂട്ടിപ്പിടിച്ച് ചന്തിക്ക് പിച്ചി തൊലിയെടുത്തിരുന്നെങ്കിലും, പിള്ളേര് റൂമിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞ് അയാൾ മനസ്സ് തുറന്ന് ചിരിച്ചിരുന്നു. കാരണം ചിരിയൊക്കെ സ്കൂളിലെ പറ്റിയിരുന്നുള്ളു അയാൾക്ക്. വീട് എന്നും മൂകമാണ്.

ചെറുപ്പത്തിൽ തന്നെ പ്രമേഹം വന്ന് മെലിഞ്ഞ് ഉണങ്ങിയ ഭാര്യ വനജയിൽ അയാൾക്ക് വൈകി ഉണ്ടായ പെൺകുഞ്ഞിന് ഓട്ടിസമാണ്. തന്മയീഭാവശക്തി ഇല്ലാതായി പോവുന്നതെന്നൊക്കെ വേണമെങ്കിൽ അതിനെ വിളിക്കാം. അങ്ങനെ വലിയ മാരക രോഗമൊന്നുമല്ല. പക്ഷെ, അങ്ങനെ ഒരു കുട്ടിക്ക് ഒരുപാട് അധികം പ്രത്യേക കരുതലും സംരക്ഷണവുമൊക്കെ വേണം. അവൾ സമൂഹത്തെ എങ്ങനെ നേരിടുമെന്നുള്ളത് വലിയ ഒരു സമസ്യയായിരുന്നു. അതിന് പ്രത്യേക ട്രയിനിങും കാര്യങ്ങളുമൊക്കെയുള്ള ഒരു സ്കൂളിൽ വിട്ട് പഠിപ്പിക്കണം അതിനുമാത്രം വരുമാനമൊന്നും ഒരു യുപി സ്കൂൾ അധ്യാപകന് സർക്കാർ കൊടുത്തിരുന്നില്ല. എങ്കിലും ഉള്ളത് നുള്ളിപ്പെറുക്കി അയാൾ എല്ലാ മാസവും വട്ടമെത്തിച്ചിരുന്നു. പക്ഷെ അയാളുടെ സർവ്വീസ് തീർന്നതും അതിനും പ്രശ്നമായി.

വരുമ്പൊ എല്ലാം കൂടി ഒന്നിച്ച് വരുമെന്ന് പറഞ്ഞത് വളരെ ശരിയായി. വനജയ്ക്ക് അസുഖം കൂടി ഒരു ദിവസം എല്ലാം ഉപേക്ഷിച്ച് സൃഷ്ടാവിന്റെ അടുത്തേക്ക് മടങ്ങേണ്ടി വന്നു. ഒരു സൂചനയും തരാതെയുള്ള ഭാര്യയുടെ വിയോഗം മാഷിന് താങ്ങാവുന്നതിനുമൊരുപാട് അപ്പുറത്തായിരുന്നു. മകൾ തംബുരുവിനാണെങ്കിൽ അമ്മയായിരുന്നു ലോകം. വനജയില്ലാതെ അവളെ എങ്ങനെ സ്കൂളിനപ്പുറത്തേക്ക് വിടും? ഇനിയെന്ത് എന്ന് ആലോചിക്കുമ്പോഴാണ് തംബുരു പോയിരുന്ന സ്കൂളിലെ സിസ്റ്റർ ലിജി ഒരു വഴി കാണിച്ച് തന്നത്.

സിസ്റ്റർ മുഖേന ഓട്ടിസമുള്ളവർക്കായി നടത്തുന്ന ഒരു സ്ഥാപനത്തിൽ തംബുരുവിന് പ്രവേശനം കിട്ടിയെങ്കിലും, കൊച്ചിയിൽ നിർത്തി പഠിപ്പിക്കാനുള്ള ചിലവും കാര്യങ്ങളും ഒത്ത് വന്നില്ല. റിട്ടയറായ മാഷിനെ അകമഴിഞ്ഞ് സഹായിക്കാൻ പാകത്തിന് സുഹൃത്തുക്കളില്ലായിരുന്നു. അവൾ പലതും വളരെ പെട്ടെന്ന് പഠിച്ചെടുത്തിരുന്നതുകൊണ്ടും കണക്കിൽ അനുഗ്രഹീത കഴിവുള്ളതുകൊണ്ടും, ഈ ബ്രിഡ്ജ് കോഴ്സ് കൂടെ ചെയ്താൽ അവൾ എല്ലാരെയും പോലെ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുമെന്ന് മാഷ് വിശ്വസിച്ചു.

ആദ്യ മാസത്തെ ഫീസ് കൊടുത്തത് വളരെ മനോവേദനയോടെ ബാങ്കിലിട്ടിരുന്ന ഫിക്സഡ് ഡെപ്പോസിറ്റ് പിൻവലിച്ചുകൊണ്ടാണ്. അടുത്ത മാസത്തേക്ക് എന്ത്? അത് കഴിഞ്ഞ് എന്ത്? ഒരു നിശ്ചയവുമില്ല. ആകെയുള്ള ആറ് സെന്റ് സ്ഥലവും വീടും പണയം വെച്ചാൽ ഒരു കാലത്തും തിരിച്ചെടുക്കാനൊക്കില്ല. പിന്നെ എവിടെ പോയി കിടക്കും. ആത്മഹത്യയാണ് പോംവഴിയെന്ന് ആലോചന വന്നതാണ്. പക്ഷെ ഒറ്റപ്പെട്ടുപോയ തന്നെ സഹായിക്കാൻ പോലും ആരും കൂട്ടാക്കാത്ത സ്ഥിതിക്ക്, തന്റെ സൂക്കേടുള്ള കുട്ടിയെ ആരും എല്ലാ സൗകര്യവും നൽകി പോറ്റി വളർത്തില്ലെന്ന് അയാൾക്ക് തോന്നിക്കാണണം. എല്ലാരും ഒരു വിഷമഘട്ടത്തിൽ ഒറ്റപ്പെടുത്തിയതിൽ വിഷമിച്ചിരുന്നപ്പോഴാണ്, ഒറ്റപ്പെടുത്തിയവരെല്ലാം മറ്റൊരു ദുരന്തത്തിൽ ഒറ്റപ്പെട്ടത്. നിപ്പ് വൈറസ് ബാധ.

ചങ്ങരോത്ത് സൂപ്പിക്കടയിൽ നിന്ന് പനി കൂടി മരിച്ച പയ്യന്റെ അനിയനേയും പനി കൊണ്ടുപോയതോടെ നാട്ടിൽ ഡെങ്കിയും മലേറിയയുമൊക്കെ വീണ്ടും വരുന്നെന്ന ബോധവത്കരണം പലയിടത്തും തുടങ്ങി. പക്ഷെ വിവരമുള്ള ഭിഷ്ഗ്വരന്മാർ കണ്ടെത്തി ഇത് നമ്മൾക്ക് പരിചയമുള്ളതൊന്നുമല്ലെന്ന്. അതിലും കൊടിയ വിഷമാണെന്ന്. പതിയെ പാലേരിയിലും പേരാമ്പ്രയിലും ഒക്കെ അസുഖം പടർന്ന് പന്തലിച്ചു. അങ്ങാടിയും സകല തെരുവോരങ്ങളും അമ്പലപ്പറമ്പുകളും എല്ലാം ഒഴിഞ്ഞ് മനുഷ്യവാസമില്ലാത്ത പരുവമായി.

ഒരു രോഗിയെ ചികിത്സിക്കാൻ സഹായിച്ച നഴ്സിന്റെ ജീവൻ കൂടെ വൈറസ് കൊണ്ടുപോയതോടെ ലോകം മൊത്തം പേരാമ്പ്രയെ ഭീതിസ്വപ്നമായി കണ്ട് തുടങ്ങി. ഒരുപക്ഷെ മാനവരാശിയുടെ മൊത്തം അന്ത്യം പേരാമ്പ്രയിൽ നിന്നാവാം എന്ന് വരെ പറഞ്ഞ് പരത്തി വെറുപ്പിച്ചു. ഇതിനിടയിൽ മതസ്പർദ്ധ പരത്തുവാൻ നോക്കിയവരും ഇല്ലാതില്ല.

ചെങ്ങന്നൂർ ഇലക്ഷൻ കഴിഞ്ഞതും, ധന സഹായങ്ങൾ അനുവദിക്കുന്നതിൽ ഇലക്ഷൻ കമ്മീഷൻ മുന്നോട്ട് വെച്ചിരുന്ന നിബന്ധനകൾ നീങ്ങി. നിപ്പയെടുത്ത ജീവനെല്ലാം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അത് ആരിലും സന്തോഷമുണ്ടാക്കിയില്ല. അവർക്ക് വേണ്ടപ്പെട്ടവരുടെ ജീവന് പകരമെന്നോർത്ത് ജീവിക്കാനുള്ള ഗതികേടിനെപ്രതി ഒരു തരി ചിരി പോലും ഇല്ലാതെ അവർ ജീവിച്ചു. മാഷിന്റെ മുഖം മാത്രം പ്രകാശിച്ചു. പതിവിലും പതിന്മടങ്ങ്.

നിപ്പാ ബാധിച്ച് മരിച്ചാൽ, യുണൈറ്റഡ് ഇൻഷുറൻസുകാർ വലിയൊരു തുക തന്റെ മകളുടെ പേരിലാക്കും. അതിന്റെ പുറമെ സർക്കാറിന്റെ ധനസഹായവും കൂടെയുണ്ടെങ്കിൽ, തംബുരുവിന് ഇപ്പോഴുള്ള ബ്രിഡ്ജ് കോഴ്സും, അത് കഴിഞ്ഞ് ഇഷ്ടമുള്ള പ്രൊഫഷണൽ കോഴ്സിന് പോവാനുമുള്ള വകയുണ്ടാവും.

വനജ എന്തൊക്കെ നോക്കിയിട്ടും നിർത്താൻ സാധിക്കാതിരുന്ന മാഷിന്റെ കുടി, സ്വമനസ്സാലെ മാഷ് നിർത്തി. കൈവിറ വരുമ്പോൾ രാമനാമം ചെല്ലാൻ തുടങ്ങി. എന്താ കാര്യം? ആൽക്കഹോൾ ഉള്ള ശരീരത്തിൽ നിപ്പാ വൈറസ് പെട്ടെന്ന് പരക്കില്ലെന്ന വാർത്ത സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ വായിച്ചു. അത്ര തന്നെ!

മരണപ്പെട്ടവരിൽ നിന്ന്, അവരുടെ അടക്കത്തിന് പോയവർക്ക് പകരുന്നെന്ന് പത്രത്തിൽ വായിച്ചതോടെ അതായി മാഷിന്റെ പിടി വള്ളി. എല്ലാരുടേയും വീട്ടിൽ പോയി. ഒരുപാട് കാലത്തെ പരിചയമുണ്ടായിരുന്ന പോലെ എല്ലായിടത്തും പടർന്ന് പന്തലിച്ച് നടക്കാൻ തുടങ്ങി. പക്ഷെ വൈറസ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യുന്നത് സർക്കാരും ഡോക്ടർമാരും ഏറ്റെടുത്തതോടെ, മാഷ് തോറ്റു. എല്ലാ ബന്ധുമിത്രാദികളെയും കണ്ട് വിഷമം കേട്ടിരുന്ന് കൈ കൊടുത്ത് പിരിഞ്ഞതുകൊണ്ട് ആകെയുണ്ടായ ഗുണം ഒറ്റപ്പെടൽ മാറിയെന്നതാണ്. അയാൾ സംസാരിച്ചവരെയെല്ലാം ആശ്വസിപ്പിക്കാൻ മറന്നില്ല. അവരിൽ പലരും പറഞ്ഞത്, നാട്ടുകാരും നേതാക്കന്മാരും നാട് വിട്ട് ഭീതിയോടെ നോക്കാൻ തുടങ്ങിയ കാലത്ത് അവതരിച്ച പുതിയ നന്മ മരമായാണ്. ഒരു പ്രശ്നം വരുന്നേരം കൂടെ നിൽക്കുന്നവരിലാണല്ലൊ മനുഷത്വപരമായ ഗുണങ്ങൾ കാണാനൊക്കുന്നത്.

പല വീടുകളിലേയും കിണറുകളെല്ലാം മൂടാൻ സർക്കാർ ഉത്തരവിട്ടത് മാഷ് ശ്രദ്ധിച്ചിരുന്നു. അതിനടുത്തേക്കൊന്നും ആരും അടുപ്പിച്ചതുമില്ല. സ്വന്തം വീട്ടിലെ കിണറിനകത്ത് ടോർച്ചടിച്ച് നോക്കിയിട്ടും, കല്ലുകൾക്കിടയിലുള്ള പൊത്തിലേക്കെല്ലാം കല്ലെറിഞ്ഞ് നോക്കിയിട്ടും ഒന്നിനെപ്പോലും കാണാൻ കിട്ടിയില്ല. മച്ചിന്റെ മുകളിലെങ്ങാനും വൗവ്വാലുണ്ടോയെന്ന് നോക്കാൻ വലിഞ്ഞ് കയറിയതുകൊണ്ട്, മച്ച് വൃത്തിയായത് മിച്ചം. ആരും നോക്കാനില്ലാത്ത ചാത്തുണ്ണ്യാരുടെ പഴയ വീടിന്റെ പുറകിലെ ആലിലെ വൗവ്വാലുകളെയെല്ലാം കല്ലെടുത്തെറിഞ്ഞു. അക്രമിയെ അക്രമിച്ചില്ല. അവറ്റയൊക്കെ കാത് പൊട്ടിക്കുന്ന ശബ്ദകോലാഹങ്ങളുണ്ടാക്കി മാഷിനെ ചീത്ത പറഞ്ഞുകൊണ്ട് എങ്ങോട്ടോ പാഞ്ഞു.

പഴം തീനി വൗവ്വാലുകളാണ് വില്ലന്മാരെന്ന് അറിഞ്ഞതിനാൽ അടുത്ത ലെവൽ പഴങ്ങളായിരുന്നു. സകലരുടെ പറമ്പിലും ഓടി നടന്നു. നിലത്ത് വീണ് കിടന്ന എല്ലാ പഴ വർഗ്ഗങ്ങളും ആർത്തി ഭാവിച്ച് തിന്നു. എന്തൊക്കെയൊ ജീവികൾ കഴിച്ചതിന്റെ ബാക്കിയായ പഴങ്ങൾക്കും, ചീഞ്ഞ പഴങ്ങൾക്കും, മുൻഗണന കൊടുത്തു. ആദ്യമെല്ലാം അറപ്പായിരുന്നു. പക്ഷെ അതിന് മാഷ് തന്നെ ഒരു കഥയൊക്കെ മെനച്ച് പരിഹാരമാലോചിച്ചു. കാട്ടിൽ ഒറ്റപ്പെട്ട് പോയിരുന്നെങ്കിൽ, ജീവൻ നിലനിർത്തേണ്ട ഒരു ഗതിയുണ്ടായിരുന്നെങ്കിൽ, ഈ ഒരു ആരോഗ്യസ്ഥിതിയിൽ നിലത്തുനിന്ന് കിട്ടുന്ന ഫലങ്ങളെ കാണുമായിരുന്നുള്ളു. കണ്ണായിരുന്നു പിന്നെയൊരു പ്രശ്നം. വായിലേക്ക് വയ്ക്കുന്നേരം ഒരു നോക്ക് കണ്ടാൽ പിന്നെ ഓക്കാനിച്ചിരിക്കും. അതൊഴിവാക്കാൻ കണ്ണ് അടച്ച് കഴിക്കാൻ തുടങ്ങി. പഴങ്ങളിലേക്ക് തിരിഞ്ഞതിന്റെ രണ്ടാം ദിവസം പകലുള്ള കട്ടൻ ചായ പോലും ഒഴിവാക്കി നിലത്ത് നിന്ന് പെറുക്കിയ പഴങ്ങൾ തിന്നു. പഴങ്ങളിൽ നിന്നുള്ള അമ്ലങ്ങൾ ഓരോന്നായി മാഷിന്റെ കുടൽ അടക്കി വാഴാൻ തുടങ്ങിയതോടെ ശരീരം പ്രതികരിക്കാൻ തുടങ്ങി. അതിന്റെ പുറമെ, പുഴു കയറിയതും മറ്റുമായ പേരയ്ക്കയും മാങ്ങയും വയറിന് ആപത്തായതുകൊണ്ട് ശരീരം അതിനെ ശർദ്ദിച്ച് പുറന്തള്ളാൻ തുടങ്ങി. വായിലൂടെയും മൂക്കിലൂടെയും നിർത്താതെ ശർദ്ദിക്കുന്നേരം സന്തോഷിക്കുന്നൊരു ആൺപിറന്നവൻ ഇതിനുമുൻപ് ഭൂമിമലയാളത്തിലുണ്ടാവാൻ വഴിയില്ല. മാഷിന്റെ മനസ്സിൽ ഇത് നിപ്പയാണെന്ന് ശർദ്ദിക്കുന്നതിന് ഏറെ നേരം മുൻപ് തന്നെ ഒരു ധാരണയുണ്ടായിരുന്നല്ലൊ.

മാഷ് അവശനായിരുന്നെങ്കിലും സ്വന്തം പൗരപുരാതന പീസ് കൈനെറ്റിക്ക് ഹോണ്ടയിൽ സർക്കാർ  ആശുപത്രിയിൽ മുഖം കാണിച്ചു. അവിടെ ചെന്ന് ലക്ഷണങ്ങൾ കേട്ടപ്പോൾ തന്നെ ലിസി ഡോക്ടർ നിൽക്കമലിന്റെ വെള്ള കസേര തെറിപ്പിച്ചുകൊണ്ട് ചാടിയെണീറ്റ് മാസ്കും കൈയ്യുറയും എല്ലാം ഉണ്ടല്ലൊ എന്ന് വീണ്ടും ഉറപ്പാക്കി. അവർ പല വട്ടം പറഞ്ഞ് പഠിച്ചിരുന്ന ഡയലോഗ് എല്ലാം അയാളോട് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അഭയം പ്രാപിക്കാനായിരുന്നു അതിന്റെ സത്ത.

മാഷിനെ കൊണ്ടുപോവാൻ അവിടുന്ന് ആരും ആംബുലൻസ് വിട്ടുകൊടുക്കാത്തതിനാൽ, മെഡിക്കൽ കോളേജിൽ നിന്ന് ശവം കൊണ്ടുപോയ ഒരു ആംബുൽൻസ് വരുത്തിച്ച് അതിൽ രോഗിയ്ക്ക് ചുറ്റും നാല് വശവും ഒരു പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള തുറുങ്കിൽ മാഷിനെ മെഡിക്കൽ കോളേജിലെത്തിച്ചു. ആദ്യമായിട്ട് അയാൾ ഒറ്റപ്പെടൽ ഇഷ്ടപ്പെട്ട് ചിരിതൂകി കിടന്നു.

പക്ഷെ മെഡിക്കൽ കോളേജിലെ ക്വാറന്റൈൻ സെല്ലിൽ ഒന്നു രണ്ട് ദിവസം കിടക്കാനൊത്തതും, ആ ദേശത്തെയൊട്ടാകെ വൈറസിൽ നിന്ന് രക്ഷിച്ച മാലാഖമാരായ ഡോക്ടർമാരാലും നഴ്സുമാരാലും പരിചരിക്കപ്പെട്ടു എന്നതും ഒഴിച്ചാൽ, ബാക്കിയെല്ലാം വെറുതെയായി. വയറൊന്ന് കഴുകി വെളുപ്പിച്ചെടുത്താൽ എല്ലാ അസുഖവും മാറുമെന്ന ഡോക്ടറുടെ വാക്ക് കേട്ട് മാഷിന്റെ നെഞ്ച് പിടഞ്ഞു. ആലപ്പുഴ വൈറോളജി സെന്ററിൽ നിന്ന് വന്ന റിപ്പോർട്ടും കൂടെ ആയതോടെ അവർക്ക് പൂർണ്ണ വിശ്വാസം വന്നു, മാഷിന് നിപ്പയിലെന്ന്. ആലപ്പുഴയിലുള്ളത് പുതിയ സ്ഥാപനമായതുകൊണ്ടാവും, മറിച്ച് പൂനെയിലാണ് രക്തം അയച്ചിരുന്നതെങ്കിൽ അസുഖമുണ്ടെന്ന് അവരെഴുതിയേനെ എന്ന് മാഷ് കടുപ്പിച്ച് പറഞ്ഞു. ഇത് കേട്ട് ഡോക്ടർമാർ ഞെട്ടി. ഇതാ ഉടനെ മരിക്കില്ലെന്ന് അറിഞ്ഞ് വിഷമിക്കുന്നൊരുത്തൻ. അവരിൽ തന്നെ ഒരു വിഭാഗം മാഷിന്റെ അവിശ്വാസം വിട്ട് കളഞ്ഞില്ല. അയാളുടെ ബ്ലഡും യൂറിനുമെല്ലാം പൂനെയിലുള്ള വവൈറോളജി ഡിപ്പാർട്ട്മെന്റിന് അയച്ചുകൊടുത്തു.   അന്ന് ആരോഗ്യ ജാഗ്രത സൈറ്റിൽ മാഷിന്റെ ഒഴിച്ച് ബാക്കിയുള്ള രോഗികളുടെ ടെസ്റ്റ് റിസൽറ്റ്സ് അൺനോൺ എന്നുള്ളത് മാറ്റി നെഗറ്റീവ് വന്നു.

പിറ്റേന്ന് അയച്ചവരുടെ സാമ്പിളുകളും നെഗറ്റീവ് ആണെന്ന് നഴ്സ് എഡ്വിന്റെ നാവിൽ നിന്ന് മാഷ് കേട്ടു. അതിനോട് കൂട്ടിച്ചേർത്ത് കേരള ഹെൽത്ത് മോഡലിനെ വാഴ്ത്തി സകല പത്ര മാധ്യമങ്ങളിലും, എന്തിനേറെ പറയുന്നു, ലോകാരോഗ്യ സംഘടന വരെ അവരുടെ പഠനം നടത്താനും, ഇവിടെയുള്ളവരുടെ കഷ്ടപ്പാടിനെ വാഴ്ത്താനും തുടങ്ങി. ഇത് മാഷിന്റെ എല്ലാ പ്രതീക്ഷകളേയും തച്ചുടച്ചുകൊണ്ടിരുന്നു. മാഷിന്റെ മാത്രം.

പ്രശ്നബാധിത പ്രദേശങ്ങളെല്ലാം വീണ്ടും പൂർവ്വസ്ഥിതിയിലായി വന്നുപോന്നു. അങ്ങാടിയിലും ആൽമരക്കിഴിലുമെല്ലാം ആൾക്കാർക്ക് സംസാരിക്കാൻ പുതിയ വിഷയം കിട്ടി. കരടിക്ക് പനിയാണ്. നിപ്പയാവും. പക്ഷെ ആശുപത്രി കിടക്കയിൽ കിടന്ന് അങ്ങോട്ടുമിങ്ങോട്ടും ഞെരിപിളി കൊണ്ട് തിരിഞ്ഞിരുന്ന മാഷിന് പൂനെയിൽ നിന്ന് റിസൽറ്റ് എത്തുന്നതിന് മുൻപ് ബോധ്യമായിത്തുടങ്ങി തനിക്ക് നിപ്പ ഉണ്ടാവില്ലെന്ന്. അർധരാത്രി തൊട്ട് ഓരോ മിനിറ്റും അയാൾ ഇടതുവശത്ത് മുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു. നിറം മങ്ങിയ പ്ലാസ്റ്റിക് കൂടുകളാൽ ചുറ്റപ്പെട്ട ക്വാറന്റൈൻ കൂട്ടിലാണെങ്കിലും അതിനപ്പുറത്ത് ഭിത്തിയിൽ വെച്ചിരിക്കുന്ന ക്ലോക്കിന്റെ സൂചികൾ ഏകദേശം എവിടെയാണെന്ന് കാണാമായിരുന്നു. ഓരോ മിനിറ്റും അയാളുടെ ഹൃദയമിടിപ്പുകൾ കൂട്ടിപ്പോന്നു. പതുക്കെ അത് ക്രമാതീതമായി കൂടിത്തുടങ്ങി. പണ്ട് കിലൊക്കണക്കിന് പച്ചക്കറി ചുമന്ന് അങ്ങാടിയിൽ എത്തിച്ചിരുന്ന കാലത്ത് പോലും ഇത്രയും അണച്ചിട്ടില്ല. ശ്വസം എടുക്കുന്നത് മുഴുവൻ എവിടെയൊ ചോർന്ന് പോവുന്ന പോലെ, കൂടുതലെടുക്കാൻ സാധിക്കാത്തതു പോലെ. മരണ വെപ്രാളം അയാളിൽ നിന്ന് അയാളിലേക്ക് ബന്ധിപ്പിച്ചിരുന്ന മെഷീനുകളിലേക്ക് വ്യാപിച്ചു. അവയുടെ കൂക്കു വിളികളിലൂടെ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള നഴ്സുമാരിലേക്കും, അവർ വിളിച്ച് പറഞ്ഞ് വീട്ടിൽ പോയ ഡോക്ടർമാരിലേക്കും എത്തി.

മരിച്ചെന്ന് ഉറപ്പാക്കിയ ഉടൻ തന്നെ കൺപോളകൾ രണ്ടും കൂട്ടിയടപ്പിച്ച് സാജൻ ഡോക്ടർ തന്റെ പ്രാധമിക പരിശോധന നടത്തി. ഹൃദയസ്തംഭനമാണെന്നുറപ്പിച്ചു. പക്ഷെ ബ്ലഡ് ടെസ്റ്റ് റിസൽറ്റ്സ് വരാത്തതിനാൽ, സാധാരണ മരണം അസാധാരണമായി കഴിഞ്ഞിരുന്നു. മാഷിന് വെറും വയറിളക്കവും ശർദ്ദിയുമാണെന്ന് മീഡിയയും നാട്ടുകാരും വിശ്വസിച്ചില്ല. അയാൾക്ക് നിപ്പയാണെന്ന് നാട്ടുകാർക്കായിരുന്നു ഉറപ്പ്. ബന്ധുക്കളൊ നാട്ടുകാരൊ ആരും ബോഡി ഏറ്റെടുക്കാൻ വന്നില്ല. ഇതിനിടയിൽ ഡീൻ ഓഫ് മെഡിസിൻ നേരിട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ അയാൾ പൂനെ വൈറോളജി സെന്ററിൽ നിന്ന് വന്ന കൈമൾ മാഷിന്റെ ഫലം നെഗറ്റീവാണെന്ന് വെളിപ്പെടുത്തുന്ന പേപ്പർ പുറത്ത് വിട്ടു. പക്ഷെ അത് ഇപ്പോഴത്തെ ബഹളങ്ങൾ ഒഴിവാക്കാൻ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ് സർക്കാർ തന്നെ അയാളുടെ ശേഷക്രിയകൾ നടത്തണമെന്ന തീരുമാനത്തിലൂന്നി നാടൊട്ടുക്ക് പ്രക്ഷോഭവും പോസ്റ്റുകളുമായി. അവസാനം ഭീതിയൊഴിവാക്കാൻ ഗത്യന്തരമില്ലാതെ സർക്കാർ ഉത്തരവിറങ്ങി. മാഷിനെ വെളുത്ത പ്ലാസ്റ്റിക് കുപ്പായമണിഞ്ഞ മാലാഖമാർ തന്നെ അടക്കി. നാട്ടുകാരുടെ ആവശ്യവും തംബുരുവിന്റെ അവസ്ഥയും മാനിച്ച് കൈമൾ മാഷിന്റെ മരണത്തിനും ധനസഹായം ഏർപ്പെടുത്തി.

മരണശേഷമാണെങ്കിലും കൈമൾ മാഷിന് നിപ്പാ വൈറസ് ബാധിച്ചു. തംബുരുവിന്റെ പഠനത്തിന് ഒരു മുടക്കം വന്നില്ല. ഭാവിയിലും ഒരു പ്രശ്നവും വരില്ലെന്ന് സമാശ്വസിക്കാം. മാഷ് മറ്റൊരു ലോകത്ത് വിജയം പുൽകി.

പക്ഷെ, എല്ലാം അവിടംകൊണ്ട് തീർന്നില്ല. കൈമൾ മാഷിന്റെ കഥയെ കഴിഞ്ഞിരുന്നുള്ളു, കരടി കൈമളിന്റെ കഥകൾ പുനർജ്ജനിച്ചു. അങ്ങാടികളിലും, ആൽമരച്ചുവടുകളിലും, ചായപ്പീടികകളിലും എന്നുവേണ്ട സകലയിടത്തേക്കും പുതിയൊരു സംശയം വ്യാപിച്ചു. കരടിക്ക് എങ്ങനെയാവും നിപ്പ ബാധിച്ചത്? ഇനി ഇവിടാരും അറിയാതെ പോയ ബന്ധങ്ങൾ വല്ലതും?
 

പേരാമ്പ്ര നിവാസികൾ ഒറ്റപ്പെടുന്ന വാർത്ത വായിച്ചതുകൊണ്ട് എഴുതി തുടങ്ങിയതാണ്. കരടി കൈമൾ ആദ്യമൊരു ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന കർഷകനായിരുന്നു. കാർഷിക ലോൺ ഒഴിവാക്കാൻ അയാൾ നിപ്പ ബാധിച്ചെന്ന് വരുത്തുന്ന ആ കഥ എഴുതി വന്നപ്പൊ എനിക്ക് തന്നെ ഒരു വിഷമം. കർഷകർ നുണ പറഞ്ഞ് മേടിച്ചെടുക്കേണ്ട ഒന്നല്ല അത്. അവർ കഥയിലാണെങ്കിലും കള്ളത്തരം കാണിച്ചെന്ന് വന്നാൽ അതെന്റെ തെറ്റാണ്. പിന്നെ എങ്ങനെയൊ വലിയ പൊളിറ്റിക്സ് ഇല്ലാത്ത ഈ കഥയിലെത്തി.

 നിപ്പ ബാധയൊക്കെ ഒഴിഞ്ഞ് പോയി. നിങ്ങളുടെ ഭീതി മാത്രമാണ് ബാക്കി. കഴിയുമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിലൊക്കെയുണ്ടായിരുന്ന രക്തദാന പരിപാടികളിൽ വീണ്ടും സഹായിക്കുക.

മഗിഴ്ചി.

~ G

 

 

അതെന്താ?

എത്ര കൊല്ലമായിട്ട് കാണുന്നതാണെന്നോ, പക്ഷെ ആദ്യമായ് ഒന്ന് മിണ്ടിയത് അന്നാവണം. അതിന് മുൻപ് എപ്പോഴൊക്കെയോ സംസാരിച്ചിട്ടുണ്ടെങ്കിലും, മിണ്ടുന്നത് അന്നാദ്യമായിട്ടാണ്.

മനസ്സിലായില്ല, അല്ലേ? മനസ്സിലാവില്ല. മനസ്സിലാക്കെണ്ട!

കുറച്ച് കാലങ്ങൾക്കുള്ളിൽ അവൾ ഞാനായും, ഞാൻ അവളായും, മാറുന്നത് പരസ്പരം മനസ്സിലാക്കി.

അന്നവൾ കരഞ്ഞുകൊണ്ട് പറഞ്ഞു, “സൗഹൃദം മതി. പേമിച്ച് വെറുതെ വീട്ടുകാരേയും നാട്ടുകാരേയും തമ്മിൽ തല്ലിക്കുന്നത് എന്തിനാ?”

മറുപടി കൊടുക്കാൻ ഒട്ടും താമസിച്ചില്ല, “അല്ല, അതിന് ഞാനെപ്പഴാ നിന്നോട് പ്രേമമാണെന്ന് പറഞ്ഞത്?”

ഇതുവരെയില്ല, പക്ഷെ എന്നെങ്കിലും തോന്നും. അന്നത് വേണ്ടാന്ന് വെക്കണം.”

ഒരിക്കലും അങ്ങനെ തോന്നുമെന്ന് തോന്നുന്നില്ല!”

അതെന്താ തോന്നാത്തത്!! എനിക്കിപ്പൊ അറിയണം!!!“, അവൾ അവന്റെ ഷർട്ടിന്റെ കോളറും കഴുത്തും കൂട്ടിപ്പിടിച്ച്, അവനെ ഭിത്തിക്ക് ചാരി നിർത്തി ചോദിച്ചു.

മധുലോകം

20:47, 3 നവംബർ 2017

 

“ഹലോ?”

 

“എന്താടാ?”

 

“ഡേയ്, ഞാൻ ഇപ്പൊ മാളിലൊണ്ട്. മധുലോക ഔട്ട്‌ലെറ്റ് കണ്ടപ്പഴാ നിന്റെ കാര്യമോർത്തെ. ഇന്നെന്താ മൂഡ്? അവിടെ പൊട്ടിക്കാത്തത് ഒണ്ട്. വേറേയൊന്നും വാങ്ങെണ്ടല്ലൊ.”

 

“നെനക്കെന്താടാ അവടെ പരിപാടി?”

 

“ഓ അത്. ഒരു കൊല്ലം മുമ്പ് ഞങ്ങളിവിടെ ഒരിക്കെ പിസ കഴിക്കാൻ വന്നാരുന്നു. അതോർത്തപ്പൊ ആ നശിച്ച സ്ഥലമൊക്കെ ഒന്നൂടെ കാണാൻ തോന്നി. അത് വിട്. വേറേ വല്ലോം വാങ്ങണോ?”

 

“ഇവിടെ ഏതൊക്കെയാ ഇനി ബാക്കിയൊള്ളത്?”

 

“ബ്ലാക്ക് ഡോഗും മോർഫിയസും… പിന്നെ ഇന്ന് പകൽ നീ എടുത്ത് കുടിച്ചില്ലേൽ ബാക്കിയൊരു 4 ക്യാൻ കാൾസ്ബെർഗും ഫ്രിഡ്ജീ കാണും.”

 

“എന്ത് റേസിസ്റ്റ് പേരാ അത്. കഷ്ടം. ബ്ലാക്ക് ഡോഗ് വേണ്ട. ബ്രാണ്ടി കുടിച്ചോളാം.”

 

“ഉയ്യൊ, എന്തൊരു തങ്കപ്പെട്ട മനുഷ്യൻ. റിസർവേഷനീ കേറിയ പറയന്റെ കീഴീ പഠിക്കെണ്ടാന്നും പറഞ്ഞ് പള്ളിക്കൂടത്തീന്ന് എറങ്ങാൻ നോക്കിയ നീയാ ഇപ്പൊ…ഹലോ?…ഹലോ?…വെച്ചിട്ട് പോയോ.. ക്ണാപ്പൻ..”

 

——————

 

21:29, 3 നവംബർ 2017

 

“ബെല്ലൊന്നൂടെ അടിക്ക്. വന്നോളും.”

 

“ചേട്ടായി, ഞാൻ കൂടെ ഇരുന്നോളാം. കുടിക്കുന്നില്ല. എനിക്കെന്തോ മനസ്സ് വരുന്നില്ല.”

 

“എടാ എനിക്കും ഇത്രേം കാലം ഇങ്ങനൊരു ചിന്തയാരുന്നു. പക്ഷെ ഇത് തൊടങ്ങിക്കഴിഞ്ഞ് എന്റെ ലോകത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറി.”

 

“അതാ എന്റെ പേടീം.”

 

“എടാ ഇപ്പൊ നീ രാവിലെ നടക്കാൻ പോവുമ്പൊ ഒരു പെണ്ണിനെ ആരേലും തട്ടിക്കൊണ്ട് പോവുന്നത് കാണുന്നൂന്ന് വെക്ക്. നീ എന്ത് ചെയ്യും?”

 

“ഞാൻ ഓടും. എന്നിട്ട് പോലീസിനെ വിളിച്ച് ഫുൾ ഡീറ്റയിൽസും കൊടുക്കും.”

 

“പഷ്ട്… ഇനി നീ രണ്ടെണ്ണം അടിച്ചിട്ടാ നിക്കുന്നെ എന്ന് വെക്ക്. എന്ത് ചെയ്യുമെന്നോ?”

 

“എന്ത് ചെയ്യും?”

 

“ങാ നീ പരിചയമൊള്ളവരേ എല്ലാം വിളിച്ച് കൂട്ടി അവമ്മാരെ ചേസ് ചെയ്യും. പറ്റിയാ രക്ഷിച്ചുമെടുക്കും. അതാ ഇതൊന്ന് വയറ്റിലോട്ട് ചെല്ലട്ടെ. കാണിച്ച് തരാം.”

 

“ശരിക്കും?”

 

“ആന്നേ…ദോണ്ടെ വന്നല്ലൊ വനമാല….എവടാരുന്നു ഇത്രേം നേരം. ഇവിടൊക്കെ രണ്ട് മൂന്ന് വട്ടം ഡോർ ബെല്ലടിച്ചാ അത് പോലും നൂയിസെൻസ് എന്ന് പറഞ്ഞ് റിപ്പോർട്ട് ചെയ്യും. അത്ര നല്ല നൈബേർസാ. സിംഗിൾ ആണൊരുത്തന് റൂം കൊടുത്തത് ആർക്കും ഇഷ്ടപ്പെട്ടിട്ടില്ല. നീ എന്നെ വഴിയാധാരമാക്കല്ല്.”

 

“പറയുന്നെ കേട്ടാ തോന്നും ഞാനാ ബെല്ലടിച്ചേന്ന്. അടിച്ചത് നീയല്ലേ.”

 

“അത് പിന്നെ..നീ അടിച്ച് വീലായിട്ട് ഒറങ്ങുവാണേൽ…”

 

“ഞാനാണോടാ വീലാവാറൊള്ളെ?”

 

“ആ വിട്…ഇത് ഓമനക്കുട്ടൻ. സ്നേഹം കൂടുമ്പം ഞങ്ങൾ ഓമനേന്നേ വിളിക്കു. ശരിക്കൊള്ള പേരെന്താന്ന് കൂടൊള്ള കന്നഡിഗരു പോലും മറന്നു. ഗാലാ റൗണ്ടിൽ ആ പെണ്ണുമ്പിള്ളേ അസിസ്റ്റ് ചെയ്യുന്നത് ഇവനാ..”

 

“ഓ..”

 

“ഇവനോട് സംസാരിച്ചപ്പൊ ഇവനും പറയാനൊണ്ട് ഒരു തേപ്പ് കഥ. പക്ഷെ കുടിക്കത്തില്ല. കുടിക്കുന്നവരോട് ഒരു പുച്ഛമാണ്. അതെനിക്കിഷ്ടപ്പെട്ടില്ല. ഗുരുവിന്റെ സ്ഥാനം ഞാനങ്ങ് ഏറ്റെടുത്തു. ഇന്നിവടെ എഴുത്തിനിരുത്താൻ പോവാ. ഒരു ഗ്ലാസ്സൂടെ എടുത്തോ.”

 

“അതിന് നീ തൊടങ്ങിയിട്ട് അധികമായില്ലല്ലൊ… ഒരുത്തനേം കൂടെ നശിപ്പിക്കാൻ പാകത്തിനൊരു ക്ലാസ്സ് ഒക്കെ ആയോടേയ് നിന്റെ കുടിക്ക്?”

 

“ചേട്ടാ, ഒരുപാട് കയ്പ് എനിക്ക് പ്രശ്നമാ… പഞ്ചസാര കലക്കി കുടിച്ചാ കയ്പ് കൊറയത്തില്ലേ? ”

 

——————

 

22:43, 3 നവംബർ 2017

 

 

“ഇപ്പം എന്ത് പറയുന്നു ഓമനേ? അവളേം അവൾടെ കാല് കഴുകിയ വെള്ളം കുടിച്ചതും വല്ലാം ഇപ്പം നിന്നെ വെഷമിപ്പിക്കുന്നൊണ്ടോ?”

 

“ഓ പിന്നെ ഒരു മനക്കട്ടി കൂടിയവൻ. ഇന്നും വല്ലവന്റേം കൂടെ പോയവളെ ഓർത്ത് ഏതാണ്ട് മാളിലെ പിസാ ഹൗസ് കാണാൻ കേറിയ നീയാ ഈ ചെക്കനെ ഉപദേശിക്കുന്നെ. എഴീച്ച് പോടേയ്..”

 

“ദേ എന്റെ പൈസയ്ക്ക് ഞാൻ മേടിച്ച കള്ള് കുടിച്ചേച്ച് എന്നെ പറഞ്ഞാലൊണ്ടല്ലൊ… എടാ മൈ..മൈജേഷേ…നീ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്, തിരുവന്തോരത്ത് നിന്നപ്പം പഴയതിനെ ഓർത്ത് വട്ടായിട്ടല്ലേ… അല്ലാതെ ബാംഗ്ലൂരിനോട് പ്രേമം മൂത്തിട്ടൊന്നുമല്ലല്ലൊ..”

 

“പോയി നെന്റെ അപ്പനെ തെറി വിളിക്കെടാ പന്നേ…”

 

“അപ്പന് പറയുന്നോടാ പട്ടിക്കൊണ്ടായവനെ…”

 

——————

 

22:56, 3 നവംബർ 2017

 

“ഡാ…ഡാ…ഉയ്യോ എണീക്കുന്നില്ലല്ലൊ….”

 

“ചേട്ടാ…പൾസ് കിട്ടുന്നില്ല. ചത്തെന്നാ തോന്നുന്നെ…”

 

“ദേ ഓമനേ, ചുമ്മാ മനുഷ്യനെ പേടിപ്പിച്ചാ ഒറ്റക്കീറിന് ഞാൻ…”

 

“ശരി ഞാൻ മിണ്ടുന്നില്ല. ഇപ്പൊ എന്ത് ചെയ്യുമെന്ന് പറ…”

 

“ഇവൻ ഇവടൊള്ള കാര്യം ആർക്കും അറിയത്തില്ല. നമ്മക്ക് ആ സോപ്പ് പത പൊങ്ങി കെടക്കുന്ന തടാകത്തിന്റകത്തോട്ട് ഇവനെ തള്ളിയിടാം. എത്ര കാലമായി അത് ശരിയാക്കാൻ കോർപ്പറേഷനിലൊള്ളവർക്ക് പറ്റിയോ? അപ്പൊ ബോഡിയൊന്നും പൊങ്ങത്തില്ലാരിക്കും. പൊങ്ങിയാത്തന്നെ, വെള്ളമടിച്ച് വീലായി പാലത്തീന്ന് വീണ് എവിടെയേലും തലയിടിച്ച് ചത്തെന്ന് കരുതട്ടെ.”

 

“എന്റെ കൈയ്യും കാലും വെറച്ചിട്ട് പാടില്ല. ചേട്ടായിക്ക് ഇങ്ങനൊക്കെ ചിന്തിക്കാൻ എങ്ങനെ പറ്റുന്നു?”

 

“എനിക്ക് നൈറ്റ് ഷിഫ്റ്റിൽ ഇതാടാ പണി. ബോറടിക്കുമ്പൊ ആളെ തട്ടി കൊളത്തിലിടും.”

 

“പുളിച്ച തമാശ അവടെ നിക്കട്ട്. എനിക്ക് നല്ല സംശയമൊണ്ട്. അല്ലെങ്കീ പിന്നെ ആദ്യ വട്ടം തന്നെ ഒരാൾടെ തലേൽ എങ്ങനാ ഇത്ര ഭീകര ഐഡിയ വരുന്നെ?”

 

“ഇപ്പം ഞാൻ നെനക്ക് സ്റ്റഡി ക്ലാസ്സ് എടുക്കണോ അതോ ഇവനെ കൊണ്ടുപോയി കളയണോ?”

 

——————

 

23:32, 3 നവംബർ 2017

 

“ചേട്ടായി, ഈ ചേട്ടനെ അന്വേഷിച്ച് ആരും വരത്തില്ലേ ഇങ്ങോട്ട്?”

 

“ആരേലും അന്വേഷിച്ച് വന്നാലും, ഇനി ബോഡി കിട്ടിയാലും തന്നെ ഒന്നുമില്ലെടാ.. വയറ്റീന്ന് കള്ള് കിട്ടുമ്പൊ എല്ലാം സോൾവ് ആയിക്കോളും. ഇവൻ എന്റെ പോലെ പൂർവ്വകാമുകി കുടിച്ച് കൂത്താടിയകണ്ട് കുടി തൊടങ്ങിയ ഇള്ളക്കുട്ടിയല്ല. നല്ല തറവാട്ടീ പെറന്ന കുടിയനാ.. മൊട്ടേന്ന് വിരിഞ്ഞപ്പൊ തൊട്ട് വീട്ടീന്ന് തന്നെ കുടി തൊടങ്ങിയവൻ..”

 

“ചേട്ടാ അപ്പൊ ഞാനിതിന്റെ പൊറകെ നടക്കേണ്ടി വരുവോ?”

 

“ശ്ശെടാ ഇല്ല. ഞാനും നീയും എന്റെ ഫ്ലാറ്റിൽ ഇരുന്ന് കുടിച്ചെന്ന് പറയും. അത് നമ്മൾ കേറി വന്നതിന്റെ ഫൂട്ടേജ് ഒക്കെ അവമ്മാര് സിസിടിവീന്ന് എടുത്തോളും. ഒരുപാട് ലേറ്റ് ആയിട്ട് തിരിച്ച് എറങ്ങിയത് മധുലോകയിൽ പോയി വീണ്ടും സാധനം വാങ്ങാനാണെന്നും പറയും ഞാൻ. ഇത് രണ്ടും ശരിയാണോന്ന് അറിയാൻ നിന്നോട് ചോദിക്കും. നീ അങ്ങനെ തന്നെ പറഞ്ഞാ പ്രശ്നം അവടെ തീർന്നു.”

 

“അപ്പൊ മധുലോകയിൽ അവര് ചോദിക്കത്തില്ലേ?

 

“അതിന് നമ്മളങ്ങോട്ടാ പോവുന്നെ. അപ്പൊ അതും സോൾവ് ആകും. കയ്പ്പല്ലേ നിന്റെ പ്രശ്നം, ഞാൻ ലെമൺ ഡ്രോപ് മേടിച്ച് തരാം. അല്ലേൽ ബ്ലഡി മേരി ആക്കാം. ഇതെല്ലാം മറക്കുന്നത്രേം ഞാൻ മേടിച്ച് തരാം. വാ…നടക്ക്…”

 

——————

 

00:01, 4 നവംബർ 2017

 

“ഡാ, വാ നമ്മക്ക് ഇറങ്ങാം.”

 

“ചേട്ടായി എന്നേക്കൊണ്ട് അവിടെ വരെ നടക്കാൻ പറ്റൂല്ല. ഒരു ഉബറു വിളി.”

 

“വിളിച്ചു. പക്ഷെ അതിന് മാളിന്റെ വെളീലോട്ട് ഒന്ന് എറങ്ങെണ്ടേ…വാ..”

 

——————

 

00:18, 4 നവംബർ 2017

 

“ഡാ, ഈ ഗെറ്റ്രോഡ് 2 എണ്ണം രാവിലെ എണീക്കുമ്പൊ ഒടനെ കുടിച്ചോണം. തലവേദന പൊക്കോളും.”

 

“ഓഹോ ഇതിന് അങ്ങനേം ഒരു ഗുണമൊണ്ടാരുന്നോ..”

 

“നാളെ ഒന്നും സംഭവിക്കാത്ത പോലെ കറക്റ്റ് സമയത്ത് തന്നെ ഓഫീസിൽ വന്നോണം. ആഷിഖും പ്രതീകുമൊക്കെ ചെയ്യുന്ന പോലെ ഹാങ് ഓവറെന്ന് പറഞ്ഞ് ഓവറാക്കിയാ ആ സ്ത്രീ നിന്നെ പറഞ്ഞ് വിടും. കേട്ടോടാ. അവന്മാര് അവളെ സോപ്പിട്ട് നിക്കാൻ തൊടങ്ങീട്ട് കൊറേ ആയി. അതുകൊണ്ട് ഒന്നും പറയത്തില്ല. നീ അങ്ങനല്ല. കേട്ടല്ലൊ?”

 

“ചേട്ടായീ, ഞാൻ ഒൻപത് മണിക്ക് എത്തിയിരിക്കും. കുടിച്ച ഐറിഷ് കള്ളാണേ സത്യം.”

 

“ആ ഉവ്വാ…”

 

“ചേട്ടായി എന്തിനാ പേടിക്കുന്നെ? പോലീസ് അന്വേഷിച്ച് വരാനൊന്നും പോവുന്നില്ല. അവർക്ക് പോസ്റ്റ്മോർട്ടം ചെയ്യുന്നേന് മുമ്പ് തന്നെ കള്ള് കുടിച്ചിട്ടാന്ന് മനസ്സിലാവാൻ പാകത്തിന് ഞാൻ സ്മിർണോഫിന്റെ അടപ്പ് അയാൾടെ സ്വെറ്റ് പാന്റിന്റെ പോക്കറ്റിലിട്ടാരുന്നു.”

 

“കഴുവേറീ… നമ്മള് കുടിച്ചേന്റെയോ? അതല്ല അവന്റെ വയറ്റിലൊള്ള കള്ള്. മാത്രോമല്ല അടപ്പേൽ ഗവണ്മെന്റിന്റെ ബാർകോഡ് സ്റ്റിക്കറൊണ്ട്. ഇന്ന് 9ന് നമ്മൾ മേടിച്ചതാന്ന് കണ്ടുപിടിക്കാൻ അവർക്ക് മിനിറ്റുകൾ മതി…. ഓ നാശം. ഡാ പുല്ലേ, ഇന്ന് നീ ഒറങ്ങെണ്ട. ആ ഗെറ്റ്രോഡ് രണ്ടും കുടി. കുടിക്കാൻ.”

 

“എന്നിട്ട്?”

 

“നിനക്ക് നീന്താൻ അറിയുവോ?”

 

“ഇല്ലെങ്കീ..”

 

“എന്നാ ഇന്ന് നിന്നെ ഞാൻ നീന്താൻ പഠിപ്പിക്കാം. കുടിയെടാ ഗെറ്റ്രോഡ്…”

 

“ചേട്ടായീ, പക്ഷെ ആ സോപ്പ് പതയിലെങ്ങനെ നീന്തും?”

 

——————

 

11:09, 4 നവംബർ 2017

 

“സർ, അനുപം സർ ഹാസ് ആസ്ക്ഡ് മീ റ്റു ക്യാൻസൽ ദ് ഷൂട്ടിംഗ് ഫോർ ദ് ഡേ…”

 

“വാട്ട്…വൈ??”

 

“റ്റൂ ഓഫ് ദ് അസിസ്റ്റന്റ് പ്രൊഡ്യൂസേർസ് ഫെൽ ഇന്റു ദ് ബെലാന്തർ ലേക്ക് യെസ്റ്റെർഡേ. ഫയർ ആൻഡ് റെസ്ക്യു ജസ്റ്റ് ഗോട്ട് ദെയർ ബോഡീസ്.”

 

“ഓ മൈ ഗോഡ്…ഹൗ ഇൻ വേൾഡ്?”

 

“നോ ഐഡിയ സർ. ബട്ട് ദേ വെയർ ഫൗണ്ട് റ്റുഡേ ഇൻ സം ഹഗ്ഗ്ഡ് പൊസിഷൻ. മേ ബി… ദേ വെയർ ഇൻ ലൗ…ഡ്രിങ്ക്സ് മസ്റ്റ് ഹാവ് മെയ്ഡ് ദം റിയലൈസ് ദേ ഡോണ്ട് ഹാവ് ഏ ഫ്യൂച്ചർ ഹിയർ.”

 

“വാട്ട്? ലൈക് ദ് റിയൽ ലവ് ലവ്?”

 

“യാ…”

 

“പുവർ ഗയ്സ്…ഐ മീൻ…യാ…വാട്ടെവർ…”

 

_________________________________________________

________________________________________________

________________________________________________

ആദ്യമൊക്കെ ഡിസ്കൈബ് ചെയ്യാൻ നോക്കിയപ്പൊ, അതില്ലാതെ ഡയലോഗിൽ തന്നെ ഈ കഥ പറയാൻ പറ്റുന്നുണ്ടെന്ന് തോന്നി. അങ്ങനെയാണ് ഡയലോഗുകൾ മാത്രമുള്ള പുതിയൊരു ഫോം ഈ കഥയ്ക്ക് കിട്ടിയത്. ഒന്നും മനസ്സിലായില്ലെങ്കിൽ പറയണം. ഞാൻ മാറ്റാം.

~ G

 

 

 

 

 

 

 

രത്നമൂങ്ങ

1

“ഇക്കാ, മക്കാറാക്കാതെ പറാന്ന്…എത്ര കിട്ടും?”

“നീ ചോയിക്ക്…അത് കിട്ടും. അതിപ്പ എത്രേണേലും..”

“5 കോടി ചോയിച്ചാ?”

“10 ചോയിച്ച് നോക്ക്..മൂങ്ങേടെ സൈസ് ഒത്താ അതൊന്നും ഓൽക്കൊരു തൊകയല്ല..”

“10 കോടിയാ…ഇങ്ങള് ചുമ്മാ… എന്തിനാണിക്കാ ഒരു കിളിക്ക് അത്രെക്കൊക്കെ തരണെ? കള്ളനോട്ടാണാ ഇനി..”

“സിയാദേ, നോട്ടൊക്കെ അന്ത്രുക്കാന്റെ കാലത്തെ നിന്ന്. ഇപ്പൊ ഓല് ഡീല് അനുസരിച്ച് എന്തേലും സാധനം തന്ന് സെറ്റിലാക്കും. പേര് വെള്ളിമൂങ്ങാന്നാണെങ്കിലും സംഭവം രത്നമൂങ്ങേണ് മാർക്കറ്റില്.”

സിയാദ് എന്നത്തേക്കാളധികം കിനാവ് കണ്ട രാത്രിയായിരുന്നു അന്നത്തേത്. ഉറക്കം വരുന്നില്ലെന്ന് കണ്ട് ലൈറ്റിട്ട് മാക്സ് ബുക്കിന്റെ പുറകിലൊരു പേജിൽ കണക്ക് കൂട്ടാൻ തുടങ്ങി, അവന് മേടിച്ച് കൂട്ടാനുള്ളതിന്റെയെല്ലാം പേരും എസ്റ്റിമേറ്റ് തുകയും. ഡോമിനാർ വാങ്ങണമെങ്കിൽ ആദ്യം തന്നെ കോഴിക്കോട് പോയി ബുക്ക് ചെയ്യണമെന്ന് സൈഡിൽ കുറിച്ചിട്ടു. കടം വാങ്ങിയെങ്കിലും ടോക്കൺ അഡ്വാൻസ് നാളെ തന്നെ ഒപ്പിക്കണമെന്നും അടിവരയിട്ട് എഴുതി. കതകിനടിയിലൂടെ വരുന്ന വെളിച്ചം കണ്ട് ഉമ്മ ഫൗസിയ സന്തോഷിച്ചു. മകൻ അർധരാത്രി കഴിഞ്ഞും പരീക്ഷയ്ക്ക് പഠിക്കുകയാണെന്ന്, ജബേൽ അലിയിൽ കമ്പനിയുടെ ഡോർമിറ്ററിയിൽ ഉറക്കമില്ലാതെ ഉലാത്തിയിരുന്ന ഭർത്താവിനെ വിളിച്ചറിയിച്ച് അയാളെ സംപ്രീതനാക്കിക്കൊണ്ടിരുന്നു.

2

ഏതാണ്ട് ഈ സമയം, ഏകദേശം 70 കിലോമീറ്റർ അകലെ, അട്ടപ്പാടി ആദിവാസി കോളനിയിൽ ചാമിയുടെ മകൻ വാസു തന്റെ ഭാര്യ തത്തയുടെ തുകൽപ്പന്ത് വിഴുങ്ങിയതെന്ന് തോന്നിക്കുന്ന വയറിൽ തടവിക്കൊണ്ട്, എല്ലാത്തിനും പരിഹാരം രണ്ട് ദിവസത്തിനുള്ളിലാവുമെന്ന് അവൾക്കും മകനും ഉറപ്പ് കൊടുത്തു. അധികം വൈകാതെ തന്നെ മകൻ ചന്ദ്രുവിനെ കുടിലും തത്തയേയും ഏൽപ്പിച്ച്, ഏസ്റ്റേറ്റ് സൂക്ഷിപ്പുകാരൻ സോജൻ കൊടുത്ത ചാക്കും കയറുമെല്ലാമെടുത്ത്, വാസു മുളക്കാട് ചുരം കയറി. അവനറിയാം കാടുറങ്ങുന്നെന്ന് മാളോരെ വിളിച്ചറിയിക്കുന്ന ആ സുന്ദരൻ വെള്ളിമൂങ്ങ ഏത് ആൽമരത്തിന്റെ പൊത്തിലാണെന്ന്. സ്വന്തം പെണ്ണിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനോളം ആത്മാർത്ഥത കാടിനോട് കാണിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തീരുമാനിക്കാൻ ഒരുപാട് സമയമെടുത്തതുകൊണ്ട്, തീരുമാനം മാറുന്നതിന് മുൻപ് അവൻ നടത്തത്തിന്റെ വേഗത കൂട്ടി. മരം കോച്ചുന്ന തണുപ്പിലും കാഠിന്യം ചിന്തകൾക്കായതിനാൽ നന്നായൊന്ന് അണയ്ക്കാൻ പോലും മറന്ന് ചുരം കയറാനൊത്തു.

3

സിയാദിന്റെ ലിസ്റ്റ് നീണ്ട് വന്നതിനോടൊപ്പം അവന്റെയും കൂടെ പഠിത്തമുഴപ്പുന്നവരുടേയും പര്യവേഷണയാത്രകളുടെ വ്യാസം വ്യാപിച്ചുകൊണ്ടിരുന്നു. തൊട്ടാറ, കരിമ്പുഴ, കാരക്കുറിശ്ശി, കരിമ്പ അങ്ങനെ പരിസരങ്ങളിലെയെല്ലാം ഒഴിഞ്ഞ് കിടക്കുന്ന പറമ്പുകളിലും, ഗ്യാരേജുകളിലും, ഗോഡൗണുകളിലും, ഫാക്ടറികളിലും അന്വേഷിച്ചെങ്കിലും നിരാശരായി. എല്ലാം കൈവിട്ട് പോവുന്നെന്ന് തോന്നിയ നേരത്താണ് മൂങ്ങയുടെ പുറകെ വിട്ട ഷാഹിദിക്ക തന്നെ മൂങ്ങയോളമില്ലെങ്കിലും നക്ഷത്ര ആമകൾക്കും നല്ല വില തരാൻ പാകത്തിന് ആവശ്യക്കാരുണ്ടെന്ന് പറഞ്ഞത്. ഇരുമ്പകച്ചോലയ്ക്കടുത്ത് മൂങ്ങയെ നോക്കി പോയ വഴിയിൽ കലുങ്കിനടിയിൽ കണ്ട ആമയോടൊപ്പമെടുത്ത സെൽഫി കാണിച്ചുകൊടുത്തതും ഷാഹിദിക്ക ഫ്ലാറ്റ്. മറ്റാരേയും കൂട്ടാതെ ആ ആമയെ തന്നെ പൊക്കാൻ അവർ രണ്ടും അയാളുടെ ബൈക്കിൽ ഇരുമ്പകച്ചോലയ്ക്ക് വെച്ചുപിടിച്ചു.

4

ചാക്കിലുള്ള മൂങ്ങ ചത്ത് പോവാതിരിക്കാൻ വേണ്ടതെല്ലാം ചെയ്തിരുന്നതുകൊണ്ട് വാസുവിന് പറഞ്ഞുറപ്പിച്ചതുപോലെ പുതിയ 500 രൂപയുടെ 10 നോട്ടുകൾ കിട്ടി. അയാളൊ അയാളുടെ പൈതൃക പരമ്പരയിൽപ്പെട്ട ആരുംതന്നെയൊ അത്രയും പണം ഒന്നിച്ച് കണ്ടിട്ടില്ല.

സോജൻ അയാൾ നോക്കി നടത്തുന്ന എസ്റ്റേറ്റിന്റെ ഇളയ അവകാശി പ്രവീണിന് ചാക്കടക്കം മൂങ്ങയെ കൊടുത്ത്, വീരമണി ടെക്സ്റ്റൈൽസിന്റെ കവറിൽ പൊതിഞ്ഞ 95,000 രൂപയുടെ നോട്ടുകൾ കൈപ്പറ്റി.

പ്രവീൺ അന്ന് പതിവ് തെറ്റിച്ച് വെറ്റിനറി ഡോക്ടർ സേതുരാമന്റെ വീട്ടിലേക്ക് വണ്ടിയോടിക്കാൻ പറഞ്ഞതെന്തിനാണെന്ന് സുകുവേട്ടന് മനസ്സിലായില്ല. എസ്റ്റേറ്റിൽ നിന്നുള്ള വിളവ് മറിച്ച് വിൽക്കുന്നതാവുമെന്ന് മനസ്സിൽ കൂട്ടി ഒരു തൊഴിലാളി ബീഡി വലിച്ചിരുന്നു. പക്ഷെ ക്ലിനിക്കിനകത്ത് നടന്ന വില്പന മൂങ്ങയുടേതായിരുന്നു. പരിശോധിച്ച് ആരോഗ്യം ഉറപ്പാക്കിയതിന് ശേഷമാണ് 3 ലക്ഷം രൂപയുടെ പുത്തൻ നോട്ടുകൾ ആ ചാക്കിൽ തന്നെ ഇട്ടുകൊടുത്തത്.

ബ്രിട്ടനിൽ നിന്ന് വെറ്റിനറി സയിൻസിൽ മാസ്റ്റേർസ് എടുത്ത ഡോക്ടർ സേതുവിനറിയാം കടൽ കടന്ന് പോവാനുള്ളതൊക്കെ എങ്ങനെ നല്ല രീതിയിൽ പാക്ക് ചെയ്യണമെന്ന്. ബ്രെസ്സൽസിൽ ഏതോ ബ്ലാക്ക്മാജിക്കുകാരൻ സ്വാമിയുടെ വാക്ക് കേട്ട് കുരുതി പൂജ നടത്താൻ മൂങ്ങയെ കാത്തിരിക്കുന്ന സായിപ്പിന് കിട്ടുന്നത് ജീവച്ഛവമാണെങ്കിൽ നഷ്ടം നികത്താൻ മുറ്റത്ത് കിടക്കുന്ന ഫുൾ ഓപ്ഷൻ വണ്ടി വിൽക്കേണ്ടി വരുമെന്ന് ഡോക്ടർക്ക് നല്ല നിശ്ചയമുണ്ട്.

എൻ.എൻ. എക്സ്പോർട്ട്സിലേക്കാണ് വെൽ-പാക്ഡ് മൂങ്ങയെ ഡോക്ടർ എത്തിച്ചത്. കരിപ്പൂർ എയർപ്പോർട്ട് 88ൽ തുടങ്ങിയ കാലത്ത്, ഏത്തപ്പഴവും, ചിപ്സും കയറ്റി അയച്ച് തുടങ്ങിയതാണ് നന്ദഗോപൻ മുതലാളിയുടെ എക്സ്പോർട്ട് ബിസിനസ്സ്. ഇന്നിപ്പൊ വിലകിട്ടുന്ന എന്തും ഏതും കടൽ കടന്ന് പോവാൻ മുതലാളി വേണമെന്നായി. ആദ്യ കാർഗോയിൽ തന്നെ ചരക്ക് ദുബായിലേക്ക് പോയി. അവിടുന്ന് ലുഫ്താൻസാ ഫ്ലൈറ്റിൽ ബ്രെസ്സൽസിലേക്കും പോവും. ദുബായിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്ത് മൂങ്ങയുടെ ആരോഗ്യ സ്ഥിതി ഉറപ്പായെന്ന് കോൾ വന്നതോടെ, ദീപൻ മേത്തയുടെ കൺസൾട്ടൻസിയിലെ ഒരു യുവ തുർക്കി കരിപ്പൂർ എയർപോർട്ടിലെ കഫേറ്റീരിയയിൽ വെച്ച് നന്ദഗോപന് പറഞ്ഞുറപ്പിച്ചതുപോലെ ആ പെൻഡ്രൈവ് കൊടുത്തു. ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിൻ ഓഫ്‌ലൈനായി വേണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ്, അല്ലെങ്കിൽ ട്രാൻസ്ഫർ ചെയ്യാൻ ഇത്ര ബുദ്ധിമുട്ടില്ലായിരുന്നു. എത്ര രൂപയുടെ മൂല്യമാണ് ആ പെൻഡ്രൈവിലുള്ളതെന്ന്, നന്ദഗോപനും ബ്രസ്സൽസിലുള്ള യാനിക്ക് മെയൂനിയറിനും തമ്മിലുള്ള അൺഒഫിഷ്യൽ നോൺ ഡിസ്ക്ലോഷർ അഗ്രീമെന്റ് കാരണം മൂന്നാമതൊരാൾ അറിഞ്ഞില്ല.

5

ഇരുമ്പകച്ചോലയിൽ നിന്ന് തിരിച്ച് വരുന്ന വഴിക്ക് മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പിടിക്കാൻ പോലീസ് നടത്തിയ ഊത്ത് മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി സിയാദ് വണ്ടി നിർത്തിയെങ്കിലും, ഷാഹിദിന്റെ പുറത്ത് കിടന്ന എച്ച്‌പിയുടെ ലാപ്ടോപ് ബാഗിലുണ്ടായിരുന്ന ചെറിയ അനക്കങ്ങൾ കോൺസ്റ്റബിൾമാർ ശ്രദ്ധിച്ചില്ല. നിലവിളിക്കാൻ ആമയ്ക്കറിയില്ലല്ലൊ. ചെക്കിംഗ് കഴിഞ്ഞ് ഒരു വളവ് കഴിഞ്ഞതും സിയാദും ഷാഹിദും ചിരി തുടങ്ങി. പോലീസുകാരുടെ ഉത്തരവാദിത്വമില്ലായ്മയേയും വിവരമില്ലായ്മയേയും പുകഴ്ത്തിക്കൊണ്ടേയിരുന്നു. ഹെൽമെറ്റ് ഇട്ട് ചിരിക്കുന്നതിൽ ഒരു സുഖം കിട്ടാതെ വന്നതുകൊണ്ട്, വലതുകൈ ത്രോട്ടിലിൽ നിന്നെടുക്കാതെ ഇടതുകൈകൊണ്ട് ഹെൽമെറ്റ് ഊരാനൊരു ശ്രമം നടത്തി. പകുതിയ്ക്ക് വെച്ച് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലെന്ന മട്ടിൽ തലയിലുടക്കി ഹെൽമെറ്റ് കാഴ്ച മറച്ചു. റോഡിനോട് ചേർന്നുള്ള പോസ്റ്റ് പുറകിലിരുന്ന ഷാഹിദ് കണ്ടെങ്കിലും സിയാദിന് കാണാൻ പറ്റിയില്ല. നേരെ പോയി പോസ്റ്റിൽ ഇടിച്ചതിന്റെ ആഘാതത്തിൽ ഷാഹിദ് പുറകിലേക്ക് തെറിച്ച് മലർന്ന് വീണു. ഉമ്മാ എന്ന് അലറി വിളിക്കുന്നതിനൊപ്പം, ആമയുടെ പുറന്തോടിന്റെ കട്ടിയെ കുറിച്ച് മൂന്ന് പതിറ്റാണ്ട് മുൻപ് സയിൻസ് ക്ലാസ്സിൽ മാഷ് പറഞ്ഞത് മനസ്സിലേക്ക് വന്നു.

6

ഫൈവ് സീരീസ് വണ്ടിയോടിച്ച് മണ്ണാർക്കാട്ടേ തറവാട്ടിലേക്ക് വരുമ്പൊ നന്ദഗോപൻ മുതലാളിയുടെ മനസ്സിൽ ആ പെൻഡ്രൈവ് മകൾ സംഗീതയുടെ കല്യാണത്തിന്റെ ആദ്യ ഗഡു ഡൗറിയായി കൊടുത്ത് ഡീൽ ഉറപ്പിക്കണമെന്ന് മാത്രമായിരുന്നു. പക്ഷെ ബാക്കി ഒപ്പിക്കാനുള്ള സംഖ്യ പതിയെ അയാളുടെ നെഞ്ചിടിപ്പ് കൂട്ടി കൊണ്ടുവന്നു. അധികം വൈകാതെ നെഞ്ചിൽ പ്രവർത്തിക്കുന്ന സിംഗിൾ ചേംബർ പേസ്മേക്കറും തീ തുപ്പിത്തുടങ്ങിയെന്ന് അയാൾ മനസ്സിലാക്കി. ഇടതുവശം ചേർത്ത് കാർ നിർത്തിയപ്പോഴേക്ക് ബോധം ക്ഷയിച്ച് തുടങ്ങിയിരുന്നു. ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴേക്ക് ഏതാണ്ട് പൂർണ്ണമായും അബോധാവസ്ഥയിലായി കഴിഞ്ഞിരുന്നു.

7

തത്തയെ മണ്ണാർക്കാട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ടുവന്നപ്പോഴേക്ക് നേടിയ നിധിയിൽ വലിയൊരു പങ്ക് ചിലവായി. അപ്പോഴാണ് കാടിന് വെളിയിൽ 5000 രൂപയൊന്നും വലിയൊരു തുകയല്ലെന്ന കാര്യം വാസുവിന് മനസ്സിലായത്. പട്ടണത്തിലുള്ളവർ എത്രകിട്ടിയാലും ആർത്തി തീരാതെ കൂടുതൽ ഉണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ പിന്നിലെ പൊരുളും അയാൾക്ക് മനസ്സിലായി തുടങ്ങി. പിന്നെ അതിലും ആലോചിക്കേണ്ട കാര്യങ്ങളിൽ വേറേയുണ്ടെന്നോർത്തു. തത്ത പെറ്റ മകൾക്ക് ചീരു എന്ന് പേരിട്ടെങ്കിലും, അവളെ കണ്ടപ്പൊ നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ച പോലെ തോന്നി വാസുവിന്. വീട്ടിൽ വളർത്തുന്ന എല്ലും തോലുമായ കാട്ടുമുയൽ കുഞ്ഞിനോളം പോലുമില്ല ചീരു ചുരുണ്ട് കിടന്നാൽ.

8

കളിയാക്കിയ പോലീസുകാർ തന്നെയാണ് സിയാദിനേയും ഷാഹിദിനേയും ആശുപത്രിയിലെത്തിച്ചത്. ഹെൽമെറ്റുള്ളതുകൊണ്ട് സിയാദിന്റെ തലയ്ക്കൊന്നും പറ്റിയില്ലെങ്കിലും കൈയ്യിലും കാലിലും സ്റ്റീൽ ഇടേണ്ടിവരുമെന്ന് ഡോക്ടർ തീർത്ത് പറഞ്ഞു. ഷാഹിദിന്റെ കാര്യത്തിൽ നട്ടെല്ലിനുണ്ടായ ക്ഷതം ശരിവുമൊ എന്നുപോലും ഉറപ്പ് പറയാൻ ഡോക്ടർ കൂട്ടാക്കിയില്ല. ഏത്രയും വേഗം രണ്ട് പേരേയും നല്ല പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് അല്ലെങ്കിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിക്കൊള്ളാൻ അയാൾ ഇരുവരുടേയും വീട്ടുകാരെ ഉപദേശിച്ചു. പോലീസ് വിളിച്ചു പറഞ്ഞതനുസരിച്ച് വനം വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർ വന്ന് ആമയെ കോണ്ടുപോയി. റോഡ് നിയമങ്ങൾ വെച്ച് പോലീസ് ചാർജ് ചെയ്ത കേസിനുപുറമെ, വനം വകുപ്പിന്റെ കേസുകളും കൂടി ആമവേട്ടക്കാരുടെ മേൽ പേരിൽ ചേർക്കപ്പെട്ടു.

9

തത്തയേയും ചീരുവിനേയും ഡിസ്ചാർജ് ചെയ്യുമ്പൊ തിരിച്ച് കാടിനടുത്തേക്ക് പോവാൻ ആംബുലൻസൊന്നും ബാക്കിയില്ലെന്നറിഞ്ഞത് വാസുവിനെ നിരാശനാക്കി. ഇനിയൊരിക്കലും വണ്ടി പിടിച്ച് ഊരിലേക്ക് പോവാനുള്ള പൈസ കൈയ്യിലുണ്ടാവില്ലെന്ന് മനസ്സിൽ കൂട്ടി രാജകീയമായി സൈറണും മുഴക്കി ഊരിലേക്ക് ചെല്ലുന്നൊരു സ്വപ്നം കണ്ടത് സ്വപ്നമായി തീർന്നു. ഒരേസമയം ഹൃദയാഘാതം വന്ന ഒരു പണക്കാരനേയും ബൈക്കപകടത്തിൽ പെട്ട് പരുക്കേറ്റ രണ്ട് പേരേയും വിദഗ്ദ്ധ ചികിത്സക്കായി പെരിന്തൽമണ്ണയ്ക്ക് കൊണ്ടുപോവേണ്ടി വന്നത്രെ. ഒരുപാട് പിടിപാടുള്ളവരാണെന്നുറപ്പാണ്, കാരണം അവരെ കൊണ്ടുപോയപ്പോൾ ആ ഗവണ്മെന്റ് ആശുപത്രി പരിസരത്ത് മുതുശ്ശേരിക്കാവിലെ ശീവേലി എഴുന്നെള്ളിപ്പിലും തിരക്കാണെന്ന് വാസു ഓർത്തു.

10

ബാക്കിയുള്ള പൈസയ്ക്ക് ഒരു ഓട്ടോ വിളിച്ച് ബസ് സ്റ്റാൻഡിലേക്ക് പോവുന്ന വഴിയാണ് ചന്ദ്രുവിന്റെ കൈയ്യിലെ ആ പുതിയ കളിപ്പാട്ടം അയാൾ കണ്ടത്. ചുവപ്പും കറുപ്പും നിറത്തിലൊരു ദീർഘചതുരപ്പെട്ടി. അതിന്റെ ഒരു വശത്ത്, വെള്ളി നിറത്തിൽ ഒരു ദീർഘചതുരം പുറത്തേക്ക് തള്ളി നിൽക്കുന്നു. അവനത് പട്ടണത്തിൽ കണ്ട ഏതോ ഒരു വാഹനമെന്ന് മനസ്സിൽ സങ്കൽപ്പിച്ച് ഓടിച്ച് രസിക്കുകയാണ്. അവനോട് അത് എവിടുന്ന് കിട്ടിയെന്ന് ചോദ്യത്തിന് ആശുപത്രിയിൽ നിന്നിറങ്ങാൻ നേരം ഒരു പ്രായമുള്ള മനുഷ്യനെ ആംബുലൻസിൽ കയറ്റുന്നതിനിടയിലുണ്ടായ തിരക്കിനിടയിൽ, നിലത്ത് കിടന്ന് കിട്ടിയെന്നാണ് അവൻ പറഞ്ഞത്. അവനെ വിശ്വസിക്കാതിരിക്കാൻ തരമില്ല, എന്നാലും ആ മറുപടി വാസുവിന് തൃപ്തികരമായില്ല.

കാടിനവകാശപ്പെട്ടതെന്തോ മോഷ്ടിച്ച് നാട്ടിലെത്തിച്ചതുകൊണ്ടാണ് തത്തയ്ക്ക് സുഖപ്രസവമുണ്ടാവാഞ്ഞതെന്നും, അങ്ങനെ നേടിയതെല്ലാം അനുഭവിക്കാൻ യോഗമില്ലാതെ തീർന്ന് പോയതും അതുകൊണ്ടാണെന്ന് പറഞ്ഞു. ചന്ദ്രുവിന് അയാൾ പറയുന്നതും അവന്റെ കൈയ്യിലിരിക്കുന്ന സാധനവുമായി എന്താണ് ബന്ധമെന്ന് മനസ്സിലായില്ല. എന്താണെങ്കിലും സ്വന്തമല്ലാത്തതൊന്നും കാട്ടിൽ നിന്ന് നാട്ടിലേക്കോ നാട്ടിൽ നിന്ന് കാട്ടിലേക്കോ അവിടുന്ന് വീട്ടിലേക്കുമോ കൊണ്ടുപോവരുതെന്ന് അയാൾ പറഞ്ഞത് അവന് മനസ്സിലായി. കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ വണ്ടി പോവുന്ന വഴി, അവൻ നിധി പോലെ കൊണ്ടു നടന്ന ആ കളിപ്പാട്ടം പുറത്തേക്ക് വലിച്ചെറിഞ്ഞു.

പെൻഡ്രൈവിനകത്ത് സൂക്ഷിച്ചിരുന്ന സംഗീതയുടെ കല്യാണത്തിന് കൊടുക്കാൻ വെച്ചിരുന്ന ഡൗറി, തുലാംവർഷ കുത്തൊഴുക്കിനാൽ ശക്തയായ കുന്തിപ്പുഴയിൽ ചേർന്നു. അടിയൊഴുക്ക് അതിനെ പുഴയോടൊപ്പം യാത്രയ്ക്ക് കൂട്ടി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഡബിൾ ജെപ്പേർഡി

“സർ, ഞാൻ കൊറേ നേരവായി ശ്രദ്ധിക്കുന്നു. ആ ബൈക്കുകാരൻ…തെങ്ങണ ആ കരിമ്പിൻ ജ്യൂസ് കുടിക്കാൻ നിർത്തിയപ്പൊ തൊട്ടേ നമ്മടെ പൊറകെ ഒണ്ട്.”

“എന്നിട്ടെന്താ മിനീ പറയാഞ്ഞെ..”

“അല്ല ചെലപ്പം..ചുമ്മാ എനിക്ക് ഓരോന്ന് തോന്നുന്നെ ആയിരിക്കും.”

“ങാ..ആയിരിക്കും.. അല്ലാതിപ്പം ആരാ ഫോളോ ചെയ്യാൻ.. താൻ എറങ്ങിയപ്പൊ തൊട്ട് ഓരോ ടെൻഷൻ ഊതിപ്പെരുപ്പിച്ച് കേറ്റുവാ… വേണേ കെടന്ന് ഒറങ്ങ്. അങ്ങെത്തുമ്പൊ വിളിക്കാം..”

മിനി സ്വതവേ ആവശ്യമില്ലാതെ ആലോചിച്ച് കൂട്ടുന്നയാളാണെന്ന് ഹരികുമാറിനറിയാം. രണ്ട് മൂന്ന് തവണ സമൻസുകൾക്ക് വരുന്ന റിപ്ലൈ കണ്ട് ആ കേസുകളുടെ ഭാവിയെപ്പറ്റി അമിതമായി വേവലാതി കാണിച്ച് എല്ലാം നശിപ്പിക്കുമെന്ന് ഗുമസ്തന്മാരെക്കൊണ്ട് പോലും കുറ്റം പറയിപ്പിച്ചിട്ടുമുണ്ട്. പക്ഷെ എന്നാലും ഇപ്പൊ അവൾ പറഞ്ഞതിൽ എന്തൊ ഒരു കാര്യമില്ലേ എന്ന് ഹരികുമാർ സ്വയം ചോദിച്ചുകൊണ്ടെയിരുന്നു. കാരണം ആ പഴയ സിൽവർ എൻഫീൽഡ് അയാളും കുറെ നേരമായി റിയർ വ്യു മിററിൽ കാണുന്നു. മാത്രമല്ല, ആ മുഖം എവിടെയൊ കണ്ട് മറന്നപോലെ. കള്ളനെത്തന്നെ പ്രതീക്ഷിച്ചിരുന്നാൽ കള്ളൻ വരുന്നപോലെ തോന്നുമെന്ന് ഓർത്തു. സമാധാനിക്കാൻ പറ്റുന്നില്ല.

വാഴൂരെത്തുന്നതിന് മുൻപ് വശത്തെങ്ങുമുള്ള റബ്ബർ മരങ്ങൾക്കിടയിലൊന്നും ഒരു മനുഷ്യജീവി പോലുമില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് വണ്ടിയുടെ വേഗത കുറച്ചു. വഴിയരികിലെ ഓടയോട് ചേർത്ത് നിർത്തിയതും, ഹാൻഡ് ബ്രേക്ക് ഇട്ട് വെളിയിലിറങ്ങിയതും പെട്ടെന്നായിരുന്നു. പിന്തുടരുന്നതാണെങ്കിൽ എങ്ങനെയാണ് ഈ അപ്രതീക്ഷിത നീക്കത്തെ പ്രതിരോധിക്കുന്നതെന്നറിയാൻ.

ഞൊടിനേരത്തിനുള്ളിൽ, ഒരു പതിനഞ്ച് മീറ്ററകലെ അയാളും ബ്രേക്കിട്ട് നിർത്തി.

മിനി ഭയന്ന് ഏസിയുടെ ശൈത്യത്തിലും വിയർത്ത് സീറ്റിന്റെ മറവിൽ മുഖം മറച്ച് എന്താണ് നടക്കാൻ പോവുന്നതെന്ന് നോക്കിക്കൊണ്ടിരുന്നു. ഹരികുമാർ പരിഭവം പുറത്ത് കാണിക്കാതിരിക്കാൻ മൊബൈൽ ഫോണിൽ ആരെയൊ ഡയൽ ചെയ്യാൻ തയ്യാറായി നിൽക്കുന്ന പോലെ കാണിച്ചുകൊണ്ട്, അപരിചിതനെ പഠിക്കാൻ ഒരു ശ്രമം നടത്തി.

അല്ല, അപരിചിതനല്ല.

പക്ഷെ ആരെന്ന് മനസ്സിലാവുന്നില്ല. ആകെ പരിഭ്രമിച്ച് പ്രത്യക്ഷാൽ വിറച്ചുകൊണ്ട് ചോദിച്ചു,

“എന്താ?”

“സാറ് മറന്നൂന്ന് എനിക്ക് തോന്നി. പേര് പറഞ്ഞാ ഓർത്തെന്ന് വരില്ല. പക്ഷെ 4 കൊല്ലം മുൻപത്തെ കല്ലായി ആത്മഹത്യ കേസ് മറന്ന് കാണില്ല.”

അയാൾ ബൈക്കിൽ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് നടക്കുന്നത് അവർ രണ്ടുപേരിലും വ്യത്യസ്തമായ കാര്യങ്ങളാൽ ഭീതി കൂട്ടി. അത് പുറത്ത് കാണിക്കാതിരിക്കാൻ ഹരികുമാർ നന്നേ പാടുപെട്ടു.

“സീ നതിങ് വാസ് പേഴ്സണൽ. എ..എന്ന് വരെയാ പരോൾ?”

“സാറ് പേടിക്കാതെ. ഞാൻ സാറിനെ ഒന്നും ചെയ്യാൻ വന്നതല്ല. എനിക്കെതിരെ വാദിച്ച സാറിനെക്കൊണ്ട്, എനിക്ക് വേണ്ടി വാദിപ്പിക്കണമെന്ന് തോന്നി. അത്രെയുള്ളു. അല്ലാതെ, ഇന്നത്തെ നിലയ്ക്ക് സാറിനെപ്പോലെ ഒരുത്തനെ എനിക്ക് ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുവൊ?”

ശരിയാണ്. പണ്ട് പ്രതികൂട്ടിൽ കണ്ട എബിന് ചിലപ്പൊ പെട്ടെന്ന് തന്നെ കീഴ്പ്പെടുത്താനായേക്കും. പക്ഷെ ഈ മുന്നിൽ നിൽക്കുന്നത് അയാളുടെ പ്രേതമാണ്. ജയിൽ ജീവിതം എല്ലാം ഇല്ലാതാക്കിയ ജീവിക്കുന്ന ഒരു ശവം. മെലിഞ്ഞൊട്ടിയ ശരീരവും കുഴിഞ്ഞു പോയ കവിളുകളും, ശോഷിച്ച കൈകളും കാലുകളും, അനുപാതത്തിനൊട്ടും ചേരാത്ത വയറും. ഇയാൾ രണ്ട് അടി മുന്നോട്ടാഞ്ഞാൽ മൂന്നടി ദൂരത്തേക്ക് തൊഴിച്ചിടാൻ തനിക്കാവുമെന്ന് ഹരികുമാർ കണക്കുകൂട്ടി.

“സോറി. വാദിച്ച് ജയിലാക്കിയിട്ട് പിന്നെ ഞാൻ തന്റെ പക്ഷം ചേർന്നാൽ… എന്റെ കരിയർ ഞാൻ തന്നെ കൊളം തോണ്ടുന്ന പോലിരിക്കും. താൻ വേറേ ആരെയെങ്കിലും നോക്ക്. സോറി.”

“സാറിന്റെ കരിയറിനാണ് ഏറ്റവും നേട്ടമുള്ളത്. ഇറ്റ് ഈസ് ഏ കേസ് ഓഫ് ഡബിൾ ജെപ്പേർഡി.”

ഒരുവട്ടം പോലും തിരിഞ്ഞ് അയാളെ നോക്കില്ലെന്ന് മനസ്സിലുറപ്പിച്ച് തന്റെ ക്യാപ്റ്റീവയുടെ ഡോറ് തുറക്കുന്നതിനിടയിലാണ് എബിന്റെ വാക്കുകൾ ഹരികുമാറിന്റെ ചെവിയിലെത്തിയത്. അത് വിചാരിച്ച പോലെ തന്നെ എന്തൊ ഒരു പരിവർത്തനമുണ്ടാക്കി. അയാളുടെ കണ്ണുകൾ തെളിഞ്ഞു. അയാൾ ഡോറ് തുറന്നപ്പോൾ കേട്ട വാക്കുകളുടെ പുതുമ, മിനിയേയും അമ്പരപ്പിച്ചു. അവരും ഡോർ തുറന്ന് വെളിയിലിറങ്ങി.

ആ മനുഷ്യൻ തന്നെ അടിമുടി നോക്കുന്നതുകണ്ട് മിനി ഒന്ന് പരുങ്ങി. അത് ഒഴിവാക്കാൻ വേണ്ടിയെന്നവ്വണ്ണം ഹരികുമാർ പറഞ്ഞു,

“ഇത് മിനി. എന്റെ ജൂനിയറാണ്. ഞങ്ങൾ ഒരു ക്ലൈന്റിനെ കാണാനായിട്ട് കുമളി വരെ പോവാ..”

“സാറീ കൊച്ചിനേം കൊണ്ട് മുരുക്കടിയ്ക്കപ്പറത്തുള്ള സാറിന്റെ ആ കുഞ്ഞ് ബംഗ്ലാവിലോട്ടാണെന്ന് എനിക്കറിയാം. അത് വിട്. യുവർ പെഴ്സണൽ ലൈഫ് ഈസ് നോട്ട് മൈ ബിസിനസ്സ്. എനിക്കറിയേണ്ടത് സാറ് എനിക്കുവേണ്ടി വാദിക്കുമൊ എന്നാണ്.”

തന്നെ വരുതിയ്ക്ക് നിർത്താൻ നോക്കുന്നത് ഹരികുമാറിന് ഒരിക്കലും രസിക്കാത്ത കാര്യമാണ്. പക്ഷെ ഈ പ്രത്യേക സാഹചര്യത്തിൽ കളമറിഞ്ഞ് ചവിട്ടാൻ തീരുമാനിച്ചു.

“നാളെ ഞായർ. മറ്റെന്നാൾ രാവിലെ ഒരു പത്തരയ്ക്ക് ഓഫീസിലേക്ക് പോരെ.. നമ്മക്ക് സംസാരിക്കാം.”

“പറ്റില്ല സാർ. ഞാൻ ഓഫീസിൽ വന്നിരുന്നു. അവിടെ അത്രയും കൊളീഗ്സും ജൂനിയേർസും ഉള്ളപ്പൊ എനിക്ക് എല്ലാം സാറിനോട് പറയാൻ പറ്റില്ല. നമുക്ക് വേണങ്കീ സാറിന്റെ ബംഗ്ലാവിൽ പോവാം. ഐ ഡോണ്ട് മൈന്റ് ഫോളോയിങ് യൂ ഓൾ ദ് വേ..”

“വേണ്ട വേണ്ട… ലിസൺ… എബിൻ, ഞാൻ തന്നെ വക്കാലത്തെടുക്കണമെന്ന് എന്താ ഇത്ര വാശി?”

അയാൾ ഒരു മിനിറ്റ് ഹരികുമാറിനെ നോക്കി നിന്നിട്ട്, കാറിന്റെ പുറകിലൂടെ മിനിയുടെ അരികിലേക്ക് നടന്നു. മിനി ഭയന്ന് ഒരു ചവിട്ടടി പുറകിലേക്കും.

“മിനിക്ക് എന്നെ അറിയത്തില്ല, ഞാൻ എങ്ങനെയാ ജയിലിലായതെന്നും അറിയത്തില്ല.. അതൊന്ന് കേട്ടിട്ട്, തനിക്ക് ജെനുവിൻ ആയിട്ട് തോന്നുന്നത് അഡ്വക്കേറ്റ് സാറിനോടൊന്ന് പറയണം. ഞാൻ ഒരു രീതിയിലും പിന്നെ നിങ്ങളെ ശല്യം ചെയ്യില്ല. ഇന്നൊ നാളെയൊ എന്നല്ല.. ഒരിക്കലും.”

“തന്നോട് നല്ല ഭാഷേൽ പറഞ്ഞാൽ താൻ… വേണ്ട… എന്തിനാ സമയം കളയുന്നെ..പോലീസിനെ വിളിക്കാം. അവര് തീരുമാനിക്കട്ടെ. തന്റെ പരോള് കട്ട് ഷോർട്ട് ചെയ്യിക്കാൻ ഒരൊറ്റ കമ്പ്ലയിന്റ് മതി..”

“ശരിയാ.. ഒരൊറ്റ ഫോൺ കോൾ മതി. എന്നിട്ട് പോലീസ് വരുമ്പൊ സാറ് എങ്ങോട്ട് പോവാന്ന് പറയും? ഈ കൂടെയൊള്ളത് ആരാന്ന് പറയും?”

ഹരികുമാർ ഒരു നിമിഷം തരിച്ച് നിന്നു. സൗമ്യ സംഭാഷണം പതിയെ ഭീഷണിയിലേക്ക് വഴി തിരിയുന്നുണ്ടോയെന്ന് തോന്നിപ്പോവുന്നു. അരിശം മൂത്ത് അയാളുടെ അടുത്തേക്ക് ചീറ്റിയടുക്കാൻ ഹരികുമാറിന് കഴിഞ്ഞു, പക്ഷെ അത് നീണ്ടുനിന്നില്ല. കാരണം അതിനെ വെല്ലുന്ന രീതിയിൽ എബിൻ ആക്രോശിച്ചു.

“എന്താടോ, തനിക്കെന്നെ തല്ലണോ… തല്ല്… ലാസ്റ്റ് റ്റൈം ഐ വാസ് ഏ ഫീബിൾ ഫൂൾ.. ബട്ട് ദിസ് ടൈം, ഇഫ് ഐ ഗോ ഡൗൺ, ഐ സ്വെയർ, ഐ വിൽ പുൾ യൂ ഡൗൺ വിത്ത് മീ..”

മിനി ഭയന്ന് നിൽക്കയാണ്. വല്ലപ്പോഴും അതുവഴി കടന്നുപോവുന്ന വണ്ടിയിലുള്ളവർക്ക് എന്തെങ്കിലും ഒരു അപായ സൂചന കൊടൂത്താൽ സഹായിക്കുമൊ എന്ന് ആലോചിച്ചു. പക്ഷെ, സ്പീഡ് ലിമിറ്റൊന്നുമില്ലാത്ത പാലായിലെ റോഡുകളിലൂടെ വണ്ടികൾ പറക്കുകയാണ്. ആര് ശ്രദ്ധിക്കാൻ!

അത് കണ്ടിട്ടാവണം, എബിൻ ശബ്ദമൊന്ന് മയപ്പെടുത്തി മിനിയോടായി പറഞ്ഞു,

“ബ്ലാക്ക്മെയിലിങ് പരിപാടിയാണ് എന്റെ ജീവിതം തകർത്തത്. എന്നെ ഭ്രാന്തമായി സ്നേഹിക്കുന്നെന്ന് പറഞ്ഞവളുടെ പ്രധാന വിനോദങ്ങളിലൊന്ന് ആത്മഹത്യ ചെയ്യാൻ പോവാന്ന് പറഞ്ഞ് എന്നെ അവൾടെ ചൊൽപ്പടിക്ക് നിർത്തുന്നതായിരുന്നു. എന്തെങ്കിലുമൊന്ന് സമ്മതിച്ചുകൊടുത്തില്ലെങ്കി അപ്പൊ തുടങ്ങും… വാശി… പിന്നെ സമയം കളയാതെ ഭീഷണി. പറയുമ്പൊ ഇതിലൊന്നും കാര്യം തോന്നില്ല, പക്ഷെ എന്നെ കരയിക്കാത്ത ദിവസങ്ങളില്ലായിരുന്നു. എന്തിനും ഏതിനും ആത്മഹത്യ… ഭീഷണിക്ക് കൂട്ടിന് കുറെ ഫോട്ടോകളും അയച്ച് തരും. കത്തികൊണ്ട് വരഞ്ഞ പാടുകളും മറ്റും. എന്നാലൊ അടിയും ബഹളവും കഴിഞ്ഞാൽ അത് വരെ ഒന്നും നടക്കാത്ത പോലെ എന്നെ സ്നേഹമാണെന്നും പറഞ്ഞ് കളയും. ഇതിൽ ജീവിതമേത് നാടകമേതെന്ന് മനസ്സിലാവാതെ ഒരുപാട് മാസങ്ങൾ. അങ്ങനെയിരിക്കെ എല്ലാം ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിന്റെ പ്രശ്നമാണെന്നും പറഞ്ഞ് ഒരിക്കൽ ഒരു ചെയിഞ്ചിന് എല്ലാം സോൾവ് ചെയ്യാൻ വയനാട്ടിലെ ഒരു റിസോർട്ടിലോട്ട് വിളിപ്പിച്ചു. അവിടെ വെച്ച് വീണ്ടും ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. പത്ത് പതിനഞ്ച് വട്ടം മുൻപ് നടന്നിട്ടുള്ളപോലെ തന്നെ അന്നും ബ്രേക്ക് അപ്പെന്ന് പറഞ്ഞ് എന്നെ റെസ്റ്റോറെന്റിൽ ഒറ്റയ്ക്ക് ആക്കിയിട്ട് പോയതാ.. പിന്നെ അവൾ മിസ്സിംഗായി..”

“മിസ്സിംഗെന്ന്  പറഞ്ഞൊഴിയാതെ. ചാലിയാൻ മലയിൽ നിന്ന് താഴോട്ട് ചാടി എന്ന് പറയ്”, ഹരികുമാർ ഇടയിൽ കയറി.

“താഴോട്ട് ചാടി? അത് ശരി. ഈ താഴോട്ട് ചാടിയതിന് ആത്മഹത്യ പ്രേരണ കേസിനാണൊ കോടതി എന്നെ ജയിലിലിട്ടെ?”

ഹരികുമാർ ഒന്നും പറഞ്ഞില്ല. പക്ഷെ പതുക്കെ തീരുമാനം മാറ്റി.

“മോൾടെ ജീവിതം നശിപ്പിച്ചവന് കിട്ടാവുന്നതിൽ ഏറ്റവും കൂടിയ ശിക്ഷ മേടിച്ച് കൊടുക്കണമെന്നായിരുന്നു എനിക്ക് കിട്ടിയ ഇൻസ്റ്റ്രക്ഷൻ. പോലീസ് റെക്കോർഡ്സ് അനുസരിച്ച് പൂർണ്ണിമ ചാലിയാനിലേക്ക് പോയതിനും താൻ പുറകെ പോയതിനും സാക്ഷികളും തെളിവുകളുമുണ്ട്. താൻ ഒറ്റയ്ക്ക് ഓടി ഇറങ്ങി വന്നതിനും. എല്ലാം കൂടെ ഒത്ത് വന്നപ്പൊ എനിക്ക് നല്ല കേസ് ബിൽഡ് ചെയ്യാൻ കഷ്ടപ്പെടേണ്ടി വന്നില്ല…”

“വാട്ടെവർ. വെറും സർക്കംസ്റ്റാൻഷ്യൽ എവിഡെൻസിനെ ഇയാൾ നല്ല ഭംഗിയായിട്ട് വാലിഡ് ആക്കി. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചിട്ടില്ലെന്ന് തെളിയിക്കാൻ ചെന്ന ഞാൻ ഒരാഴ്ചകൊണ്ട് കൊലയാളിയായി. നന്ദിയൊണ്ട് കേട്ടോ..”

“തന്റെ വക്കീല് മര്യാദെക്ക് വാദിക്കാഞ്ഞേന് ഞാൻ എന്ത് പിഴച്ചു?”

“ഹരി വക്കീലേ, ഞാൻ നിഷ്കരുണം ചാലിയാൻ മലയുടെ മുകളിൽ നിന്ന് തള്ളി താഴെ ഇട്ട പൂർണ്ണിമയെ ഞാൻ നേരിൽ കണ്ടു. മിനിഞ്ഞാന്ന്. അവളുടെ അമ്മമ്മേടെ ശ്രാദ്ധത്തിന് വന്നാരുന്നു.”

“വാട്ട്? നോ വേ…!!”, ഹരികുമാർ തന്റെ ജീവിതത്തിൽ ഇങ്ങനെ ഞെട്ടിയിട്ടില്ല.

തനിയെ തുറന്ന് പോയ മിനിയുടെ വായും അടയുന്ന ലക്ഷണം കാണുന്നില്ല.

കുറച്ച് നേരത്തേക്ക് അവരാരും ഒരക്ഷരം മിണ്ടിയില്ല. നിശബ്ദമായിട്ട് ചോദിക്കാനുള്ളതെല്ലാം ഹരികുമാർ ചോദിക്കുന്നുണ്ടായിരുന്നു. അതിനെല്ലാം മറുപടി എബിന്റെ കണ്ണുകളിൽ നിന്ന് അയാൾക്ക് കിട്ടി. സ്വപ്നമൊ ഡെല്യൂഷനൊ ഒന്നുമല്ലെന്ന് എബിനുറപ്പാണ്. ഇപ്പൊ ഹരികുമാറിനും, മിനിക്കും.

“താൻ എന്ത് ചെയ്തു അവളെ?”

“ഡബിൾ ജെപ്പേർഡി കേസാണെന്ന് ഞാൻ പറഞ്ഞില്ലേ. കൊന്നതിന്റെ ശിക്ഷയല്ലേ അനുഭവിക്കുന്നത്, അപ്പൊ പിന്നെ കൊല്ലുന്നതാ ബുദ്ധിയെന്ന് തോന്നി.”

“ബ്ലഡി ഹെൽ.”

മിനി തന്റെ തുറന്നു പോയ വാ പൊത്തിപ്പിടിച്ച് നിൽപ്പാണ്. ഒരുപക്ഷെ, അന്ന് കഴിച്ചതെല്ലാം തൊണ്ടയെ ലക്ഷ്യമാക്കി വരുന്നുണ്ടാവണം.

“ഇനി പറ. എന്നെ രക്ഷിക്കാൻ നോക്കിയാൽ തന്റെ കരിയറിന് ഗുണം ചെയ്യുമൊ അതോ?”

ഹരികുമാർ ഒന്നും മിണ്ടിയില്ല. അതുകൊണ്ട്, എബിൻ തുടർന്നു,

“പക്ഷെ ഒരു കാര്യം. അഞ്ച് പൈസ് ഞാൻ തരില്ല. കഴിഞ്ഞ വട്ടം കള്ളക്കേസിൽ കുടുക്കി എന്നെ ജയിലിലാക്കിയതിന് അങ്ങനെയെങ്കിലും ഒരു പ്രായശ്ചിത്തം ചെയ്യ്.”

“എടോ താൻ ചെയ്തത് മണ്ടത്തരമാണ്. ഒന്നാമത് ഡബിൾ ജെപ്പേർഡി റെയറാണ് നമ്മുടെ നാട്ടിൽ. ക്വോട്ട് ചെയ്യാൻ പോലും കേസുകളുണ്ടോന്ന് അന്വേഷിക്കണം. ഇനി കിട്ടിയാൽ തന്നെ, വേറൊരു പ്രശ്നമുണ്ട്. തന്നെ തെറ്റായി വിധിച്ചത് സ്റ്റേറ്റ് ആണ്. അവൾ സ്റ്റേറ്റിനെ തെറ്റിദ്ധരിപ്പിച്ചു എന്നുള്ളത് ശരിയാ. പക്ഷെ ദാറ്റ് ഡസിന്റ് മീൻ യൂ ക്യാൻ കിൽ ഹെർ ഓഫ്. കൊലപാതകം അങ്ങനെ എളുപ്പം പൊറുക്കാവുന്ന ഒന്നല്ലല്ലൊ. അന്ന് താൻ കൊന്നെന്ന് പറഞ്ഞിരുന്നത് ഒരു ക്രൈം ഓഫ് പാഷനായിട്ടാണ് എടുത്തിരുന്നത്. പക്ഷെ ഇത്തവണ താൻ ചെയ്തതിനെ കുറച്ചൂടെ ഹാർഷ് ആൻഡ് കോൾഡ് ആയ ഒരു പ്രീ മെഡിറ്റേറ്റഡ് മർഡർ ആയെ കോടതിക്ക് കാണാൻ പറ്റു.”

“എന്താ പറഞ്ഞ് വരുന്നത്?”

“സെയിം കോസ് ആണെങ്കിലാണ് എന്തെങ്കിലും തരത്തിൽ ഡബിൾ ജെപ്പേർഡി ഒക്കെ നിലനിൽക്കു. ഒരേ കാരണത്താലാണ് രണ്ട് തവണയും താൻ ശിക്ഷിക്കപ്പെടുന്നതെന്ന് തോന്നിയാൽ ഡബിൾ ജെപ്പേർഡി എന്ന് വിളിക്കാം. ഇത്തവണ പകയാണ്. അതിന്റപ്പുറമെന്തോ ആണ്. അതിനെ എനിക്ക് ഡബിൾ ജെപ്പേർഡി എന്നൊക്കെ വാദിക്കാൻ ഒരു അവസരം പബ്ലിക്ക് പ്രോസിക്യൂട്ടർ തരില്ല. കരുതിക്കൂട്ടിയാണ് കൊന്നിരിക്കുന്നത്…”

“അതിനാര് കൊന്നു. കൊല്ലാൻ പോവുന്നതെയുള്ളു. എങ്ങനെ കൊല്ലണമെന്ന് സാറ് പറഞ്ഞ് തരണം. എന്ത് സാഹചര്യത്തിൽ കൊന്നാൽ എനിക്ക് ശിക്ഷയിൽ നിന്ന് ഊരാനൊക്കുമെന്ന് സാറ് പറ..”

“ഭാ… ഞാനാരാണെന്ന് കരുതിയെടാ പൊലയാടി മോനേ…”, ഹരികുമാർ അയാളെ തല്ലുമെന്നായപ്പോഴേക്ക് മിനി ഇടപെട്ടു.

അയാൾ തണുത്തില്ല, തണുക്കുമെന്ന് തോന്നുന്നില്ല. അഡ്രിനാലിൻ രക്തവാഹിനികളിലൂടെ കുതിച്ചുകൊണ്ടിരുന്നത് അയാളിലുണ്ടാക്കിയ മാറ്റം പ്രകടമായിരുന്നു.

പക്ഷെ എബിനൊരു കുലുക്കമില്ലായിരുന്നു.

“ഡാ ചെറുക്കാ, ഞാൻ കരുതിക്കൂട്ടി നിന്നെ കുടുക്കിയതല്ല. ഈ നിമിഷം വരെ എനിക്കും അറിയില്ലാരുന്നു. പക്ഷെ കൊല്ലാൻ സഹായിക്കാൻ ഞാൻ കാലനല്ല. എനിക്ക് സൗകര്യമില്ല നിന്നെ സഹായിക്കാൻ. നീ എന്ത് ചെയ്യും? എന്നേം ഇവളേം ഒരുമിച്ച് വണ്ടീൽ കണ്ടെന്ന് നീ പറഞ്ഞ് നടക്കുവോ? അതൊ വീട്ടീ വിളിച്ച് പറയുവോ? നീ ചെയ്യ്.. എനിക്കൊരു പുണ്ണാക്കുമില്ല.”

“ഞാൻ അത് ചെയ്താൽ, ഞാനും അവളും തമ്മിൽ പിന്നെ എന്താ വ്യത്യാസം. സാറ് കൊച്ചിനേം കൊണ്ട് ചെല്ല്. 2 ദിവസത്തിനുള്ളിൽ പത്രത്തിൽ വായിച്ചാ മതി ഞാൻ എന്താ ചെയ്യാൻ പോവുന്നെ എന്ന്. അന്ന് സൗകര്യമുണ്ടെങ്കി വന്ന് വാദിച്ചാ മതി. ഞാൻ വേറെ ആരേയും എന്റെ വക്കീലാക്കില്ല. എനിക്ക് കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വെഷം കളയിക്കണം. അല്ലെങ്കി പിന്നെ ഞാൻ ഈ നാല് കൊല്ലം അകത്ത് കെടന്നത് വെറുതെ ആയി പോവും.”

ഹരികുമാർ പിന്നീട് കയർത്തതും തെറി വിളിച്ചതുമൊന്നും എബിൻ കേട്ടില്ല. നടന്നകന്ന്, ബൈക്ക് തിരിച്ച്, ഹെഡ്‌ലൈറ്റും തെളിയിച്ച്, ഇരുളിൽ മറഞ്ഞു.

പിന്നെ അങ്ങോട്ട് വണ്ടിയോടിച്ചത് മിനിയാണ്. ഹരികുമാർ ശാന്തമാവുന്നതിന് മുൻപ് സ്റ്റിയറിങ് നിയന്ത്രിക്കുന്നത് നല്ലതല്ലെന്ന് അവർക്ക് മനസ്സിലായിക്കാണണം. എന്തുകൊണ്ടോ അവരുടെ തീരുമാനത്തിന് മുന്നിൽ മുട്ട് മടക്കാൻ ഹരികുമാർ തന്റെ ഈഗോയോട് ആജ്ഞാപിച്ചുകാണണം.

ഒരുപാട് നേരം കഴിഞ്ഞെപ്പോഴോ അയാൾ മൗനം ഭേദിച്ചു.

“ജയിലൊരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റുമെന്ന് പല തവണ ജീവിതമെനിക്ക് കാണിച്ച് തന്നിട്ടൊണ്ട്. പക്ഷെ ഇത്രയ്ക്കൊരു മാറ്റം ഇതാദ്യമായിട്ടാ കാണുന്നെ. ആദ്യം ഞാനിയാളെ കാണുമ്പൊ ഈ മനുഷ്യന്റെ കരച്ചിലും പെരുമാറ്റവും കണ്ട് വിഷമിച്ചിട്ടുണ്ട്. ഇവനെ അറസ്റ്റ് ചെയ്ത പോലീസുകാരൻ പറഞ്ഞത് ഈ കിഴങ്ങനെക്കൊണ്ട് ഒരു കൊതുകിനെ പോലും കൊല്ലാനൊക്കില്ലെന്നാണ്. അതുകൊണ്ട് കേസ് സ്റ്റ്രോങ് ആക്കാൻ ഇയാളുടെ പാസ്റ്റ് മുഴുവൻ ചികയേണ്ടി വന്നു, ഏതെങ്കിലുമൊരു ബ്രേക്ക് പോയിന്റ് ഉണ്ടോന്നറിയാൻ. അന്നത്തെ മുഴുവൻ ജൂനിയേർസിനേയും വിട്ട് ഇവന്റെ ലൈഫ് മൊത്തം പുറകോട്ട് പ്ലോട്ട് ചെയ്ത്, പറ്റുന്ന വഴിയെല്ലാം അന്വേഷിച്ചു. ഇല്ല, ഇവനെക്കൊണ്ട് അന്ന് ഒരു തരത്തിലും ആ പെണ്ണിനെ തള്ളിയിട്ട് കൊല്ലാനൊക്കില്ല. പക്ഷെ അന്ന് ചാലിയാൻ മലയിൽ നിന്ന് താഴെ വീണവരെ കണ്ടുകിട്ടാറില്ലായിരുന്നു. അവളുടെ ചെരുപ്പും ഹാൻഡ്ബാഗുമൊക്കെ മലയുടെ ഇടുക്കിലെവിടെ നിന്നെങ്ങാണ്ട് പോലീസിന് കിട്ടി. ഇവന്റെ അന്നത്തെ വെപ്രാളം മുഴുവൻ ഇവര് തമ്മിലുള്ള വാട്സാപ്പ് മെസ്സേജുകളിലും ഫോൺ റെക്കാർഡിംഗുകളും ബാക്കി ഉള്ളവര് കേൾക്കുന്നതിലായിരുന്നു. അതിലെന്നും ആത്മഹത്യ ഒരു വിഷയമാണ്. അവൻ ഇപ്പൊ പറഞ്ഞത് ശരിയാ. അന്നവൾടെ മാനസികനില വെച്ച് വാശി കൂടി ഒരു കാര്യം നടത്തിയെടുക്കാൻ അവളെന്നും ആത്മഹത്യ എടുത്തിടുമായിരുന്നു. ഇവൻ കരഞ്ഞ് നിലവിളിച്ച് എല്ലാം സമ്മതിച്ച് കൊടുക്കുമായിരുന്നു. അവളറിഞ്ഞൊ അറിയാതെയൊ… എന്നും അവനെ ഭീഷണിപ്പെടുത്തിക്കൊണ്ടെയിരുന്നു. അവൻ പൊട്ടനെപ്പോലെ എന്നും കരഞ്ഞോണ്ടേയിരുന്നു. സോ, എത്ര പാവം മനുഷ്യനാണെങ്കിലും ആ പ്രെഷർ കണക്കിലെടുത്താൽ, ഒരു മൊമെന്റ് വന്ന അഡ്രിനാലിൻ റഷിൽ അവളെ തള്ളി താഴെയിട്ടേക്കാമെന്ന് ഞാൻ പ്രൂവ് ചെയ്തു. പോലീസ് സംഘടിപ്പിച്ചിരുന്ന തെളിവുകളെല്ലാം എനിക്ക് വേണ്ട ഓർഡറിലാക്കിയപ്പൊ ഐ വൺ ദ് ഷോ… കോർട്ട് പണിഷ്ഡ് ഹിം. ഡാമ്മിറ്റ്. ഐ സ്ക്രൂവ്ഡ് ഏ പുവർ മാൻസ് ലൈഫ്..”

“ഇന്ന് അയാളെക്കണ്ടപ്പൊ എനിക്ക് അത്ര പാവമായിട്ട് തോന്നിയില്ലല്ലൊ സാർ. ജയിൽ മാത്രമാണൊ അയാളെ മാറ്റിയത്? എനിക്ക് തോന്നുന്നില്ല.”

സാധാരണ മിനി പറയുന്ന പോയിന്റുകളേക്കാൾ ഷാർപ്പാണതെന്ന് ഹരികുമാറിന് തോന്നി. മറുപടി പറയാൻ ഒരു മിനിറ്റെടുത്തു. ഇരുട്ടത്ത് എങ്ങോട്ടോ നോക്കിക്കൊണ്ട് പറഞ്ഞു,

“ഞാൻ ഓരോ വട്ടവും അടിയ്ക്കാനോങ്ങിയപ്പൊ ആ കണ്ണിൽ ഞാൻ കണ്ടതാ അയാളിലെ പേടി തൊണ്ടനെ. ഇന്നും അയാളെക്കൊണ്ട് കൊല്ലാനൊന്നും പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ ഇത്ര കഷ്ടപ്പെട്ട് ഇവിടെ വരെ വന്ന് എന്നെ കൺഫ്രണ്ട് ചെയ്താൽ അയാൾക്ക് വല്ല സമാധാനവും കിട്ടുമായിരിക്കും. പണ്ട് കോടതിയിൽ വായടപ്പിച്ചതിനൊരു കൗണ്ടർ..കടിച്ച പാമ്പിനേക്കൊണ്ട് വിഷമൂറ്റണമെന്നൊക്കെ പറഞ്ഞത് ചുമ്മാ…………ഷിറ്റ്!”

“എന്താ സർ?”

“ദാറ്റ്സ് എക്സാക്റ്റ്ലീ വാട്ട് ഹീ ജസ്റ്റ് ഡിഡ്. ക്രിമിനൽ കോൺസ്പിറസി ആക്റ്റ് 120 എ,ബി ഒക്കെ പല കുറി കേസുകൾക്കൊപ്പം തിരുത്തപ്പെട്ടിട്ടൊണ്ട്. ഇന്നിപ്പൊ അവൻ ഇവിടെ വന്ന് പറഞ്ഞത് നമ്മൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ വീ ഹാവ് അഗ്രീഡ് വിത് ഹിം ഇൻ കമ്മിറ്റിങ് ദ് ക്രൈമെന്ന് വരും. അവനെന്ത് ചെയ്താലും അതിലെ പ്രീമെഡിറ്റേഷൻ, പ്ലാനിങ് ഇതിന്റെയെല്ലാം ശിക്ഷ നമുക്കും കിട്ടും. നമ്മൾ ക്രൈം നടക്കുന്നതിന് മുൻപ് അറിഞ്ഞു.”

ആ വാക്ക് കേട്ടതും മിനി സഡൻബ്രേക്കിട്ടതും ഹരികുമാറിന്റെ നെറ്റി ഡാഷിൽ ഇടിച്ചതുമൊക്കെ ഒന്നിച്ച് കഴിഞ്ഞു.

“അയാം സോറി സാർ. ഞാൻ സാറിന്റെ കൂടെ ഈ സമയത്ത്… അതുമൊരു ചോദ്യമാവില്ലേ… എന്ത് പറയും?”

“എക്സാക്റ്റ്ലി ഇതാ അയാളും ആലോചിച്ചത്. അതാ ഈ സമയം തന്നെ തിരഞ്ഞെടുത്തതെന്ന് തോന്നുന്നു. ഐ നീഡ് ടു ക്രോസ്ചെക്ക്, പക്ഷെ മിക്കവാറും ഇന്ന് അയാൾ സ്റ്റേഷനിൽ പോയി സൈൻ ചെയ്തിട്ടുണ്ടാവില്ല. പോലീസിന് അന്വേഷിച്ച് ഇങ്ങ് വരാനുള്ള, നമ്മളെ ഈ വഴി തന്നെ പിന്തുടരാനുള്ള ബ്രഡ് ക്രമ്പ്സ് ഇട്ട് കൊടുത്തിട്ടുണ്ടാവണം. എന്നുവെച്ചാൽ നാളെയെങ്കിലും നമ്മളെ അന്വേഷിച്ച് പോലീസ് വരാം.”

“ഓക്കേ… സൊ നമുക്കൊരു ഡെഡ്‌ലൈൻ ഉണ്ടാക്കി വെച്ചിട്ടാണ് പോയത്. ഒന്നെങ്കിൽ അവന്റെ പക്ഷം അല്ലെങ്കിൽ പോലീസിന്റെ.”

“അവന്റെ പക്ഷമെന്നൊന്നില്ലെങ്കിലോ?”

“മനസ്സിലായില്ല സർ.”

“വാട്ട് ഇഫ് ഹി വാസ് ലേയിങ് ഏ ട്രാപ് ഫോർ മീ. ഞാൻ അവനെ ക്രൈം ചെയ്യാൻ സഹായിക്കാമെന്ന് ഇപ്പൊ ഉറപ്പ് കൊടുത്തിരുന്നെങ്കിൽ, അവൻ അതുപയോഗിച്ച് എന്നെ കുടുക്കിയേനേ… പല വഴികളുണ്ട്. ഞാൻ അവനെ ഉപയോഗിച്ചതാണെന്ന് അവന് വരുത്തി തീർക്കാൻ എളുപ്പമാണ്.”

“എന്റെ പുണ്യാളച്ചാ, അപ്പൊ എന്തായാലും റിപ്പോർട്ട് ചെയ്യണമെന്നാണോ? അതേയുള്ളോ വഴി. പക്ഷെ എന്നിട്ട് അയാൾക്കെന്താ നേട്ടം.”

“മഷിയിട്ട് നോക്കിയാൽ പോലും കിട്ടാതിരിക്കാൻ പാകത്തിന് മുങ്ങാനൊത്താൽ പലതും നേടാം. എന്റെ സ്റ്റേറ്റ്മെന്റ് വെച്ച് അവൻ കൊല ചെയ്യാനുള്ള പോസിബിളിറ്റിയെപ്പറ്റി അന്വേഷണമുണ്ടാവും. അവൾ മരിച്ചതുതന്നെയാണോ അതൊ എല്ലാം നാടകമാണൊ എന്നൊക്കെ ജുഡിഷ്യൽ ലെവലിലും അന്വേഷണമുണ്ടാവും. സ്റ്റേറ്റിന് പിഴയ്ക്കാൻ പാടില്ലല്ലൊ. അങ്ങനെ ഉണ്ടായ സ്ഥിതിക്ക് അത് തിരുത്താൻ ഏതറ്റം വരെയും പോവാൻ എന്റെ ഈ ഒരൊറ്റ സ്റ്റേറ്റ്മെന്റിന് പറ്റും. അവനെ കടിച്ച പാമ്പിനെത്തന്നെ അവൻ വിഷഹാരിയാക്കി. നൗ ഐ ഡൂ ഹാവ് റ്റു റിതിങ്ക് എബൗട്ട് വാട്ട് ഐ സെഡ് ബിഫോർ. ജയിൽ മാത്രമാണൊ അയാളെ ഇത്രയ്ക്ക് ക്രൂക്കഡ് ആക്കിയത്? ഇത്രയ്ക്ക് കോൾഡ് ആക്കിയത്?”

ബേക്കറി ജംക്ഷനിൽ നിന്നെടുത്ത ബൈക്ക് നാഗമ്പടം സ്റ്റാൻഡിന് പുറകിൽ കൊണ്ടുപോയി ഉപേക്ഷിച്ചിട്ട്, എബിൻ ആൾക്കൂട്ടത്തിൽ അഭയം പ്രാപിച്ചു. ഏതെങ്കിലുമൊരു തേനി ബസ് ആണ് ലക്ഷ്യം. പണ്ട് എപ്പോഴോ ചുണ്ടിൽ വിരിഞ്ഞിരുന്ന ആ ചിരി വീണ്ടും തന്റെ ചുണ്ടുകൾ തേടി വരുന്നുണ്ടെന്ന്, ആരോ ഉള്ളിലിരുന്ന് വിളിച്ച് പറയുന്നത് കേട്ടു.


‌———————————————————————————————————————-

 

 ഡബിൾ ജെപേർഡിയെക്കുറിച്ച് ആഴമായി പഠിക്കാതെ എഴുതിയതാണ്. നിയമപരിജ്ഞാനമുള്ളവർക്ക് കോപ്രായമായി തോന്നാം. തെറ്റില്ല. ഡബിൾ ജെപേർഡിയെക്കുറിച്ച് സീനിയറും ജൂനിയറും സംസാരിക്കുന്നത് ആലോചിച്ച് തുടങ്ങി അത് ഇങ്ങനെ ആയി തീർന്നതാണ്. ഇത് എഴുതാനായിരുന്നു വിധി.

പൗർണ്ണമിയെ എനിക്ക് അറിയാം. ഏതാണ്ട് ഇങ്ങനെയൊക്കെയാണെങ്കിലും ശരിക്കുള്ള ജീവിതത്തിൽ പൗർണ്ണമിയല്ല ആന്റഗോണിസ്റ്റ്. പർണ്ണമിയേക്കാൾ എബിനെ അറിയാവുന്നതുകൊണ്ടാണ് കഥ ഇങ്ങനെയായത്. ഒരുപക്ഷെ പൗർണ്ണമിയുടെ പക്ഷത്ത് നിന്ന് ഈ കഥ പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് തോന്നിയേനെ എബിൻ ഒരു നാശ‌ംപിടിച്ച വില്ലനാണെന്ന്.

~ G

 

 

 

 

 

 

 

 

സ്വാതി, റൂയി, സാറ

ഇരുട്ട് ഒരു അനുഗ്രഹമാണ്. വെളിച്ചത്തിന് മറവില്ലെന്നും, അതാണ് ശാശ്വതമെന്നുമൊക്കെ പറയുന്നത് വെറുതെയാണ്. ലൈറ്റ് ഈസ് എ ലൈ എന്ന് പണ്ട് കൃഷ്ണകുമാർ സാർ ക്ലാസ്സിൽ പറഞ്ഞത് തികട്ടി വരുന്നു. അതിനൊക്കെ പുറമെ, വെളിച്ചമുള്ളപ്പോൾ ആരുടെയും മുന്നിൽ കരഞ്ഞ് കലങ്ങിയ കണ്ണുകളും ഒളിപ്പിക്കാനാവുന്നില്ല. പക്ഷെ വിഷാദം മാത്രമല്ല കാരണം. ഞാൻ എപ്പോഴൊക്കെയൊ സന്തോഷിച്ചിട്ടുള്ളതും ഇരുട്ടത്ത് എന്റെ മുറിയിൽ ഇരുന്നു തന്നെയാണ്.

ഇതിപ്പൊ ഇരുട്ടെന്ന് പറയാനാവില്ല. ആരൊക്കെയോ അവരവരുടെ സീറ്റിന് മുകളിലുള്ള റീഡിങ് ലൈറ്റ്സ് ഓണാക്കി വെച്ചിട്ടുള്ളതുകൊണ്ട്, അല്പസ്വല്പം കാണാം. വലതു വശത്തിരിക്കുന്നവൻ വിൻഡോയിലൂടെ കറുത്ത മേഘങ്ങളെ കണ്ണെടുക്കാതെ നോക്കുന്ന തെലുങ്കൻ. കന്നടിഗയുമാവാം.  ഇടതു വശത്തുള്ള പയ്യനാണെങ്കിൽ ഗുവാഹത്തി റൺവേയിലൂടെ ചക്രം ഉരുണ്ട് തുടങ്ങിയപ്പോൾ മുതൽ പ്രാർത്ഥനയിലാണ്. പറന്ന് തുടങ്ങിയിട്ടും, ഒരു അനക്കം പോലുമില്ലാതെ മേഘങ്ങൾക്കിടയിൽ തങ്ങി നിൽക്കാൻ തുടങ്ങിയിട്ടും, അവന്റെ പ്രാർത്ഥന നിന്നിട്ടില്ല. ഒരുപക്ഷെ ആവശ്യം വരുന്നേരം മാത്രം ദൈവത്തെ വിളിക്കുന്നവരിൽ പെട്ടവനാവില്ല.

വിശപ്പ് വന്നിട്ടില്ല, പക്ഷെ ഇനി വരുമെന്ന് തോന്നുന്നില്ല. ബുക്ക് ചെയ്ത ടിക്കറ്റിൽ ഫുഡിനുൾപ്പടെ പൈസ കൊടുത്തതുകൊണ്ട് ഏതായാലും മേടിച്ച് വച്ചേക്കാമെന്ന് കരുതി, എയർഹോസ്റ്റസിനെ വിളിക്കാനുള്ള ബട്ടണിൽ അമർത്തി.

നേരത്തെ വന്ന ആസ്സാമീസ് പെണ്ണ് തന്നെ. തുഷാര എന്നൊ മറ്റൊ ആണ് പേര്. ആണോ എന്ന് ഉറപ്പിക്കാൻ നെയിം ബോർഡിലേക്ക് നോക്കിയാൽ അവളെന്നെ അവളുടെ നെഞ്ചിലേക്ക് നോക്കുന്ന മറ്റൊരുത്തനായി വിലയിരുത്തുമെന്ന് എന്റെ വലത് വശത്തെ പകുതി തലച്ചോറിനോട് ഇടത് വശത്തെ പകുതി പറഞ്ഞു.

“ഐ വിൽ ടേക്ക് ദാറ്റ് മിക്സ്ഡ് പ്ലാറ്റർ സ്റ്റഫ് വിച്ച് യൂ സെഡ് ബിഫോർ.”

“സോറി സർ, ദാറ്റ് ഈസ് നോട്ട് അവേയ്‌ലബിൾ എനിമോർ. ലൈക്ക് ഐ സെഡ് ബിഫോർ എവെരിത്തിംഗ് ഈസ് ഒൺ ഫസ്റ്റ് കം ഫസ്റ്റ് സേർവ് ബേസിസ്. ഐ ക്യാൻ ഗെറ്റ് യൂ വൺ സെസ്റ്റി ചിക്കൻ കീമാ ന്യൂഡിൽസ്. ബട്ട് ദാറ്റ്സ് ഇറ്റ്. സോറി ഫോർ ദ് ഇൻകൺവീനിയെൻസ്.”

പിന്നെ അവൾ അവിടെ നിന്ന് പറഞ്ഞു ആദ്യം അവസരം കിട്ടുന്നേരം തന്നെ ഇഷ്ടമുള്ളത് പറഞ്ഞ് മാറ്റി വെയ്ക്കാൻ അടുത്ത പ്രാവശ്യം ഓർക്കണമെന്ന്. അതിന് ഇനിയൊരു അടുത്ത പ്രാവശ്യമുണ്ടാവില്ലെന്ന് എങ്ങനെ ഞാൻ ഈ പെണ്ണിനെ പറഞ്ഞ് മനസ്സിലാക്കിക്കും.

മറ്റെന്തെങ്കിലും ആലോചിക്കാമെന്നോർത്തപ്പോഴാണ്, ആ ശബ്ദവും ഭാവപ്പകർച്ചയുമൊക്കെ ഓർമ്മകളിലുള്ളപോലെ. ചിന്ത ചെന്നെത്തിയത്, ഇന്റർകോളേജിയേറ്റ് ചെസ്സ് ടൂർണ്ണമെന്റിന് മുൻപ് ഞങ്ങളെ ചെസ്സിൽ വില്ലന്മാരാക്കാൻ കൊണ്ടുവന്ന ആ ഫെമിനിസ്റ്റ് ഗ്രാൻഡ്മാസ്റ്ററിലാണ്.

സബീന.

ഇന്നും അവരുടെ ഉപദേശം മനസ്സിൽ അലയടിക്കുന്നുണ്ട്.

“യു ആർ ഗോയിങ് റ്റു ലൂസ് ദിസ് ഗെയിം, ആൻഡ് മോസ്റ്റ്‌ലീ, ഓൾ ദ് ഗെയിംസ് യു ആർ എവർ ഗോണ പ്ലേ. ഫോർ ദ് ഗ്രേറ്റർ ഗുഡ്.., യു ഷുഡ് ബി റെഡി റ്റു സാക്രിഫൈസ് യുവർ പോവ്ൺ.”

ഇതും പറഞ്ഞിട്ട് രണ്ടടി മാറിയ സബീന തിരിച്ച് വന്ന് ഒരു ഓർമ്മപ്പെടുത്തൽ കൂടി നടത്തി.

ഞാൻ അന്ന് എന്റെ പ്രായമില്ലാത്ത പെണ്ണൊരുത്തിയോട് തോറ്റുകൊണ്ടിരുന്നത്, എനിക്ക് എന്റെ രാജ്യം എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് അറിയാത്തതുകൊണ്ടാണെന്ന്. ചെസ്സ് കളിക്കുന്നവൻ സ്വയം രാജാവാണെന്ന് വിശ്വസിച്ച് രാജ്യം ഭരിച്ചില്ലെങ്കിൽ യുദ്ധവും രാജ്യവും എതിരാളി കൊണ്ടുപോവും. ഞാൻ ഒരു പടയാളി കണക്കിനുപോലും ചിന്തിക്കുന്നില്ല, പക്ഷെ എന്റെ എതിരെ കളിക്കുന്ന ഒന്നാം വർഷക്കാരിക്ക് ഒരു യുദ്ധം നയിക്കാനറിയാമെന്ന്.

അവരത് പറഞ്ഞിട്ട് എതാണ്ട് ഒന്നര മിനിറ്റിനകം ആ കുട്ടി എന്നെ തോൽപ്പിച്ചു. അന്നേരം സബീന ഒന്നും മിണ്ടിയില്ല. ചുണ്ട് വലതുവശത്തേക്കാക്കി ഒരു ചിരി ഒപ്പിച്ച് ചിരിച്ച് നടന്നകന്നു. അതെ പുച്ഛമാണ് ആ എയർ ഹോസ്റ്റസിൽ കണ്ടത്.

4 വയസ്സ് ഇളയ ആ പെൺകുട്ടിക്ക് ഒരു രാജ്യം നന്നായിട്ട് ഭരിക്കാനറിയാം എന്ന് ഞാൻ പിന്നെയും പല വട്ടം മനസ്സിലാക്കി. എനിക്കൊരിക്കൽ പോലും എന്റെ രാജ്യം തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ല. അവളെന്റെ റൂയിയുടെ അമ്മയായി കഴിഞ്ഞും അത് തുടർന്നു.

കോളേജിൽ മോക്ക് ട്രയൽസ് നടത്തുന്നുണ്ടെങ്കിൽ എല്ലാവരും പ്രാർത്ഥിക്കും, സ്വാതി എതിർഭാഗത്തുണ്ടാവാതിരിക്കാൻ. അദ്ധ്യാപകർക്കെല്ലാം അറിയാം എന്നെങ്കിലും ഭാവിയിൽ അഹങ്കാരത്തോടെ അവർക്ക് അവകാശപ്പെടാൻ പാകത്തിന് അവൾ ഹൈക്കോടതികളും സുപ്രീംകോടതിയും പിടിച്ചടക്കുമെന്ന്.

ഇത്രയും മിടുക്കി ഒരുത്തി എന്നെ പ്രേമിക്കാൻ കാരണമെന്താണെന്ന് ചോദിച്ചാൽ, സത്യമായിട്ടും എനിക്കറിയില്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്. ചില സിനിമകളിലൊക്കെ കണ്ടിട്ടില്ലേ ഒരിക്കലും ചേരാത്ത പൊട്ടൻ ചെക്കന്മാരെ കയറി പ്രേമിക്കുന്ന നായികാ കഥാപാത്രങ്ങളെ? എന്തായിരിക്കാം കാരണം? നിഷ്കളങ്കതയോ സത്യസന്ധതയോ ആവാം. പക്ഷെ എനിക്ക് തോന്നുന്നത് അത് രണ്ടും എന്നെപ്പോലെയുള്ളവരുടെ മണ്ടത്തരത്തിന്റെ ബാക്കിപത്രമാണെന്നാണ്. നിഷ്കളങ്കരാവാതിരിക്കാനും തോന്നുമ്പോൾ സത്യസന്ധത വെടിയാനുമൊക്കെ ഞങ്ങളേക്കാൾ വിവരം വേണമെന്നാണ് അടിയനെ ജീവിതം പഠിപ്പിച്ചത്.

മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം ഒരു ദിവസത്തിന് കടം കൊടുത്ത് തുടങ്ങിയ അടുപ്പം, വളർന്ന് റൂയി വരെ എത്തിയത്, കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു.

മകൾക്ക് ഞങ്ങളുടെ രണ്ട് പേരുടേയും മതങ്ങളുമായി ബന്ധമില്ലാത്ത റൂയി എന്ന പേരിടാൻ കാരണം, പ്രേമലേഖനത്തിൽ കേശവൻ നായരും സാറാമ്മയും മകനുണ്ടായാൽ ആകാശമിഠായി എന്ന് വിളിക്കണമെന്ന് ബഷീറിക്ക എഴുതി വെച്ചതിനെ പിന്തുടർന്ന് തന്നെയാണ്.

‘നീയില്ലാതെ എനിക്കൊന്നുമാവില്ലെ’ന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ, അത് ‘എനിക്ക് ഇപ്പൊ ഒന്നിലും ഒരു ഉറപ്പുമില്ലെ’ന്ന് മാറ്റിപ്പറഞ്ഞ് കേൾക്കാൻ സമയമധികം വേണ്ടെന്ന് പഠിച്ചു. റൂയിയുടെ വളർച്ച കാണാൻ പോലും യോഗമില്ലാതെ പോയി. പറഞ്ഞ് വരുമ്പൊ അവൾ കമിഴ്ന്ന് വീണതും, മുട്ടിലിഴഞ്ഞതുമെല്ലാം സ്വാതി ഫേസ്ബുക്ക് പ്രൊഫൈലിലൂടെ സൗഹൃദവലയത്തിന് പങ്കുവെച്ച കഥകളിലൂടെയാണ് ഞാൻ അറിഞ്ഞത്. റൂയി ഒരു സർപ്രൈസ് ആയിരുന്നില്ല, എന്നിട്ടുപോലും എന്തിന് എന്നിൽ നിന്ന് അവളെ പറിച്ചുമാറ്റിയെന്ന് എനിക്കറിയില്ല. ഒരുപക്ഷെ മനസ്സിന്റെ അടിത്തട്ടിൽ റൂയി ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു പരീക്ഷണമായിരുന്നിരിക്കണം. അവൾ വന്നാലെങ്കിലും ആദ്യ കാലങ്ങളിലെ പോലെ പരസ്പരം സ്നേഹിച്ചാലൊ എന്ന് ചിന്തിച്ചിരിക്കണം.

തടവറയ്ക്ക് താഴ് വേണമെന്നൊരു അത്യാവശ്യവുമില്ല, അനുസരണയുള്ള തടവുകാരുണ്ടായാൽ മതി. പക്ഷെ ഇനി മോചനമില്ലാതെ പറ്റില്ല. അങ്ങനെ എഴുതിയൊരു സ്റ്റിക്ക് നോട്ട് ഞാൻ കാണാൻ പാകത്തിന് ഫ്രിഡ്ജിന് മുകളിൽ ഒട്ടിച്ച് വെച്ചിട്ടുണ്ടായിരുന്നു. അതൊന്ന് ദഹിക്കുന്നതിന് മുന്നെ ഡിവോഴ്സിനുള്ള പേപ്പർ വന്നു. എനിക്കാണൊ അവൾക്കാണൊ മോചനമെന്ന് മനസ്സിലായില്ല, പക്ഷെ അത് നടക്കട്ടെ എന്ന് ആശംസിച്ച് ഒപ്പിട്ട് കൊടുത്തു.

ആരുടേയും കുത്തുവാക്കും ഉപദേശവും സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അന്നുവരെ ഒരു പരിചയവും നടിക്കാതിരുന്ന ഒരു നാട്ടുകാരൻ തുണച്ചതുകൊണ്ട്, ഡിസ്പൂരിനടുത്ത് ഗണേഷ്ഗുരിക്ക് സമീപമൊരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് മാറാനൊത്തു. തിരക്കിൽ നിന്നൊരുപാട് മാറി, ഒരു ഒറ്റമുറി അപ്പാർട്ട്മെന്റ് എടുത്തു. എന്റെ പ്രിയപ്പെട്ട മുറി ഇവിടെയാണ്. പകൽ ജനലിലൂടെ കാണുന്ന പച്ചപ്പ്, സൂര്യനസ്തമിച്ചാൽ മറ്റെന്തോ ആയിമാറും. മുറിക്കകത്ത് ഇരുട്ടും, പുറത്ത് ഭൂമിയുടെ അറ്റം കാണാത്ത ഗർത്തവും.

അങ്ങനെയിരിക്കെയാണ് സാറ വന്നത്. ആ പേര് പോലും എനിക്ക് പ്രപഞ്ചം തരുന്ന സൂചനയാണെന്ന് തോന്നിയിട്ടുണ്ട്.

കണ്ണുചിമ്മും നേരംകൊണ്ട്, ഒരുത്തിയേയും വിശ്വസിക്കില്ലെന്ന് പറഞ്ഞ് നടന്ന ഞാൻ, വീണ്ടുമൊരുത്തിയുടെ വാക്കുകളിൽ വീണു. വിരസതയില്ലാതെ വീണ്ടും വീണ്ടും ചെയ്യുന്ന എന്തോ ഒന്നാണ് പ്രണയമെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്? ഓർമ്മ വരുന്നില്ല.

പണ്ട് സ്വാതി വന്നപ്പോൾ അവളെനിക്ക് തന്ന ഉറപ്പുകളിന്മേലാണ് എല്ലാം തുടങ്ങിയത്. അത്രയും ബുദ്ധിമതിയായ ഒരുത്തി, അതും ജീവിതത്തിലെ അടുത്ത രണ്ട് ദശാബ്ദം എങ്ങനെ വേണമെന്ന് അലോചിച്ച് അതിനനുസരിച്ച് പടികൾ കയറി ജീവിക്കുന്ന ഒരാൾ, എന്നിലെന്തൊ കണ്ട് എന്നെ തിരഞ്ഞെടുത്തെങ്കിൽ, ഇതിനുവേണ്ടിയാവണം എന്റെ ഇനിയുള്ള ജീവിതമെന്ന് ഞാൻ ചിന്തിച്ചു. പക്ഷെ അവളും മനുഷ്യഗണത്തിലുള്ളതല്ലെ. അവൾക്ക് ചിലപ്പൊ ജീവിതത്തിൽ ആദ്യമായ് തെറ്റിയത് എന്റെ കാര്യത്തിലാവണം. ഇഷ്ടമാണെന്നവൾക്ക് മറുപടി കൊടുത്തപ്പോൾ, അവളെ സഹായിക്കണമെന്നൊരു ചിന്തയെ ഉണ്ടായിരുന്നുള്ളെങ്കിലും, ഞാൻ എന്നോട് നുണ പറഞ്ഞോ എന്ന് ഇന്നെനിക്ക് സംശയമാണ്.

ആസ്സാം റൈഫിൾസിന്റെ ഹോസ്പിറ്റലിൽ നഴ്സാണ് സാറ. അതുകൊണ്ട് തന്നെ പരസ്പരം കാണാൻ അവസരങ്ങൾ കുറവായിരുന്നു. പകരം അവൾ പോവുന്ന പള്ളിയിൽ ഞാൻ പോവാൻ തുടങ്ങി. മൂന്നുനാല് അടി ഇപ്പുറത്ത് നിന്ന് അവൾക്കൊപ്പം പ്രാർത്ഥനയിൽ മുഴുകാൻ സാധിച്ചത് അനുഗ്രഹമായി കരുതി. ഇത് പഴയതുപോലെ അകാലത്തിൽ ചരമമടയുന്ന ഒന്നാവുമെന്ന് എനിക്ക് തോന്നിയില്ല.

എന്റെ ജീവിതകഥ മുഴുവൻ മുൻവിധിയില്ലാതെ കേട്ടിരുന്നിട്ടും എന്നോടുള്ള ഇഷ്ടത്തിലൊട്ടും മാറ്റമില്ലെന്ന് പറഞ്ഞു. എനിക്ക് പ്രേമിക്കാൻ പോലുമറിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും മാറ്റമുണ്ടായില്ല.

ഞാനവളുടെ കൈയ്യിലൊരു മോതിരമിട്ട് കൊടുക്കണമെന്ന് പറഞ്ഞത് കാമഖ്യാ ഉത്സവം നടക്കുന്ന ദിവസമാണ്. വഴിയരികിൽ നിന്നൊരു പ്ലാസ്റ്റിക് മോതിരം വാങ്ങി തന്നാൽ അത് മതിയാവുമോ എന്ന് ചോദിച്ചു. സമ്മതമാണത്രെ. അതെനിക്കൊരു അത്ഭുതമായിരുന്നു. പ്ലാറ്റിനത്തിൽ താഴെ ഒന്നും തരരുതെന്ന് പറഞ്ഞ ഒരുത്തിയെ മാത്രമാണ് നാളന്നുവരെ ഞാനറിഞ്ഞിട്ടുള്ളത്.

പറഞ്ഞതുപോലെ തന്നെ ഒരെണ്ണം മേടിച്ച്, പിറ്റേന്ന് ട്രാൻസ്പോർട്ട് ബസിൽ വെച്ച് എനിക്കരികിലിരുന്നപ്പോൾ അവളുടെ വിരലിലണിയിച്ചു. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ആ താണതരം മോതിരത്തെ നോക്കി ഒരു പരിഹാസച്ചിരി തരേണ്ടതാണ്. പക്ഷെ ഇവളുടെ കണ്ണുകളിൽ തിളക്കം മാത്രമെ ഞാൻ കണ്ടുള്ളു.

അങ്ങനെയിരിക്കെ, ഒന്നിച്ചൊരു യാത്ര മോഹിച്ച് നാട്ടിലേക്ക് വന്നു. വീട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാൻ കുറച്ചുകൂടെ സാവകാശം രണ്ടുപേർക്കും വേണമായിരുന്നതുകൊണ്ട്, അവിടെ ചെന്ന് ഇറങ്ങിയത് പോലും കമ്പാർട്ട്മെന്റിന്റെ രണ്ട് വാതിലുകളിലൂടെയാണ്.

ലീവ് തീരുന്നതിന് മുൻപ് എളവായൂരിൽ നിന്ന് മാവൂർ വരെ ഒരു ബസ് യാത്രയ്ക്ക് സാറ ബന്ധുക്കളെയെല്ലാം ഒഴിവാക്കി. എന്റെയൊപ്പമിരിക്കാൻ തന്നെ. പക്ഷെ പ്രപഞ്ചത്തിന്റെ ഇടപെടലിൽ ഏതോ ക്ഷേത്രത്തിലെ ഉത്സവം ഞങ്ങളുടെ പദ്ധതിയെല്ലാം തകിടം മറിച്ചു. കഷ്ടിച്ച് ശ്വാസം വിടാൻ പാകത്തിന് സ്ഥലം മാത്രം ബാക്കിയുള്ളൊരു ബസിൽ തിക്കിത്തിരക്കിയൊരു യാത്രയായിരുന്നു വിധിച്ചിരുന്നത്. ഇത് ആലോചിച്ചതിലും സുന്ദരമാണല്ലൊ എന്നാണ് ഞാൻ ചിന്തിച്ചത്. കെട്ടിപ്പിടിച്ച് നിൽക്കുന്നയത്രയ്ക്ക് ഒട്ടി നിൽക്കാനൊത്തു.

പക്ഷെ പതുക്കെ ഞാൻ ചുറ്റുപാടിനെക്കുറിച്ച് ബോധവാനാവാൻ തുടങ്ങി. ആരൊക്കെയോ എന്നെ തിരിച്ചറിയുന്നപോലെ. തുറിച്ചു നോട്ടങ്ങൾക്കെല്ലാം ഞാൻ അർത്ഥം കണ്ടെത്താൻ തുടങ്ങി. ചുറ്റും ഞങ്ങളുടെമേൽ ഉറപ്പിച്ച ഒരുപാട് കണ്ണുകൾ. ഞങ്ങളെ നിരീക്ഷിക്കാൻ ആരോ നിയോഗിച്ച ചാരക്കണ്ണുകൾ പോലെ. ഞങ്ങളുടെ ചിരിയും കളിയും ഇടപെടലുകളുമെല്ലാം എനിക്ക് അവരുടെ കണ്ണുകളിൽ കാണാനൊത്തു. ഇതോടെ ഞാൻ അവളോട് തണുപ്പൻ മട്ടിൽ പ്രതികരിച്ചുതുടങ്ങി. ഒന്നു രണ്ട് വട്ടം ഞാനവളെ വിലക്കി. ഒന്നുമാലോചിക്കാതെ ശബ്ദം കുറയ്ക്കാനും, പിന്നീട് നാവടക്കാനും വരെ പറഞ്ഞു. പിന്നെ യാത്ര തീരുന്നതുവരെ എനിക്ക് കണ്ണ് തരാതെ തിരിഞ്ഞ് നിന്നു. ആരും കാണാതെ കണ്ണുകളൊപ്പിയിരുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ ആ നിമിഷത്തേയും ശപിച്ച് നിന്നു.

ഒന്നുരണ്ട് ദിവസത്തേക്ക് സാറ എന്നോട് മിണ്ടാൻ കൂട്ടാക്കിയില്ല. ഗുവാഹത്തിക്കുള്ള മടക്കയാത്രയിൽ അടുത്ത് കിട്ടുമ്പോൾ പറഞ്ഞ് മനസ്സിലാക്കാമെന്ന് കരുതി ഞാനും ക്ഷമിച്ചു. പക്ഷെ പിന്നെ അറിയാൻ കഴിഞ്ഞത് അവൾ പറയാതെ നേരത്തെ തന്നെ പോയെന്നാണ്. തീ തിന്നാണ് മൂന്ന് ദിവസത്തെ യാത്ര ഞാൻ പൂർത്തിയാക്കിയത്. പെർമിഷൻ മേടിച്ച് അവളെ കാണാൻ നടത്തിയ ശ്രമമെല്ലാം പാഴായി. അവസാനം ഒരിക്കൽ ഡ്യൂട്ടി കഴിഞ്ഞ് അവരുടെ ബസിലേക്ക് കയറുന്നതിന് മുൻപൊരു 10 മിനിറ്റ് എന്നോട് സംസാരിച്ചു. കുറ്റപ്പെടുത്തലുകളായിരുന്നു മുഴുവൻ.

അപ്പോഴാണ് ഞാനറിയുന്നത് ഞാൻ അങ്ങോട്ടുള്ള യാത്രയിലുടനീളവും അങ്ങനെ തന്നെയായിരുന്നു പെരുമാറിയിരുന്നതെന്ന്. ആൾക്കൂട്ടത്തിലാവുമ്പോഴൊക്കെ ഞാൻ ഒരു തരവും അല്ലാത്തപ്പോൾ മറ്റൊരു തരവുമാണത്രെ. പങ്കാളി അടുത്തുള്ളപ്പോൾ പോലും കപടമുഖം ധരിക്കാനാവുമെങ്കിൽ എന്നെ എങ്ങനെ മനസ്സിലാക്കണമെന്ന് അവൾക്ക് ശരിയ്ക്ക് ആലോചിക്കണമെന്ന്. അതിന് സമയം വേണമെന്ന്. ഞാൻ നിന്ന് ഉരുകി. ബസ് ഡ്രൈവർ ഹോൺ നീട്ടിയടിയ്ക്കുന്നവരെ പിന്നെയും ഒരുപാട് പറഞ്ഞു, മനപ്പാഠമാക്കി വെച്ചിരുന്ന പ്രസംഗം പോലെ.

അവളെ തെറ്റ് പറയാനൊക്കില്ല.

കൂട്ടത്തിൽ എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെയായതെന്നും പറഞ്ഞു. എന്റെ ഉള്ളിലാവണം ചുറ്റുമുള്ളവരെക്കാൾ വലിയ സദാചാരവാദിയെന്നും, ഞാൻ മുൻവിധിയോടെ പലരേയും നോക്കി പലതും ചിന്തിച്ച് കൂട്ടിയതിന്റെ ഫലമാണ് ബാക്കിയുള്ളവർ എന്നെ തെറ്റായി വിധിക്കുന്നതുപോലെ തോന്നുന്നതെന്നും.

കല്യാണം കഴിഞ്ഞും ഒറ്റയാനെ പോലെ ജീവിക്കണമെന്നാഗ്രഹിച്ച് എന്നെ ഒഴിവാക്കിയവളെ കുറ്റപ്പെടുത്തിയിട്ട്, ദൈവമായിട്ട് തന്ന അടുത്ത അനുഗ്രഹത്തെ ഞാനായിട്ട് ഇല്ലാതാക്കിയെന്ന് ബോദ്ധ്യമായി.

അവളെന്നെങ്കിലും എന്നെ തിരിച്ച് സ്വീകരിക്കുമെന്ന് എനിക്ക് തോന്നിയില്ല. എന്തിനായിരുന്നു ഈ പ്രായത്തിൽ എനിക്ക് പറ്റാത്ത ഈ പരിപാടിക്ക് പോയതെന്ന് വരെ ഞാൻ എന്നെ കുറ്റപ്പെടുത്തി. അടുത്ത ഒളിച്ചോട്ടത്തിന് സമയമായെന്ന് തോന്നി. ജോലിയും രാജി വെയ്ക്കുന്നെന്ന് മെയിലും അയച്ച് പറ്റുന്നത് മാത്രം കെട്ടിപ്പെറുക്കി ഫ്ലൈറ്റ് പിടിച്ചത് ആ മണ്ണിൽ നിൽക്കുന്ന ഓരോ നിമിഷവും ഞാനില്ലാതാവുന്ന പോലെ തോന്നിയിട്ടാണ്.

രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ റീഫ്യുവലിങെന്നും മറ്റും ഓരോ കാര്യമില്ലാ കാര്യം നിരത്തി ഡോർ തുറക്കാൻ വൈകിപ്പിച്ച നേരത്ത്, അടുത്തിരുന്നവരുടെ മുഖത്തെ പിരിമുറുക്കങ്ങളിൽ എവിടൊക്കെയൊ പരിചിത ഭാവങ്ങൾ കണ്ടതുപോലെ എനിക്ക് തോന്നി. പരിചയപ്പെട്ടപ്പോൾ ഞാൻ കടന്നുപോയ ദശകളിലൂടെ തന്നെയാണ് ഇരുവരും ഇപ്പൊ ഓടുന്നത്.

ഓൾ ഇന്ത്യ എന്റ്രൻസിന് അനുവദിച്ച് കിട്ടിയ സെന്റർ ഹൈദരാബാദാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഗേൾഫ്രണ്ടിനെ കാണാൻ ഇറങ്ങിയവനാണ് ഇടതുവശത്ത് കുനിഞ്ഞിരുന്ന് മണിക്കൂറുകളായ് പ്രാർത്ഥിച്ചിരുന്നത്. അത്രയും കഷ്ടപ്പെട്ട് പോയിട്ട് അവളെ കാണാനൊത്തില്ലെങ്കിലുള്ള വിഷമമാണ് അവൻ പ്രാർത്ഥിച്ച് തീർത്തിരുന്നത്. വലത് വശത്തിരിക്കുന്നവൻ ക്ലൈന്റിന്റെ പരാതി പരിഹരിക്കാനെന്ന വ്യാജേന ഗർഭിണിയായ ഭാര്യയെ കാണാൻ തിടുക്കപ്പെട്ട് പോവുന്നവൻ.

ഉണ്ടാവുന്ന മകൾക്ക് ചിപ്പിയെന്ന പേരിടാമെന്ന് വരെ പറഞ്ഞുറപ്പിച്ചൊരു പങ്കാളിയെ വെറുപ്പിച്ച്, എല്ലാം വീണ്ടും നശിപ്പിച്ചിട്ട് ഒളിച്ചോടുന്ന ഞാൻ, ഈ രണ്ട് പേരുടെ നടുക്ക് യാത്ര ചെയ്യേണ്ടിവന്ന ഐറണി എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല . ഇനിയും തോൽക്കാൻ മനസ്സിനെ പ്രാപ്തമാക്കണമെന്നായിരിക്കും പ്രപഞ്ചം പറയാതെ പറയുന്നത്.

‌________________________________________________

________________________________________________

തുടക്കവും ഒടുക്കവുമെല്ലാം ആലോചിച്ച് എഴുതാൻ തുടങ്ങിയതെല്ലാം, വികാരങ്ങളുടെ തള്ളിക്കയറ്റം കാരണം പകുതി പോലുമെത്താതെ നിന്നു. ഒന്നുമാലോചിക്കാതെ എഴുതിയാൽ എന്താവുമെന്ന് പരീക്ഷിക്കാൻ തോന്നി. പരകായപ്രവേശം വന്ന് കഥ തന്നെയുണ്ടാവുമെന്നൊക്കെ ഓരോരുത്തർ പറയുന്നത് ശരിയാണോന്ന് നോക്കി. അതൊന്നും നടന്നില്ല, പക്ഷെ എങ്ങനൊക്കെയൊ ഇങ്ങനെ ആയി തീർന്നു. ഇതിലുള്ള എല്ലാരേയും ഞാൻ എവിടെയൊക്കെയൊ കണ്ടതാണ്, പരിചയപ്പെട്ടതാണ്. ഫ്ലൈറ്റിൽ അപ്പുറവും ഇപ്പുറവുമിരുന്നവർ പോലും ശരിക്ക് ഈയുള്ളവനൊപ്പം ഗുവാഹത്തിയിൽ നിന്ന് ബാംഗ്ലൂർ വരെ പറന്നവരാണ്.

~ G