ആലും ‘വാളും’ ഭഗവതീം

കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ബാച്ച്മേറ്റ്സിനൊപ്പം കൊടുങ്ങല്ലൂർ മീന ഭരണി മഹോത്സവം – 2017നെക്കുറിച്ച് ഡോക്യുമെന്ററി ഷൂട്ട് ചെയ്യാൻ ഒരു അവസരം കിട്ടിയിരുന്നു.

അയ്യോ, അത് അടുത്തൊന്നും പ്രതീക്ഷിക്കെണ്ട. 2 കൊല്ലത്തെ ഫൂട്ടേജ് ചേർത്ത് അല്പം വല്യ ക്യാൻവാസിൽ തീർക്കാനുദ്ദേശ്ശിക്കുന്ന ഒന്നാണ്.

ങാ അപ്പൊ കൊടുങ്ങല്ലൂർ.

ആൾക്കൂട്ടത്തിൽ തനിയെ ആവുന്നത് സത്യം പറഞ്ഞാൽ നല്ല രസമുള്ള ഏർപ്പാടാണ്. പക്ഷെ അതിന്റെയൊപ്പം ഏട്ട് നാടും കേൾക്കുമാറ് ഉറക്കെ തെറിപ്പാട്ടും, ഭക്തി തോന്നാത്ത ഗാനങ്ങളും, കലാഭവൻ മണി ചേട്ടനോ അപരന്മാരോ പാടിയ പാട്ടുകളും, മറ്റ് ബഹളങ്ങളും, വെടിക്കെട്ടും, പൊടിക്കാറ്റും, അന്യായ വേനൽ ചൂടും, സൂചി കുത്താൻ ഇടമില്ലാത്ത അത്ര തിരക്കും കൂടെയാവുന്നതോടെ നേരത്തെ പറഞ്ഞ ആ ഒറ്റയ്ക്ക്കാവുന്നതിലെ കാവ്യാത്മകതയൊക്കെ ഇല്ലാതാവുമല്ലൊ.

തെറിപ്പാട്ട് കേട്ട് വളരെ പെട്ടെന്ന് തന്നെ തല പെരുത്തിരുന്നതുകൊണ്ട്, ഇടയ്ക്ക്കിടെ ഒരു ബ്രേക്ക് എടുക്കാറുണ്ടായിരുന്നു. ഒന്നുമില്ല, ഒരു കുലുക്കി സർബത്ത് പോയി കുടിക്കും, അല്ലെങ്കിൽ ഒരു ചായ. ചൂട്, അല്ലെങ്കിൽ തണുപ്പ്. മാർഗ്ഗമല്ലല്ലൊ, ലക്ഷ്യമല്ലേ പ്രാധാനം.

അങ്ങനെ പോവുന്ന നേരം എന്തെങ്കിലും കണ്ട് ഷൂട്ട് ചെയ്യണമെന്ന് തോന്നിയാൽ കൈയ്യിൽ ക്യാമറയോ അടുത്തൊന്നും സുഹൃത്തുക്കളോ കാണില്ല. അങ്ങനെ വന്ന ചുരുക്കം ചില സന്ദർഭങ്ങളിൽ എന്റെ നോക്കിയ ലൂമിയ 730 ഫോണിൽ പകർത്തിയ ചില ദൃശ്യങ്ങൾ, അടുക്കി വെച്ച് തുന്നിച്ചേർത്തതാണ് ഈ കാണുന്നത്.

വ്യാകരണവും ഘടനയുമൊക്കെ നോക്കി വിമർശനം നടത്തുന്നവർ പൊറുക്കണം. അതൊന്നുമില്ല.

അസഭ്യം കേൾപ്പിക്കാൻ താത്പര്യമില്ലാത്തതുകൊണ്ട്, പൊന്നൻ പെരിങ്ങോടും സംഘവും മാമാങ്കം ഫെസ്റ്റിൽ അവതരിപ്പിച്ച ശിങ്കാരിമേളം ബാക്ക്ഗ്രൗണ്ട് ട്രാക്കായിട്ട് ഇട്ടിട്ടുണ്ട്. അവരത് പൊറുക്കുമെന്ന് കരുതുന്നു.

പിഎസ് : ഞാൻ ശരിക്ക് ഇതെഴുതാൻ അല്ല ഇവിടെ വന്നത്. കാവു തീണ്ടലിന് മുൻപ് നടന്ന ഒരു സംഭവം പറയാനാണ്. പക്ഷെ അതിൽ നർമ്മമെന്ന് എനിക്ക് തോന്നുന്നത്, ചിലപ്പൊ മറ്റ് പലരുടേയും വിശ്വാസത്തേയും വികാരത്തേയുമൊക്കെ വ്രണപ്പെടുത്തിയേക്കാം. വേണ്ട!

ചുരുക്കി പറഞ്ഞാൽ ഇത്രേയുള്ളു. ഇങ്ങനെ (കള്ളും കുടിച്ച്) ബഹളവും വെച്ച് തെറിയും വിളിച്ച് ആചാരനുഷ്ഠാനങ്ങൾ പാലിച്ച് പോവുന്ന ഒരുത്തനോട് ഇവിടെ വന്നപ്പോഴുണ്ടായിരുന്ന ഫ്രസ്റ്റ്രേഷൻ എല്ലാം കുറഞ്ഞോ അതോ കൂടിയോ എന്ന് ചോദിച്ചു. ട്രാൻസ് സ്റ്റേറ്റിൽ നിന്ന് പുറത്ത് വന്നെന്ന് ഞാൻ ഊഹിച്ചത് തെറ്റിപ്പോയി. ആ കോമരം എന്നെ ദാരികന്റെ മനുഷ്യാവതാരമായിട്ട് മനസ്സിൽ പ്രതിഷ്ഠിച്ചെന്ന് അധികം വൈകാതെ എനിക്ക് ബോദ്ധ്യമായി. സ്വർണ്ണം പൂശിയ പള്ളിവാളും കുലുക്കിക്കൊണ്ട് എന്നെ കൊല്ലാൻ ഓടിച്ചു.

പിന്നെ കൊല്ലാൻ, അതും എന്നെ. ഇതല്ല ഇതിന്റപ്പറം ചാടി കടന്നവനാണീ കെ കെ ജോസഫെന്നും പറഞ്ഞ് മുഴുമിക്കും മുൻപ് ഞാൻ ആൽ മരങ്ങൾക്കിടയിലൂടെ പൊടിക്കാറ്റിലും ആൾക്കൂട്ടത്തിലും മറഞ്ഞുഎന്നിട്ട് നൈസായിട്ട് അപ്പുറത്തെ കടയിൽ പോയി തിരുനൽവേലി ഹൽവേടെ വിലയും ചോദിച്ച് ഒന്നുമറിയാത്ത പോലെയങ്ങ് നിന്നു.

ദൈവമേ ഇനി ആ ഓട്ടത്തിന്റെ വീഡിയോൺ ആരുടെയെങ്കിലും കൈയ്യിലുണ്ടോ എന്തോ!

Advertisements