ബർഗറും പെപ്സിയും പതിമുഖവും

ഈ ബൂർഷ്വാ കടയിൽ നിന്ന് 125 രൂപ മുടക്കി ഒരു ചിക്കൻ സിംഗർ ബർഗർ മേടിച്ചതിൽ ഇപ്പൊഴും ഒരു കുറ്റബോധവുമില്ല. അത്രെക്ക് വിശന്ന് വലഞ്ഞാണ് കയറിയത്.

അതിന് 18 രൂപ ആഡംബര ടാക്സ് മുടക്കിയതിലും വിഷമമില്ല. അച്ഛേ ദിനിനു വേണ്ടിയല്ലേ! ഒരുപക്ഷെ എന്നെങ്കിലും കള്ളപ്പണം പിടിച്ച വകയിൽ അക്കൗണ്ടിൽ ഇട്ടുതരാനുള്ള 15 ലക്ഷം കിട്ടിയാലോ!

പക്ഷെ, ബർഗറിന്റെ കൂടെ ഒരു സ്മോൾ പെപ്സി മേടിച്ചതിന്, അതായത് 150 മില്ലീ ലിറ്റർ പെപ്സി ഒരു കുഞ്ഞ് പ്ലാസ്റ്റിക് ഗ്ലാസ്സിൽ കിട്ടുന്നതിന്, 55 രൂപ മുടക്കിയത് എന്നിലേ വിഷാദരോഗത്തിന് ഒട്ടും പിടിച്ചിട്ടില്ല.

ഇങ്ങനെ പോയാൽ മേടിച്ച ബർഗറിന് ചാണകത്തിന്റെ രുചി പോലും തോന്നില്ല. പിന്നെ 55ന് പകരം 180 രൂപ കളഞ്ഞതിൽ വിഷമിച്ചേക്കും.

എന്റെ പാവം അമ്മ പറയുന്നതെത്ര ശരിയാണ്, ഒരു കൈയ്യിൽ എണ്ണാവുന്നതിലും അധികം ലക്ഷങ്ങൾ മുടക്കി എൻജിനിയറിംഗിന് വിട്ടിട്ട് ആ പൈസ തുലച്ചവനാണ് ചെറിയ തുകകൾ ലാഭിക്കാൻ നോക്കുന്നത്.

ശോകം, ചിന്ത കാട് കയറാൻ തുടങ്ങുന്നു. ഒരു ഗ്ലാസ്സ് പെപ്സി എന്നെയിതെങ്ങോട്ടാ ഈ കൊണ്ടുപോവുന്നത്? ചിന്തകളിങ്ങനെ അകത്ത് കിടന്ന് പുകയാൻ തുടങ്ങിയപ്പോൾ ഞാൻ ശ്രദ്ധമാറ്റാനൊരു വിഷയം നോക്കി അങ്ങുമിങ്ങും കണ്ണ് പായിച്ചു.

പുറത്തേക്കുള്ള വാതിൽ തുറക്കാൻ പാട് പെടുന്ന ഒരു ‘ഫ്രീക്ക് പോപ്പിൻസ് ചങ്ക് ബ്രോയി’ സഹായിച്ചു. ആമ്പൽ മൊട്ട് പോലെയുള്ള ഹെയർസ്റ്റൈയിലും, അവന്റെ പെങ്ങൾക്ക് തയിപ്പിച്ച ചുരിദാറിന്റെ ബോട്ടം പോലത്തെ ഒരു നീല പാന്റും, പെങ്ങളുടെ മോന് പോലും പാകമാവാത്ത ഒരു ബനിയനും.

അവൻ വാതിലിന്റെ വിടവിൽ നഖമിട്ട് ഒരു തുമ്പെങ്കിലും പുറത്തേക്ക് വലിക്കാനൊക്കുമോ എന്നൊക്കെ നോക്കുകയാണ്.

ശ്ശെടാ, വാതിലിന് പിടിയില്ല എന്ന് കണ്ടിട്ടും ഈ കിഴങ്ങന് മനസ്സിലാവുന്നില്ലേ ഇത് തള്ളി തുറക്കേണ്ട വാതിലാണെന്ന്! അതും പോട്ടെ, വെണ്ടക്കാ അക്ഷരത്തിൽ പുഷ് എന്ന് എഴുതി വെച്ചിരിക്കുന്നത് ഇവന് കാണാനൊക്കുന്നില്ലേ! ഇനി സാക്ഷരതയില്ലാത്ത ഫ്രീക്കനാണോ!?

പുറകെ യുവ ദമ്പതിമാർ വന്ന് നിന്നു, ഇവൻ തുറന്നിട്ട് വെളിയിൽ ഇറങ്ങാൻ. ഫ്രീക്കൻ തോറ്റെന്ന് കണ്ട് അതിലെ ഭാര്യ ചാടി പുറപ്പെടുന്നത് കണ്ടപ്പൊ, അവന് മണ്ടത്തരത്തിന്റെ വ്യാപ്തി മനസ്സിലാക്കികൊടുക്കാൻ ഒരാളായല്ലൊ എന്ന് ആശ്വസിച്ചു. പക്ഷെ എനിക്ക് തെറ്റി.

അവര് കൈയ്യിലുള്ള കവറെല്ലാം ഭർത്താവിനെ ഏൽപ്പിച്ച്, ഫ്രീക്കനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു, എന്നിട്ട് അവൻ ചെയ്തിരുന്ന അതേ പരിപാടി തുടർന്നു. ഒടുവിൽ, തള്ളി തുറക്കേണ്ട വാതിലിന്റെ അറ്റം നഖം കൊണ്ട് തോണ്ടിയെടുത്ത് വലിച്ച് തുറന്നു.

പുതിയ ജിഎസ്എൽവി റോക്കറ്റ് വിക്ഷേപിച്ചപ്പോൾ ക്രയോജനിക് എൻജിനുവേണ്ടി അഹോരാത്രം പണിയെടൂത്തവരുടെ മുഖത്തുണ്ടായ ആത്മസംതൃപ്തിയാണ് ഞാൻ ഈ സ്ത്രീയുടെ മുഖത്തും കണ്ടത്.

കുറച്ച് മുൻപ്, നല്ല വാഗ്വൈഭവത്തോടുകൂടി ആംഗലേയ ഭാഷയിൽ എക്സ്റ്റ്രാ ചീസൊക്കെ ചോദിച്ച് മേടിച്ച ഇവൾക്കും പുഷ് എന്ന് വാതിലിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കാൻ വയ്യല്ലൊ!

ഇനിയിപ്പൊ ആ ദിക്കിലേക്ക് ഞാൻ നോക്കിയാൽ പൊട്ടിച്ചിരിച്ചേക്കും. വേണ്ട. ശ്രദ്ധമാറ്റാൻ മറ്റൊരു വിഷയം നോക്കി എന്റെ കണ്ണ് അലഞ്ഞു.

എന്റെ തൊട്ടപ്പുറത്തിരുന്ന് വീഡിയോ കോൾ ചെയ്യുന്ന പയ്യനേ നോക്കി. അവൻ ഫോണിന്റെ അങ്ങേ തലയ്ക്കലുള്ള ചേച്ചിയേ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും, അവന്റെ മുഖത്തൊരു പവർക്കട്ട് ഞാൻ കണ്ടു. ഇടയ്ക്ക് പുറത്ത് തിമിർത്ത് പെയ്യുന്ന മഴയുടെ ഭംഗി ഗ്ലാസ് ഭിത്തികളിലൂടെ നോക്കും, എന്നിട്ട് പോക്കറ്റിൽ തടവും. അധികം വൈകാതെ അതി വൈദഗ്ധ്യത്തോടെ ഫ്രണ്ട് ക്യാമിലൂടെ ആ പെണ്ണ് കാണാതെ ഫോൺ ഒന്ന് ചരിച്ചിട്ട് അവൻ പോക്കറ്റിൽ നിന്ന് സിഗരറ്റ് പെട്ടിയെടുത്ത് മേശയിൽ വെച്ച് തടവാൻ തുടങ്ങി. അതിന്റെ പുറത്ത് 80% നിറഞ്ഞ് തുളുമ്പിനിൽക്കുന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പോ, ക്യാൻസർ വന്ന് നശിച്ച മനുഷ്യ ശരീരത്തിന്റെ മനം മടുപ്പിക്കുന്ന ചിത്രമോ അവനെ അലട്ടുന്നില്ലായിരുന്നു. ആ കവറിൽ തൊട്ട് തലോടാനെങ്കിലും പറ്റുന്നത് എന്തോ ഒരു നിർവൃതി അവന് നൽകിക്കൊണ്ടിരുന്നു.

എന്തോ അതും ഞാൻ അപ്പുറത്തുള്ള വാതിലിൽ പുഷ് എന്ന് എഴുതിയിട്ടിരിക്കുന്നത് വായിക്കാത്തവന്മാരോട് ഉപമിച്ചു. സിഗരറ്റുകാരന്റെ അവസ്ഥ ഓർക്കുമ്പോൾ ഇത് എത്രയോ ഭേദം. അപ്പോഴും ഒരു കുടുംബം വാതിൽ വലിച്ച് തുറക്കാൻ പാട് പെടുന്നുണ്ടായിരുന്നു.

മനുഷ്യന്മാരുടെ ഈ ഒരു പ്രവണത മൊത്തം ജീവിതത്തിൽ നിഴലിക്കുന്നുണ്ടെന്നൊക്കെ ഞാൻ ചിന്തിക്കാൻ തുടങ്ങി. എന്റെ ജീവിതത്തിലെ പല ലോക മണ്ടത്തരങ്ങളും ഞാനിതിനോട് ഉപമിക്കുന്നു.

ഇനി ഇവിടെയിരുന്നാൽ ശരിയാവില്ലെന്ന് മനസ്സിലാക്കി ആ വില കൂടിയ പെപ്സിയിൽ മുങ്ങാതെ കുളിച്ചിരുന്ന ഐസ് ക്യൂബ്സ് വരെ സ്റ്റ്രോ വെച്ച് വലിച്ച് കുടിച്ച് വിഷമം മാറ്റിയിട്ട്, വെളിയിലേക്ക് ഇറങ്ങി. മഴയത്ത് കുടയും ചൂടി നടന്നു കുറച്ച് നേരം. പക്ഷെ കാറ്റ് ശക്തമായി കുട തിരിഞ്ഞ് മറിയാൻ തുടങ്ങിയപ്പോൾ നടത്തം മതിയാക്കി അടുത്തുള്ള ബസ് സ്റ്റോപ്പിൽ കയറിയിരുന്നു. തൊട്ട് പുറകേ ഒരു ഓട്ടോക്കാരനും വണ്ടി തൊട്ടടുത്ത് നിർത്തി എനിക്ക് അരികിൽ വന്ന് നിന്നു. അയാളുടെ നോട്ടത്തിലെന്തോ ഒരു പന്തികേട് എനിക്ക് തോന്നിയില്ല ആദ്യമൊന്നും. പക്ഷെ പതുക്കെ അയാളെന്റെ അടുത്ത് വന്ന് നിന്ന് ചോദിച്ചു, നാസിക്കിൽ നേവിക്കാരുടെ ഡിസ്റ്റിലറിയിൽ ഉണ്ടാക്കിയ നല്ല സ്വയംഭൻ മദ്യമുണ്ട്, എടുക്കട്ടേ എന്ന്.

ഞാൻ മറ്റെന്തോ ചീഞ്ഞ ചോദ്യം പ്രതീക്ഷിച്ചിരുന്നകൊണ്ട് ഇതിൽ വല്യ ഭാവമാറ്റമൊന്നും വന്നില്ല. ഒരു ചെറു ചിരിയോടെ, ഇപ്പൊ വേണ്ട, കുടി തുടങ്ങിയിട്ടില്ല എന്ന് പറഞ്ഞു. അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു പുച്ഛം നിറഞ്ഞു. എന്തോ മലയാളികൾക്ക് നാണക്കേടുണ്ടാക്കാൻ ജനിച്ചവനെന്ന് എന്നെ നിശബ്ദമായിട്ട് അഭിസംഭോധന ചെയ്തെന്ന് തോന്നുന്നു. പോട്ടെ, അതൊരു പുത്തരിയല്ല.

അത് പിന്നെ കള്ള് കുടിക്കുന്നവന്മാരുടേയും അവളുമാരുടേയും കൂടെ പാർട്ടിക്ക് പോവേണ്ട എന്ന് വിലക്കിയതിന്റെ പേരിൽ, ആ വിലക്കിനെ മറികടക്കാൻ അവരുടെ കൂടെയിരുന്ന് കുടിച്ച് വാള് വെച്ച സൽസ്വഭാവിയായ ഒരു പൂർവ്വകാമുകിയുണ്ടായിരുന്നതുകൊണ്ട് എനിക്ക് ഏറ്റവും ദേഷ്യമുള്ളൊരു കാര്യമാണ് കള്ള് കുടി.

അത് പറഞ്ഞപ്പോഴാണ്, മഴ ആരോടോ ദേഷ്യം തീർക്കാൻ പെയ്യാൻ തുടങ്ങിയതോടെ, ആ സ്വയംസംരംഭകനായ ഓട്ടോക്കാരനും ഞാനും പരിചയപ്പെട്ടു, സംസാരവും തുടങ്ങി.

വിഷയങ്ങൾ പല ശാഖകളിൽ പടർന്ന് പന്തലിച്ച് അവസാനം കഴിഞ്ഞ സർക്കാരിന്റെ ബാർ നയം വരെയെത്തി. ബാറുകളെല്ലാം അടച്ചുപൂട്ടിയതിലെ അനീതിയെപ്പറ്റി അയാൾക്ക് ഒരുപാട് പറയാനുണ്ടായിരുന്നു. ഒരുപാടൊരുപാട്.

കൂടിക്കാത്തതുകൊണ്ട് ഞാൻ ഈ കാര്യത്തിൽ പക്ഷപാതമില്ലാത്ത നിലപാടെടുത്ത് സംസാരിച്ചത് അങ്ങേർക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല.

ബാർ വിഷയം കുടിയന്മാരുടെയോ ബാറിൽ ജോലിക്ക് നിന്നിരുന്നവരുടെയോ വിഷമത്തിൽ ഒതുങ്ങില്ല, മറിച്ച് ബാറിലേക്ക് സോഡ വിറ്റിരുന്നവർ, കടലയും അച്ചാറും മറ്റ് സ്നാക്സും വിറ്റിരുന്നവർ, അങ്ങനെ ഓരോ നാട്ടിലേയും ബാറിനെ ചുറ്റിപ്പറ്റി ഒരുപാട് പാവങ്ങളുടെ ജീവിതം മുന്നോട്ട് പോയിരുന്നു. അവര് എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഇലക്ഷന് തോൽക്കുന്നത് വരെ സർക്കാർ അന്വേഷിച്ചിരുന്നോ, എന്ന് എന്നോട് ചോദിച്ചു. എനിക്ക് മറുപടി ഇല്ലായിരുന്നു.

ശരിയാണ് ഒരു പരിധി വരെ കൂടിച്ച് കൂത്താടുന്നവരുടെ എണ്ണം കുറയുമെന്നൊരു ചിന്തയെ എനിക്ക് ഉണ്ടായിരുന്നുള്ളു. അത് മനസ്സിലാക്കിയിട്ടാണോ എന്തോ അയാൾ അടുത്ത അസ്ത്രങ്ങൾ എയ്തുകൊണ്ടേയിരുന്നു.

” 96ൽ ഇവിടെ ചാരായം നിരോധിച്ചതാണ്, അതുകൊണ്ട് വാറ്റ് നിന്നോ?

ഏത് നാട്ടിലാണ് ചാരായം സുലഭമല്ലാത്തത്?

അത് കഴിഞ്ഞ് എത്ര മദ്യ ദുരന്തമുണ്ടായി?

കേരളത്തിൽ കള്ള് ചെത്തുന്ന തെങ്ങിന്റെയും പനയുടേയും കണക്കിന് അനുപാതത്തിലാണോ ഒരു ദിവസം ഉത്പാതിപ്പിക്കപ്പെടുന്ന കള്ളിന്റെ അളവ്?

ഇന്നിപ്പൊ ബിയർ വൈൻ പാർലറിൽ നിന്ന് പഴയ സുഖം കിട്ടാതെ വരുമ്പോൾ കുടിയന്മാർ മറ്റ് പോംവഴികൾ തേടുമോ അതോ കുടി നിർത്തുമോ?

കഞ്ചാവും മരുന്നും കൂടി, അതിന്റെ കൂടെ കൊച്ച് പിള്ളേരൊക്കെ കൂടിയ ഗുളിക വാങ്ങി സോഡയിലിട്ട് കുടിച്ച് ആശ തീർക്കാൻ തുടങ്ങിയത് വല്ലതും അവന്മാര് അന്വേഷിച്ചോ?

കരളും വൃക്കയും മാത്രമല്ല എല്ലാ അവയവങ്ങളും രോഗമില്ലാതെ അതൊക്കെ കഴിക്കുന്നവർക്ക് വരുമെന്ന് ഇവർക്ക് അറിയില്ലേ?”

ഞാൻ ഉത്തരംമുട്ടി വായും പൊളിച്ച് ഒരേ നില്പാണ്. അയാൾ ആരോടൊക്കെയോ ഉള്ള രോഷം എന്റെയടുത്ത് തീർത്തു.

മറുപടിയില്ലെന്ന് കണ്ട് അയാൾ പിന്നെയും അങ്ങനെ എന്തൊക്കെയോ വിളിച്ച് പറഞ്ഞുകൊണ്ട് മഴ വക വെയ്ക്കാതെ വെളിയിലേക്ക് ഇറങ്ങി.

എല്ലാം ശരിയാക്കും എന്ന് വാദിച്ച പുതിയ മന്ത്രി സഭ പുതിയ മദ്യ നയം കൊണ്ടുവന്ന് പണി പോയവരേയെല്ലാം സഹായിക്കുമെന്ന് ഉറച്ച വിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് അയാൾ ഓട്ടോ ഓൺ ആക്കിയപ്പൊ ഞാൻ വിളിച്ച് ചോദിച്ചു,

“അല്ല ചേട്ടാ, പുതിയ മദ്യ നയം വന്ന് ബാറെല്ലാം തുറന്നാൽ, ഈ നാസിക്ക് കുപ്പി വിറ്റുള്ള ചേട്ടന്റെ കഞ്ഞികുടി നിക്കത്തില്ലേ?”

അത് അയാളുടേയും വാ അടപ്പിച്ചു. എന്തോ പിറുപിറുത്തുകൊണ്ട് അയാളും വണ്ടിയും പെരുമഴയിൽ മറഞ്ഞു.

വീട്ടിൽ എത്തിയിട്ടും അയാൾ പറഞ്ഞ പല ചോദ്യങ്ങളും എന്നെ വീർപ്പ് മുട്ടിക്കുന്നുണ്ടായിരുന്നു. വിലകൂടിയ പെപ്സിയിലെ വിലകുറഞ്ഞ കാർബൺ ഡൈ ഓക്സൈഡ് കുമിളകൾ ദഹിച്ച ബർഗറിന്റെ രുചി വീണ്ടും വായിൽ നിറച്ചുകൊണ്ടേയിരുന്നു. അയവറക്കുന്നത് പോലെ ബർഗർ തൊട്ട് ഇങ്ങോട്ട് നടന്നതെല്ലാം മനസ്സിലേക്ക് വന്നുകൊണ്ടേയിരുന്നു.

ചാനൽ മാറ്റി കളിക്കുമ്പോൾ ഏസിവിയിൽ എതോ ഒരു പരിചിത മുഖം കണ്ട് കണ്ണ് വികസിച്ചു. തിരിച്ച് പുറകിലേക്ക് പോയി ഉറപ്പ് വരുത്തി.

അതേ, നാസിക്ക് കുപ്പിക്കാരൻ തന്നെ.

ഇത്തവണ ഓട്ടോ ഓടിക്കുമ്പോഴിട്ടിരുന്ന കാക്കി യൂണിഫോമിലല്ലെന്ന് മാത്രം, പകരം കാക്കിയണിഞ്ഞ മൂന്ന് പോലീസ് പരിചാരകർ ചുറ്റുമുണ്ട്. സബ് ഇൻസ്പെക്ടർ ന്യൂസ് റിപ്പോർട്ടറോട് സംസാരിച്ചപ്പോഴാണ് ‘പതിമുഖം അപ്പൂപ്പി’യേക്കുറിച്ച് അറിയാൻ കഴിഞ്ഞത്.

എന്നോട് മഹത്തായ രാഷ്ട്രീയ സാമൂഹിക നന്മ തിന്മകളേക്കുറിച്ച് പ്രസംഗിച്ചിരുന്ന ആ സത്ഗുണ സമ്പന്നൻ ഒരു പുതിയ സംരംഭത്തിന്റെ ഉപജ്ഞാതാവാണ്. അദ്ദേഹം വിവരമുള്ളവരെക്കൊണ്ട് മിലിട്ടറി കുപ്പികൾക്ക് സ്റ്റിക്കർ ഡിസൈൻ ചെയ്ത്, കൊയമ്പത്തൂരിൽ നിന്ന് കുപ്പികൾ ഹോൾസെയിൽ വിലയ്ക്ക് വാങ്ങി, ഈ സ്റ്റിക്കർ പതിപ്പിച്ച് അതിൽ അദ്ദേഹം തന്നെ വികസിപ്പിച്ച വാറ്റ് വിറ്റിരുന്നു. വികസിപ്പിച്ചതെന്ന് വെച്ചാൽ വാറ്റ് പഴയ വാറ്റ് തന്നെ, പക്ഷെ അതിനൊരു കളർ കൊടുക്കാൻ വീടുകളിൽ വെള്ളം തിളപ്പിക്കുമ്പോൾ അതിൽ ഇടാൻ മേടിക്കുന്ന പതിമുഖം ദാഹശമനി കലക്കുമായിരുന്നു. അതിന് മണവും, രുചിയും പകരാൻ എന്തോ ചില ആയുർവേദ പൊടിക്കൈകൾ വേറേയും.

ശുദ്ധമായ ആയുർവേദ ഗുണങ്ങളാൽ സംഭുഷ്ഠമായ ചാരായം.

ചുരുക്കി പറഞ്ഞാൽ അന്തർദേശീയ തലത്തിൽ വളരാൻ എല്ലാ സാധ്യതയുമുണ്ടായിരുന്ന ഒരു സംരംഭമായിരുന്നു പോലീസ് മാമന്മാർ മുളയിലേ നുള്ളിക്കളഞ്ഞത്.

ദൈവം അനുഗ്രഹിച്ച് ഇയാൾ ഒരു രാഷ്ട്രീയ പ്രവർത്തകനായി പരിണമിച്ചേക്കും. കുരുട്ട് ബുദ്ധിയുമുണ്ട്, നാക്കിട്ടടിച്ച് ജയിക്കാനുള്ള കഴിവുമുണ്ട്. രാഷ്ട്രപിതാവുമുതൽ ഇന്നത്തെ മുന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ചെയർമാൻ വരെ ജയിലിൽ കിടന്നിട്ടുള്ളതാണല്ലൊ, അതൊരു വിഷയമാവില്ല.

ആലോചനകളെ മുറിച്ചുകൊണ്ട് ഫോൺ ശബ്ദിച്ചു.

ബൂർഷ്വ ഫ്രൈഡ് ചിക്കൻ കടയിൽ നിന്നാണ്. പെപ്സിക്ക് പൈസ കളഞ്ഞതാലോചിച്ച് സമയം കളഞ്ഞതിനിടയിൽ യൂണിയൻ ബാങ്കിന്റെ കാർഡവിടെ മറന്ന് വെച്ചിട്ടാണ് വന്നിരിക്കുന്നത്. അത്രയും നേരമായിട്ടും തിരിച്ചെടുക്കാൻ വാരാഞ്ഞതുകൊണ്ട് കാർഡിന്റെ കവറിൽ കണ്ട നമ്പറിൽ വിളിച്ച് നോക്കിയതാണത്രെ.

ആലോചനകളെ അതിന്റെ വഴിക്ക് പറക്കാൻ വിട്ടുകൊണ്ട് ഞാൻ തിരിച്ച് നടന്നു.

പിന്നെ ആലോചനകൾക്ക് ഒരു മോക്ഷം കിട്ടിയത്, കാർഡും മേടിച്ച് തിരിച്ച് ഇറങ്ങാൻ നോക്കുമ്പോഴും ഒരുത്തൻ ആ വാതിൽ കഷ്ടപ്പെട്ട് തുറക്കുന്നത് കണ്ടപ്പോഴാണ്.

ആ ഒരു നിമിഷം ഇനി ഞാനായിട്ട് പതിവ് മുടക്കെണ്ട എന്നാരോ മനസ്സിൽ പറഞ്ഞു. ഞാൻ മാത്രം വഴിമാറി നടന്നിട്ട് ലോകം നന്നാവുന്നുണ്ടോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു!

ആ വാതിലിൽ തള്ളുക എന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടഭാവം നടിക്കാതെ, സമയമെടുത്ത് വലിച്ച് തുറന്ന്, ഏസി തണുപ്പിച്ച ഗ്ലാസ് ചുവരുകൾക്കപ്പുറത്തുള്ള കരുതലില്ലാത്ത ലോകത്തേക്ക് ഞാനും കാൽ വെച്ചു.

______________________________________________

ഇതിലെ അപ്പൂപ്പിയുടെ സംരംഭം പൂർണ്ണമായും ഭാവനയല്ല. ആ രീതിയിൽ വാറ്റിയിരുന്ന ആരേയോ കുറിച്ച് ഏതോ കാലത്ത് വന്ന വാർത്ത എന്റെ അപ്പൻ അമ്മയ്ക്ക് കൗതുക വാർത്ത എന്ന രീതിയിൽ ഒറ്റ വരിയിൽ പറഞ്ഞ ഓർമ്മ എന്തുകൊണ്ടോ എന്റെ മനസ്സിൽ വന്നു. ബാറ് നടത്തിയിരുന്നവരുടെ കഷ്ടപ്പാട് എന്നോട് ഒരു പൂട്ടിയ ബാറിന്റെ മാനേജർ ബസിലിരുന്ന് പറഞ്ഞതുമാണ്.

~G

Continue reading “ബർഗറും പെപ്സിയും പതിമുഖവും”

Advertisements